മണിമേഖല
5- പളുങ്കറ പൂകിയ കഥ കൂരിരുൾ പരന്നന്ധകാരം പെരുകുമൊരുപവനമതിങ്കലായ് വിത്ത പ്രതാപിയാ– വർക്കേശ്വരനുടെ വിടർന്നൊളി ചിതറും കിരണസേനയ്ക്കായ് മുരളീനാദമൊഴു ക്കിടും വണ്ടുകൾക്കൊപ്പമായ് മയൂരമിതു വെയിൽ നാളമൊട്ടുമേ പതിയാതിലപ്പടർ പ്പാർന്ന കാവിലാടിടും മനോജ്ഞ നൃത്ത– മതിരുന്നു പാർത്തിടും വാനരപ്പടയിതു കാൺ. തെളിനീരൊഴുകും പൊയ്കയിലിതമൊടു പച്ചില പടർപ്പിനിടയിലൊറ്റയായ് നിൽക്കു– മൊരു താമരപ്പുവതുപധാനമാം...
Your Subscription Supports Independent Journalism
View Plans5- പളുങ്കറ പൂകിയ കഥ
കൂരിരുൾ പരന്നന്ധകാരം പെരുകുമൊ
രുപവനമതിങ്കലായ് വിത്ത പ്രതാപിയാ–
വർക്കേശ്വരനുടെ വിടർന്നൊളി ചിതറും
കിരണസേനയ്ക്കായ് മുരളീനാദമൊഴു
ക്കിടും വണ്ടുകൾക്കൊപ്പമായ് മയൂരമിതു
വെയിൽ നാളമൊട്ടുമേ പതിയാതിലപ്പടർ
പ്പാർന്ന കാവിലാടിടും മനോജ്ഞ നൃത്ത–
മതിരുന്നു പാർത്തിടും വാനരപ്പടയിതു കാൺ.
തെളിനീരൊഴുകും പൊയ്കയിലിതമൊടു
പച്ചില പടർപ്പിനിടയിലൊറ്റയായ് നിൽക്കു–
മൊരു താമരപ്പുവതുപധാനമാം രാജഹംസം
അരചസന്നിധേ നൃത്തമാടിടുമംഗനാസമ–
മാടിടും കോകനിരയ്ക്കൊപ്പമായ് കാട്ടു–
കോഴി തൻ രവമേകിടുന്നു മിഴാവൊലി.
പാടിടുന്നു കരിങ്കുയിലുകളതിൻ താള–
ഭേരിയ്ക്കൊപ്പമായതും കാൺക നീ.
സ്യന്ദനമുരുളും വീഥിയിലുയരും പൊടിയാൽ
താഴമരത്തിൻ വളർക്കൊമ്പുകൾ തോറും
വിടരും പൂക്കളുതിർത്തൊരു തേൻ പൊടി പറ്റി
മണമാർന്നിടുമൊരു ചെന്താമര കാൺക
നിൻ രമണീയാസ്യമിതൊളി മങ്ങിയപോലെ.
ആയതാകും നിന്നുടെ കണ്ണകൾ ആയിടു–
മൊരു നീലോൽപലമെന്നേ നണ്ണി മധു നുകരാ
നെത്തും വണ്ടിനെയാട്ടും നിൻ ചെങ്കരമതുപോൽ
വിതതോല്ലാസത്തൊടൊടോടിയൊളിക്കും
മീനുകളേറും താമര കാൺകതിലായ് ചിറകു
വിരുത്തിപ്പാറി മീനിനെ ലാഭിയാതാർത്തി
മുഴുത്ത്, പുനരപി ചെല്ലും ഖഗ ഗണമതു കാൺക.
സുധാമതി കാട്ടിടുമുപവനമാകെ പൊയ്കയുമതു
പോൽ കണ്ടാ കമനീ നിന്നിതു മോദാൽ.
