മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ പതിമൂന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
കച്ചി നഗരപ്രവേശനം സർവമത സാരം ഗ്രഹിച്ചാ സുഭഗയാൾതായമാരൊത്തറവണരെയും കണ്ടിടാനാ–വളർ വില്ലേന്തുമരചനുടെ വഞ്ചിമാപുരിയിലപെരുമ്പടയൊത്തോരരികൾ തങ്ങിടും പെരുംകിടങ്ങു ചേർന്നൊരാ പുറക്കുടി കടന്നവൾകറ്റ വാർകുഴൽ മണം തങ്ങുമോടതൻ നീരുംയുവതീയുവാക്കളൊപ്പമായ്ക്കുളിക്കയാൽമെയ്യണിക്കളഭമെഴുന്നൊരാക്കുളിർ ജലവുംകൊമ്പാൽ നൽ വിശറിയാലരചനെ പിറവി–നാളിലായ് തെളിച്ചിടും ഗന്ധപൂർണമാം നീരുംമാമുനി പാദങ്ങളിലുപാസകരാ ചെംകൈയാ–ലുപചാരമായ്...
Your Subscription Supports Independent Journalism
View Plansകച്ചി നഗരപ്രവേശനം
സർവമത സാരം ഗ്രഹിച്ചാ സുഭഗയാൾ
തായമാരൊത്തറവണരെയും കണ്ടിടാനാ–
വളർ വില്ലേന്തുമരചനുടെ വഞ്ചിമാപുരിയില
പെരുമ്പടയൊത്തോരരികൾ തങ്ങിടും പെരും
കിടങ്ങു ചേർന്നൊരാ പുറക്കുടി കടന്നവൾ
കറ്റ വാർകുഴൽ മണം തങ്ങുമോടതൻ നീരും
യുവതീയുവാക്കളൊപ്പമായ്ക്കുളിക്കയാൽ
മെയ്യണിക്കളഭമെഴുന്നൊരാക്കുളിർ ജലവും
കൊമ്പാൽ നൽ വിശറിയാലരചനെ പിറവി–
നാളിലായ് തെളിച്ചിടും ഗന്ധപൂർണമാം നീരും
മാമുനി പാദങ്ങളിലുപാസകരാ ചെംകൈയാ–
ലുപചാരമായ് വീഴ്ത്തിടും തീർഥനീരും.
ഗൃഹസ്ഥാശ്രമികളകിലാദി പുകയ്ക്കയാ–
ലുയർന്നെഴും പുകയാല പന്തലിൽ കുടമതിൽ
നിന്നൊഴുകിടും മണം തിങ്ങും തെളിനീരും.
സുഗന്ധ ദ്രവ്യമരച്ചിടുവോർ തൻ ഭവനങ്ങളിൽ
നിന്നൊഴുകിടും പരിഗന്ധ പൂർണമാം നീരു–
മൊഴുകയാൽ വൈരമേറും കരാ മിടങ്കരും മീനും
മേനിതൻ സഹജഗന്ധം മറച്ചുമൊപ്പമായാർ–
പ്പിടും വണ്ടും താമര, കൂവളം, കഴുനീരാമ്പലാ–
ദിയാം പൂക്കളുപരിയായ് പരന്നും മാരിവില്ലൊളി–
ചിതറും കിടങ്ങിനാൽ ചുറ്റിയുമീ രിപുക്കളോടേ–
റ്റിടുമായുധമേറിടുമുന്നതമാം മതിൽക്കെട്ടിനിട–
യിലായാകാശം മുട്ടിടും വെൺമാളികയിലാ
കൊടികൾ ചിന്നിടും കവാടവും കടന്നാനവൾ!
മീൻ വിൽപ്പോരു മുപ്പു വിൽപ്പോരുമ കള്ളുമപ്പവും
നൽ മാംസവും വിൽപ്പോരുമൊപ്പമായ് പാർത്തിടും
വീഥിയുമതു പോലാ കുശവരും ചെമ്പൂട്ടിയും തച്ചരും
പൊൻപണി ചെയ്തിടും തട്ടാരുമാ തോൽപ്പണിക്കാരു
മൊപ്പമാ ചേലെഴും ശിൽപികൾ ചിത്രത്തിലെഴുതുവോർ
തോൽപ്പണി ചെയ് വോരും നൽ തുന്നൽപ്പണിക്കാരും
മാല കെട്ടുവോരൊപ്പമായ് കണിശരും രാഗവായ് പ്പൊ–
ത്തൊരാ പാണരും മോദമായ് പാർത്തിടും വീഥിയും.
വായ്പാട്ടു പാടുവോർ മുത്തു കോർത്തീടുവോർ
നൃത്തമാടിത്തുടുത്തൊരാ ഗണികമാർക്കൊപ്പമായ്
ചേലെഴും വേശ്യകൾ പാർത്തിടും വീഥികകൾ.
അഷ്ട ധാന്യങ്ങൾ വിറ്റിടും വീഥികൾ പൊന്നി
നൊപ്പമായ് നൽ ചേലകൾ വിൽക്കുവോർ
പാർത്തിടുമതി വിശാലാമാമാപണ വീഥികൾ.
പൊന്നിൻ മാറ്റുരയ്ക്കുവോർ പാർത്തിടും
വളർമാളികയൊത്തിടും വിശാലമാം വീഥിയും
രാജവീഥിയും മന്ത്രവീഥിയും ത്രിവിധമാമഗ്നി–
ഹോമം കഴിക്കുമന്തണർ പാർത്തിടും വീഥിയും
മുക്കൂട്ടു വീഥിയുമാരാമ ഭംഗിയും ധന്യമാം കോവിലും
തെളിനീർപ്പൊയ്കയുമൊക്കെയും കണ്ടവളഖില–
ബാന്ധവനാധർമദേവതപോവാടവും പൂകിനാൻ!
സുതനുടെ വിയോഗാലതിരുജയാർന്നവിടെ
മേവിടും കോവലനുടെ താതനാ മാചാത്തുവനെ–
കണ്ടു വണങ്ങിയുമന്നദാനത്താൽ പശിയാറ്റിയും
ആപുത്ര ചരിതം തൊട്ടാ പൂർവകഥയൊക്കെയു–
മോതിനാന പും വേഷധാരിയാം താപസീ!
പൂർവ പുണ്യമീ കാഴ്ചയെന്നായ കോവല താതനും!
അംഗനമാർ മൗലിമാലികേ! കേൾ നീ!
നിൻ താതനും തായയുമാ മുജ്ജന്മ ദുഷ്–
കൃതിയാലാ നഗരം വെണ്ണീറായിടുമ്പോളതി–
വ്യഥയാർന്നുയിർ പോക്കിയതു കേട്ടാ ധർമ–
മാർഗമാരാഞ്ഞവനി വാഴ് വതൊക്കെയു–
മസ്ഥിരമെന്നറിഞ്ഞ തപോമാർഗമണഞ്ഞീ–
വഞ്ചി നഗരം പൂകിടാൻ കാരണമതോതിടാം.
കുട്ടനാടിന്നധിപൻ കൊടുമുടിച്ചരിവിലായ്
തൻ വില്ലുവച്ചോനാ കുടക്കോച്ചേരലാതനൊരു–
നാൾ ചെംചോര വായും തുടിയിടയുമൊത്തിടും
ജായയൊത്തീയുപവന മണഞ്ഞുല്ലസിച്ചാൻ!
അതു പൊഴുതിലാച്ചാരണരുപവനമതിങ്കലെ–
യെത്തിയാ സ്ഫടിക ശിലയിലിരുന്നിടുമ്പോ
ളരചനിതമൊടു സ്തുതിച്ചാനവർ തന്നെയും.
