മണിമേഖല
ചിലപ്പതികാരത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം മണിമേഖലയുടെ പ്രസിദ്ധീകരണം തുടരുന്നു. മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിയ ഖണ്ഡശ്ശ പ്രസിദ്ധീകരണത്തിന്റെ രണ്ടാം ഭാഗമാണിത്. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ
2ഉത്സവ പ്രഖ്യാപനം ധർമത്തെ വാഴ്ത്തുന്ന മാലോകർ വാഴ്കയാൽ പേർ പെറ്റ പത്തന പെരുമയ്ക്കായി മലയാചലത്തിങ്കൽ വാണരുളീടുന്ന മാമുനി തന്നുടെ വാണിയാലെ അംബരചുംബിയാം കോട്ടകൾ വീഴ്ത്തിയ വീരക്കാപ്പണിഞ്ഞോരാ ചോഴരാജൻ ദേവാധിനാഥനെ പ്രാർഥന ചെയ്തിട്ടു ധരയിലെൻ വളർവുറ്റ പത്തനത്തിൽ തീർച്ചയെ ചെയ്താനൊരുത്സവം തന്നെയും മാലോകർ...
Your Subscription Supports Independent Journalism
View Plans2
ഉത്സവ പ്രഖ്യാപനം
ധർമത്തെ വാഴ്ത്തുന്ന മാലോകർ വാഴ്കയാൽ
പേർ പെറ്റ പത്തന പെരുമയ്ക്കായി
മലയാചലത്തിങ്കൽ വാണരുളീടുന്ന
മാമുനി തന്നുടെ വാണിയാലെ
അംബരചുംബിയാം കോട്ടകൾ വീഴ്ത്തിയ
വീരക്കാപ്പണിഞ്ഞോരാ ചോഴരാജൻ
ദേവാധിനാഥനെ പ്രാർഥന ചെയ്തിട്ടു
ധരയിലെൻ വളർവുറ്റ പത്തനത്തിൽ
തീർച്ചയെ ചെയ്താനൊരുത്സവം തന്നെയും
മാലോകർ തോഷത്തിനൊത്തവണ്ണം.
നാലേഴുനാളുകളവിടെ പാർത്താലുമെന്നോ –
രർഥനയെ പാലനം ചെയ്താനിന്ദ്രനും
ജ്ഞാനികളായോർക്കതു തെറ്റില്ലവിതർക്കിതം
തത്ത്വോക്തിയും ലോകയാത്രയായതും
സത്യാന്വേഷണവുമതുപോലാത്യന്തികമാം
മുക്തിയും യുക്തം പോൽ വർണനം
ചെയ്തിടുന്നൊരാ വിഭിന്നരാം മതസ്ഥരും
കാലഗണനം ചെയ് വോരാംഗണികരും
തങ്ങീടിനാരപ്പത്തനത്തിലൊഴിയാവണ്ണം.
ദിവ്യകാന്തിയെ മറച്ചു പ്രജാഹിത രൂപമാണ്ടോ –
രാദിതേയരുമാ പല ദേശഭാഷകരും
അഞ്ചുമെട്ടുമംഗങ്ങൾ ചേർന്ന കൂട്ടവും
ദേവപുരിയിൽ കൊടിക്കൂറ പാറും
തേർപ്പടയുള്ളോരരചനനുടെ
തുമ്പത്തെ തീർത്തതാം ഭൂതത്തിനുടെ
യുത്സവമതു മാലോകർ മറന്നാൽ
േക്രാധ വായ്പിനാൽ രക്തവർണത്തെത്തേടും
വായിൽ വീരദന്തങ്ങൾ കാട്ടിയിടി സദൃശമാം
നാദത്താൽ പ്രാക് പത്തനത്തിൻമലെയായ്
േദ്രാഹബുദ്ധിയെ കാട്ടും പതിതർ തന്നെയും
കയറാൽ കെട്ടിക്കൊന്നു നിന്നുമാ ഭൂതം
കോപിച്ചിടുമതിനാലീ പെരും ലോകമതിങ്കലായ്
നിന്നെത്തിടു മരചരൊത്തു ചേർന്നിടുന്നോ
രിേന്ദ്രാത്സവത്തിനായ് നാട്ടുക കാലെ –
ന്നൊതിയ നേരമാ വജ്രകോഷ്ഠേ
ചേർന്നിടു മുരശിനെയേറ്റിനാൻ നൽ
കച്ചയണിഞ്ഞോരാനതൻ പുറമതിൽ.
കാളതൻ തോലാൽ പൊതിഞ്ഞിടി മുഴക്കമാർന്നും
വിളിച്ചിടും കാലനെ; കൊണ്ടിടും നിണബലിയുമാ –
വീരമുരശിനെ കമ്പാൽ പ്രഹരിച്ചിടുമാ വള്ളുവൻ
വാഴ്ക ! വാഴ്ക ! ശ്രീലക്ഷ്മിയും കൊതിക്കുമീ പത്തനം
പെയ്യട്ടെ മാരിയിതുമേഘീ മാസത്തിൽ മൂന്നായ്
ഏന്തട്ടെ രാജനിതു ചെങ്കോലിതെന്നും സ്തുതിച്ചാൻ.
