വിഷാദിയുടെ കുമ്പസാരങ്ങൾ -കഥ
മെഴ്സിഡെസ് തല ഉയര്‍ത്തി ഗാബോയുടെ മുഖഭാവങ്ങളിലേക്ക് നോക്കി. വലിഞ്ഞുമുറുകിയിരുന്ന പേശികള്‍ക്ക് മാറ്റമൊന്നുമില്ല. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ നഷ്ടപ്പെട്ടുപോയ വര്‍ത്തമാനകാലത്തെ തിരിച്ചെടുക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിക്കുന്നുണ്ടാകുമോ!
കുന്നിന്മുകളിലേക്കുള്ള കയറ്റങ്ങള്‍ ഗാബോ ഏറെ ആസ്വദിച്ചിരുന്ന ഒന്നാണ്, ഒരുമിച്ച് നടത്തിയിരുന്ന യാത്രകളില്‍ ഏറെയും ഉയര്‍ന്ന പര്വതങ്ങളിലെക്കോ മൊട്ടക്കുന്നുകളിലേക്കോ ആകുമ്പോള്‍ ആ യാത്ര ഗാബോയെ കൂടുതല്‍ കൂടുതല്‍ ഉല്സാഹിയാക്കുന്നത് അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ഒരിക്കല്‍ ഗാബോ എന്നോടു പറഞ്ഞത് ഓർമ വരുന്നു.
''എവറസ്റ്റ് കൊടുമുടിയും ഹിമാലയ പര്‍വതനിരകളും താണ്ടുന്നതിനെകുറിച്ച് ഈയിടെ ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.''
ഉയരങ്ങള്‍ ജീവിതത്തെ കൂടുതല്‍ വിശുദ്ധീകരിക്കുമെന്ന് ഗാബോ പറഞ്ഞത് വിസ്മയത്തോടെ ഞാന്‍ കേട്ടുനിന്നു. എെൻറ സംശയത്തിനുള്ള നിവാരണമായി അതേകുറിച്ച് അദ്ദേഹം ഒരൊറ്റ വാചകത്തില്‍ വിശദീകരണവും തന്നു.
''കയറ്റത്തിന് ശേഷം ഒരിറക്കമുണ്ടെന്ന ബോധ്യത്തോടെയുള്ള യാത്രയാണ് അതിെൻറ വിശുദ്ധത.''
ഈ സംഭാഷണം നടക്കുമ്പോള്‍ മെഴ്സിഡെസ് ഡോക്ടര്‍ നിക്കോളാസിന് മുന്നിലിരുന്നു ഗാബോ എഴുതിയ പ്രണയലേഖനങ്ങള്‍ അടുക്കിെവക്കുകയായിരുന്നു. കത്തുകള്‍ മടക്കിെവക്കുംമുമ്പ് അവരതിലൂടെ മൃദുവായി വിരലോടിക്കും. ഓരോ കത്തും എടുത്തു ചെവിക്കരികിലേക്ക് ചേര്‍ത്തുപിടിക്കും. ''അദ്ദേഹത്തിെൻറ ശബ്ദം, ഓരോ വരിയിലും അദ്ദേഹത്തിന് എന്നോടുള്ള പ്രണയം ഉണ്ട്, ഇപ്പൊഴും എനിക്കത് കേള്‍ക്കാം.''
ഡോകടര്‍ നിക്കോളാസ് അന്നേരം മാര്‍ക്വേസ് കിടക്കുന്ന മുറിയിലേക്ക് എത്തിനോക്കി. ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചിരിക്കുന്നു. ഭ്രാന്തും ആകുലതയും സംഘര്‍ഷവും കൂടിക്കുഴഞ്ഞ ഒരവസ്ഥ ശരീരത്തിെൻറ രോഗാവസ്ഥയുമായി ചേര്‍ന്നപ്പോഴുള്ള തകര്‍ച്ച മാര്‍ക്വേസിനെ കീഴ്പ്പെടുത്തികഴിഞ്ഞിരിക്കുന്നുവെന്ന് എങ്ങനെയാണ് മെഴ്സിഡെസിനോട് പറയുകയെന്ന് ഓര്‍ത്തപ്പോള്‍ ഒരു ഡോക്ടര്‍ ആയിട്ടും പരിഭ്രമം തന്നെ അലട്ടുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.