പിന്നെയാ പാദപങ്കജം വണങ്ങിയേകിനാൻ
രസമാറും തികഞ്ഞൊരാ ചതുർവിഭവങ്ങളും.
അരുളിനാനവരരചനായ് പിറവിൻദുഃഖവു–
പിറവിതൻതോഷവും ചതുർവിധ സത്യവു–
മരച കർണങ്ങളിലാ ജന്മദുഃഖമകന്നിടാൻ!
നിൻ പിതാ കോവലൻ മുമ്പായ് പിറന്നൊരാ–
കോവലനരചനു പിരിയാ തോഴനായ് ചാരണ
രോതിടും വാണികൾ കേട്ടവനതി തുഷ്ടനായ്.
വിഭവങ്ങളൊക്കെയുമശരണർക്കേകിയരച–
നേഴു നാൾക്കകമപ്പുറമൊരു വൻ മലയിലായ്
തീർത്താനംബരചുംബിയാം വെൺകോവിലും!
പോക്കിടുമതുയിർകളിൻ തുയിരൊക്കെയു
മതിനെ വണങ്ങിടാനെത്തി ഞാനിവിട മറിക നീ!
കടലെടുത്തിടും പൂമ്പട്ടിനമെന്നാജ്ഞാനികൾ
ചൊൽകയാൽ നീങ്ങിയില്ലൊരു നാളുമെങ്ങുമേ!
ദുഷ്ചെയ്തി തൻ ഫലമായ് നിൻ താതനുമൊപ്പ–
മായ് തായയും പൂകിനാൻ സുരലോകത്തിങ്കലും!
പൂങ്കൊടിയാളേ; തപസ്സു ചെയ്തീടിനേൻ ഞാനന്നാ–
ബോധിമരച്ചോട്ടിലവൻ കൊടും തപസ്സാർന്ന നാളിലും.
ജീവൻ മുക്തനായ് വരും നീ പത്നീ സമേതനായെന്നാ–
ദൈവ വാണികളനുകൂലമായ് വന്നതുമറിക മനോഹരീ!
ശ്രീബുദ്ധവാണികളൊക്കെയും ചാരെയായ് കേട്ടു ഞാൻ!
ബോധ്യമായ് നിൻ ചരിതമൊക്കെയുമാ പാവയോതിയും
അറവണടികൾ ചൊന്നിതൊക്കെയും സവിസ്തരമായ്!
പുതുപ്പൂങ്കൊടി! ചെൽക നീ കാഞ്ചിമാപുരി തന്നിലായ
നിൻ ധർമമതനിവാര്യമായ് വന്നിതാ പുരിയിങ്കലായതും!
മാ തപസ്വിയാം അറവണടികൾക്കൊപ്പമായെത്തി നിൻ
തായയും പൊൻ മതിൽ ചേർന്നൊരാ മാപുരിയിങ്കലായ
മാരിയറ്റിറന്തു പോയുയിർകളുമില്ലന്ന ദാതാക്കളാരുമേ!
ശോഭയറ്റിടുമാപുരിക്കമൃതമേകിടാൻ ചെൽക നീ സത്വരം!
വാണികളൊക്കെയും കേട്ടവൾ വണങ്ങിനാൾ
ചെം കരങ്ങളിലോടേന്തിയവനൊടനുമതിയും–
നേടി ചെന്നിതമരാവതി തുല്യമാ കാഞ്ചിയിൽ!
ചേലെഴും പുരാ നഗരി തൻ മതിലൊക്കെയും
വലം ചെയ്തവളെത്തിയാ മധ്യഭാഗത്തിങ്കലായ്.
തൊടുകഴൽ കിള്ളി തന്നനുജനായിളങ്കിള്ളി
പൊന്നൊത്തിടും കൊമ്പും മരതകോപമ–
മിലകളും ചേർന്നതാം ബോധി മരച്ചോട്ടിലായ്
പണിതൊരാ പെരും കോവിൽ തന്നെയും വണങ്ങി–
പശ്ചിമ തെൻ ദിശി ചേർന്നതാമുപവനത്തിലെത്തിയ–
പൊഴുതിലാ കഞ്ചുകനോതിനാരചനോടേവമായ്!
കോവല പുത്രിയാ താപസീ വേഷധാരിണീ
പുകൾപെറ്റോളാ ഞാവലം ദ്വീപതിലാ ദേവ–
പാത്രമേന്തിയണഞ്ഞിതാ വലാഹക തുല്യയായ്!
അരചനതു കേട്ടതിതുഷ്ടനായ പാവയരുളിയ–
തൊക്കെയും സത്യമാമെന്നതി വിനയമൊട–
ണഞ്ഞാനഴകെഴും സുഭഗ തന്നരികിലായ്!
വറുതിയേർപ്പെട്ടതാമീ നഗരമതു കാൺകമലേ!
എൻ ചെങ്കോൽ കോടിയോ മനസ്വിതയറ്റുവോ
വ്രതശുദ്ധി പോയ് താപസരുറങ്ങിയോ വറുതി–
ചേർന്നതാമീപുരിയിങ്കലണഞ്ഞൊരു ദൈവ
മൊരു നാളിലോതിയൊരുവൾ വന്നിടുമാശ്വാസ–
മേകിടാനോടേന്തിയുയിരിൻ പശിയാറ്റിടാൻ!
പെയ്തിടും മേഘമധികമായിന്ദ്രാജ്ഞയാൽ
നീരാർന്നെഴും ഗോമുഖിയൊത്താ മണിപല്ലവം
വന്നിതോയെന്നാ വാപിയുമുദ്യാനമൊക്കെയും
ശ്രീയാർന്നിടട്ടെയെന്നാ ദേവിയുരച്ചതിൽപ്പിൻ
തീർത്തതാമവ്വിടമിവ്വിടമെന്നായരചനമവളൊടും!
കുതുകമാർന്നുദ്യാനവും വളർവാപിയും കണ്ടവൾ
മുൻ ചരിതമൊക്കെയുമോതിയ മണിപീഠികയി–
ലുചിതമായ് ദൈവതം തന്നെയും ദ്വീപതിലകയ്–
ക്കൊപ്പമായ്ക്കോവിലിലുത്സവാദികളരചനാൽ
തീർത്തവളേകിനാനന്നവുമുയിർകൾക്കമൃതമായ്!
പത്തുമെട്ടും ഭാഷകളോതിടുവോർകളിലഗതിയും
കുരുടരും ചെവിടരുമൊപ്പമായൂമകൾ രോഗികൾ
താപസരൊക്കവേ നീർ നിലം കാലമതുപോൽ
കരണവുമൊത്തായിടത്തിൽ വിതച്ചിടും വിത്തു–
പോൽ സമൃദ്ധമാമന്നം ഭുജിച്ചാറ്റിനാൻ തുമ്പവും!
മാധവിയൊത്താ സുധാമതിയുമറവണടികൾ
തന്നെയുമെത്തിനാനുയിർകൾക്കന്നമേകിടു–
മിടത്തിലവളവർക്കേകിയാസനവുമർഘ്യപാദ്യ–
മൊപ്പമായ് ഷഡ് രസ പൂർണമാം ഭോജ്യവും!
ശേഷമായ് താംബൂലവുമൊപ്പമാകർപ്പൂരവും
സ്വരൂപമാർന്നവളേകി വണങ്ങിയവരെയും.