അപ്പോഴുതാ വഴി മന്നവന്ദനനുദയകുമാരൻ
പനിമതി തുല്യം വെൺകൊട ചാർത്തി
കപ്പിത്താനതു ഞെട്ടും വണ്ണം നടുവേ പൊങ്ങും
പായ്മരമറ്റ് അയവതു വന്നും പാശമതറ്റും
തിരയൊടു പൊരുതി കടലിൽ ദിശയതു–
തിരിയാതുഴലും കാറ്റിൽപ്പിടയും കപ്പൽ
പോലെയാനക്കാരൻ വിട്ടൊരു മദഗജം
പാപ്പാനൊത്താ പറയരുമതുപോലവശരു
മലമുറയിട്ടാപണ വഴിയിൽ രക്ഷയ്ക്കായി
വിലാപം ചെയ്കേ പെരും മലയതു മണ്ണിലിറങ്ങി
നടപ്പതുപോലെ വിലസുമ്പോളതി ശീഘ്രതയോടെ
നൽസ്യന്ദനമകമ്പടി ചേർന്ന് വേഗത പൂണ്ടൊരു
തുരഗമതേറി പോന്നിടുമരച കുമാരൻ
തീർത്തിതു മദവും ഭയമതു പോക്കി.
സ്യന്ദനമതിലായ് നലമൊടു ചേർന്നൊരു
കൊടിഞ്ചിയിൽ പിടിയതു ചേർത്ത്
ആഷാഢത്തിൽ വിടരും കടമ്പിൻ
മാല്യവുമിട്ടു വരുന്നൊരു മയിൽവാഹന–
നല്ലിതു താനാണെന്നു വരുത്തി
വാരാംഗനപോലുള്ളൊരു തെരുവിൽ
നാട്യ പെരുമയിയെന്നൊരു മാളിക തന്നിൽ
ഗവാക്ഷം വഴിയെത്തിടും കുളുർ തെന്നലേറ്റ–
പ്പൂമ്പട്ടുമെത്തയിൽ സുഗന്ധ തൈലമതു
പൂശിയ ഗണികയൊത്തു മയങ്ങും നിലയിൽ
മകരയാഴിൻ കൊമ്പു തലോടി ചിത്രത്തിലെ–
ഴുതിയ പോലുള്ളോരെട്ടിക്കുമാരനെ പാർത്തു
കമനീയാംഗിയാമിവളൊത്തു മയങ്ങിടും
നിൻ ദുഃഖ ഹേതുവതെന്തെന്നു ചൊൽക നീ.
അതു പൊഴുതില പേലവാംഗിതന്നരികെ
ചെന്നു വണങ്ങി സ്തുതിച്ചാ തേനോലും
മലർമല്യ മണിഞ്ഞോരരച കുമാരനൊടു
എട്ടിക്കുമാരൻ ചൊന്നിതു ദുഃഖഹേതുവെല്ലാം.
അഴകോലും ചെപ്പിൽ ചേർന്നൊരു
സൗഗന്ധിപ്പു പോൽ ഭംഗമാർന്നഴകൊടു–
പവനം പുകിടുമാ മാധവീ സുത തന്നെയും–
കണ്ട നേരമകോവലനേർപ്പെട്ടൊരാ കഠിനമാം
വ്യഥയോർത്തതി വിഷണ്ണനായ് വിറ പൂണ്ടം–
ഗുലീ വിഭ്രമത്താൽ നാദമിതു വികലമായ്.
തുഷ്ടനായതു കേട്ടാ മലർമാല്യമണിഞ്ഞവൻ
വന്നിടുമവളോടൊത്തെൻ തേരിലിവിടേ
ക്കെന്നോതി പായും വലാഹകങ്ങളെ പിളർക്കും
തിങ്കളേപ്പോൽ, വളർ മാളിക ചേരും രഥ്യയിലൂടെ
സ്യന്ദനമോടിച്ചംബരം ഭേദിച്ചിടുംമുപവനവാടത്തി–
ത്തിങ്കലായ് ചെന്ന നേരമുയർന്നിടും തേരൊലി
ക്കൊപ്പമായനുരാഗ കഥയുമറിഞ്ഞവൾ.
