മണിമേഖല
ചിലപ്പതികാരത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം മണിമേഖലയുടെ അഞ്ചാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ ചിത്രീകരണം: സജീവ് കീഴരിയൂർ
09മണിപല്ലവത്തിലിരുന്ന് ദുഃഖിച്ച കഥ സുധാമതിയവ്വിധം വ്യഥ പൂണ്ടിരിക്കേ കടലലകൾ ചൂഴ്ന്നൊരാ ദ്വീപതിൽ ശംഖു കൊണ്ടുഴുതു മുത്തു വിളയും നീരുരുമ്മിടും തീരമാർന്ന പാടത്തിൽ ചെമ്പവിഴം ചന്ദനമകിലാം തരുക്കളേ തഴുകുമലകൾ ചേർന്ന കടൽക്കരയിൽ ഞാവൽ നിന്നിടും നിമ്നമാം ചേറ്റിൽ ആമ്പലും നീലോല്പവുമിടകലർന്നാ കരി– വണ്ടുകൾ പാനം ചെയ്തിടും മട്ടു വിരി– ഞ്ഞാഴമേറിയ പൊയ്ക തൻ കരയിൽ പുന്നയും വിരഞ്ഞതി രമ്യമാം പൂക്കൾ നിറഞ്ഞൊരാ താഴയുമതി വിശാലമായ് തീർത്തൊരാ വെയിൽ...
Your Subscription Supports Independent Journalism
View Plans09
മണിപല്ലവത്തിലിരുന്ന് ദുഃഖിച്ച കഥ
സുധാമതിയവ്വിധം വ്യഥ പൂണ്ടിരിക്കേ
കടലലകൾ ചൂഴ്ന്നൊരാ ദ്വീപതിൽ
ശംഖു കൊണ്ടുഴുതു മുത്തു വിളയും
നീരുരുമ്മിടും തീരമാർന്ന പാടത്തിൽ
ചെമ്പവിഴം ചന്ദനമകിലാം തരുക്കളേ
തഴുകുമലകൾ ചേർന്ന കടൽക്കരയിൽ
ഞാവൽ നിന്നിടും നിമ്നമാം ചേറ്റിൽ
ആമ്പലും നീലോല്പവുമിടകലർന്നാ കരി–
വണ്ടുകൾ പാനം ചെയ്തിടും മട്ടു വിരി–
ഞ്ഞാഴമേറിയ പൊയ്ക തൻ കരയിൽ
പുന്നയും വിരഞ്ഞതി രമ്യമാം പൂക്കൾ
നിറഞ്ഞൊരാ താഴയുമതി വിശാലമായ്
തീർത്തൊരാ വെയിൽ വരാ പന്തലിൽ.
നിലാവുപോൽ വെണ്മയാർന്നൊരാ തീര–
ത്തൊരു ചേലെഴും പൂമ്പട്ടുമെത്തയിൽ
ഗാഢനിദ്രവിട്ടുണർന്നാൾ സുകേശിനി.
ഉറ്റവരെ മറന്നൊരാ പിൻ പിറപ്പാർന്നോ–
രുയിർ പോലെയും പുതുതായ് ചിലരെ–
യരികിലായ് കണ്ടും നീല സാഗരതീരേ
ബാലസൂര്യൻ തൻ കതിർ വിരിച്ചുദിക്കേ.
ഉപവനത്തിനുടെ പാർശ്വമോയിതു
തുയിരുമിതേറെയസഹ്യമായിടും
മറഞ്ഞിരിപ്പതോയിനിയും സുധാമതി.
നിനവോ കനവോ വളർ മായയോയിത്.
മനമതു നടുങ്ങി പേപെടുമെന്നായിതു
മറുവാക്കോതണം നീ സാധുശീലേ!
കൂരിരുൾ മാറി വ്യഥ പൂണ്ടിട്ടും മാധവി
കാണാതുഴന്നിടുമേറെയായ് വിലപിച്ചിടും.
ഒളിചിന്നിടും കാപ്പണിഞ്ഞോളവൾ ദേവി
കൊടും വഞ്ചന ചെയ്തതോ നമ്മെ!
കദനമിതതി കഠിനമേകയായിരിപ്പതു
വരിക നീയരികിലായെൻ ശ്രീദേവിയേ!
ചിറ്റലകളിൽ നീന്തിടും വിഹംഗമങ്ങളും
ചിറകുവിടർത്തിടുന്നൊരാ ഖഗങ്ങളും
എഴുന്നു വീണിടുമൊരാ നൽ ചീവീടുമാ–
ചിറകൊതുങ്ങിടുന്നൊരാ മുഴുവലും.
അന്നമതു രാജനായ് പല നിറമാർന്ന–
പക്ഷിജാലമതു ശത്രുരാജനുടെ പാളയ
മതിങ്കലഭിമുഖമായ് മേവും പട സദൃശം
തിരയിളകിടും നീർപ്പരപ്പിനെതിരായ്
തുറയുമതു ചൂഴ്ന്നിടും മൺകൂനയു–
മിയറ്റിയവൾ തൻ രുജയതനൽപമായ്.