കുറിപ്പ്
പുറക്കുടി – പുറനഗരം
കൊമ്പ് – വാദ്യോപകരണം
പിറവി നാൾ – പിറന്നാൾ
അകിൽ – സുഗന്ധവസ്തു
കരാം, ഇടങ്കർ – മുതലവർഗം
ചിത്രയെഴുതുക – ചിത്രം വരക്കുക
ആപണം – അങ്ങാടി
അഖിലബാന്ധവൻ – എല്ലാവരുടെയും ബന്ധു, ബുദ്ധൻ
പൂർവകഥ– ആപുത്രനിൽനിന്ന് അമൃതസുരഭിയുമായി വഞ്ചിപുരിയിലെത്തിയ
തുവരെയുള്ള കഥ
താതനും തായയും: മണിമേഖലയുടെ അച്ഛൻ കോവലനും അമ്മ കണ്ണകിയും
മനസ്വിത – പാതിവ്രത്യം
ഓട് – അമൃതസുരഭി
അവ്വിടം ഇവ്വിടം – ആ ഇടം ഈ ഇടം.
വിശദീകരണം:
വിവിധ മതപണ്ഡിതന്മാരിൽനിന്ന് മത തത്ത്വങ്ങൾ ഗ്രഹിച്ച വേഷപ്രച്ഛന്നയായ മണിമേഖലക്ക് അമ്മയായ മാധവിയേയും സുധാമതിയേയും അറവണ അടികളെയും കാണാൻ ആഗ്രഹമുണ്ടായി. അവൾ ബുദ്ധഭിക്ഷുക്കൾ താമസിക്കുന്ന കോവിലിലെത്തി കോവലന്റെ അച്ഛനായ മാചാത്തുവിനെ കണ്ടു. താൻ ഗാർഹസ്ഥ്യജീവിതം ഉപേക്ഷിക്കാനുണ്ടായ കാരണം അയാൾ മണിമേഖലയോടു വിശദീകരിച്ചു. കാവിരിപ്പൂമ്പട്ടിനം വെള്ളപ്പൊക്കത്തിൽ നശിക്കാൻ പോകുന്നതറിഞ്ഞ് മാചാത്തുവൻ പൂർവികനായ കോവലൻ സ്ഥാപിച്ച ബുദ്ധചൈത്യത്തിൽതന്നെ തങ്ങി. മാധവിയും സുധാമതിയും അറവണ അടികളോടെപ്പം കാഞ്ചിപുരത്താണുള്ളത്, നിനക്ക് ധർമോപദേശം ചെയ്യാൻ പറ്റിയ സ്ഥലവും അതാണ്. മാത്രമല്ല കച്ചി നഗരവാസികൾ ദാരിദ്യ്രത്താൽ ഉഴലുകയുമാണ്. നീ ഉടനെ അങ്ങോട്ടു ചെല്ലുക എന്ന് മാചാത്തുവൻ പറഞ്ഞതു കേട്ട് മണിമേഖല കച്ചി നഗരത്തിലേക്ക് ചെന്നു. നഗരത്തിന്റെ ശോച്യാവസ്ഥ കണ്ട് അവൾ ഏറെ ദുഃഖിച്ചു. അവിടെ ഇളംകിള്ളി എന്ന രാജാവ് നിർമിച്ച പ്രസിദ്ധമായ ബുദ്ധക്ഷേത്രത്തിൽ തൊഴുത് തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഉദ്യാനത്തിലെത്തി. മണിമേഖല വന്നതറിഞ്ഞ കഞ്ചുകൻ രാജാവിനെ വിവരം അറിയിച്ചു. രാജാവ് മണിമേഖലയെ യഥാവിധി സ്വീകരിച്ച് പണ്ട് മണിമേഖലാ ദൈവം പറഞ്ഞ കാര്യങ്ങൾ ഇന്ന് ശരിയായിവരികയാണെന്ന് പറഞ്ഞു. ദേവതയുടെ ആജ്ഞപ്രകാരം മണിപല്ലവത്തിലേതുപോലെ ഗോമുഖിപ്പൊയ്കയും ഉദ്യാനവും നിർമിച്ച കാര്യവും പറഞ്ഞു. ഉദ്യാനത്തിലെത്തിയ മണിമേഖല പൊയ്കയെയും ഉദ്യാനത്തെയും വണങ്ങി ദുഃഖിതരായ ജനങ്ങളെ അവിടെ വരുത്തി യഥേഷ്ടം ഭക്ഷണം നൽകി സമാശ്വസിപ്പിച്ചു. അപ്പോൾ അറവണ അടികളോടൊപ്പം മാധവിയും സുധാമതിയും അവിടെയെത്തി. മണിമേഖല അവരെ ഉപചാരപൂർവം സ്വീകരിച്ചു. തന്റെ പുരുഷവേഷം മാറ്റുകയും ചെയ്തു.
തപസ്സുപൂണ്ട് ധർമ തത്ത്വങ്ങളറിഞ്ഞ കഥ
സ്തുതിവചനങ്ങളൊക്കെയും കേട്ടാ താപസ–
നോതിനാനപ്പുരിതൻ വിനാശ കഥയൊക്കെയും.
നാഗ നാട്ടരചനുടെ സുത പീലിവളയാ മണിപല്ലവ–
ത്തിലിരുന്നാ നെടുമുടിക്കിള്ളിക്കായ് തന്നിളം–
പൈതൽ തന്നെയും കൊടുത്തിടാനേകനായ്–
വന്നൊരാ കമ്പലച്ചെട്ടിയ്ക്കേകിയാ തന്വിയാൾ.
പൈതലെത്തന്നെയും വാങ്ങിയാച്ചെട്ടിയാർ
കപ്പലിൽ പോയൊരാ വേളയിൽപ്പൊടുന്നനേ–
യിരുളേറിടുന്നൊരാ നടുയാമത്തിങ്കലാ കപ്പലും
ചേതമായ്; ചെട്ടിയാരേകനായ് ചെന്നിതാ തീരവും
ചൊല്ലി ചരിതവുമരചനോടൊക്കെയും.
പൈതലെ കൈവിട്ട തുമ്പത്താൽ ചോഴനും
ദേവാധിനാഥനു പ്രീതിക്കായ് ചെയ്തിടു–
മുത്സവമൊന്നുമേയോർത്തീലല്ലോ!
കുപിതനായ് വന്നൊരാ ദേവാധിനാഥനും
തൽക്ഷണം ശാപത്തെ ചെയ്തുവല്ലോ?
നിൻ പിതാകോവലൻ തന്നുടെ വംശത്തിൻ
പൂർവികനായോരാ വണികൻ തന്നെ
മകരമാം മീൻ വാഴും സാഗരം തന്നിലായ്
കപ്പലുടഞ്ഞു പതിച്ച നാളിൽ
തുയിരാർന്നുയിർ പോകുമെന്നൊരു
ഭീതിയാൽ നാളുകളേഴും കഴിച്ചുവല്ലോ!
ശീലങ്ങളഞ്ചുമേ കൈക്കൊണ്ട വാണികൻ
ബോധി തൻ ചോട്ടിലായ് ധ്യാനത്തെ പൂണ്ടതാ–
മാദ്യനാം നാഥനു തുല്യനല്ലോ.
ദേവാധിനാഥനാ തുമ്പത്തെ തീർത്തീടാൻ
ധർമത്തിൻ കാവലാൾ ദേവിയോടാജ്ഞയായ്
രക്ഷിക്കവനെ നീയെന്നു ചൊന്നാൻ!
ഇമ്പമിയന്നോരാ ദേവിയാൾ തന്നെയും
തീരമണച്ചാനാ വണികൻ തന്നെ!
കാരിയം ബോധിച്ച ചാരണരാനേരം
നിൻ പേരിൻ നിദാനവും കാട്ടിയന്നാൾ!
ക്നാവിലായ് വന്നവളോതി നിൻ ഭാവിയും
സന്യസജീവിതം പൂകുമെന്നും!