അനുരക്തനാണുദയകുമാരനെന്നിലെന്നാ
വസന്തമാലയതു മാധവിയോടോതിടുവതു
കേട്ടു ഞാനതിനാലിതവനുടെ തേരൊലി
നിശ്ചയമെന്തിനി ചെയ്യ വേണ്ടുവെന്നാ മധു–
ഭാഷിതമതുകേട്ട സുധാമതി അവശയായ്
മയൂരി സമം പളുങ്കറയ്ക്കകമാക്കിനാനവളെയും.
താഴിട്ടഞ്ചു വില്ലടി മാറാതെ നിന്ന സുധാമതി.
'കൽ' ധ്വനി പകരും സേനയൊത്തതാം തേർ
നിറുത്തിയായുപവനത്തിലർക്കനുദിച്ച പോലു
ദ്യാന പാർശ്വങ്ങളിലുമാ പൊയ് മലകളിലും
ചെന്താമര പോൽ തുടുത്തൊരാക്കണ്ണാൽ
നോക്കി േപ്രമാർദ്രമായരചകുമാരൻ
ഏകയായ് മേവും നിൻ നിലയറിഞ്ഞു ഞാൻ
രമ്യമാമിളം സ്തനങ്ങളും സൗശീല്യവുമാർന്നവ–
ളറിഞ്ഞതോ താന്തരാം പൂരുഷർ തന്നിംഗിതത്തെ.
മധുരഭാഷിണിയിവളവ്യക്തമായ് മൊഴിയുന്നേരം
മുഗ്ധാംഗി തൻ പല്ലുകൾ നൽ മുത്തു തോറ്റിടും
ചെങ്കായൽ മീൻ പോലായതമാം മിഴികൾ
ചെവിതൻ ചാരെ ചെന്നോതിടുന്നിതോ
പഞ്ചബാണനുടെയതിസാഹസത്തെയും
ശ്രമണകരിൽ നിന്നകലെയായ് തന്വിയാൾ
ചൊൽക നീ! വാഴ് വതിനെന്തു കാരണം
ജാലക ശൂന്യമാം മുറിയിലാപ്പെട്ട പോലതി
പരവശയായ് പ്രതിവച്ചാളിതാ സുധാമതി
വ്രീളാവായ് പ്പൊടു യൗവനത്തിലതി വൃദ്ധരായ്
പിണങ്ങിടുവോർ തൻ വാദമുഖങ്ങൾ കേട്ട–
സാരത്തെയതി വ്യാപ്തമാക്കിയോരരച–
വംശജനാമങ്ങയ്ക്കുപശാന്തി വിവേക
മതു പോൽ രാജനീതിയുമോതേണ്ടതുണ്ടോ...
എങ്കിലുമിതു കേൾക്കണം രണടുവാം നീ
കർമഫല ജന്യമിതു കർമ കേദാരമായിടും
മണമെഴും ലേപനമൊഴിഞ്ഞിടുമ്പോളു–
യർന്നിടുമാമിഷ ഗന്ധവും, വന്നിടും ജരയു–
ജ്വരവും മരണവുമിതുതാൻ ലോകസംഗ്രഹം
ഏറിടും മോഹമനുദിനം പാപവുമതുപോൽ
മനമിതു ഘോരമാമഹി വാഴും പുറ്റു പോൽ
മോഹം ഭ്രമമതു പോൽ രുജയം രോദനവു
മാർന്നതുമറ്റിടും നാളുകളേറിടുമ്പോൾ
വചനമിതവനവളിൽ നിന്നു കേട്ടിട്ടുമ്പോൾ
പളുങ്കറവിട്ടൊളി ചിതറും പാവയെപ്പോൽ
ഇളങ്കൊടിയവളണഞ്ഞിതവൻ മുന്നിലായ്.
● അടിക്കുറിപ്പ്
1. വേലക്കാർ അഞ്ചുവില്ലിട മാറിനിൽക്കണമെന്ന പഴയ ആചാരം.