ജംബുദ്വീപിനു ശാന്തി പകരുമുത്സവ നാൾകളിൽ
ദേവാധിനാഥനോടൊപ്പമാ നാൽഗണം
പെടുന്നൊരീ മൂപത്തിമൂന്നു ദേവർകളും
സദ്യശസ്സാർന്നതാം പതിനെട്ടു ഗണങ്ങളും
പെരുമ തൂകുമീ നഗരിയെയോർത്തതിചിന്തപൂണ്ടാർ
മന്നൻ കരികാല ചോഴനാഹവത്തിനായ് –
ക്കൊണ്ടു പത്തനം വിട്ടനാളതു ശൂന്യമായിടുമ്പോൽ
ദേവലോകത്തിങ്കലാരുമേ പാർത്തിടാതേവരും
പോന്നിടുമിവിടേക്കെന്നതാം മുതുമൊഴി.
തോരണവീഥിയുമന്യൂനമാം സഭാതലവും
പൂർണ കുംഭങ്ങളും സ്വർണ പാലികകളും
പാവ വിളക്കുമായിടും ദിവ്യവസ്തുക്കളാൽ
നിറച്ചൻപൊടടയ്ക്കാക്കുലകളും
വാഴയും വഞ്ചിക്കൊടിയും മലർ വള്ളികളും
കരിമ്പും ചേർന്നു തോരണം ചാർത്തീടുക
നിരനിരയായ് വ്രാന്തയിൽ നിന്നിടും കൽത്തൂണു –
കളിലായ് ചാർത്തീടുക മുറയൊടു മുത്തുമാലകൾ
വീഥി തോറുമാ തരു ഛായാ തടങ്ങൾ തന്നിലും
വിതറീടുക പുതുമണൽ പാഴ്മണൽ മാറ്റിയും
കമ്പതിൽ കോർത്ത കൊടികളുയർത്തീടുക
വൻ സൗധങ്ങളിലുമതുപോൽ വാതായനത്തിലും.
ഇമവെട്ടാത്തൊരാ നിടിലാക്ഷനാം ഹരൻ
തൊട്ടീ പുരിവാഴും കവലഭൂതമടങ്ങു–
ന്നൊരീ ദേവകൾക്കുചിതമാം ക്രിയകൾ
ചെയ്തിടാനുൾ പ്രാപ്തിയുള്ളോർ ചെയ്തീടുക
കുളിരേകിടും മണൽ നന്നായ് വിരിച്ചൊരാ
സഭാതലങ്ങളിലുചിതരോതീടുക ധർമം
തൻ തത്ത്വവാദികളാജ്ഞാന സഭയിൽ
കോപമേലാതരികളൊത്തിരുന്നീടുക സതതം.
വെള്ളമണൽ കൂനകളിലുമാ –
പരന്ന പൂഞ്ചോലയിലു മാറ്റിൻ
കുളുർമണൽത്തിട്ടകളിലുമാഴ –
മേറിന നീർത്തുറകളിലുമായ്
നരനാരായണ ഭേദം കൂടാതൊത്തു
ചേർന്നടി വെച്ചിടും നാലേഴു നാൾകളിലു–
മൂന്നുക ശ്രദ്ധയതിയായെന്നോതി–
യൊളിവീശുമസിധരർ രഥാശ്വ ഹസ്തി
കളൊടൊത്താപ്പെരുമ്പറ കൊട്ടി
പശി, വ്യാധികൾ പകയും നീങ്ങി
മഴയൊടു തിറമെഴു മൈശ്വര്യത്താൽ
പ്രക്ഷേപിച്ചിതുത്സവമാശിസ്സോടെ.
● അടിക്കുറിപ്പ്
മാമുനി – അഗസ്ത്യൻ
ചോഴരാജൻ – തുങ്കു എയിൽ എറിന്ത തൊടിത്തോൾ ചെമ്പിയൻ എന്ന പേരു കൈക്കൊണ്ട രാജാവ്
ദേവാധിനാഥൻ – ദേവേന്ദ്രൻ
ഗണികൻ – ജ്യോതിഷി
ആദിതേയർ – ദേവന്മാർ
ഭൂതം – നാളങ്കാടി ഭൂതം
തേർപ്പടയുള്ള അരചൻ – മുചുകുന്ദൻ
അഞ്ചുമെട്ടുമംഗങ്ങൾ – മന്ത്രി, പുരോഹിതൻ, സേനാനായകൻ, ദൂതന്മാർ, ചാരണർ മുതലായ അഞ്ചുതരം അംഗങ്ങൾ; കരണത്തിയലവർ, കർമ വിധികൾ, കനകച്ചുറ്റം, കടൈ കാപ്പാളർ, നഗരമാന്തർപടത്തലവർ, ആന വീരർ, കുതിര വീരർ എന്നിവരുൾപ്പെടുന്ന എട്ട് അംഗങ്ങൾ, വീര മുരശ്: ശത്രു രാജാവിന്റെ കാളയെ കൊന്ന് അതിന്റെ തോൽരോമം പോകാതെ മുറിച്ചെടുത്താണ് വീരമുരശുണ്ടാക്കുന്നത്.
നാൽ ഗണം: അഷ്ടവസുക്കൾ, പന്ത്രണ്ട് ആദിത്യന്മാർ, പതിനൊന്നു രുദ്രർ, രണ്ട് അശ്വനിദേവന്മാർ.