ദേവത തന്നുടെയാകൂതം തന്നാലെ
ദേവാധിനാഥൻ തൻ ശാപത്താലേ
ജലധിയിൽ മുങ്ങിയ പുരമതിൽ നിന്നായി
അമ്മമാരൊപ്പമീ ഞാനുമിപ്പോൾ
മാലോകർ വാഴ്ത്തീടും നിന്നെയും കാണ്മാനായ്
ഇപ്പുരിയിങ്കലും വന്നു ചേർന്നാർ!
അതു കേട്ടവൾ വണങ്ങിയറവണ അടികൾ തന്നെയും
പൊന്നിൻ തിളക്കമാർന്നാ മണിപീഠിക തൻ കാവലാൾ
ദ്വീപതിലകയും ചൊല്ലിയിതൊക്കെയും മുന്നമായ്.
അതു പോലഴകുറ്റതാം വഞ്ചിയിലൊരു താപസനായ്
മത തത്ത്വളഞ്ചും ശ്രവിച്ചനനുരൂപമാം വേഷം പോൽ
ത്യജിച്ചടികളോടപേക്ഷിച്ചതാ
ധത്യധർമാദികളൊക്കെയും!
അതുപൊഴുതിലടികളോതിനാൻ
സത്യധർമങ്ങളൊക്കെയും!
ആദി ബുദ്ധനരുൾ ചെയ്ത തത്ത്വങ്ങളന്യൂനമാം
പ്രത്യക്ഷമനുമാനമെന്നവ രണ്ടാണല്ലോ.
നാമജാതി ക്രിയാ ഗുണാദികൾ പ്രത്യക്ഷവും
കാര്യകാരണ സാമാന്യമെന്നീ മൂന്നുമനുമാനവും
തെറ്റിടാമനുമാനമെങ്കിലാ കനലും പുകയുമ്പോൽ
കാര്യാനുമാനം സത്യാനുയോജ്യമായ് വന്നിടാം!
ആഗമാദികളൊക്കവേ മാർഗത്തിൽ ദമിതമാം!
പക്ഷ ഹേതു ദൃഷ്ടാന്തമുപനയം നിഗമനമിത്യാദി
യഞ്ചുമനുമാന പ്രമാണത്തിനു കരണമാം.
മലയിൽ പുക കണ്ടു തീയൂഹിപ്പതു പക്ഷമാം!
പല മട്ടാർന്നോരടുക്കളപോലെന്നുരപ്പതാ ദൃഷ്ടാന്തവും!
ഈ മലയും പുകയാർന്നതെന്നോതുവതുപനയവും
പുകയാർന്നതൊക്കെയും തീ ചേർന്നതാമെന്നു
നിശ്ചയമായുരൈപ്പതാ നിഗമനവുമായിടാം!
തീയില്ലാത്തതൊന്നുമേ ചേർന്നിടാ പുകയുമായുമേ
നീരു പോലതെന്നുരൈപ്പതാ പക്ഷത്തിന്നെതിരാം
വൈധർമ്യ ദൃഷ്ടാന്തമതായിടുമെന്നു മറിക നീ!
കാര്യ ഹേതുവാം പൊരുൾ പക്ഷധർമ വചനമാം
ശബ്്ദമെന്നതനിത്യമാം പക്ഷമെന്നതായിടും
നിർമിക്കപ്പെടുമെന്നതാ പക്ഷ ധർമവചനവും.
യാതൊന്നു ചെയ്യപ്പെടുമതനിത്യമാം; കുടം–
പോലെന്നു ചൊൽവതതിൻ പൊരുളായിടും!
സപക്ഷാനുഗമ വചനമെന്നതിൻ നാമമായിടും!
കർമ രഹിതമാം പൊരുളൊക്കെയും നിത്യമായിടാം
വിപക്ഷത്തുടർച്ചയോ വ്യതിരേക വചനവും.
അനന്വയത്തിലന്വയം അനുമാനത്തിൻ പൊരുളായിടാം!
വെളിയിടത്തിൽ കുടമില്ലെന്നോതുവതു സുപക്ഷവും
പ്രത്യക്ഷമല്ലെന്നൊരാ ഹേതു പക്ഷ ധർമവചനവും,
മുയൽക്കൊമ്പുപോലേതൊന്നായിടത്തിലില്ലയോ
ആഗണത്തിൽപ്പെടുവതാ പക്ഷാനുഗമ വചനമായിടും.
ഉള്ളംകൈയിലെ നെല്ലിക്കപോലേതു ദൃശ്യമായിടു–
മതു തക്കതാം വ്യതിരേക വചനമായിടും!
പുകയാം ഹേതു തീയതു സാധ്യമാക്കിടാം
തീയില്ലായ്കയിലില്ല പുകയെന്നതു നിശ്ചയം!
ആദ്യ മോതും പൊരുത്തവുമന്യം വ്യതിരേകവും!
പുകയിൽതീയൂഹിപ്പതാമന്വയം സാധ്യമായീടിൽ
കഴുതയും ഗണികയും ചേർന്നിരിപ്പതായ് കണ്ടൊ–
രുവനാ കഴുതയിൽ ഗണികയൂഹിപ്പതസാധ്യമാം.
തീയില്ലാത്തിടത്തു പുകയില്ലെന്നു വ്യതിരേകമാം
നായ വാലില്ലാ കഴുതയിൻ പിടലിയിൽ നരിവാലില്ലാ–
വ്യതിരേകമായിടുമിതെന്നാൽ നരിവാലിരിക്കുമിട–
ത്തിലായ് നായ് വാലുണ്ടെന്നുറപ്പിപ്പതബദ്ധമാം!
ഉപനയനിഗമനമാം രണ്ടും ദൃഷ്ടാന്തത്തിൽ ദമിതമാം!
പക്ഷം ഹേതു ദൃഷ്ടാന്തമിവയിൽ കാണാം നല്ലതും
മതു പോൽ തീയതുമെന്നുമറിക വാർകേശിനീ!
പ്രത്യക്ഷമാം ധർമിയുമതുപോൽ സാധ്യധർമിയും
മറു പൊരുളിൻ വ്യതിരിക്തമാം ഭാവമാർന്നതാം!
ശബ്ദം നിത്യമനിത്യമാം രണ്ടിലൊന്നിനെപ്പറ്റി
ഹേതു ദൃഷ്ടാന്തമിവരണ്ടുമേ സാധിച്ചിടാം.
പക്ഷവചനത്തിൽ ധർമിയാവതു ശബ്ദമാ–
മവയെ സാധിച്ചിടും ധർമം നിത്യമനിത്യമായിടും
ക്രമാലെന്നു മോതിടുന്നാ ന്യായവാദികൾ!
സപക്ഷ പക്ഷധർമ വചനമാം ഹേതു മൂന്നായിടും
സ്ഥിരമസ്ഥിരം വിലോപമെന്നിവയാമവ!
സപക്ഷം സാധർമ്യത്തെ സാധിച്ചീടിൽ
ചേരണം പൊരുളിൻ പൊതുധർമത്തൊടും.
അനിത്യമാം ധർമമാ ശബ്ദം സാധിച്ചീടിൽ
അനിത്യമാം കുടംപോലൊക്കെയായിടാം!
വിപക്ഷമാകുകിൽ ചേർച്ചയതുനിത്യമാം
ആകാശം പോലെന്നുമായിടാം!
കർമത്താലേർപ്പെടും പൊതുവാം ധർമ–
മാരായും പക്ഷപ്പൊരുളുമതുപോൽ സാക്ഷ–
പ്പൊരുളും വിപക്ഷത്തിലില്ലാത്തതായനിത്യ–
ഹേതുവായ് വിളങ്ങിടുമെന്നുമറിക നീ!