എങ്ങുമുഴുന്നരികെയിരിപ്പവരെ കണ്ടിടാതെ
പൂവണി വേണിയഴിഞ്ഞു പിറകോട്ടു വീണേറെ–
വ്യഥയാർന്നമ്മയൊത്തപമൃത്യുവാർന്നൊരാ സ്വ–
താതനെയോർത്തലറിക്കരയുമവൾ മുന്നിലാ–
യൊളി ചിതറിമുമ്മുഴമുയർന്ന ദിവ്യമാമിടത്തിൽ
നാലുപാടുമായൊമ്പതുമുഴമിടവിട്ടെഥാവിധി
പളുങ്കിനാലാദിതേയാധിപൻ തീർത്തതാം ചേലെഴും
ധർമാസനമതു ചൊല്ലിടും പൂർവ കഥയെല്ലാമതു
തീണ്ടിടില്ല ചിറകടിയൊത്തൊരാ വിഹംഗമങ്ങൾ.
ചൊരിഞ്ഞിടാ തരുക്കൾ സുഗന്ധപുഷ്പങ്ങളെന്നിയേ!
പൂർവദിക്കിലുള്ളൊരാ നാഗ നാടുവാഴു–
മിരു രാജരൊരുമിച്ചിതെന്റേതെന്റേതെ–
ന്നോതിയെടുത്തിടുവാനാവാതെ ഹതാ–
ശരായതിദ്വേഷാലക്ഷി ചുവന്നു മനം
കലങ്ങിയാ പെരും സേനയൊത്തതി
ഘോരമായ് രണം തുടർന്നിടുമ്പോൾ
അരുതെന്നോതിയാ പെരും താപസൻ
ധർമോപദേശം ചെയ്തിടുന്നതുമാ സദ്–
ജനങ്ങൾ വാഴ്ത്തിടുന്നതമാം ധർമപീഠിക
പ്രത്യക്ഷമായീടിനാവിടെയക്ഷണത്തിൽ!
● വിശദീകരണം
ഉറക്കമുണർന്ന മണിമേഖല മണിപല്ലവത്തിലിരുന്ന് സുധാമതിയെയും അച്ഛനായ കോവലനെയും വിളിച്ച് വിലപിക്കുന്നതാണ് ഈ ഗാഥയിൽ കാണുന്നത്. അ പരിചിതമായ പ്രദേശം കണ്ട് അത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ അവൾ വിഷമിച്ചു. ഇന്നലെ കണ്ട സ്ത്രീയുടെ മായയാണോ എന്നും അവൾ ചിന്തിക്കാതിരുന്നില്ല. ''സുധാമതീ നീ എവിടെയൊണ് ഒളിച്ചിരിക്കുന്നത്; നിന്നെക്കാണാതെ മാധവി ദുഃഖിക്കയില്ലേ'' എന്ന് അവൾ ഇടക്ക് ചോദിക്കുന്നുണ്ടായിരുന്നു. കുളക്കരയിലും മണൽത്തിട്ടയിലുമെല്ലാം തേടിയിട്ടും അവൾക്ക് സുധാമതിയെ കണ്ടെത്താനായില്ല. അതിനിടയിൽ അവൾ ദേവേന്ദ്രൻ സ്ഥാപിച്ചതും പൂർവകഥ വ്യക്തമാക്കുന്നതുമായ ധർമപീഠിക കണ്ടു.
10
പീഠിക പറഞ്ഞ പൂർവജന്മ കഥ
പീഠിക കണ്ടവൾ തന്നെയറിഞ്ഞിടാതെയായ്
കാർത്തികപ്പൂ പോലാം ചെം കൈകൾ കൂപ്പിയും
ചെങ്കൺ കലങ്ങി ധാരയായൊഴുകിടും മുത്തണി–
ക്കണ്ണീരാലാ സ്തനതടം കഴുകിയധോമുഖിയായ്
ധർമപീഠത്തിനു വലം മൂന്നു വന്നിതത്യാദരാൽ.
മിന്നൽക്കൊടി മുകിലൊടു പതിച്ചിടുമ്പോ–
ലതിലോലമാമിട കടയും വണ്ണം നമിച്ചെഴു
ന്നവളറിഞ്ഞു തൻ പൂർവ കഥയൊക്കെയും.
അഖില ലോകരുമൊന്നായ് വാഴ്ത്തിടും താപസാ!
ജ്ഞാനപ്പൊരുളേ! കായങ്കരാ തീരമതിങ്കലായ–
ങ്ങോതിയതെല്ലാം സത്യമായ് തേറിടുന്നു ഞാൻ.
ഗാന്ധാരത്തിൻ പൂർവഭാഗത്തഖില പാപവു–
മൊഴിഞ്ഞിടുമ്പോലധിവസിച്ചിടും താപസൻ
ഹസ്തിപതിതന്നളിയനാം ബ്രഹ്മധർമൻ.