''താങ്കള്‍ക്ക് ഒരു കപ്പ് കാപ്പി കൊണ്ടുവരട്ടെ?''
''വേണമെന്നില്ല മിസ്സിസ് മാര്‍ക്വേസ്.''
''ഗാബോ ഈ അവസ്ഥയെ മറികടക്കുമെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലേ ഡോക്ടര്‍?''
''തീര്‍ച്ചയായും.''
അവരെ സമാധാനിപ്പിക്കാന്‍ എന്നവണ്ണം സൗമ്യത മുഖത്ത് വരുത്തിക്കൊണ്ട് നിക്കോളാസ് മറുപടി പറഞ്ഞു. പിന്നെ വിഷയം മാറ്റാന്‍ എന്നവണ്ണം അടുക്കിെവച്ച കത്തുകളിലേക്ക് നോക്കി ചോദിച്ചു:
''ഇത്രയധികം കത്തുകള്‍ അദ്ദേഹം നിങ്ങള്‍ക്ക് എഴുതിയിരുന്നുവല്ലേ?''
''അല്ല ഡോക്ടര്‍. ഈ കത്തുകളില്‍ ഏറെയും ഗാബോ തെൻറ മറ്റു പ്രണയിനിമാര്‍ക്ക് എഴുതിയതാണ്.''
''എന്ത്!''
''അങ്ങിനെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്.'' അത് പറയുമ്പോള്‍ മെഴ്സിഡെസ് പുഞ്ചിരിക്കുകയായിരുന്നു.
''ലോകത്ത് ഏതെങ്കിലുമൊരു ഭര്‍ത്താവ് ഭാര്യയോട് ഇങ്ങിനെ പറയുമോ, എങ്കില്‍ ഈ കത്തുകള്‍ നിങ്ങളുടെ വിവാഹത്തിന് മുമ്പുള്ളതായിരിക്കുമല്ലേ?''
''അല്ല, അദ്ദേഹം എണ്‍പത്തിനാല് വയസ്സുവരെ എഴുതിയ പ്രണയലേഖനങ്ങള്‍.'' നിക്കോളാസ് വിസ്മയത്തോടെ അവരെ ഉറ്റുനോക്കി.
''അതിശയിക്കേണ്ടതില്ല ഡോക്ടര്‍, അതിനർഥം ഞങ്ങളുടെ പ്രണയം അത്രമേല്‍ സുദൃഢം എന്നുതന്നെയാണ്. അദ്ദേഹത്തിന് എന്നിലുള്ള പരിപൂർണ വിശ്വാസമാണ് ഈ കത്തുകള്‍. ഗാബോയുടെ ഹൃദയത്തി
െൻറ സുതാര്യത ഞങ്ങളുടെ ആത്മബന്ധത്തിെൻറ അളക്കാന്‍ കഴിയാത്തത്ര വിശ്വാസത്തിെൻറ മേലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്.
ഡോക്ടര്‍ നിക്കോളാസ് അന്നേരം എഴുന്നേറ്റ് ചെന്നു മെഴ്സിഡെസിെൻറ കരം കവര്‍ന്നുകൊണ്ട് പറഞ്ഞു: ''ഗാബോ തീര്‍ച്ചയായും ജീവിതത്തിലേക്ക് തിരികെവരും. വരാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.''
''കൈവിട്ടുപോകാവുന്ന ശാരീരിക ആസക്തികളെ കീഴ്പ്പെടുത്താന്‍ പ്രണയത്തിനല്ലാതെ സാധിക്കില്ലായെന്നാണ് അദ്ദേഹത്തില്‍നിന്നും ഞാനറിഞ്ഞത്. അതേസമയം വാർധക്യത്തെ അതിജീവിക്കാനുള്ള മാര്‍ഗമായി അദ്ദേഹം രതി തിരഞ്ഞെടുക്കുകയും ചെയ്തു. ഗാബോയുടെ ശരീരത്തിെൻറ ഇഞ്ചോടിഞ്ചും കഥാപാത്രങ്ങള്‍ ആയിരുന്നു , കഥകളെ അടക്കം ചെയ്ത മാംസകഷണമായിട്ടാണ് അദ്ദേഹത്തിെൻറ നഗ്നതപോലും ഞാന്‍ നോക്കിക്കണ്ടിട്ടുള്ളത്.