സാധർമ്യ വൈധർമ്യമെന്നു ദൃഷ്ടാന്തം രണ്ടായിടും
ഏർപ്പെടും വഴിയിൽ ശബ്ദമതനിത്യമാം
ഘടാദിപോലെന്ന സാധർമ്യ ദൃഷ്ടാന്തമാം!
സാധ്യ ധർമില്ലാപ്പൊരുളിൻ ഹേതു വൈധർമ്യമാം!
നൽപക്ഷ ഹേതു ദൃഷ്ടാന്തമിവയന്യൂനം സാധിച്ചിടാം!
ന്യൂനമാം പക്ഷഹേതു ദൃഷ്ടാന്തമെന്നു മൂന്നും
പക്ഷാഭാസം ഹേത്വാഭാസം ദൃഷ്ടാന്താഭാസവുമാം!
ഇവയിലാ പക്ഷാഭാസം പ്രത്യക്ഷാനുമാനസുവച–
നാഗമ വിരുദ്ധമെന്നുമപ്രസിദ്ധ വിശേഷണമെന്നു–
മപ്രസിദ്ധ വിശേഷ്യമെന്നുമപ്രസിദ്ധോ ഭയമെന്നു–
മപ്രസിദ്ധ സംബന്ധമെന്നുമൊമ്പതായിടും!
ന്യൂനത്വമേറുമിവയിൽ പ്രത്യക്ഷ വിരുദ്ധമാം
പക്ഷാഭാസമൊക്കെയുമിന്ദ്രീയ വിരുദ്ധമായിടും
കേൾപ്പതില്ലൊച്ച ചെവിയിലതു ദൃഷ്ടാന്തമായിടും
അനുമാനാസ്പദമാമൊന്നു തെറ്റായ് ചൊൽവത–
നുമാന വിരുദ്ധ പക്ഷാഭാസമെന്നുമറിക നീ!
അനിത്യധർമമിയന്നിടും കുടത്തെയാ നിത്യത്വ–
ധർമിയായ് ചൊൽവതു പോലെയാമത്!
എൻ തായ മച്ചിയെന്നപോൽ വിരുദ്ധമാ–
മുക്തിയൊക്കവേ സുവചനവിരുദ്ധമായിടും!
മാലോകർ ചൊൽവതിനു വിപരീതമാമുക്തി
ലോക വിരുദ്ധ പക്ഷാഭാസമതായിടും!
വിളങ്ങിടുമിന്ദുവെയിന്ദുവല്ലെന്നു ചൊൽ–
വതതിനുത്തമ ദൃഷ്ടാന്തവുമായിടും!
ആധാരമാം കൃതിക്കു വിപരീതമായ് ചൊൽവതാ–
ഗമവിരുദ്ധമാം പക്ഷാഭാസമതായിടും!
ഒച്ചയനിത്യമെന്നറിയുമാ വൈശേഷികനതു–
നിത്യമെന്നോതുവതപ്രസിദ്ധ വിശേഷണം.
സാംഖ്യനോടൊരാ ബൗദ്ധനൊച്ചയനിത്യമെ–
ന്നോതിയാലാസാംഖ്യൻ നിത്യ പ്രമാണനാകയാ–
ലനിത്യത്വമപ്രസിദ്ധ വിശേഷ്യമാം കുറ്റമായിടു–
മതിനാലറിയില്ലയാമറുവനൊരാ ധർമിയെ!
എതിരാളിയാം ബൗദ്ധനോടാ സാംഖ്യനാത്മാവു–
ചിൽപ്പൊരുളെന്നോതുകിലവനാത്മവാദിയാക–
യാലാ ധർമി മറുവനറിയാത്തതോതിയ കുറ്റമാർന്നിടും!
വാദി മറുവനോടോതിടും പക്ഷവചനത്തിൻ പൊരുളി–
ലുൾച്ചേർന്നിടും സാധർമ്യമതു ഗ്രഹിയായ്കിലത–
പ്രസിദ്ധോഭയമാം ന്യൂനതയതായിടും!
വാദിയാം വൈശേഷികനെതിരാളിയാം ബൗദ്ധനോ–
ടിച്ഛ, തുമ്പമിമ്പമിയ്ക്കാധാരമാത്മാവെന്നോതുകി–
ലാത്മാവു മിമ്പവും ധർമമധർമമെന്നോരായ്കയാല–
വിശേഷ്യ വിശേഷണം അപ്രസിദ്ധവുമായിടാം.
മറുവനുചിതമാം പൊരുൾ വാദി കാട്ടീടിലത–
പ്രസിദ്ധ സംബന്ധമെന്നുമറിക നീ?
ഒച്ചയനിത്യമെന്നെതിരാളിയാം ബൗദ്ധനോടോതിയാ–
ലാദർശമൊന്നാകിലാവാദി സാധിച്ചിടില്ലൊന്നുമേ.
അതുമോർക്കുക പക്ഷത്തിൻ ന്യൂനതയായിടും!
ഹേത്വാഭാസമാം പക്ഷമസിദ്ധമനൈകാന്തികം
വിരുദ്ധമെന്നു മൂന്നു വകയായിടാം!
അസിദ്ധമതുപോൽ ഉഭയമനിത്യ സിദ്ധാസിദ്ധ–
മാശ്രയായെന്നു നാലായിടും!
വാദിക്കുമതുപോൽ പ്രതിക്കുമൊരുപോൽ
വസ്തു വസ്തുവാകാതിരുന്നാലതുഭയാ സിദ്ധം.
കണ്ണാൽ കണ്ടിടാരവമതിനാലതനിത്യമാ–
മതന്യതരാ സിദ്ധമസിദ്ധാഭാസമായിടും!
വാദിതൻ ഹേതു മറുവനസ്വീകാര്യമാവതു–
താൻ അന്യതരാസിദ്ധമസിദ്ധാഭാസം.
അനിത്യത്തെയസാധ്യമാക്കും വസ്തു
നിഷ്ഫലമാം ഹേതുവായിടാമതു താൻ
സിദ്ധാസിദ്ധമാം അസിദ്ധ ഹേത്വാഭാസം.
ശങ്കയാർന്നതാം ഹേതുവാൽ സാധിച്ചിടും
പുകയോ മഞ്ഞയെന്നോർത്തീടവേ തൂയ–
പുകയാണെന്നുറച്ചു തീയുറപ്പിപ്പതു താനത്.
വാദി ധർമിയായിടാത്തൊന്നാ മറുവനൊടു
ധർമിയായ് ചൊൽവതിനുതകുമാ ഹേതു
ആശ്രയസിദ്ധ ഹേത്വാഭാസവുമായിടും!
ശബ്ദഗുണം ചേർന്നാകാശം പൊരുളായിടും
ആകാശം പൊരുളായിടാ മറുവർക്കാകാശമാം
ധർമിയുമസിദ്ധമാം ഹേത്വാഭാസമായിടും.
സാധാരണമസാധാരണം സപക്ഷൈകദേശവൃത്തി
വിപക്ഷവ്യാപി, വിപക്ഷൈകദേശവൃത്തി, സപക്ഷ വ്യാപി
ഉഭയൈകദേശവൃത്തി, വിരുദ്ധ വ്യഭിചാരിയെന്നനൈ–
കാന്തിക ഹേത്വാഭാസമാറായിടും!
സപക്ഷമതിനും വിപക്ഷത്തിനുമൊന്നുപോൽ
ഹേതു പൊതുവായീടിലതു സാധാരണം.
ശബ്ദമനിത്യമാമെന്നറിയപ്പെടുവതിലാ ഹേതുവാ–
മറിയപ്പെടുവതു നിത്യാനിത്യങ്ങൾക്കൊരുപോലായിടും!
സാധ്യമായ് ചൊൽവതാം ഹേതു സപക്ഷ വിപക്ഷങ്ങൾ–
ക്കനനുയോജ്യമാകിലസാധാരണമാം
ഹേത്വാഭാസമായിടും!