അരചനവനുടെയരികിലായ് ധർമോപദേശം
ചെയ്തിടുമ്പോളാ ജംബുദ്വീപതിങ്കലായിന്നേ–
ക്കേഴു നാൾക്കകം ഭൂ നടുക്കത്താലാനഗരവും
നാനൂറു യോജനയിടവും താഴ്ന്നു പോയിടാം
പാതാളമതിങ്കലായുടനെ വിടുകയീ പുരിയെ–
ന്നോതിടുമ്പോളതു കേട്ടൊരാപ്പുരിതന്നധിപനും
പോക നാൽക്കാലികളൊത്തീ പുരി വിട്ടേവരുമി–
ക്ഷണത്തിലെന്നായ് പെരുമ്പറ കൊട്ടി നാഥൻ!
പെരുതാം സേനയൊടൊത്തിടവയംവിട്ടുത്തര–
ദിക്കിലവന്തിമാനഗരിയിലെത്തിയാകായങ്കര–
യ്ക്കരികിലുപവനത്തിലൊരു പാളയം തീർത്തു
പാർത്തീടവേയങ്ങോതിയ പോലാപുരിയറ്റിതു!
സർവജ്ഞനാനവനുടെ പെരും മലരടികളെ
അരചനൊത്തേവരും ചുറ്റുമായ് വാഴ്ത്തിനാർ
കാരുണ്യത്തൊടുലകത്തിൻ രുജയകലും വിധമാ–
പരനിർവൃതി പകർന്നക്കടലൊലി പോൽ മുഴങ്ങിടും
രവത്തിലാ ദേവനരുളിയിതൊക്കെയും സാന്ദ്രമായ്
യശോധരാധിപൻ രവിവർമനുടെ ദേവിയമൃതവതി
തന്നുദരത്തിൽ ലക്ഷ്മിനാമത്തിൽ പിറന്നു ഞാൻ
ഹസ്തി പതിതൻ പത്നിയും സിദ്ധിപുരപതി ശ്രീധരനുടെ
സുതയുമായ് നീല പതിതൻ വയറ്റിൽ ബാലർക്കനെപ്പോൽ
പിറന്നൊരു രാഹുലനുടെ പത്നിയായ് മാറി ഞാൻ.
അവനൊത്തൊരു നാളങ്ങയെ സ്തുതി ചെയ്തിടവേ
ഈരെട്ടു നാൾക്കകമവനുടെയുയിരെടുത്തിടും
ദൃഷ്ടി വിഷമാമഹിയുമവനൊത്തുയിർ പോക്കിടും
നീയുമതിനാലിവിടം വിട്ടു പോയ് പിറന്നീടുകയതി–
വിശുദ്ധമാം പെരും കാവിരിപ്പൂമ്പട്ടിനം തന്നിലായ്.
സുന്ദരാംഗി! പെരുതാം വ്യഥയേറ്റിടും ദിനത്തിലാ
മണിമേഖലാ ദൈവതം കൂരിരുട്ടിലായ് നിന്നെയെ
ത്തിച്ചിടുമൊരു ദ്വീപിലായ് തെക്കു ദിക്കിങ്കലാം
അവിടെയാ നാഗ നാട്ടരചരുടെ കോപമകറ്റിയും
ധർമാധർമ വിവേകമുണർത്തിയും ജനി ഭയ–
മകറ്റിയുമാ ധർമദേവനിരുന്നിടുന്നൊരൊളി
ചിതറും മണിപീഠത്തെ സ്തുതി ചെയ്തന്നു–
തൊട്ടറിഞ്ഞിടും നിൻ പൂർവ കഥയുമൊപ്പമെൻ
ഭാഷിതമിതൊക്കെ കേൾക്കുകകെന്നോതവേ–
രാഹുലനുടെ മൃതിവാർത്ത കേട്ടേറെ ചകിതയായ്
ചൊല്ലുകെൻ കണവനുടെ പുനർജനി വൃത്താന്തവു–
മെന്നർഥിച്ചിടുമ്പോളെത്തിടും ദേവനരികെയായ്
ചൊല്ലിടും കണവനുടെ കഥയതൊക്കെയുമെന്നാ–
യൊരു ദേവനെത്തിടില്ലെയിപ്പോഴെന്നരികിലായ്.