● വിശദീകരണം
കാവിരിപ്പൂമ്പട്ടിനത്തെ ഇന്ദ്രോത്സവ പ്രഖ്യാപനവും അതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുമാണ് ഈ ഗാഥയിലെ പ്രമേയം. ഇന്ദ്രോത്സവം നടത്തിയില്ലെങ്കിൽ അമരാവതിയിലെ അപ്രതിരോധ്യനായ മുചുകുന്ദന്റെ ദുഃഖമകറ്റിയ നാളങ്കാടി ഭൂതം കോപിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് സ്വർലോകത്തുനിന്ന് എല്ലാവരും എഴുന്നള്ളുന്ന ഇന്ദ്രോത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായിത്തുടങ്ങണം. തെരുവുകളും സഭാമണ്ഡപങ്ങളും തോരണങ്ങൾ കൊണ്ടലങ്കരിക്കണം. പൂർണ കുംഭങ്ങളും പാവ വിളക്കുകളുംകൊണ്ട് അവ നിറക്കണം... വരാന്തകളിൽ മുത്തുമാലകൾ കെട്ടിത്തൂക്കണം. വീഥികളിലും മരത്തണലുകളിലും പുതുമണൽ വിരിച്ച് കെട്ടിടങ്ങളിലും വാതിലുകളിലും കൊടികളുയർത്തണം ശിവൻ തൊട്ടുള്ള ഭൂതങ്ങൾക്ക് പലവിധം ക്രിയകൾ ചെയ്തു പ്രസാദിപ്പിക്കണം. സഭാവേദികൾ ധർമോപദേശങ്ങളുടെ വിളനിലമായി മാറണം ശത്രു-മിത്ര ഭാവമന്യേ ജനങ്ങൾ സൗഹാർദപൂർവം കഴിയണം. ദേവ, മനുഷ്യ വ്യത്യാസം ഇരുപത്തെട്ടു ദിവസം നഗരത്തിലുണ്ടാകരുത്. എന്നിങ്ങനെ ആന, കുതിര, തേര് എന്നിവയുടെ അകമ്പടിയോടെ നാട്ടിൽ ഐശ്വര്യം ആശംസിച്ചുകൊണ്ട് വാളേന്തിയ വീരന്മാർ ഇന്ദ്രോത്സവം വിളംബരം ചെയ്തു.
3
നാട്ടുകാർ അപവാദം പറഞ്ഞ കഥ
ഞാവൽ മരങ്ങളിടതൂർന്നൊരാ പെരും ദ്വീപിൽ
ദേവദേവനാമീ പരദൈവതാർഥമായ്
ദീപശാന്തി ചെയ്തൊരാ സുദിനത്തിൽ
മാധവീ സഹിതയായ് തൻ മണിമേഖല
വാരാഞ്ഞതിലാർത്തി മൂത്തവശനായ്
മന്നവൻ ചിത്രാവതി സന്തപ്തഹൃദയനായ്
ചെവ്വരി പടർന്നായത മിഴിയാളും തൻ
സുത മാധവി തൻ പ്രിയയാം സഖിയാൾ
വസന്താഖ്യയെ തന്നരികെ വരുത്തീടിനാൻ
ചൊൽക നീ ചെന്നെത്രയും തിടുക്കത്തിൽ
പേർ പെറും പട്ടണത്തെ പൂണ്ടോരപഖ്യാതി
താപസീ വേഷം പൂണ്ടൊരാ സഖിയാളും
ആർത്തയാം മണിമേഖല വസിച്ചീടും
ചേലെഴും മലർമണ്ഡപം തന്നെപ്പൂകി
തപസ്സിനാൽ വാട്ടം തട്ടി ശുഷ്കമാം മെയ്–
കണ്ടൊരാ സഖിതൻ മനമോ ശോകാർത്തമായ്
ശ്രീ ഭഗവതീ സമേ! കേൾക്ക നീ ഭവിച്ചതും
പുരവാസികൾ പരിഭവിച്ചിടാനെന്തയി കാരണം?
ഊഴിപർക്കായൊരുക്കിടും വേത്തിയലും
പൗരഹിതാനുസാരിയാം പൊതുവിയലും
ഗീതവും കൊട്ടും യാഴും ചേർന്നു നാടക–
മകം പുറം രീതി ഭേദങ്ങൾ വേറെ വേറെ
നല്ല ചർമത്താൽ തീർത്തോരു മദ്ദളവും
മധുരമാം വേണുവും കന്ദുക ക്രീഡയും
പാചകവിദ്യയുമീ സുന്ദര ചൂർണവും
സ്വച്ഛജല സ്നാനവും ശയ്യ തന്നൊരുക്കവും
ഋതുചര്യയുമറുപത്തിനാലു കരണ–
പ്രകാരവുമപരചിന്താ ബോധവും
വാക്പടുത്വവുമഗോചര വാഴ്വും
ചിത്രവേലയുമാ പൂകോർക്കലും
കോലമാടലും മുത്തു കോർക്കലും
ജ്യോതിഷവുമന്യ കലാവഗാഹവും
അഭിനേത്രികൾക്കായ് ത്തീർത്തോരു
ചിത്രശാസ്ത്ര പാഠകോവിദത്വമാളും
സ്വർണ കാപ്പണിഞ്ഞൊരാ മാധവി
താപസീ വേഷം പൂണ്ടതപഹാസ്യ
മെന്നോതിടും പുരവാസികളുമന്യരും
ആശാസ്യമല്ലീക്കഥകളൊട്ടുമേ.
ഹൃദ്യമല്ലൊട്ടുമതിനാലീ വേലയും
നാണക്കേടെന്നാളിയോടു മാധവി
കാതലനേറ്റൊരാ ദുരന്തമതു കേട്ടു
ഉയിരോടിരിക്കുമെനിക്കു രമ്യമാം
കൊടികൾ പാറുമീ പെരും പത്തനത്തിൽ
പാർക്കുമവർ തൻ വാഴ്ത്തുകളസ്തമിച്ചു.