ശബ്ദം കേൾക്കപ്പെടുവതിലാ ഹേതു കേൾക്കപ്പെടുക
സപക്ഷവിപക്ഷങ്ങളിൽ ചേർന്നിടുന്നത
നൈകാന്തികമായിടും.
സപക്ഷപ്പൊരുളൊന്നിൽ ചേരുവതാ
വിപക്ഷപ്പൊരുളേതിലും
ചേരും വിപക്ഷ വ്യാപിയാം സപക്ഷയേ
കദേശവൃത്തിയായിടും.
അനിത്യമാകിലൊച്ച ശബ്ദ വൃത്തിയായിടാ!
മിന്നലോടു ചേരുമാകാശം നിത്യമാകയാൽ
സാധ്യ ധർമമാം മിന്നലനിത്യമാം പൊരുളായിടും
വിപക്ഷൈകദേശവൃത്തി സപക്ഷ വ്യാപിയാം
അനൈകാന്തിക ഹേത്വാഭാസം വിപക്ഷമാം–
പൊരുളിലൊന്നുമായ്ച്ചേർന്നാസപക്ഷപ്പൊരു–
ളേതിലും ശരിയായ് ചേർന്നിരിപ്പതായിടും!
ശബ്ദം പ്രവൃത്തിയിൽത്തോന്നുമതനിത്യ–
മെന്നാ പക്ഷധർമവാചിയാം ഹേതു ചൊൽകിലാ–
ഹേതു വിപക്ഷമാമാകാശാദിയിൽ മിന്നലിൽ–
ച്ചേർന്നുമാകാശത്തിലൊട്ടു ചേരാതെയും
സപക്ഷപ്പൊരുളാദിയിൽച്ചേർന്നനൈകാന്തികമായിടും!
സപക്ഷ വിപക്ഷമാം രണ്ടിനൊടും ചേർന്നിടും ഹേതു
ഉഭയൈകദേശവൃത്തി ഹേത്വാഭാസമതായിടും!
ശബ്ദം നിത്യമാമെന്നു പക്ഷവുമനിത്യമാമെന്ന–
മൂർത്തവും ഹേതുവാകിലമൂർത്തമാം ഹേതു
നിത്യത്വ ധർമമിയലും സപക്ഷമാം പരമാണു–
ആകാശമാദിയിലാകാശത്തൊടു ചേർന്നാ
മൂർത്തമാം പരമാണുവൊടു ചേരാതൊഴിയും
വിപത്താം കുട സുഖാദികളിലിമ്പത്തൊടു
പൊരുത്തമായ് കുടത്തിനൊടൊഴിഞ്ഞു
രണ്ടിനുമല്പമാം പൊരുത്തമായിടും!
അമൂർത്തമാമൊന്നാകാശം പോൽ നിത്യമോ–
യിമ്പം പോലനിത്യമോയെന്നു സന്ദേഹിപ്പത–
നൈകാന്തിക ഹേത്വാഭാസമതായിടും!
തിരുത്താ ഹേതുവായ് വിരുദ്ധഹേതുവിനിടം–
കൊടുത്തിരിപ്പതാ വിരുദ്ധ വ്യഭിചാരിയായിടും!
ശബ്ദംമനിത്യമാമെന്നമൊപ്പമാതോന്നലിൽ
വൈശേഷികനിതു ഹേതു ലക്ഷണമെന്നോ–
തിടിലാ സപക്ഷമാം കുടാദികൾ നിൽക്കവ
ശബ്ദം നിത്യമായ് കേൾക്കും ശബ്ദപ്രകൃതി–
പോലായിടുമെന്നാ വാദിയാം മീമാംസകനോതിടു–
മവരോടുരൈപ്പതിരണ്ടു ഹേതുവുമൊന്നായ്–
കാൺകയാലതനൈകാന്തികമായിടും!
ധർമ സ്വരൂപ വിപരീതസാധനം, ധർമ വിശേഷ–
വിപരീത സാധനം, ധർമിസ്വരൂപ വിപരീത സാധനം,
ധർമിവിശേഷ വിപരീത സാധനമെന്നു നാലാം
വിരുദ്ധ ഹേത്വാഭാസമെന്നുമറിക നീ!
ചൊല്ലിടും ഹേതുവിൽ സാധർമ്യം കെടുംമട്ടാ
ശബ്ദം നിത്യമെന്നാ വാദി ഉണ്ടാക്കപ്പെടുകയാ–
ലെന്നാ കാരണം ചൊൽകിലതനിത്യമാകയാലു
ണ്ടാക്കപ്പെട്ടതാം ഹേതു സാധ്യമാം നിത്യത്വമതു–
സാധിയാ ശബ്ദമനിത്യമെന്നു സാധിച്ചീടിലതു–
ധർമ സ്വരൂപ വിപരീത സാധനമായിടും!
സാധ്യ ധർമത്തിൽ ചേർന്നിടും വിശേഷ–
മൊഴിയേ സാധിച്ചിടും ധർമവിശേഷ വിപരീതവും,
ഓർക്കിലക്ഷിയാദിയാമിന്ദ്രിയമതു പരാർഥമാം
പലതായ് മറഞ്ഞിടുമാ ശയ്യയുമിരിപ്പിടവുമന്യർക്കു
തകിടുമ്പോലക്കണ്ണാദിയാമിന്ദ്രിയങ്ങളന്യർക്കുതകി
പരനാമാത്മാവിൻ നിരവയവത്തെക്കെടുത്തിയാ–
സാവയവമാക്കുവതാ ധർമിസ്വരൂപവിപരീത സാധനം.
ഭാവം ദ്രവ്യം, ഗുണം, കർമമിവയിലൊന്നുമായിടാ.
ദ്രവ്യാദികൾ മൂന്നിലുമുണ്മപൊതുവാകിലാ–
സാമാന്യവിശേഷം പോലെന്നാ വാദി ചൊൽകിൽ
പൊരുൾ, ഗുണം, കർമമെന്നൊന്നായ് നിന്നിടു–
ന്നവയിലാസത്യോപരിയാം സത്യഭാവമുൾച്ചേരു–
മതിനാല ചൊല്ലിടും ഹേതു സത്യത്തെ വേർപെടുത്തിടും
പൊതുവാം സത്യം സാധിച്ചിടും ഭാവമതിൽ ചേർന്നിടാ!
ദൃഷ്ടാന്തമായ് ചൊന്നതിലാ സാമാന്യവുമതുപോൽ–
വിശേഷവുമായിടുമവതൻഗണത്തിലൊന്നിന്നഭാവ–
ത്തിലില്ല വേറൊന്നതതിനാലാ ഭാവ ധർമിതൻ തൻമയെ–
പോക്കിയ ഭാവം സാധിക്കിലതു വിരുദ്ധമാം!
ധർമിതൻ വിശേഷ ഭാവത്തെയഭാവമായ് സാധിക്കിലതു–
ധർമവിശേഷ വിപരീത സാധനമാം വിരുദ്ധമായിടും!
സാധന ധർമവികലം, സാധ്യധർമവികലം,
ഉഭയധർമവികലം
അനന്വയം, വിപരീതാന്വയമെന്നഞ്ചുവകയാം സാധർമ്യ–
ദൃഷ്ടാന്താഭാസമെന്നുമറിക നീ!
സാധ്യവ്യാവൃത്തി, സാധനാവ്യാവൃത്തി, ഉഭയവ്യാവൃത്തി
അവ്യതിരേക വിപരീതം, വ്യതിരേക വിപരീതമഞ്ചു–
വകയാം വൈധർമ്യ ദൃഷ്ടാന്താഭാസവും!