● അടിക്കുറിപ്പ്
കായങ്കര –ഒരു നദി
തേറുക –വിചാരിക്കുക
ഇടവയം –ഹസ്തിപതി രാജ്യ തലസ്ഥാനം
ദൃഷ്ടിവിഷം –കണ്ണിൽ വിഷമുള്ള പാമ്പ്. ഈ പാമ്പ് നോക്കിയാൽ ആളുകൾ ചത്തുപോകും
● വിശദീകരണം
മണിപീഠിക കണ്ടപ്പോൾ മണിമേഖ തന്നെ മറക്കുകയും പൂർവകഥ ഒന്നൊന്നായി ഓർക്കുകയും ചെയ്തു. അവൾ കൈകൂപ്പി പീഠത്തെ തൊഴുതു. മൂന്നു തവണ വലംവെച്ചു. നമസ്കരിച്ചു. ''അല്ലയോ താപസാ കായങ്കര നദിക്കരയിൽവെച്ച് അങ്ങ് പറഞ്ഞതെല്ലാം സത്യമായിത്തീർന്നിരിക്കുന്നു. ഈ ദ്വീപ് ഇന്നേക്ക് ഏഴാം നാളിൽ നശിക്കുമെന്നും അതുകൊണ്ട് ഈ നഗരം വിട്ടുപോവുക എന്നും പറഞ്ഞപ്പോൾ രാജാവ് പറയടിച്ച് എല്ലാവരെയും അറിയിച്ചു. ഇടവയം എന്ന തലസ്ഥാനത്തുനിന്ന് മാറി അവന്തിപുരിയിലെത്തി. അങ്ങ് പറഞ്ഞ ദിവസംതന്നെ നഗരം നശിച്ചു. യശോധര നഗരാധിപനായ രവിവർമന്റെ പത്നി അമൃതവതിയുടെ ഉദരത്തിൽ ലക്ഷ്മി എന്ന പേരിൽ ഞാൻ പിറന്നു. നീലപതിയുടെ പുത്രനായി രാഹുലനും. ഞങ്ങൾവിവാഹിതരായി. എന്നാൽ, അങ്ങയുടെ പാദങ്ങൾ വണങ്ങവെ പതിനാറു ദിവസത്തിനുള്ളിൽ ദൃഷ്ടിവിഷം എന്ന പാമ്പ് രാഹുലന്റെ ജീവാപായം വരുത്തുമെന്നും ഞാനും അവനോടൊപ്പം അഗ്നിപ്രവേശം നടത്തുമെന്നും പറഞ്ഞു. മറ്റൊരു നില പ്രാപിക്കാൻ സാധിക്കാത്തതുകൊണ്ട് കാവിരിപ്പൂമ്പട്ടിനത്ത് പിറവികൊള്ളാനും കൽപിച്ചു. ഈ നഗരത്തിൽ തന്റെ ദുഃഖം തീർക്കാൻ മണിമേഖലാ ദൈവം വരുമെന്നും മണിപല്ലവദ്വീപിലേക്ക് കൊണ്ടുപോകുമെന്നും അവിടെ പാദപീഠികയെ തൊഴുമ്പോൾ പൂർവകഥ അറിയുമാറാകുമെന്നും പറഞ്ഞതും എല്ലാം ശരിയായിരിക്കുന്നു. ഇപ്പോൾ ആ ദൈവം പ്രത്യക്ഷപ്പെടില്ലേ എന്ന് ചോദിച്ച് അവൾ വിലപിച്ചുകൊണ്ടിരുന്നു.
11
മന്ത്രോപദേശം ചെയ്ത കഥ
പശാരദാകാശം വിട്ടിളയിലേക്കിറങ്ങീടിന
മണി മേഖലാ ദൈവതമാ പൂർവ കഥ–
യഖിലമറിഞ്ഞമവൾ കേൾക്കുമാറുച്ച–
ത്തിലാ ചൈതന്യമറ്റതാമുയിരുകൾക്കു–
മതു പോൽ ധർമവാണി കേട്ടിടും കർണ
ദ്വാരമടഞ്ഞറിവുകെട്ടജ്ഞാനിയായാർത്തി
മൂത്തൊരീ മണ്ണിൽ ധർമം വിളയിപ്പതിനി–
രുളിൽ ബാലാർക്കനെന്ന പോലവതിരി–
ച്ചൊരങ്ങയെ വണങ്ങിടുന്നു ഞാൻ മുദാ.
അങ്ങുമങ്ങയുടെതെന്നതുമാമി ദ്വൈത
ഭാവത്തെ പോക്കിടുന്നൊരീ പീഠികയെ
ഹൃദയകമലമതിങ്കലായ് ചേർത്തിടുന്നു.
വ്യഥ പോക്കിടുവതിനിത്യേവമോതി പാദ–
പീഠികയെ വലം വെച്ചിടുന്നൊരാ ദൈവത–
ത്തിൻ മുന്നിലൊരു പൊൻ വള്ളി പോലാ
മണിമേഖല വീണുവണങ്ങിയോതിയേവം.
പൂർവകഥയറിഞ്ഞു ഞാൻ തവാനുഗ്രഹാൽ
പിറന്നതെവിടെയെൻ പ്രിയനെന്നറിയുമോ?
കേൾക്ക നീ ലക്ഷ്മീ! പ്രണയകലഹാലൊരു–
ദിനമമുപവനമതിലനിയന്ത്രിതമാം കാമാൽ–
ചേലെഴും നിൻ മലരടികൾ വണങ്ങീടവേ;
സാധുചക്രനാമൊരു താപസനെത്തിയുദ്യാന
മതിലതി തുഷ്ടനായൊരു പൊൻപുലരിയിൽ.