2. കരികാല ചോഴന്റെ സഭയിൽ രണ്ടു വൃദ്ധന്മാർ നീതി ലഭിക്കുവാൻ ചെന്നപ്പോൾ സിംഹാസനത്തിൽ യുവാവായ രാജാവിനെക്കണ്ട് അയാളുടെ കഴിവിൽ സംശയം തോന്നി. അവരുടെ മുഖഭാവം കണ്ട് കാര്യം ഗ്രഹിച്ച രാജാവ് പ്രശ്നത്തിന് രാജകുടുംബത്തിലെ പ്രായമേറിയ ഒരാൾ വിധി കൽപിക്കുന്നതാണെന്ന് അറിയിച്ചു. അടുത്ത ദിവസം സിംഹാസനത്തിൽ വൃദ്ധനായ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്തു. വൃദ്ധന്മാർ സംതൃപ്തരായി മടങ്ങുകയും ചെയ്തു. വൃദ്ധവേഷം ധരിച്ച് വിധി പറഞ്ഞ കരികാല ചോഴന്റെ വംശജനാണ് ഉദയകുമാരൻ.
● വിശദീകരണം
ഉപവനത്തിലെത്തിയ മണിമേഖലക്ക് സുധാമതി അതിന്റെ ഭംഗി കാട്ടിക്കൊടുത്തു. അപ്പോൾ മദയാനയെ അടക്കിയ വീരനായ ഉദയകുമാരൻ സൈന്യസമേതനായി ആ വഴി വരികയായിരുന്നു. അയാൾ ഒരു മാളികയിൽ യാഴ് എന്ന സംഗീതോപകരണം വായിച്ചുകൊണ്ടിരുന്ന പാവപോലെ നിശ്ചലനായിരിക്കുന്ന എട്ടി കുമാരനെ കണ്ടു. ഉദയകുമാരൻ കാരണമന്വേഷിച്ചപ്പോൾ ''സുന്ദരിയായ മണിമേഖല ഇപ്പോൾ ഈ വഴി പോകുകയുണ്ടായി. അവളെ കണ്ടപ്പോൾ എനിക്ക് കോവലനെ ഓർമ വന്നു. ദുഃഖം നിമിത്തം യാഴ് വായന തെറ്റുകയും ചെയ്തു'' എന്ന് മറുപടി പറഞ്ഞു. അപ്പോൾ ''മണിമേഖലയെ ഉടനെ തേരിൽ കയറ്റിക്കൊണ്ടുവരാ''മെന്നു പറഞ്ഞ് ഉദയകുമാരൻ ഉപവനത്തിലേക്കു ചെന്നു.
ഉദയകുമാരൻ തന്നിലനുരക്തനാണെന്ന് വസന്തമാല മാധവിയോടു പറയുന്നതു കേട്ടിരുന്ന മണിമേഖല തേരുരുൾശബ്ദം കേട്ട് അത് അദ്ദേഹമാണെന്നുറപ്പിച്ച് നമുക്ക് എന്താണ് ചെയ്യാനാകുക എന്ന് സുധാമതിയോടു ചോദിച്ചു. സുധാമതി അവളെ പളുങ്കറയിലാക്കി. അവിടെയെത്തിയ ഉദയകുമാരൻ മണിമേഖല എവിടെയെന്നന്വേഷിച്ചു. കരികാല ചോഴന്റെ മരുമകനായ നിനക്ക് സംസ്കാരത്തെക്കുറിച്ച് പറഞ്ഞുതരേണ്ടതില്ലെന്നും മനുഷ്യശരീരം നശ്വരമാണെന്നാരറിയുന്നുവെന്നും സുധാമതി മറുപടി പറഞ്ഞു. അതു കേട്ട മാത്രയിൽത്തന്നെ അയാൾ പളുങ്കറയിലെ മണിമേഖലാ രൂപം കാണുകയുണ്ടായി.