നൽകങ്കണമിട്ടോരാളിതൻ നാണവുമൊ –
ഴിഞ്ഞുയിർ തുല്യനാകാന്തനുയിരൊഴിയു –
ന്നേരമതി കോപത്തീയതു പെരുകിപ്പെരുകി
ഉലയൂത്തു കുഴലിന്നേഗ്ര പുരളു –
മഗ്നി പോൽ നെടുനിശ്വാസമിട്ടാൾ
കദനമിതു പൊങ്ങിയുടൻ പ്രാണനറ്റിടും
കുളൂർ ജല സ്നാനം പോൽ തീയതു പൂകിടാ–
മല്ലായ്കിലോ മറുപിറവിയിൽ കണവനൊ–
ത്തൻപൊടു ചേരാൻ നോറ്റിടും നോമ്പാലേ–
റ്റിടും പീഡയിതു മനസ്വിമാർ ധരയിലെപ്പൊഴും.
ചേരുകില്ലവളീവകയാമൊരു ഗണത്തിലും.
കണവനുടെ വിപത്തതിലതി ക്ലാന്തയായി
കറ്റ വാർക്കുഴലാൽ പിൻപുറം മറച്ചു
കണ്ണിൽ കണ്ണീർ നിറച്ചുത്തുഗമാം
സ്തനമതു തിരുകിത്തീയെരിച്ച
പാണ്ഡ്യരാജ്യ പുരിയെ വെണ്ണീറാക്കിയ–
സാധ്വിതൻ മകളാം മണിമേഖല
യതി വഴി തേടുവതല്ലാതൊരിക്കലും
നീചയാം കുലടയാവതില്ലതു നിശ്ചയം
കേളിതു നീയിതുമക്കൂട്ടമധിവസിക്കു–
മിടത്തിൽ പോയിട്ടധർമ മൊഴിഞ്ഞിടു–
മറവണവടികൾ തിരുവടി വീണതി
രുജയൊടു ചൊല്ലീ കാന്ത വിയോഗം
ചൊല്ലിയതു പൊഴുതിലിതമൊടുസ്വാമി
തുമ്പമതൊന്നേ സത്യം വാഴ് വതിൽ
പുനർജനിയറ്റോർ തേടിടുമവികലമിമ്പം
ജനിയിതു തേടും കാമമതൊന്നാൽ
ആർത്തിയറ്റവനിതു പിറവിയറ്റോൻ
മോക്ഷ പ്രദമിതു ചതുർവിധസത്യ–
മീതെന്നാ സിദ്ധനിതരുളിച്ചെയ്തു.
മൈക്കണ്ണാളും നമ്മുടെ വംശത്തൊടു–
മതെന്നെ പെറ്റൊരു ചിത്രാവതിയൊടു–
മുരയ്ക്കക്കേട്ടാ വാണികൾ ലഭിയാ
മണിയതു തേടിയല കടലിൽ പോയവർ പോലെ
മങ്ങിയ മനമൊടു വസന്തമാലയു–
മെന്തിനി ചെയ് വൂയെന്നു മടങ്ങീ.
● അടിക്കുറിപ്പ്
പരദൈവം – കുലദൈവം, ദേവേന്ദ്രൻ
ദീപശാന്തി – ഇേന്ദ്രാത്സവം
ചിത്രാവതി – മാധവിയുടെ അമ്മ
ചെവ്വരി – ചുവന്ന രേഖ
വേത്തിയൽ – രാജാക്കന്മാർക്കായുള്ള നൃത്തം
പൊതുവിയൽ – ലോകർക്കായുള്ള നൃത്തം
യാഴ് – ഒരു സംഗീതോപകരണം
അകം പുറം – അകം പുറം നാടകങ്ങൾ
പുരിയെ വെണ്ണീറാക്കിയ സാധ്വി – കണ്ണകി
യതി വഴി – തപോമാർഗം
കൂട്ടം – സംഘം. ബുദ്ധസംഘം
അറവണ വടികൾ – ബുദ്ധസന്യാസി
ചതുർവിധ സത്യം – ദുഃഖം, ദുഃഖനിവാരണം, ദുഃഖോൽപത്തി, ദുഃഖനിവാരണമാർഗം.
പഞ്ചശീലങ്ങൾ – ഹിംസിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, കള്ളുകുടിക്കരുത്, ചാരിത്രദൂഷണമരുത്.
● വിശദീകരണം
ഇന്ദ്രോത്സവത്തിന് മാധവിയും മകൾ മണിമേഖലയും വന്നില്ല. മാധവിയുടെ അമ്മയായ ചിത്രാവതി അതോർത്ത് ദുഃഖിച്ചു. നാട്ടുകാരുടെ അപവാദം കേട്ട് മടുത്ത ചിത്രാവതി സഖിയായ വസന്തമാലയെ അവർ പാർത്തുവരുന്ന മണിമണ്ഡപത്തിലേക്കയച്ചു. വ്രതനിഷ്ഠകൊണ്ട് മെലിഞ്ഞ അമ്മയെയും മകളെയും കണ്ട് അവൾക്ക് സങ്കടം തോന്നി. വിദുഷികളായ അവർ തപസ്വികളായി കഴിയുന്നത് ശരിയല്ലെന്ന് അവൾ അവരോടു പറഞ്ഞു. നാട്ടുകാർ അപവാദപ്രചാരണം നടത്തുന്നതും അവരെ ബോധിപ്പിച്ചു. എന്നാൽ മധുരാപുരിയെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ മകളായ മണിമേഖല തപശ്ചര്യ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വേശ്യാവൃത്തിയല്ലെന്നും അവർ വസന്തമാലയോടു പറഞ്ഞു. ''ഞങ്ങൾ അറവണവടികളുടെ പാദങ്ങളെ ശരണം പ്രാപിച്ചിരിക്കുകയാണ്. അദ്ദേഹം നാലുവിധം സത്യങ്ങളും പഞ്ചശീലവും ഉപദേശിച്ചു തന്നിരിക്കുകയാണ്. അതിനാൽ അങ്ങോട്ടു വരാൻ ആഗ്രഹിക്കുന്നില്ലെ''ന്ന് അറിയിച്ചാലുമെന്നും അവർ വസന്തമാലയോടു സൂചിപ്പിച്ചു. അലഭ്യമായ രത്നം കടലിൽ നഷ്ടപ്പെട്ടതുപോലെ ഒരു നിശ്ചയവുമില്ലാതെ വസന്തമാല മടങ്ങി.