കണ്ടമാത്രയിലവനെയതി ഭയമൊടു ത്രപയാർ
ന്നതിവിനയമൊടു നീ വണങ്ങിടുമ്പോളാരാണ
തെന്നാ രാഹുലനതി കോപമാർന്നതിലവനുടെ
വായ് മൂടിയാകാശചാരിതൻ മലരടി തൊഴാത
വനുടെ രസനയെ പഴിച്ചാ സ്വാമിതൻ പദയിണ
തൻ കണവനൊത്തു വണങ്ങി ഭക്ഷ്യപേയങ്ങ
ളൊരുക്കിയവനുടെയാജ്ഞാനുവർത്തിയായ്.
അശിച്ചിടാമതു തരികെന്നാ താപസനുമതിനാ–
ലൊട്ടു നീങ്ങിടില്ലതിൻ പുണ്യവുമതറുത്തിടുമീ
ജനി ദുരിതമൊക്കെയുമെന്നതുമറിക നീ.
ഉപവനമതിൽ കണ്ടോരുദയകുമാരകനാ
രാഹുലൻ നിൻ കണവനെന്നതുമറിക നീ!
കമിതാവവനിന്നും നിന്നിലതു പോൽ നില
യതു തുടർന്നിടുന്നു നീയുമതിനാലോരു
നിലമതിൽ കന്തശാലിയെന്ന പോലാവ–
രുതു നിൻ പ്രകൃതിയുമതിനാലാമനമതേ–
ഗ്രമാക്കുവതിനു ചെയ്തിതു ഞാനിതെല്ലാം.
കേൾക്ക നീ ലക്ഷ്മിയിനിയുമായ്
സോദരിയാമവർ താരയും വീരയും
വീരക്കഴലണിയരചനാ ദുർജയൻ
വേട്ടിതവരെയുമതി തുഷ്ടനായ്
ഗിരിയരികിലുമാ ഗംഗതൻ പാർശ്വ–
ത്തിലുമലസനായലയവേ താപസ–
നറവണനണഞ്ഞിതു ചാരെയായ്.
ആരു നീ മുനേ! എന്തിതു കാരണ–
മിവിടെവരുവതിനു തവ ചിന്തിത–
മെന്തു നിന്നടികൾ വണങ്ങിടുന്നു.
ജനിമൃതി ദുഃഖമൊന്നുപോലകറ്റിടു
ന്നതാമീ ധർമദേവനുടെ പാദമിണ–
ങ്ങിടുന്നതാം പാദപങ്കജമല വണങ്ങു–
വതിനെത്തി ഞാനീ ജായമാരൊത്തോ
രരചനും വണങ്ങുകെന്നായ തപസ്വിയും
വചനമതനുവർത്തിച്ചിതശേഷമായവർ
പിറന്നിതു മാധവിയും സുധാമതിയുമായ്
പൂർവകഥയുമറിഞ്ഞിതഖിലവുമൊപ്പമായ്–
വിധി പോൽധർമഗതിയുമറിഞ്ഞു നീ!
ഓതിടില്ലിതര മതസാരമൊരുവരുമൊരു
യുവതിയാം നിനക്കൊരിക്കലുമതിനാലീ–
രൂപമതുമാറാനുതകിടും മന്ത്രമിതറികയൊ–
പ്പമായ് ഗഗനചാരിയാകുവതിനുമൊന്നു പോ–
ലുതകുമൊരു മന്ത്രമോതി നാലു സത്യമൊപ്പ
മവളെയുയുമാശീർവദിച്ചെഴുന്നേറ്റുയർന്നു.
പിന്നെയും തിരികെയെത്തിയാ ദൈവതമോതി–
യിതരമാം മന്ത്രമതു ക്ഷുദ്പിപാസയകറ്റിടുന്നതാ–
മെന്നങ്ങുയർന്നിതികാശ മാർഗമതിങ്കലായ്.