6- മണിമേഖലാ ദൈവം പ്രത്യക്ഷപ്പെട്ട കഥ
ലക്ഷ്മിയാട്ടത്തിനായ് തീർത്ത പാവയെപ്പോൽ
പൊരു മുഖപ്പളുങ്കു ശീലമാറ്റിത്തേജസ്വരൂപികളാ–
മാദിതേയർക്കതി വിസ്മയമേകിയും തൂമണമേകു–
മമ്പിൻ നികരവും മകര കേതനവുമാണ്ടൊരാ മന്മഥ
തുല്യമായരച കുമാരകൻ കണ്ടൊരാ പൂങ്കൊടി
ചിത്രകാരനതി ചതുരമായ് ചിത്രണം ചെയ്ത
രൂപമെന്നോർത്തകുമാരനുമതിവിസ്മയം പൂണ്ടാർ.
കരിങ്കൂവള മിഴിയാളവളെന്നു ക്ഷണേന തേറി–
യൊളി ചിതറിടും മണ്ഡപത്തെത്തഴുകി വലം വന്നോ–
രുദയ കുമരനാ ചിത്ര പംക്തിതന്നതിലാകൃഷ്ടനായ്
സുധാമതി തൻ വദനമതു നോക്കിയ പല്ലവാംഗിയാം
നിൻ തോഴിയിവിടമെങ്ങെന്നതിവിനയമൊടു കേട്ടാൻ.
ക്രൗഞ്ച മലയെപ്പകുത്ത മുരുകോപമം നിൻ വളർ–
കാന്തി നോക്കിടില്ലവളാശയാൽ കൊടും തപസ്വിനീ
ശാപ ശരമേന്തിടും സത്യദീക്ഷ പൂണ്ടവളെന്നേവമാ–
മലരണി വേണിയാൾ സുധാമതിയോതിടുമ്പോ–
ളേതു സേതുവിതു കാത്തിടും തുംഗമാം നീരൊഴുക്കിനേ
പെരുകിടും കാമത്തെ തടയുവതുമതുപോലസാധ്യമാം.
ധാർമ കാരിണിയവൾ പെരും ധർമത്തിൻ പൊരുളായിടും
മൊഴിയിതുമോതിയവനസൂയ പുണ്ടവൻ.
ഭിക്ഷു മന്ദിരത്തില വിദ്യാധരനൊപ്പമായ്
പുരി വെടിഞ്ഞെത്തി നീയതു സത്യഭാഷിത–
മെങ്കിലസുഭഗയൊത്തിവിടമീയന്യമാമിടത്തി–
ലയി ഗുണവതീ! അണവതിനെന്തു ഞായമാം.
വീരക്കഴലണിയരചനേ! വെൽക, വെൽക നീ!
പതിയരുതു നിൻ മനമതു കുമാർഗമതിങ്കലായ്.
സമുദ്ര പരീതമാം ധര വാഴുമരചനേ
കേൾക്ക നീ ദേശ മണവതിൻ കാരണം.
ജായയെ വേർപെട്ടൊരെൻ പിതാവ–
ന്തണനുപവാസനിഷ്ഠന ത്രിവിധ മഗ്നി
പെരുക്കുവോൻ; പോയ പിറവിതൻ ഫല–
ത്താലപഥമായ് വേളി ചെയ്തൊരെന്നെ–
പ്പിരിഞ്ഞതിലതി വ്യഥിത ചിത്തനായ്
മർക്കട സൃഷ്ടമാ സാഗരം കന്യാകുമരി–
തൻ തീരത്തണയുന്നൊരാ തീർഥപാദർ–
ക്കിടയിലായ് ത്തേടിയനവരതമായെന്നെയും.