വാദി കാട്ടും ഹേതു പൊരുത്തമില്ലായ്കിലതു സാധന–
ധർമവികലമാം ദൃഷ്ടാന്താഭാസമായിടും!
അമൂർത്തമായിടും ശബ്ദമതു നിത്യമാം
യാതൊന്നമൂർത്തമാവതോ അതു നിത്യമായിടു–
മെന്നവ്യാപ്തിയിൽ വ്യാപ്തിയോതിയും
ദൃഷ്ടാന്തമതു പരമാണുവിൽ കാൺപുറ്റതാ–
മെന്നാലാ ദൃഷ്ടാന്തമാം പരമാണു നിത്യവുമതു–
പോലാ മൂർത്തവുമാകയാലാ സാധ്യമാം ധർമമാ–
നിത്യത്വം ചേർന്നമൂർത്ത ഭാവമാർന്നിടാതതു–
സമാനധർമ വികല ദൃഷ്ടാന്താഭാസമായിടും!
കാട്ടപ്പെട്ടതാം ദൃഷ്ടാന്തത്തിൽ സാധ്യമാം ധർമിതൻ
ധർമമില്ലാതായ്ത്തീരുവതാ സാധ്യ ധർമവികലം.
അമൂർത്തമായിടും ശബ്ദമതു നിത്യമാം
യാതൊന്നമൂർത്തമാവതോ അതു നിത്യമായിടു–
മെന്ന വ്യാപ്തിയിൽ വ്യാപ്തിയോതി ബുദ്ധിപോ–
ലെന്നാ ദൃഷ്ടാന്തം കാട്ടിയാൽ ദൃഷ്ടാന്തമാം ബുദ്ധി
അമൂർത്തത്വമാർന്നീടിലും ഹേതുവിന്നമൂർത്തത്വമാം–
ധർമം ചേർന്നാ നിത്യത്വമൊഴിഞ്ഞാ
സാധ്യധർമവികലമായ്!
സാധ്യ ധർമത്തിനൊപ്പമാ ഹേതു ധർമവും ചേരുകിൽ
വ്യാപ്തിയറ്റതാമുഭയധർമവികലമായിടും!
അതുമല്ലതുള്ളതുമില്ലാത്തതുമെന്നു രണ്ടായിടും!
ഇതിലുള്ളതാമുഭയധർമവികലമുൾപ്പൊരുളിലായ്
കാട്ടിടും സാധ്യ സാധനധർമമാം രണ്ടും ചേരാ–
തൊഴിയുമതിനാല ശബ്ദ നിത്യമാം പക്ഷവചനവു–
മമൂർത്തമായിടുമെന്നാ പക്ഷധർമ വചനവു–
മമൂർത്തമാകുവതു നിത്യമാമെന്നു വ്യാപ്തിയും!
ദൃഷ്ടാന്തമാം കുടവുമുൾപ്പൊരുളായിടും സാധ്യ–
ധർമമാം നിത്യത്വവും സാധന ധർമമാമമൂർത്ത–
ത്വവുമില്ലാത്തതായ്ത്തീർന്നിടുമെന്നു ഞായമാം!
ഇല്ലാത്തതാമുഭയധർമവികലമില്ലാത്തതാമൊന്നിൽ
സാധ്യ സാധന ധർമമാം രണ്ടുമില്ലാത്തതായ് കാട്ടിടും!
ശബ്ദമനിത്യമാമെന്നുസാധ്യവും മൂർത്തമാമെന്നു–
സാധനവുമേതു താൻ മൂർത്തമതനിത്യവുമെന്നാ–
വ്യാപ്തി വചനവുമാകാശം പോലെന്നാ ദൃഷ്ടാന്തത്തിലാ–
സാധ്യശബ്ദത്തിനനിത്വത്തവും സാധനത്തിൻ
മൂർത്തത്വമാം
രണ്ടു ധർമങ്ങളുമാകാശമില്ലെന്നുരയ്ക്കുമൊരാവാദിക്കാ–
കാശം നിത്യത്വമമൂർത്തത്വമാമിരു
ധർമങ്ങളുള്ളതാകയാ–
ലയാൾക്കുഭയധർമ വികലമായിടും!
സാധ്യ സാധനങ്ങൾതന്നന്വയം ചൊല്ലാതാ രണ്ടിൻ
പൊരുത്തമതുദാഹരിപ്പതനന്വയമാം ദൃഷ്ടാന്താ
ഭാസമതായിടുംമെന്നറിക ജ്ഞാനശീലേ!
ശബ്ദമനിത്യമാം സാധ്യവചനവുമതുപോലാ
സാധന വചനമാം ക്രിയാത്മകമാകയാലുമെന്നോതിയാ–
നിർമിക്കപ്പെടുവതൊക്കെയുമനിത്യമാമെന്നന്വയം
ചൊല്ലിടാത കുടത്തിൽ സാധന സാധ്യങ്ങൾ കണ്ടിടാ–
മെന്നുരപ്പതന്വയ വ്യാപ്തിയറിയാത്തതായിടും.
വ്യാപകമാമന്വയത്താൽ വ്യാപ്യപ്പൊരുത്തം കാട്ടിടും–
വിപരീതാന്വയ ദൃഷ്ടാന്താഭാസമൊക്കവ!
ഉണ്ടാക്കപ്പെടുവതിനാല ശബ്ദ മനിത്യമാമെന്നു–
മേതൊന്നുണ്ടാക്കപ്പെടുമതനിത്യമാമെന്നു–
വ്യാപ്തിയുമാ സാധനത്തിൻ വ്യാപ്യത്താൽ
സാധ്യത്തിൻ വ്യാപകത്തെയന്വയിച്ചിടാതേതാം
പൊരുളനിത്യമാമതു തീർത്തതാമെന്നാ സാധ്യ–
ധർമത്താലാ സാധന ധർമത്തെ കരുതുവതു–
വിപരീതാന്വയമായിടുമതിലാ വ്യാപകം വ്യാപ്യത്തെ–
കാട്ടിടാത്തതാ വിപരീതമാം ന്യൂനതയായിടും!
സാധന സാധ്യമാം രണ്ടിൽ സാധ്യപ്പൊരുളിൻ
ധർമം ശേഷിയായ്കിലതു വൈധർമ്യ ദൃഷ്ടാന്തമാം!
സാധന ധർമം മീളാൻ സാധ്യപ്പൊരുളിൻ ധർമ–
മൊഴിവാക്കീടുകിലതു വൈധർമ്യത്തിലുൾപ്പെടാം!
അമൂർത്തമാകയാൽ ശബ്ദമതു നിത്യമാം
അനിത്യമാം പൊരുളൊക്കെയുമമൂർത്തമായിടാമീ
പരമാണുവെപ്പോലെന്നുദാഹരിപ്പതിലാ പരമാണു
നിത്യവുമതുപോൽ മൂർത്തവുമാകയാല സാധനമാ
മമൂർത്തത്വത്തിലവശേഷിച്ചിടും മൂർത്ത്വത്തൊടു
ചേർന്നാ സാധനമാം നിത്യത്വമതുമീളാ തൊഴിയു–
മതെന്നാലതു ന്യൂനമാമെന്നുമറിക നീ!
ഉഭയാവ്യാവൃദ്ധി ദൃഷ്ടാന്തമതു വിപരീതത്തിൽ
സാധിച്ചിടാനാവാദി കാട്ടിടും വൈധർമ്യ ദൃഷ്ടാന്ത–
ത്തിലാ സാധന സാധ്യ ധർമമാം രണ്ടിൻ വിപരീത
ധർമങ്ങൾ പൊരുത്തമാർന്നിടാതതുമല്ലൊരുണ്മയാം.