● അടിക്കുറിപ്പ്
ഇള – ഭൂമി
കന്തശാലി – ഒരിനം നെല്ല്
ഓരുനിലം – പാഴ്നിലം
● വിശദീകരണം
മണിമേഖല നിലവിളിച്ചു കൊണ്ടിരുന്നപ്പോൾ മണിമേഖലാ ദൈവം ആകാശമാർഗത്തുനിന്നും ഇറങ്ങിവന്നു. താൻ പൂർവകഥയെല്ലാം അറിഞ്ഞുവെന്നും തന്റെ ഭർത്താവ് എവിടെയാണെന്നും മണിമേഖല ചോദിച്ചപ്പോൾ ഉദ്യാനത്തിൽവെച്ച്പ്രണയകലഹമുണ്ടായതും കാമാധിക്യത്താൽ രാഹുലൻ പാദങ്ങളിൽ വീഴവേ ധർമിഷ്ഠനായ അറവണ വടികൾ വന്നതും മണിമേഖല ഭയന്ന് ലജ്ജവിവശയായി കോപിഷ്ഠനായ രാഹുലനൊത്ത് അയാളെ വണങ്ങിയതുമായ കാര്യങ്ങൾ ഓർമിപ്പിച്ചു. തുടർന്ന് ഭക്ഷ്യപേയങ്ങൾ നൽകി അറവണ വടികെള അവർ ആദരിച്ചു. അന്ന് ആ താപസൻ ഉണ്ടതുകൊണ്ട് നിന്റെ ജനനദുരിതം ഇല്ലാതായി എന്നും മണിമേഖലാ ദൈവം പറഞ്ഞു. രാഹുലൻ തന്നെയാണ് ഉദയകുമാരനെന്നും നിങ്ങൾക്ക് ഇപ്പോഴും പരസ്പരാഭി മുഖ്യമുണ്ടെന്നും നിന്നെ ഏകാഗ്രചിത്തയാക്കുന്നതിനായാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നും വ്യക്തമാക്കി. മാത്രമല്ല നിന്റെ മൂത്ത സഹോദരിമാരായ താരയെയും വീരയെയും അംഗനാടിന്റെ ഭാഗമായിരുന്ന കജ്ജയത്തെ രാജാവ് ദുർജയൻ വിവാഹം ചെയ്തുവെന്നും അവർ ഉല്ലസിച്ചു കഴിയവേ ഗംഗാതീരത്തു വെച്ച് അറവണ അടികളെ കണ്ടുമുട്ടിയെന്നും ആരാണ് ? എന്താണ് എന്നന്വേഷിച്ച് ദുർജയനും പത്നിമാരും വണങ്ങിയപ്പോൾ താൻ പങ്കജമല കണ്ട് വണങ്ങാൻ വന്നതാണെന്നും നിങ്ങളും വണങ്ങുക എന്നും അറവണ അടികൾ പറഞ്ഞു. അന്ന് ആ നിർദേശം പാലിച്ചതുകൊണ്ടാണ് ആ രണ്ടുപേരും മാധവിയും സുധാമതിയുമായി നിന്നോടൊപ്പമുള്ളതെന്നും മണിമേഖലാ ദൈവം പറഞ്ഞു. യുവതിയായ നിന്നോട് ആരും തന്നെ വ്യവസ്ത മതതത്ത്വങ്ങൾ പറയുകയില്ലെന്നും വേഷപ്രച്ഛന്നയാകാനും ആകാശത്തിൽ സഞ്ചരിക്കാനുമുതകുന്ന ഒരു മന്ത്രം പറഞ്ഞു തരാമെന്നു പറഞ്ഞ് നാലുവിധം സത്യങ്ങളോടൊപ്പം ഉപദേശിച്ചു. ധർമപീഠികയെ വലംവെച്ച് ദൈവം പിൻവാങ്ങിയെങ്കിലും എന്തോ ഓർത്തിട്ടെന്നപോലെ തിരിച്ചു വന്ന് വിശപ്പു തീർക്കാൻ പറ്റിയ മഹാമന്ത്രവും ഉപദേശിച്ച് അപ്രത്യക്ഷയായി.
12
പാത്രം കിട്ടിയ കഥ
പമണിമേഖലാ ദൈവതം മറഞ്ഞതിൽ പിന്നെയാ
മണൽക്കൂനയും പൊയ്കയും പൂക്കൾ തിങ്ങിടു–
മുദ്യാനവും കണ്ടു കൊണ്ടാ പേലവാംഗിയാളല –
ഞ്ഞീടവേയമാനുഷ വേഷം പൂണ്ടൊരാ ദ്വീപതിലക
മുങ്ങിയ കപ്പൽവിട്ടെത്തിയപോലുള്ളൊരീ നീ
യാരെന്നോതിയണഞ്ഞിതവൾ തൻ മുന്നിലായ്.
ആരുനീയംഗനേ! സൗമ്യേ! ഏതു നിൻ പുരി!
ഉണ്ടെനിക്കിരു ജന്മമതിലേതു ഞാനോതിടേണ്ട–
തറിയില്ലതെങ്കിലും ഹിതമൊടു കേൾക്ക നീയൊ–
ക്കെയും കാമവല്ലീ സമേ! സർവമംഗളകാരിണീ!
പോയ ജന്മമതിലാ രാഹുലനുടെ പത്നി ഞാൻ
ലക്ഷ്മി;യീജന്മമതിങ്കലാ നാടകഗണിക മാധവി
പെറ്റൊരാ മണിമേഖലയെന്നുമറിക നീയമലേ!
ഇവിടെയാമണിമേഖലാ ദൈവതമാനയിച്ചോര–
ന്നറിഞ്ഞു പീഠികയാലെൻ പൂർവകഥയൊക്കെവേ.
പല്ലവാംഗി തൻ വചനമതു കേട്ടാ ദ്വീപതിലകയും
ചൊല്ലിയാ പൂർവകഥയൊക്കെയും തെളിമയായ്.
സമന്ത മലതൻ മുകളിലാ ധർമദേവനുടെ പീഠിക–
കയ്ക്കിന്ദ്രശാസനാലിരിപ്പു കാവലായ് ദ്വീപതിലക–
യെൻ നാമ,മസുലഭമിതു നിൻ ജന്മമതു നിശ്ചയം.