ഒടുവിലാക്കാവേരി സംഗമമതിൽ തീർഥമാടു–
വതിനണഞ്ഞോരന്തണരൊത്തെത്തിയോരെന്നെ–
കണ്ടിവിടമണയാനെന്തു കാരണമെന്നാരാഞ്ഞു
കണ്ണീർ ചൊരിഞ്ഞാന വയോധികൻ ധാരധാരയായ്
അനുചിതമെനിനക്കിരിപ്പിടമന്തണർക്കൊപ്പമെങ്കിലു–
സ്നേഹവായ്പിനാലൊപ്പമായ് ചേർത്തിരന്നുണ്ണു–
വതിനായ് വീടുകളൊന്നിഴിയാതേറിടുമ്പോളാവഴിയി–
ലൊരു പശുവിനോടേറ്റ വയറ്റിൽ മുറിപ്പാടുമായവൻ
അരളിപ്പൂമാല പോൽ നിണമുതിരും
പെരും കുടൽ കൈയിലേന്തിയെൻ
സുത മുമ്പു വാണിടമെന്നു നണ്ണിയേറ്റം
വ്യഥിതനായ ഭാഗ്യഹീനനാം താതനും
തരികഭയം ശ്രമണരേയെന്നോതിയത–
ഹിതമായ് തോന്നിടുമ്പോലതി കോപ
മാർന്നാ ശ്രമണകർ പോകയിവിടം വിട്ടെ
ന്നടയാളം കാട്ടിടുന്നതിലാർത്തയാം ഞാൻ
അഗതികളാണറിവോരാരാനുമുണ്ടോ
യെന്നതികരുണം വിലപിച്ചിതു ഞങ്ങള–
തിൻ മാറ്റൊലിയാൽ തെരുവുമതാർദ്രമായ്,
ഭിക്ഷാപാത്രമേന്തിയെരി വെയിലിൽ ഹിമകണം
വിതറിയാ രമ്യഹർമ്യങ്ങൾ തോറുമലയുമൊരാ
ഹേമാഭമാമാടയണിഞ്ഞ സിദ്ധരനരികിലണഞ്ഞ
ണച്ചു തുമ്പവും നിറച്ചു കർണവുമേറെയായ്
ഏകിയാപാത്രമതെനിക്കൊപ്പമായെൻ
താതനെയാശ്രമത്തിങ്കലുമാക്കിനാൻ
സംഘധർമനവൻ മാതാപസനുദാരൻ
പോക്കിനാൻ മൃതി ഭയമവനെന്നേക്കുമായ്
ഗൃഹസ്ഥാശ്രമിയായ് പ്പല ജന്മമാർന്നും
ജ്ഞാനിയായന്യജീവിതാർഥമായും
ജീവകോടികളതു തേടുന്നു മുക്തിയും.
സാമ്യമകന്നൊരാ കാരുണ്യ മൂർത്തിയായ്
ധർമ ചക്രം തിരിക്കുമാ ബുദ്ധന്റെ പാദ–
പത്മങ്ങൾ വാഴ്ത്തിടാനല്ലാതൊരിക്കലു–
മുയരില്ല നാക്കെന്നുമിവളുടെതെപ്പൊഴു–
മറിക നീയരചനേ! വാഴ്ക നീ സന്തതമെ–
ന്നേവമവളാ സുധാമതി ചൊല്ലിടുമ്പോൾ
അറിഞ്ഞു നിൻ കഥയിതെല്ലാം മധുഭാഷിണീ
പ്രാപിച്ചിടും മണിമേഖല തന്നെയും ഞാനാ–
ചിത്രാവതിയിലൂടെയെന്നാ കാമപരവശനു
ദയകുമാരനുപവനം വിട്ടശേഷമാ മതിമുഖി
മുറിവിട്ടായതമാം നേത്രമയിച്ചിതു നിശ്ചലം.
ചാരിത്യ്രം, തപം, വർണമിവയറ്റു വിത്തർക്കു
മേനി വിറ്റിടുന്നോളിവളെന്നപഹസിച്ചോനൊ;
പ്പമായ് പോയി തെൻ മനവുമമ്മേ! ഇതാമോ;
കാമത്തിൻ പ്രകൃതിയിതെങ്കിലതറ്റിടട്ടേയെന്ന–
വളാ സുധാമതിയോടോതിടുമ്പോളിേന്ദ്രാത്സവ–
ത്തിനായണഞ്ഞൊരാ മണിമേഖലാ ദൈവത–
മൊരു നഗര യുവതിയായ് പാദപീഠത്തെയും
വലം വെച്ചുയർന്നാൻ വിയത്തിങ്കലതി ജവാൽ
ജ്ഞാനിയേ! പരിപൂതനേ! പുണ്യനേ! പുരാണനേ!