എഴുത്തുമുറിയില്‍ അദ്ദേഹം തന്നോടു തന്നെ യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എങ്കിലും അസാധാരണമായ അച്ചടക്കത്തോടെയാണ് ഗാബോ ആ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. പക്ഷേ കഥാപാത്രങ്ങള്‍ ആവേശിച്ച ചില സന്ദര്‍ഭങ്ങളുണ്ട്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴെനിക്ക് ചിരിവരും. ഒരു ദിവസം അർധരാത്രി പുറത്തേക്കിറങ്ങിവന്നിട്ട് ഗാബോ എന്നോടു ചോദിച്ചു: ''മുപ്പത്തിരണ്ടു വിപ്ലവങ്ങള്‍ നടത്തുകയും എല്ലാത്തിലും പരാജയപ്പെടുകയും ചെയ്ത ജോസെ അര്‍ക്കാഡിയ ബേന്ദിയ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലെത്തിയിരിക്കയാണ്, എന്താണ് നിെൻറ അഭിപ്രായം?''
അന്നേരത്തെ ഗാബോയുടെ മുഖം എന്നെ പരിഭ്രമത്തിലാഴ്ത്തിക്കളഞ്ഞു. എന്തു മറുപടിയാണ് പറയുകയെന്ന് സമചിത്തതയോടെ തീരുമാനിക്കാനുള്ള സമയം ഗാബോ എനിക്കു തരിെല്ലന്നുറപ്പാണ്. അദ്ദേഹം പുറത്തേക്കിറങ്ങി പോകുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്കന്നേരം പുഞ്ചിരിക്കാന്‍ സാധിച്ചു. പക്ഷേ എെൻറ പുഞ്ചിരിയെ മറികടന്നുകൊണ്ട് അദ്ദേഹം ഇടിച്ചു നിലവിളിച്ചു. ഭയം എെൻറ പഞ്ചേന്ദ്രിയങ്ങളെ ഏതാനും നിമിഷത്തേക്ക് നിശ്ചലയാക്കി. അടുത്ത നിമിഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു:
''ഇനിയൊരു വിപ്ലവം അയാള്‍ക്ക് വിജയിക്കാന്‍ കഴിയിെല്ലന്നു നിങ്ങള്‍ ഉറപ്പിച്ചിട്ടില്ലയെന്നാണോ?''
ഡോക്ടര്‍ നിക്കോളാസ് അന്നേരം പറഞ്ഞു:
''ഇപ്പോള്‍ ഒരു കപ്പ് കാപ്പി തന്നാല്‍ ഞാന്‍ കുടിക്കും, കാരണം നിങ്ങളുടെ പ്രണയത്തിന് അദ്ദേഹത്തിെൻറ സ്മരണകളെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് എനിക്കുറപ്പാണ്.''
''ഞാനും വിശ്വസിക്കുന്നു. കാരണം, അദ്ദേഹത്തിന് പ്രണയത്തിനോടുള്ള ആസക്തി അത്രമേല്‍ ഗാഢമായിരുന്നു. പരിതഃസ്ഥിതികള്‍ മാറുമ്പോഴും ഗാബോ പ്രണയത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഗാബോയുടെ ഓരോ രചനയും വിഷാദിയായ ഒരാളുടെ കുമ്പസാരങ്ങള്പോലെയാണെന്ന് ഇടക്കെല്ലാം ഞാന്‍ കളിയാക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ എഴുത്തുകാര്‍ തങ്ങളുടെ രചനകളിലൂടെ പ്രകടിപ്പിക്കുന്നത് നേടിയെടുക്കാന്‍ സാധിക്കാതെപോയ അഭിലാഷങ്ങളുടെ ആവിഷ്കാരങ്ങള്‍ ആയിരിക്കാമല്ലേ ഡോക്ടര്‍ നിക്കോളാസ്.''