ധർമപദമതു പൂകിടും നീയതിനാൽ കേൾക്ക–
യമൃത സുരഭിയാമക്ഷയ പാത്രമതുയർന്നിടും
ഗോമുഖി പൊയ്കയിലാ വിശാഖ നാളിലായ്.
ബുദ്ധനൊത്തിടവരാശിയിലിളം വേനലിലറിക–
നീയിതുമാ സുദിനമിന്നാണതു ചേർന്നിടും നിൻ–
കൈകളിലെങ്കിലതേകിടും ജീവനൗഷധമേറെയും.
കേൾക്ക നീ കഥകളേറെയായ് നിൻ പുരിയതിങ്ക
ലറവണവടികളിൽനിന്നുമായതെന്നു മറിക നീ.
ദ്വീപതിലകോക്തികളേവം കേട്ടൊരാ പല്ലവാംഗിയാള–
പെരും പിഠത്തെയും പൊയ്കയെയും വണങ്ങി–
യാദരാൽ നിന്നിടുമ്പോളക്ഷയ പാത്രമതുയർന്നെ–
ത്തിയാ ചെം തുടു കൈളിലതി തുഷ്ടയായവളും.
കാമാരിയാം ജ്ഞാന പൊരുളേ! വൻ പകയകറ്റി–
നേർമാർഗമതു കാട്ടിടും പെരിയോർകളേ നാഗ–
നാട്ടിനുടെ തുയിരൊഴിച്ചോരപാദതാരിണ പണി–
ഞ്ഞിടുന്നു ഞാനെന്നാ നാഥനെയും വാഴ്ത്തിയാ–
ദ്വീപതിലക മണിമേഖലയ്ക്കൊപ്പമായ്...
പശിയതു പാപി! പോക്കിടുമഴകൊക്കെയു–
മതറുത്തിടും കുലത്വവുമതു പോലറിവും
നീക്കിടുമതു നാണവും മാനവുമൊപ്പമായ്
പൊങ്ങിടുന്നില്ലെൻനാവു പശി പോക്കിടു–
വോനെ വാഴ്ത്തിടാനരുതെനിക്കാ പെരുമ–
യോതിടാനെന്നായവൾ പിന്നെയും.
മേഘമൊഴിഞ്ഞുമാരിപെയ്തിടാതേറെ
വലഞ്ഞു രാജ്യമൊഴിഞ്ഞോരന്തണൻ
പശിയാൽ ശ്വാന മാംസതശിക്കാനോങ്ങിടു
വതിനു മുന്നമേയിന്ദ്രനു ബലി ചെയ്തിടുമ്പോ–
ളമര നാഥ കൃപയാൽ പെയ്തിതു മേഘ മേറെ–
യായ് പെരുകിയിതുയിരുകൾ വിളവുകളേറെ
യായ് പുലർന്നിതു ധർമവുമതുപോലേറിയിതു
ജ്ഞാനവുംമെന്നായ സുമുഖി ദ്വീപതിലകയും...
പോയ പിറവയിലെൻ കണവനാം രാഹുലനൊ–
പ്പമായഗ്നിയിൽ വെന്തിടുമെൻ മുന്നിലാഗതനാ–
യൊരാ സാധുചക്രനെയൂട്ടിയ കാരണാൽ ലബ്ധ–
മായതാമീയമൃത സുരഭി പെറ്റ കുഞ്ഞിൻ മുഖം
കണ്ടമ്മതൻ മുല പോലന്നം ചുരത്തിടുവതു കണ്ടി–
ടാനുണ്ടാഗ്രഹമേറെയെന്നായ മണിമേഖലയും.
ചുരത്തിടുമതു സത്തുക്കൾക്കൊക്കെയുമായ–
തിൻ ധർമസാക്ഷിയായൂട്ടുവോളായി നീയും
വീടുകയതിനാലീ പുരിതന്നെയും ക്ഷണത്താ–
ലെന്നോതിടുമ്പോളാ ദ്വീപതിലകതൻ പാദമതു
വണങ്ങി പാത്രവുമേന്തിയാ പീഠത്തെയും തൊഴു–
തവൾ ചെന്നാനൊരു മിന്നലായ് വിയത്തിൽ.
മണിമേഖലാ ദൈവതമോതിയൊരാ ദിന–
മതാഗതമായ് വന്നില്ലയെൻ സുതയെന്നോ–
ർത്തേറെയാർത്തയായിടും മാധവിതൻ മുന്നി–
ലെത്തിയാ സുഭഗ തീർത്തിതു സംശയമൊപ്പ–
മോതിയൊരത്ഭുതകാര്യവുമ ധന്യാംഗിയാൾ.
ഇരവിവർമനുടെ പെരുമകളേ!
ദുർജയവല്ലഭേ ശുഭകാരിണീ!