കുടുംബിയായ് വ്രതനിഷ്ഠനായ് വളർന്നും
കാമേക്രാധഭ്രമാദി മൂന്നും വെടിഞ്ഞും
കടും കോപമാമരിയെയറിവിനാൽ വെന്നു
മഖിലരിലൊന്നാമനായലർശരരിപുവായ്
സന്മതിയായിമ്പമിയന്നോനെന്നു ചൊല്ലട്ടയോ!
ആയിരമാരക്കാലുള്ളൊരാ ധർമചക്രം ചേരും
നിൻ തിരുവടിയായിരം നാവുള്ളോരനന്ത
നല്ലാത്ത ഞാൻ വാഴ്ത്തിടുവതെങ്ങനെ.
ഉൽഫുല്ല കാന്തി പകരും പൂക്കളൊ–
ത്തിമ്പമായ് പാടും പക്ഷികളൊത്ത
ക്കിടങ്ങാമരിച്ചിലമ്പണി പാദങ്ങളും
കോട്ട പോൽ കാന്തിയെഴും മധ്യവും
തോരണ സ്തംഭമാം തോൾ വളകളും
ചേർന്നൊരാ കാവിരിപൂംപട്ടിനമൊര–
നവദ്യാംഗിയായറിവിൻ മൂർത്തിയായ്
പരസ്പരമഭിവാദ്യ ചെയ്തിടും കോട്ട
കളൊത്തമര കാന്തി ചൊരിഞ്ഞിടുന്നൂ.
പുരിതതൻ സ്തനദ്വയമെന്നപോലിരു–
കോവിലുമനവദ്യമാം മണി കോവിൽ
പോലൊരാ തിരുമുഖവുമായതിലുദയ
ചന്ദ്രനു മസ്തമിതാർക്കനുമൊരു പോൽ
ചാർത്തിടുന്നുതോടയുമിരു പാർശ്വമായ്
വിലാസകേളിയാലേറെ പരിക്ഷീണയായ്
സരോജങ്ങൾക്കിടയിലുൾപ്പൂകിയ തന്നി–
ണയെ മലർ വിരിയിച്ചൻപൊടു വീണ്ടെടു
ത്തതിൻ പിമ്പിലാതെങ്ങിൻ മണ്ടയിലേറി
ക്രൗഞ്ചപ്പിടയറിയിച്ചിടുകയാണുതന്നിണ
യെയാപകലോനറുതിയായിടും സന്ധ്യയെ
പവിഴം പോൽ തുടു ചെംകാൽ ചേർന്നോ
രന്നങ്ങൾ വിലസിടും കാട്ടിലഴകേറുമാ
ഗോക്കളശിച്ചിടുന്നാ കരിംകൂവളങ്ങൾ.
മുലയിൽ നിന്നൂറിടുമാ പാൽ വീണു പൊടി
യമർന്നൊരാവഴി പോയിടുകയാണാലയി –
ലതി വാത്സല്യമോടോർത്തു കിടാങ്ങളെ.
യാഗത്തിനായ് ദ്വിജർ തീർത്തിടുന്നിതഗ്നി
കാപ്പണി കൈകളാലംഗനമാർ കൊളുത്തും
ദീപമൊപ്പമായപ്പാണർതൻ യാഴ് മീട്ടലൊത്തു
യർന്നിടുകയാണ മുല്ലൈപ്പണ്ണൊലി രമ്യമായ്.
അടരിലായ് ത്തൻ കണവനിറന്തതിൽപ്പിൻ
സ്വഗേഹ മണഞ്ഞൊരാ സാധ്വിയെപ്പോലി
നനകന്നൊരാർത്തിയാലണഞ്ഞു സന്ധ്യയും.