മെഴ്സിഡെസ് പുഞ്ചിരിയോടെ അത് പറഞ്ഞിട്ട് കാപ്പിയെടുക്കാനായി അകത്തേക്ക് പോയി.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - --
അയാളുടെ ഓർമകളില്‍ അന്നേരം അരകത്തായയിലുള്ള വീടായിരുന്നു. മുത്തച്ഛനോടൊപ്പം എന്നും നടക്കുന്ന വഴിയിലൂടെയല്ല അന്ന് നടന്നത്. മുത്തച്ഛന് എന്നും അങ്ങനെയാണ്. പുതിയ പുതിയ ഭൂപടങ്ങള്‍ കണ്ടെത്തുംപോലെയുള്ള കൗതുകം പുതിയ ഇടവഴികള്‍ താണ്ടുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചു. ഇടവഴിയില്‍ നിറയെ ബദാം മരങ്ങള്‍ നിരന്നുനിന്നിരുന്നു. ചുറ്റും പരന്നിരുന്ന അപരിചിതമായ അനേകം ഗന്ധങ്ങള്‍, ഇതൊന്നും മുമ്പ് അനുഭവിച്ചിട്ടില്ല. മുത്തച്ഛനാകട്ടെ വാതോരാതെ കഥകള്‍ പറഞ്ഞു. പട്ടാള കഥകള്‍, യുദ്ധത്തിെൻറയും കലാപത്തിെൻറയും വീര്യത്തിെൻറയും കഥകള്‍, കഥകളില്‍ മനസ്സും ചുറ്റുപാടില്‍ കണ്ണും നട്ടു നടക്കേ കണ്ണിന് മുമ്പില്‍ 'മക്കൊണ്ട' എന്നൊരു ബോര്‍ഡ് തെളിഞ്ഞു. 'മക്കൊണ്ട' ഏതാണ് ഈ സ്ഥലം. ഇതുവരെ കാണുകയോ, കേള്‍ക്കുകയോ ചെയ്യാത്ത പുതിയ ഈ ഭൂമിക.
പിന്നെ ആ സ്ഥലം ഒരിക്കല്‍കൂടി ഓര്‍ത്തത് സാഹസികമായ ഒരു ബോട്ട് യാത്രയില്‍ ഇരുന്നുകൊണ്ടാണ്. ഒരമ്മ മകനോടൊന്നിച്ചുപുറപ്പെട്ട യാത്രയില്‍. ബാറണ്കിലയില്നിന്നും അരകത്തായയിലേക്കുള്ള യാത്ര, കനാലിലൂടെ പഴകി തുരുമ്പെടുത്ത ഇരുമ്പ് ബോട്ടില്‍ മരണം മുന്നില്‍ കണ്ടിരിക്കെ തുടരെ തുടരെ സിഗരറ്റ് വലിച്ചുകൊണ്ടു ഞാന്‍ കുട്ടിക്കാലത്തെ ഓര്‍ത്തെടുത്തു. അനേകം ചതുപ്പുകളും വെള്ളക്കെട്ടുകളും താണ്ടി ആ ബോട്ടില്‍ നഗരത്തില്‍ എത്തിയാലും പിന്നേയും തീവണ്ടിയില്‍ യാത്ര ചെയ്താലേ ഞങ്ങളുടെ പൂർവികരുടെ ഗ്രാമത്തിലെത്താന്‍ സാധിക്കൂ. എത്രയോ പര്‍വതങ്ങളും ഗ്രാമങ്ങളും തോട്ടങ്ങളും പിന്നിട്ട് വേണം ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍. ഒരുപക്ഷേ ഈ യാത്രയില്‍ ഞങ്ങള്‍ ലക്ഷ്യം കാണുമോ എന്നുപോലും ഉറപ്പില്ല.
ആ യാത്രയായിരുന്നു ജീവിതത്തെ വിശുദ്ധീകരിച്ചത്. അവിടെ തുടങ്ങിയ യാത്ര എങ്ങോട്ടാണ് എന്നെ കൊണ്ടുപോയത്. ഓര്‍ക്കാന്‍ ശ്രമിച്ചു ശ്രമിച്ച് തലച്ചോറ് പൊട്ടുന്നതുപോലെ അയാള്‍ക്ക് തോന്നി.