4
ഉദ്യാന പ്രവേശം
വസന്തമാലയൊടു മാധവി ചൊന്ന–
തിതരർക്കസഹ്യ ഹേതുവാം മൊഴി
മലരിൽ തൂ മണമെന്നപോലുണർത്തി
മണിമേഖലയിലതു തൻ പൂർവ കാലീ
തൻപിതാ കോവലനും മാതാ കണ്ണകിയ്ക്കു–
മേർപ്പെട്ട കദനമോർത്തു തപിച്ചിതു കർണം.
ഹൃദന്തമതു കലങ്ങീ വ്യഥ പൊറാത–
ഞ്ജന മിഴിതൻ കാന്തിയൊഴിയും മട്ടു–
കണ്ണീർ ചൊരിഞ്ഞാള കൃശഗാത്രിയാൾ
കെട്ടഴിഞ്ഞു രമ്യമാം മലർമാലയെ നീരാട്ടി
പാർത്തിതു മണിമേഖല തൻ മുഖം മാധവി.
വാരിജമതു ചന്ദ്രനോടു ചേർന്നപോൽ
പേലവാർദ്രമാം ചെംകരത്താർ കൊണ്ടു
കണ്ണീർ തുടച്ചിമ്പമൊടേവം മൊഴിഞ്ഞാൾ
കണ്ണീർ പതിച്ചശുദ്ധമായിതു മാല്യം
പൂക്കൾ വേണം വേറെയായ് മാല്യം കൊരുക്കാൻ
മധുമലരണി കുഴലിയാൾക്കൊത്തു മാല്യം ചമയ്ക്കും
സുധാമതിയതു കേട്ടതി വ്യഥയൊടു ചൊന്നിതേവം.
അച്ഛനമ്മമാർ തന്നതി കഠിനവ്യഥയതോർത്തൊ–
ഴിയാ ദുഃഖത്താലാ മതിമുഖി മണിമേഖല തൻ
നീലോൽപല മിഴിയിണകളിൽ നിന്നു ചിന്തും
നീർ കണ്ടാലൈമ്പനാ വില്ലെറിഞ്ഞു നടുങ്ങിടും
അകന്നിടാ പൂരുഷർ പാവപോൽ കമനീയാംഗ
മിതു കണ്ടാൽ മറിച്ചാകിലവര പൗരുഷർ.
കേളിതൊപ്പമായ് ഞാനീ പത്തനം പൂകിയ കാരണം.
പല മട്ടോലും കടൽ വിഭവം നിറഞ്ഞ
വെള്ളാളുടെയാ ചമ്പാപുരിയിൽ
കൗശികനന്തണനുടെയേക പുത്രിയാം
ഞാനേകയായ്പ്പോയുപവനം തന്നിലേ.
പൂവിറുത്തിടും നേരമൊരു വിദ്യാധരൻ
ശ്രീ വാഴും മഹാപത്തനത്തിങ്കലായ്
മഹോത്സവം ചേർന്നിടാനെത്തിടുവോൻ
മലർമാല, മുത്തുമാല, പിന്നെയാ ഹേമമാലയു–
മണിയുവോനേവരും താണുവണങ്ങിടുവോനരൂപി
കൊണ്ടുപോയ് വിയത്തിങ്കലെന്നെയവനതി ചതുരനായ്
പാർത്താനവിടെയവനൊത്തതി സുഖേന ഞാൻ
ഊരതു ദൂരെയായീടിലുമെന്നെ വിട്ടവൻ
പോയീടിനാനിമ ചിമ്മിടും മുന്നമേ!
മാണിക്കപ്പൂങ്കൊടി പോലുള്ളൊരാ മണിമേഖല
പോയിടാ പൂപറിച്ചിടാൻ തനിയെയായ്
പലതാം മലർ ചേർന്നു തണൽ വിരിച്ചിടും
ഇലവന്തി തൻ മതിലരികെയായ്
കണ്ടിടാമുലക മന്നനുടെ കാവലാൾകളെ.
വിണ്ണോരൊഴികെ മാനവരാരും കൊതിച്ചിടാ–
തതിനാൽ പാടിടും വണ്ടിതു മൂളിടാ.
വാടാമലർമാല്യമതു ചേർന്നൊരാ തരു–
കാത്തിടും കൈയിൽപ്പാശമാണ്ടൊരാ ഭൂതം
ഇന്ദ്രാധിദേവനുത്സവം നടത്തിടും നാളിലി–
തറിവോരാരും പോവതില്ലുപവനത്തിങ്കലായ്.