● അടിക്കുറിപ്പ്
പൊരുമുഖ പളുങ്കുശീല – ഒരിനം തിരശ്ശീല, രംഗത്തെ വലതു തൂണുകൾ രണ്ടിലും ഇണക്കിയ തിരശ്ശീല
ചിത്രപംക്തി – ചിത്രങ്ങളുടെ കൂട്ടം.
മുരുകോപമം – സുബ്രഹ്മണ്യനു തുല്യം
വീരക്കഴൽ – കാലിൽ അണിയുന്ന ഒരിനം ആഭരണം.
ത്രിവിധ മഗ്നി– മഴ പെയ്യിക്കുന്നതിനുള്ള അഗ്നിപൂജ
ഇരന്നുണ്ണുക -ഭിക്ഷ യാചിക്കുക.
നിറച്ചു കർണം – നല്ല വാക്കുകളാൽ ചെവി നിറച്ചു.
അറിവിനാൽ വെന്ന് – ജ്ഞാനിയായ്
അലർശരരിപു – കാമന്റെ ശത്രു.
● വിശദീകരണം
താൻ കണ്ട മണിമേഖലയുടെ രൂപം ചിത്രമാണെന്ന് കരുതി ചിത്രകാരന്റെ ചാരുതിയെ പ്രശംസിച്ചു. എന്നാൽ, പെട്ടെന്നു തന്നെ അത് യഥാർഥ രൂപമാണെന്ന് മനസ്സിലാക്കി അകത്തു കടക്കാനുള്ള വഴിക്കായി ചുവരിൽ തടവിനോക്കി. മണിമേഖലയുടെ സ്വഭാവത്തെക്കുറിച്ച് സുധാമതിയോട് ചോദിച്ചു. അവൾ താപസിയാണെന്നും ലൗകിക വികാരങ്ങൾക്ക് അടിമപ്പെടാത്തവളാണെന്നും അതുകൊണ്ട് അവളെ ആഗ്രഹിക്കുന്നതു ശരിയല്ലെന്നും മറുപടിപറഞ്ഞു. കാമവികാരം അടക്കാൻ പറ്റാത്തതാണെന്നും ഏതു തരക്കാരിയായാലും തന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിച്ചേ തീരൂ എന്നും ഉദയകുമാരനും പറഞ്ഞു. കൂട്ടത്തിൽ സുധാമതി അവിടെ വരാനുള്ള കാരണമെന്താണെനും അന്വേഷിച്ചു. സുധാമതി തന്റെ കഥ കുമാരനെ പറഞ്ഞുകേൾപ്പിച്ചു. ചിത്രാവതി മുഖേന മണിമേഖലയെ പ്രാപിക്കാമെന്ന് തീരുമാനിച്ച് ഉദയകുമാരൻ പോയപ്പോൾ മണിമേഖല സ്ഫടികമുറിക്കകത്തു നിന്ന് പുറത്തു വന്നു. താൻ തപശ്ചര്യക്ക് യോഗ്യയല്ലെന്നും വേശ്യയാണെന്നുമൊക്കെ രാജകുമാരൻ അധിക്ഷേപിച്ചിട്ടും തന്റെ മനസ്സ് അയാളെ പിന്തുടരുന്നതായി മണിമേഖലക്കു തോന്നി. കാമത്തിന്റെ വർധമാനമായ ഈ സ്വഭാവം നശിക്കട്ടെയെന്ന് അവൾ ആഗ്രഹിച്ചു. അപ്പോൾ മണിമേഖലാ ദൈവം അവിടെ പ്രത്യക്ഷയായി. പാദപീഠികയെ പ്രദക്ഷിണം ചെയ്തു. അപ്പോഴേക്കും സന്ധ്യാവേളയാകുന്ന യുവതി ആ മഹാനഗരത്തിൽ വന്നു തങ്ങി.
(തുടരും)