എന്തെങ്കിലും ഒന്നു കുത്തിക്കുറിച്ചാല്‍ ഒരുപക്ഷേ ഹൃദയം ശാന്തമാകുമോ. ഇന്നലെയും ഇതുപോലെ ഒരനുഭവം ഉണ്ടായതോര്‍ക്കുന്നു. ശരിയാണ്. എഴുതാന്‍ ശ്രമിച്ചിട്ടും തിരക്കുകള്‍ അനുവദിക്കാതെ. ഒടുവില്‍ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നലനുഭവപ്പെട്ടു. ആഴ്ചകളായി അവസ്ഥ പരിതാപകരമാണ്. വിഷാദം അതിെൻറ ഏകാന്തതയോടൊപ്പം വലിഞ്ഞു മുറുകിയ നാളുകള്‍. അസ്വസ്ഥതയുടെ പാരമ്യത്തില്‍ ഇത്തിരിപ്പോന്ന എഴുത്തുമുറിയിലേക്ക് പായുകയായിരുന്നു. അത് താനിയയുടെ മുറിയായിരുന്നു. എന്തെഴുതണമെന്ന് എനിക്കു നിശ്ചയമുണ്ടായില്ല. പക്ഷേ എന്തെങ്കിലും കുറിച്ചുെവച്ചില്ലായെങ്കില് എനിക്കു ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. എന്നെ വലയംചെയ്യുന്ന ഈ പ്രപഞ്ചത്തിെൻറ നിഗൂഢതയോട് വിളിച്ചു പറഞ്ഞാലോ...എനിക്കു ഭ്രാന്ത് പിടിക്കുമെന്ന്. സത്യത്തില്‍ അന്നേരം അങ്ങിനെയാണ് തോന്നിയത്. ഈ ഉരുണ്ട ഭൂഗോളം, അതിലെ ദൃശ്യവും അദൃശ്യവുമായ അനേകമനേകം വസ്തുക്കള്‍, പുല്ലും പൂവും പുഴുക്കളും... എനിക്കെല്ലാത്തിനോടും പക തോന്നി. എന്നെ ഇങ്ങിനെ പരുവപ്പെടുത്തി വിട്ട ഈശ്വരനോടുപോലും.
താനിയ എനിക്കു പിന്നില്‍ വിഷാദവതിയായി നില്‍പ്പുണ്ടായിരുന്നു. അവള്‍ക്കെന്നെ ഒന്നു സ്പര്‍ശിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും കൊതിയുണ്ടായിരുന്നിരിക്കാം. ആ നേരത്തെ അങ്കലാപ്പിനിടയിലും അവളെ കുറിച്ച് ചിന്തിക്കാനെനിക്ക് സാധിച്ചുവെന്നത് അത്ഭുതകരംതന്നെ.
അന്നേരം ജീവിതത്തിനും ഭ്രാന്തിനുമിടയിലെ പേടിപ്പെടുത്തുന്ന ഇടവേളയില്െവച്ച് എെൻറ വിരലുകള്‍ ടൈപ്പ് റൈറ്റിങ് മെഷീനിലൂടെ തരിപ്പോടെ സഞ്ചരിച്ചു. മുന്‍കൂട്ടി ചിട്ടപ്പെടുത്താതെ ആദ്യമായൊരു വാചകം അന്നേരം ഞാന്‍ ടൈപ്പ് ചെയ്തു.
''കേണലിന് ആരും എഴുതുന്നില്ല''
അന്നേരം താനിയ എെൻറ തോളിലേക്ക് തല ചേര്‍ത്തുെവച്ചു. എനിക്കന്നേരം ഹൃദയത്തില്‍ കടലിരമ്പം കേള്‍ക്കാമായിരുന്നു. എെൻറ കണ്ണുകള്‍ ആര്‍ത്തലച്ച നദിപോലെയായി. പെട്ടെന്ന് താനിയ വാവിട്ടുകരഞ്ഞു. ഞാനും... ഞങ്ങളിരുവരും കരയുന്ന ഓരോ നദികളായി മാറി...