ചെങ്കതിരേറ്റു ചിറകുകളറ്റൊരാ
സമ്പാതി പാർത്തിടും ചമ്പാതി വനമതും
നീരേറെയായൊഴുകും കാവേരി തൻ താതൻ
കവേര മുനിതൻ കവേര വനവും
വാർധകമാണ്ടോരാരുമാ ദുർ ദൈവതങ്ങളു
മധിവസിക്കുന്നേടമതിലായ് പൂകിടില്ലൊരുവരും
കരുണയുമൻപും ജീവരാശി തൻ
രക്ഷതേടുന്നതാം വ്രതദീക്ഷയും
പൂണ്ടൊരാ സർവാർഥസിദ്ധനുടെ–
യാജ്ഞയാൽ പൂത്തിടുന്നൊരീയുപ–
വനമതിലൊലിയൊട്ടുമേ വെളിയിൽ
പ്പോകാ തനുമട്ടും കാട്ടും പളുങ്കറയുണ്ട്.
മാണിക്യകാന്തിയേറി മനം കവർന്നിടു–
മതി പാവനമാം പത്മപീഠമുണ്ടതനകമേ.
ശ്രീയെഴുമതിൽ ചേരും മൊട്ടുകൾ വിരിഞ്ഞിടും
ഉൽഫുല്ല കാന്തി ചിതറുമവ വാടില്ലൊരിക്കലും
ഭ്രമരങ്ങളവ തൊട്ടിടില്ലാണ്ടുകൾ കഴിഞ്ഞീടിലും
ഇതരമാമൊരു മഹത്വമുണ്ടതിനുമതു കേൾക്ക നീ
കാണിക്കയിട്ടിഷ്ട ദൈവതത്തെ ധ്യാനിച്ചൻപൊടു
പാദ പുഷ്പാർച്ചനയതു വിധിപോൽ ചെയ്തിടുമ്പോ–
ളകമേമേവുമൊരു ദേവ പാദമതു പൂകിടും.
എങ്കിലന്യ വിചാരമാർന്നു ചെയ്തിടുന്നൊരു–
ക്രിയയും മേൽ ഗതി പൂകിടില്ലൊരിക്കലും.
എന്തിതിൻ മൂലമെന്നു നിനച്ചിടുന്നതിനുത്തരം
അവിചാരിതമാമൊരു കർമഫലമതു നീങ്ങിടാ–
യെന്നോതിടുമാവ്രതികൾക്കുമതു പോൽ
ഫലിച്ചിടില്ലെന്നോതിടുവോർക്കടയാളമായിടാൻ
ദിവ്യശിൽപി മയൻ തീർത്തതീ മണിപീഠമതി രമ്യമായ്.
അതിരമ്യമാമൊരാരാമതുവിട്ടു ചെല്ലരുതു–
മറ്റെങ്ങുമേ നിൻ സുത പുവിറുത്തീടാൻ.
പോയിടാം ഞാനകമ്പടിയായവൾക്കെ
ന്നോതിയ പല്ലവാംഗിയാമവൾക്കൊപ്പമായ്
മണിത്തേരതിലേറിയതി വിശാലമാം
പാതയിലൂടെയാ സുധാമതി പോയിടു
മ്പോളതിവേഗമായ് മുനികളൊപ്പ
മൊരു ഭ്രാന്തനും നാണമറ്റു നഗ്നനായ്
കോവിലാണ്ടൊരു ജൈനരും
ചെറു കീടങ്ങൾക്കരുതു ദോഷ
മെന്നോർത്തു നടന്നിടാത്തോരുണ്ണാ
വ്രതമാണ്ടു മേനിയുണങ്ങിയോർ
വരിക വരിക! സ്വാമിൻ വണക്കം
മലരൊളി തിരളും പാദമിതു പുണ്യം
അടിയനുടെ വചനമിതു കേൾക്കണം
തനുവിതു മലിനം ചേർന്നോരുയിർ
ചുടു മുറിയിലാപ്പെട്ട പോൽ മാഴ് കിടായ് വാൻ
ഇഹ–പര ലോക സുഖവുമതു പോൽ
നിത്യമാം മോക്ഷവും മേകിടും
തെങ്ങിൻ മധുവിതു കുടിച്ചതി തുഷ്ടനാക.
തപോ മാർഗമതു മേന്മയേറിടുന്നതായാൽ
വിടുക മധുവൊടൊത്തെന്നെയുമെന്നോതി
യൊരു സിദ്ധനെ പാട്ടിലാക്കുമൊരു കുടിയരും
അലരിയൊത്തൊരുമയായ് കോർത്തോ–
രെരിക്കിൻ മാലയണിഞ്ഞൊരു കീറത്തുണി–
ക്കൊപ്പമായ് ചെറു ശിഖരങ്ങളുടയാടയാക്കിയും
തനുവിതു ചന്ദന ഭസ്മാദികളാൽ പൊതിഞ്ഞും
നിർലജ്ജമാം വാക്കുകളതുച്ചരിച്ചും
നിലമേ വീണു കരഞ്ഞു പുലമ്പി
തൊഴുതുമെണീറ്റും പലദിശി പാഞ്ഞും
നിഴലൊടു പിണങ്ങി അരികതു ചേർന്നും
നിൽപൊരു ഭ്രാന്തൻ; അവനുടെ പിറകെ
നിശ്ചലരായ് അതിരുജയെടു നിന്നിടുവോരും
ചുരുളൻതാടിയും കാറണിക്കൂന്തലും
പവിഴം പോൽ തുടുത്തൊരാവദനവും
വെണ്മ പെറുന്നൊരാ ദന്തപംക്തിയും
ആയതമാം ചെം മിഴിയിണകളും
കമ്പുകൊണ്ടുള്ളൊരാ കുണ്ഡലങ്ങളും
കരിം പുരികമരികെയായ് വാർ നിടിലവും
കാന്തൾപ്പൂ തോറ്റിടും കൈകളും
ഉത്തുംഗമാമിളം സ്തനദ്വയങ്ങളും
പരപ്പേറീടിനൊരാ ജഘന പ്രദേശവും
കൃശമാം മധ്യവും മുട്ടോളമുടയാടയും
തോൾ ചേർന്നിടുന്നൊരാപത്തിക്കീറ്റും.