പൊരുളിൻ ധർമമതുമീളാതതു ചേർന്നിടായ്കിൽ
രണ്ടു ധർമങ്ങളതു ശേഷിച്ചിടും നിശ്ചയം.
സത്യത്തിന്നുഭയാഭിവൃദ്ധിയാം ദൃഷ്ടാന്താഭാസം
സാധ്യ സാധനത്തിന്നമൂർത്ത ധർമമതു ചേർന്നിടാ–
തെന്നും വൈധർമ്യത്തിൻ ദൃഷ്ടാന്തമായിടാം.
ശബ്ദമതു നിത്യമാമമൂർത്തമാകയാലെന്നോതിടു–
വോനേതു പൊരുളനിത്യമാമതമമൂർത്തവുമായിടാ.
ആകാശ പോലെന്നാ വൈർമ്യത്തെ കാട്ടുകിലാകാശം
പൊരുളായിടുവോനതു നിത്യവുമമൂർത്തവുമാകയാൽ
സാധ്യമാം നിത്യവും സാധനമാമമൂർത്വവും ചേർന്ന
വശേഷിച്ചിടുമനിത്യത്വവും മൂർത്തത്വവും ന്യൂനമായിടാം!
ഇല്ലായ്മയിന്നുഭയാവൃദ്ധിയാം വൈധർമ്യ ദൃഷ്ടാന്താഭാസ
ശബ്ദമമൂർത്തമാകിലതനിത്യമാമെന്നാ പക്ഷ വചനത്തി–
ലേതാം പൊരുൾ നിത്യമായിടുമതമൂർത്തവുമല്ലെന്നാ
വിപക്ഷമോതിയാകാശംപോലെന്നാ വൈധർമ്യ ദൃഷ്ടാന്തം,
കാട്ടുകിലാകാരാം പൊരുളായ്ക്കരുതിടാത്തോർക്കതു
പൊരുളല്ലായ്കില സാധ്യമാമനിത്യവും സാധനമാമമൂർ–
ത്തത്വവു ചേർന്നിടില്ലതു ന്യൂനതയായിടാം!
വ്യതിരേകമാമത് സാധർമ്യമില്ലാത്തിടത്താ സാധന–
ധർമമില്ലെന്നോതുവതാമെന്നുമാം!
ഉണ്ടാക്കപ്പെടാത്തതിനാല ശബ്ദം നിത്യമാമെന്നോ–
തുകയിലേതാം പൊരുളനിത്യവുമുണ്ടാക്കപ്പെടാത്ത–
തുമാമെന്നാ വ്യതിരേകമാം ചൊല്ലാമറുവനു തെളിയാ–
തതു വ്യതിരേകമാം ദുഷ്ടാന്താഭാസമായിടും!
വിപക്ഷമാം വ്യതിരേകവ്യാപ്തി വചനം മാറ്റി ചൊൽ–
വതാ വിപരീത വ്യതിരേകമാം ദൃഷ്ടാന്താഭാസമായിടും!
മൂർത്തമാകയാലശബ്ദം നിത്യമായിടുമെന്നാ സാധ്യ–
വചനമിന്നതെന്നാ വിപക്ഷ വ്യതിരേകവ്യാപ്തിയോതു–
കിലേതു പൊരുളിൽ നിത്യത്വമില്ലയോയതിൽ മൂർത്ത–
ത്വവുമില്ലെന്നു ചൊല്ലിടാതേതൊരു പൊരുളിൽ മൂർത്ത–
മാറിയതുമൊരു ന്യൂനതയിടുമെന്നുമറിക നീ!
ഇതുപോൽ കാട്ടിയ തീയമാം പൊരുളാലു–
മാഭാസമാം യുക്തിയാലുമീ സത്യാസത്യ വിഭാഗ–
ങ്ങൾക്കൊക്കെയുമുതകിടുമ്പോൽ വിധിനിഷേധ–
ത്താലാരാഞ്ഞറിഞ്ഞീടുക നീ ശങ്കാവിഹീനമായ്!
കുറിപ്പ്
മറുവൻ – മറുത്തു പറയുന്നവൻ
ചാരണർ – സിദ്ധന്മാർ
നിർവികല്പം – വസ്തുവിന്റെ രൂപംമാത്രം കാണുന്നത് (ഇന്ദ്രിയജ്ഞാനം)
സവികല്പം – നാമജാതി ഗുണക്രിയകൾ വെച്ചു കാണുന്നത് (വിശിഷ്ട ജ്ഞാനം)
ശബ്ദം നിത്യമെന്നോ അനിത്യമെന്നോ തീർച്ചപ്പെടുത്താനാവാത്തതിനാൽ അതിനെ വിരുദ്ധ വ്യഭിചാരി അനൈ കാന്തികമെന്നു പറയുന്നു.
വിശദീകരണം:
അറവണ അടികളെയും അമ്മമാരായ മാധവിയെയും സുധാമതിയെയും കണ്ട മണിമേഖല യതിവര്യനായ അറവണ അടികളെ വണങ്ങി വിശിഷ്ടമായ ധർമം അരുളിച്ചെയ്താലും എന്നു പറഞ്ഞു. കാവിരിപ്പൂമ്പട്ടിനം നശിക്കുവാനുണ്ടായ കാരണങ്ങൾ ആമുഖമായിപ്പറഞ്ഞ് ബുദ്ധൻ അരുളിചെയ്ത പ്രത്യക്ഷം അനുമാനം എന്നീ രണ്ടു പ്രമാണങ്ങളെക്കുറിച്ചും അവയുടെ അവാന്തരവിഭാഗങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു. കണ്ടറിയുന്നത് പ്രത്യക്ഷം. അനുമാനം കാരണം, കാര്യം സാമാന്യം എന്നിങ്ങനെ മൂന്നു വിധത്തിലുണ്ട്. ഇതിൽ കാര്യാനുമാനം മാത്രമാണ് ശരി. പക്ഷം, ഹേതു, ദൃഷ്ടാന്തം, ഉപനയം, നിഗമനം എന്ന് അഞ്ച് അംഗങ്ങളുള്ളതാണ് കാര്യാനുമാനം. ഇവയിൽ ഉപനയവും നിഗമനവും ദൃഷ്ടാന്തത്തിലൊതുങ്ങും. ശേഷിക്കുന്നവ സാധർമ്യം, വൈധർമ്യം എന്നിങ്ങനെ രണ്ടുവിധമുണ്ട്. ന്യൂനതയില്ലാത്ത പക്ഷം മുതലായവയെ നല്ല പക്ഷം, നല്ല ഹേതു, നല്ല ദൃഷ്ടാന്തം എന്നും ന്യൂനതയുള്ളവയെ പക്ഷാഭാസം, ഹേത്വാഭാസം, ദൃഷ്ടാന്താഭാസം എന്നും മൂന്നായി വിഭജിക്കാവുന്നതാണ്. പക്ഷാഭാസം, പ്രത്യക്ഷം, വിരുദ്ധം തൊട്ടുള്ള ഒമ്പതെണ്ണവും വൈധർമ്യ ദൃഷ്ടാന്താഭാസം, ഹേത്വാഭാസം, അസിദ്ധം, അനൈകാന്തികം, വിരുദ്ധം എന്നിങ്ങനെ നാലു വകയും സാധർമ്യ ദൃഷ്ടാന്താഭാസം, സാധന, ധർമ, വികല തുടങ്ങി അഞ്ചെണ്ണവും സാധ്യവ്യാവൃദ്ധി തുടങ്ങി അഞ്ചു വകയുമാണ്. ഇവയിൽ സത്യത്തെ സ്വയം ആരാഞ്ഞ് അറിഞ്ഞുകൊള്ളുക എന്ന് അറവണ അടികൾ മണിമേഖലയോടു പറഞ്ഞു.
(തുടരും)