അമൃതപതിതന്നുദുരേ പിറന്നതാ–
മെൻ സോദരിമാർ താരയും വീരയു–
മീപ്പിറവിയിലെനിക്കമ്മമാരായിതു.
പൂർവകഥയറിഞ്ഞാടാമിരുവർക്കു–
മഖിലമറവണവടികളിൽ നിന്നുമായ്
അമൃതസുരഭിയാം ഭിക്ഷാപാത്രമിതു
വണങ്ങുകെന്നവൾതൻ വാക്യാമൃതം
കേട്ടവരിവരുമൊരുപോൽ സ്തുതി–
ചെയ്തു ചെന്നിതു പിറകെയായ്
അറവണവടികളെയും വണങ്ങിടാൻ.
● അടിക്കുറിപ്പ്
ദ്വീപ തിലക: ഇന്ദ്രനിയോഗത്താൽ ശ്രീബുദ്ധന്റെ പാദപീഠിക കാക്കുന്നവൾ.
വിശ്വാമിത്ര മഹർഷി വിശപ്പിന്റെ കാഠിന്യത്താൽ പട്ടിയിറച്ചി തിന്നാൻ തുടങ്ങിയ കഥ മനുസ്മൃതിയിൽ വിവരിക്കുന്നുണ്ട് (10ാം അധ്യായം).
● വിശദീകരണം
മണിമേഖലാ ദൈവം മറഞ്ഞതിനു ശേഷം മണിമേഖല മണൽക്കൂനയിലും പൂക്കൾ വിടർന്നുനിൽക്കുന്ന പൊയ്കയിലും ഉദ്യാനത്തിലുമെല്ലാം അലയുമ്പോൾ ദ്വീപതിലക പ്രത്യക്ഷയായി ആരാണ് ? എവിടെനിന്നു വരുന്നു? എന്നൊക്കെ ചോദിച്ചു. അതിനു മറുപടിയായി തനിക്ക് രണ്ട് ജന്മമുണ്ടെന്നും നീയതു കേട്ടുകൊള്ളുക എന്നും പറഞ്ഞ് പോയ ജന്മത്തിൽ രാഹുല പത്നിയും ഈ ജന്മത്തിൽ നാടകഗണികയായ മാധവിയുടെ വളർത്തുമകളുമായ മണിമേഖലയാണ് താനെന്ന് വ്യക്തമാക്കി. ഇവിടെ മണി പീഠികയുടെ സാമീപ്യത്തിലാണ് ഈ കഥകളൊക്കെ അറിഞ്ഞതെന്നും പറഞ്ഞപ്പോൾ പാദപീഠികയുടെ കാവൽക്കാരിയായ ദ്വീപതിലക കുറെക്കൂടി കാര്യങ്ങൾ വ്യക്തമാക്കുകയുണ്ടായി. ഇവിടെ ഗോമുഖിപ്പൊയ്കയിൽ ഇടവമാസത്തിലെ വിശാഖ നാളിൽ ഇളംവേനലിൽ ധർമദേവൻ അമൃതസുരഭിയെന്ന അക്ഷയപാത്രവുമായെത്തുമെന്നും ഭാഗ്യവശാൽ അത്തരമൊരു സുദിനമാണിന്നെന്നും ദ്വീപതിലക മണിമേഖലയോടു പറഞ്ഞു. അക്ഷയപാത്രത്തിന്റെ സർവാതിശയിയായ മഹത്ത്വവും അവൾ വിവരിച്ചു. ജീവികൾക്ക് ജീവനൗഷധം പകരുന്ന അക്ഷയപാത്രം നേടാൻ സാധിച്ചതുകൊണ്ട് നിന്റെ ജീവിതം ധന്യമായിരിക്കുന്നു. അതിനാൽ ഉടനെ നിന്റെ നഗരത്തിലേക്ക് തിരിക്കുക. ഇതു കേട്ട്ദ്വീപതിലകയെയും വണങ്ങി തന്നെ കാണാതെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാധവിയെയും സുധാമതിയെയും സമീപിച്ചു. മണിമേഖലാ ദൈവത്തിന്റെ വാക്കുകൾ യാഥാർഥ്യമായതിൽ അവർ ഏറെ സന്തോഷിച്ചു. തുടർന്ന് അുത്ഭുതകരമായ ഒരു സത്യം കേൾക്കുക എന്ന ആമുഖത്തോടെ കഴിഞ്ഞ ജന്മത്തിലെ തന്റെ ചേച്ചിമാരായ താരയും വീരയുമാണ് ഈ ജന്മത്തിലെ പോറ്റമ്മമാരായ മാധവിയും സുധാമതിയുമെന്നും അവൾ വിശദീകരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ജന്മകഥകൾ കൂടുതലായി അറവണ വടികളിൽനിന്ന് അറിയുക എന്നും അമൃതസുരഭിയെന്ന ഈ പാത്രത്തെ വണങ്ങുക എന്നും പറഞ്ഞ് അവരെയും കൂട്ടി ആ മഹാതാപസനെ കാണാനായി എഴുന്നേറ്റു.
(തുടരും)