ആ രാത്രിയിലാണ് കേണലിനെ താനിയ കണ്ടത്. ഭൂമിയിലെ എല്ലാ ഏകാകികളായ മനുഷ്യരെയും കണ്ടെത്തുംപോലെ കാത്തിരിപ്പിെൻറ കൂടാരത്തില്െവച്ച് . കേണല്‍ പെന്ഷന് വാങ്ങാന്‍പോയി നിരാശനായി മടങ്ങിയിരുന്ന അതേ വഴിയിൽവെച്ച് പിന്നീടിതാ വീണ്ടും എനിക്കു താനിയയെ കാണേണ്ടിവന്നു. പ്രണയത്തിെൻറ അനേകം കാതങ്ങള്‍ അതിെൻറ ഇടവേളകളില്‍ ഞങ്ങളിരുവരും താണ്ടിക്കഴിഞ്ഞിരുന്നു.
അവളെ അങ്ങിനെ കണ്ടപ്പോള്‍ എനിക്കു തോന്നി. യഥാർഥത്തില്‍ താനിയ എെൻറ ഭാവനയായിരുന്നോ. ശരത്കാലത്തിെൻറ ആരംഭത്തില്‍ എന്നില്‍ ആഴത്തിലുണ്ടായ ഈ മുറിവില്നിന്നുമാണ് ഞാന്‍ 'കോളറക്കാലത്തെ പ്രണയം' സൃഷ്ടിച്ചതെന്ന് എനിക്കവളോട് വിളിച്ചുപറയാന്‍ തോന്നി. യൗവനത്തിലെ പ്രണയത്താല്‍ ഞങ്ങളിരുവരും രോഗാതുരരായി മാറി. സായാഹ്നയാത്രയില്‍ പ്രണയം ഞങ്ങളുടെ യൗവനത്തെ തിരിച്ചുതന്നതുപോലെ.
''ഗാബോ'', താനിയ വിളിച്ചു.
എെൻറ തൊണ്ട വരണ്ടുണങ്ങി. ഓർമകള്‍ എന്നിലേക്ക് ആര്ത്തലച്ചുകയറിവന്നു. എവിടെനിന്നോ പേരക്കയുടെ മണം പരന്നതുപോലെ. ഈ ഗന്ധം... താനിയയെ ആദ്യം ഉമ്മെവച്ചപ്പോള് അനുഭവിച്ച രുചിയുടെ ഓർമ എന്നിലുണര്‍ത്തി.
അരക്കത്തായയിലെ വീടെനിക്ക് ഓർമവന്നു. അവസാനമായി അവിടെനിന്നു പടിയിറങ്ങിപോന്നത്. വീടുകളും ഓർമകളും എങ്ങിനെയാണ് സ്വന്തമല്ലാതാകുന്നത്. കൈവശക്കാരന് മറ്റൊരാള്‍ ആകുമ്പോഴും ഓർമകള്‍ സ്വന്തമായുള്ളപ്പോള്‍!
പെട്ടെന്ന് പാരീസിലെ പഴക്കംചെന്ന പള്ളിയുടെ ഓർമ തലച്ചോറിനെ ഉഴുതുമറിച്ചു. പ്രണയിച്ച പെണ്ണിനെ മറ്റൊരാള്‍ മിന്നുകെട്ടുന്നത് നോക്കി നിന്ന നിമിഷം. ഞാന്‍ താനിയയെ ഉറ്റു നോക്കിനിന്നു. അവളെന്നെയും.
പിന്നീട് അങ്ങിനെയല്ലേ അരീസയും ഫെര്മിനഡയും ഉറ്റുനോക്കി നിന്നത്...
അങ്ങിനെ നില്‍ക്കേ ചാള്‍സ് താനിയയെയും മെഴ്സിഡെസ് എെൻറയും കൈകള്‍ പിടിച്ചുകൊണ്ടു ദേവാലയത്തിെൻറ പടികള്‍ ഇറങ്ങി.