ചേർന്നൊരാ ബാണാസുരനുടെ പത്തന
വീഥിയിൽ മൂലോകമളന്നോനുടെ സുതനാം
മന്മഥനുടെ സന്നിധിയിലാടിയ പേടു കൂത്തു
കാൺവോരൊത്തു നവാഗതരും ചേർന്നിടും
പുരിയിൽ ചുടു മണ്ണാൽ തീർത്തതാം
ഉത്തുംഗ സൗധങ്ങളിൽ പൊയ്യറ്റൊരാ ദേവ
സദൃശർക്കൊപ്പമേവരെയുമൊരുമയായ് കാട്ടി
കുമ്മായപ്പൊടിയിലുത്തമരാം ചിത്രകാരർ
തീർത്തൊരാ ചിത്ര പീക്തിളതീവരമ്യം
നോക്കി നിൽപോരുത്സവമാടിടും വീഥിയും
പൊൻ നൂലിഴകളിൽ കോർത്തതാം രത്നങ്ങ–
ളൊപ്പമായ് വെൺ കടുകു ചേർന്ന നെയ്യണി–
ഞ്ഞുച്ചിയിൽ കൊളുത്താർന്നതാം മൂവിഴ–
മാലകൾ ചാരു ശിരസ്സിൽ തൂങ്ങിയും
ശരിയാം രൂപമാർന്നിടാത്തൊരാ കിശോര വായിൽ
നിന്നുതിരും ലാലാ രസം പുരണ്ടോരൈമ്പടത്താലിയും
അറ്റം മറച്ചിടാത്തതാം ദുകൂലവും മണികൾ
ചേർന്നു ചാരുകണ്ഠമതണിയിച്ചിടും മാല്യവു–
മൊപ്പമാ നട തളർന്നലസരായിടും സ്വപുത്രരെ
തങ്കത്തേരൊടു ചേർന്ന പുള്ളി മുഖമാർന്നതാം
കൊമ്പനുടെ പുറമതിൽ തഞ്ചത്തിൽ ചേർത്തി–
ടുന്ന മങ്കമാർ കാൺക മുരുകോത്സവമെന്നൊ–
രൂമയാടെ പറവതുമതു കണ്ടിടുന്ന മാലോകരും
വിരാട പുരയിലലിംഗമാം വിജയനെ
കണ്മതിന്നതിവേഗമായ് ചെന്നിടു–
മതി കാംക്ഷിതർ സമീ കൂടിടുന്നു
മണിമേഖലയ്ക്കു ചുറ്റുമാ വീഥിയിൽ.
അഭൗമകാന്തി ചേർന്നിടുന്നൊരീ മങ്കയെ
തപസ്വിയാക്കിയൊരമ്മ കൊടും പാപിയാം.
പൂക്കളിറുത്തിടാനവൾ ചെല്ലുകിൽ
നാണമിയന്നോടിടുമരയന്നവും.
രൂപമാർന്നിടാൻ കൊതിച്ചിടും
കോകമിതു മേനി കാൺകിലോ.
ഇവൾതൻ മോഹന വാണി കേട്ടാ–
പനന്തത്തകൾ തോറ്റോടിടും
ഇളം തളിരുപോൽ സ്നിഗ്ധമാം
ചെം പാദമിതു ധരയിൽ പതിയാതൂന്നി
കരാര, കടമ്പു, കുരുന്തു, കൊന്ന
മഞ്ചാടി, ബകുളം, ചെങ്കോൽവെട്ചി
നരന്ത, സുരപുന്ന, പുന്ന, പിടവം, മുല്ല
താഴ, വെൺപാല, മുള, അശോകം
പെരുന്തി, വേങ്ങ, പെരും ചെമ്പകമാദി
ചെം പൂ വിരിയും ഇലവും പൂക്കൾ വിരിച്ച്
പടു ശിൽപികൾ തീർത്തൊരു നൽ ശിൽപ
മതെല്ലാം വർണ മനോജ്ഞ വസനത്താലേ
പൊതിഞ്ഞൊരുപവനമെന്നേ തോന്നിടു
മതിനെ തൊഴു കൈയാലെ ചൂണ്ടിയ
സുധാമതിയൊത്തവൾ പൂകി മലർന്നിര കൊയ്യാൻ.
● അടിക്കുറിപ്പ്
കോവലൻ, കണ്ണകി – ചിലപ്പതികാര പ്രസിദ്ധരായ കഥാപാത്രങ്ങൾ. പോയ ജന്മത്തിൽ ഇവരുടെ പുത്രിയായിരുന്നുപോൽ മണി മേഖല
സുധാമതി – മണിമേഖലയുടെ തോഴി
വിദ്യാധരൻ – മാരുതവേഗൻ എന്ന പേരോടു കൂടിയ വിദ്യാധരൻ
ഇലവന്തിക – ഒരിനം പുവ്.
കാവേരി – കാവേരി നദി
കവേര മുനി – കാവേരിയുടെ അച്ഛൻ. കവേരമുനി ബ്രഹ്മാവിനെ തപസ്സു ചെയ്ത് വിഷ്ണുമായയെ പുത്രിയായി നേടിയിട്ട് മുക്കിയടഞ്ഞു. ആ കന്യക ബ്രഹ്മാവിന്റെ നിയോഗമനുസരിച്ച് നദിയായിത്തീർന്നു. കാവേരി എന്ന പേരിൽ അറിയപ്പെട്ടു.
സർവാർഥ സിദ്ധൻ – ശ്രീ ബുദ്ധൻ
കമ്പു – ശംഖ്
പത്തിക്കീറ്റ് – കവിളിലും മറ്റും സുഗന്ധദ്രവ്യങ്ങളാലുണ്ടാക്കുന്ന രേഖകൾ
മൂലോക മളന്നോൻ – വാമനൻ – വിഷ്ണു
പേടു കൂത്ത് – പതിനൊന്നു കൂത്തുകളിലൊന്ന് (കടൈയം, മരക്കാൽ, കടൈ, തുടി, മൽ, അല്ലിയം, പേട്, പാവൈ, പാണ്ടരങ്കം, കുടം, കൊട്ടി)
പൊയ്യറ്റ - കളങ്കമറ്റ, അന്യൂനമായ
ലാലാ രസം – ഉമിനീര്
ഐമ്പടത്താലി – മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖ്, ചക്രം, ഗദ, വാൾ, വില്ല് എന്നിവയുടെ രൂപമുള്ള ആഭരണം
പത്മപീഠം – മനഃപൂർവമല്ലാതെ ചെയ്യുന്ന കർമവും ഫലിക്കും എന്ന് വിചാരിക്കുന്ന മഹാവ്രതികളുടെ അന്ധത നീക്കാനും മനഃപൂർവമല്ലാതെ ചെയ്യുന്ന കർമം ഫലിക്കയില്ല എന്നു പറയുന്നവർക്ക് ദൃഷ്ടാന്തം കാട്ടിക്കൊടുക്കാനും വേണ്ടി മയൻ പണ്ടുണ്ടാക്കിയതാണ് ഈ പീഠം. പുഷ്പങ്ങളർപ്പിച്ചാണ് ഇതിനെ പരീക്ഷിക്കുന്നത്.
● വിശദീകരണം
മാധവി വസന്തമാലേയാട് കോവലനെക്കുറിച്ചും കണ്ണകിയെ കുറിച്ചും പറഞ്ഞതു കേട്ട് മണിമേഖല ഏറെ ദുഃഖിച്ചു. കണ്ണീരൊഴുകി കെട്ടിക്കൊണ്ടിരുന്ന മാല്യം അശുദ്ധമായി. അതുകണ്ട് മാധവി പുതിയ പുഷ്പങ്ങൾ കൊണ്ട് മാല കെട്ടുവാൻ നിഷ്കർഷിച്ചു. ഇതു കേട്ട് അടുത്തിരിക്കുന്ന സുധാമതി കാമദേവൻ ആയുധങ്ങൾ വലിച്ചെറിഞ്ഞ് ഞെട്ടത്തക്കവിധം സൗന്ദര്യമുള്ള, യുവാക്കന്മാർ വിട്ടുമാറാത്ത മണിമേഖല മലർവാടിയിൽ ഒറ്റക്ക് പൂ പറിക്കാൻ പോകുന്നതു ശരിയല്ലെന്ന് പറഞ്ഞു. കൗശിക ബ്രാഹ്മണന്റെ മകളായ തനിക്ക് മാരുതവേഗൻ എന്ന വിദ്യാധരനിൽനിന്നുണ്ടായ ദുരനുഭവവും അവൾ വിശദീകരിച്ചു. അതുകൊണ്ട് ''വാടാത്ത പുഷ്പങ്ങളുള്ള പാശമേന്തിയ ഭൂതങ്ങൾ കാക്കുന്ന ലവന്തികോദ്യാനത്തിലോ ചമ്പാ പതിവനത്തിലോ കവേരവനത്തിലോ ചെല്ലട്ടെ. ബുദ്ധദേവന്റെ ആജ്ഞയാൽ എല്ലാക്കാലത്തും പൂക്കളുള്ള ഉപവനം എന്നൊരുദ്യാനവുമുണ്ട്. അവിടെ ഒരു പളുങ്കു മണ്ഡപവുമുണ്ട്. അതിനകത്താണ് മയനിർമിതമായ പത്മപീഠം സ്ഥിതിചെയ്യുന്നത്. മണിമേഖല അങ്ങോട്ട് ചെല്ലുന്നതാണ് ഉചിതം'' എന്നും പറഞ്ഞു. മണിമേഖല സുധാമതിയോടൊത്ത് തെരുവിലൂടെ പോകുമ്പോൾ ഉപവാസം അനുഷ്ഠിക്കുന്നവനെ മദ്യപിക്കാൻ പ്രേരിപ്പിക്കുന്ന മദ്യപനെ നോക്കി രസിക്കുന്നവരും മാളികമുകളിലെ ചിത്രങ്ങൾ നോക്കി രസിക്കുന്നവരും മറ്റും അവരുടെ ചുറ്റും കൂടി. ''സുന്ദരിയായ ഇവളെ താപസിയാക്കിയ അമ്മ ക്രൂരയാണ്. ഇവൾ വനത്തിൽ പോയാൽ ഇവളുടെ നട കണ്ട് അരയന്നങ്ങൾ നാണിക്കും'' എ ന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാവരും ഉപവനത്തിൽ പ്രവേശിച്ചു.
(തുടരും)