അന്നേരം അരീസ എന്നില്‍ പുനര്‍ജനിച്ചു. വൃദ്ധനായ കേണല്‍ വിഷാദമൂകനായി നടന്ന പാതയോരത്ത് െവച്ച് അരീസ എന്നില്‍ പുനര്‍ജനിച്ചു.
കടുത്ത ഏകാന്തതയിലും വിരഹത്തിലും പെട്ട് കലങ്ങിമറിയുമ്പോഴും അയാള്‍ കാത്തിരിക്കുകയായിരുന്നു, കാത്തിരിപ്പുകൊണ്ടു രാജാവായി തീര്‍ന്നയാള്‍. അമ്പത്തിയൊന്ന് വര്‍ഷവും ഒമ്പത് മാസവും നാലു ദിവസവും നീണ്ട കാത്തിരിപ്പ്. എഴുപത്തിയേഴാം വയസ്സില്‍ കാമുകിയുടെ കാതുകളില്‍ പ്രണയംപറഞ്ഞ ആ കാമുകനെ സൃഷ്ടിച്ചത് നീയായിരുന്നു താനിയ എന്നെനിക്ക് വിളിച്ചു പറയാന്‍ തോന്നി.
''അന്ന് നീ സാക്ഷിയായി ഞാനെഴുതിയ വാചകം ഓർമയില്ലേ?''
ഞാന്‍ ചോദിച്ചു.
''കേണലിന് ആരും എഴുതുന്നില്ല''
താനിയ മന്ത്രിച്ചു.
''പെന്ഷന് കാത്തിരിക്കുന്ന സുഹൃത്തുക്കള്‍ ഓരോരുത്തരായും ഈ ഭൂമി വിട്ടുപോയെന്ന് അറിയുമ്പോഴും ഈ വഴിയിലൂടെ ഒരു പോരാളിയുടെ വീറോടെയാണ് കേണല്‍ പോസ്റ്റോഫോസില്നിന്നും മടങ്ങിയിരുന്നത്. ഒഴിഞ്ഞ കൈകള്‍ വീശിക്കൊണ്ട്. പ്രതീക്ഷയുടെ മറ്റൊരു വെള്ളിയാഴ്ച അയാള്‍ക്ക് മുന്നില്‍ അപ്പോഴും ബാക്കിയുണ്ടല്ലോ. ഞാനും പ്രതീക്ഷയുടെ ഓരോ വെള്ളിയാഴ്ചയും കാത്തിരുന്ന ഒരാളായിരുന്നു. എനിക്കു വിശ്വാസമുണ്ടായിരുന്നു, ഒടുവില്‍, ഒരിക്കല്‍ ഇതേ ഇടവഴിയില്‍വെച്ച് നമ്മള് കണ്ടുമുട്ടുമെന്ന്.''
ഫെര്‍മിന അയാളുടെ ചുളിവുകള്‍ വീണ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. നരകയറിയ ചെന്നിയിലെ മുടിയിഴകള്‍, മൂക്കിനു കീഴിലെ ഇടതൂര്‍ന്ന രോമങ്ങളിലെ എഴുന്നു നില്ക്കുന്ന വെള്ളിയിഴകള്‍. സൂക്ഷ്മത നിറഞ്ഞ കണ്ണുകളിലെ പ്രണയതിളക്കത്തിന് മാത്രം ഇപ്പൊഴും ബാക്കിനില്ക്കുന്ന യൗവനം.
''അരീസാ...''
ഫെര്‍മിന അത്ഭുതത്തോടെ വിളിക്കുകയാണ്.
എനിക്കു സ്ഥലകാല വിസ്മൃതി സംഭവിച്ചോ! ആരാണ് എന്നെ വിളിച്ചത്. ഗാബോ എന്നല്ലേ ഞാന്‍ കേട്ടത്. താനിയ അല്ലേ എെൻറ മുന്നില്‍ നില്‍ക്കുന്നത്.
ആ കുതിരവണ്ടിക്കാരന്‍ ഇടക്ക് ഞങ്ങളെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്, എഴുപത്തിരണ്ട് വയസ്സുള്ള നാണം അവളുടെ മുഖത്ത് ഞാന്‍ കണ്ടു.
എനിക്കന്നേരം അയാളെ ഇടിച്ചോടിക്കാന്‍ തോന്നി. പക്ഷേ എെൻറ ഹൃദയത്തിന് മാത്രമേ ചെറുപ്പം ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവില്‍ അയാളെ ശ്രദ്ധിക്കാതെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഫെര്‍മിനയെ അരികിലേക്ക് കൂടുതല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇരുത്തവെ കുതിരവണ്ടിക്കാരന്‍ ഞങ്ങളുടെ നേരെ അടുത്തു വന്നിട്ട് എെൻറ ചെവിയില്‍ അടക്കം പറഞ്ഞു:
''Be careful, donfloro, that look like cholera.''
ഫെര്‍മിന അന്നേരം പൊട്ടിച്ചിരിച്ചു, ഞങ്ങളിരുവരും കുട്ടികളെപോലെ ആര്‍ത്തു ചിരിച്ചു.
അപകടകരമായ കോളറപോലെ പ്രണയം ഞങ്ങളുടെ ഹൃദയത്തെ ബാധിച്ചുകഴിഞ്ഞിരുന്നു.
''ഈ സമുദ്രത്തിലേക്ക് ഞാന്‍ ചാടി കഴിഞ്ഞു.''
താനിയ എെൻറ മുന്നില്‍ നിന്നുകൊണ്ട് പറയുകയാണ്.
''കപ്പലില്‍ മഞ്ഞ കൊടി ഉയര്‍ത്തൂ.''
ഞാന്‍ ക്യാപ്റ്റനോട് ആവശ്യപ്പെട്ടു.
''കപ്പലില്‍ കോളറ രോഗികള്‍ ഉണ്ടെന്ന് ആളുകള്‍ വിചാരിച്ചുകൊള്ളുമല്ലോ.''
''മറന്നുെവച്ച ഞങ്ങളുടെ യൗവനം വീണ്ടെടുക്കാന്‍ ഒരു തീരത്തും അടുപ്പിക്കാതെ വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് യാത്ര ചെയ്യണം.''
''അരീസാ''
വിളിച്ചത് ഫെര്മിനയാണ്
''ഗാബോ, ഗാബോ''
ആരോ എന്നെ പതിയെ വിളിക്കുന്നു, ചെവിക്കരികില്‍ മന്ത്രണംപോലെ നനുത്ത ശബ്ദം.
''ഗാബോ, പ്രിയപ്പെട്ടവനേ...''
ചുട്ടുപൊള്ളുന്ന നെറ്റിയില്‍ തണുത്ത പഞ്ഞിതുണ്ട് ആരാണ് എടുത്തുെവച്ചത്, എനിക്കു കണ്ണുകള്‍ തുറക്കാന്‍ സാധിച്ചില്ല, പക്ഷേ കണ്ണില്‍നിന്നും ചൂടുള്ള ദ്രാവകം ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങുന്നത് ഞാനറിഞ്ഞു.
പഴുത്ത പേരക്കയുടെ സ്വാദ് വായില്‍ നിറയുന്നതുപോലെ അയാള്‍ക്കന്നേരം അനുഭവപ്പെട്ടു.
''നൂറ്റി ഇരുപതാം വയസ്സില്‍ കിടക്കയില്‍ മരണത്തെ കാത്തു, കാത്തു കിടക്കെ ഉര്‍സുല പന്നിവാലുകളോടെ പിറക്കുന്ന കുഞ്ഞുങ്ങളെ സ്വപ്നം കാണുന്നു. ദുഃസ്വപ്നങ്ങള്‍ വേട്ടയാടുന്ന രാത്രികളില്നിന്നും രക്ഷനേടാനായി അവള് മറവിയെ കൂട്ടുപിടിക്കാന്‍ പരിശ്രമിക്കുന്നു, പക്ഷേ വീണ്ടും വീണ്ടും ദുഃ സ്വപ്നങ്ങള്‍ നിറഞ്ഞ സമുദ്രത്തിലേക്ക് അവള് എടുത്തെറിയപ്പെടുകയാണ്.''
ഇരുണ്ട അഗാധതയില്നിന്നെന്നോണം ആരോ വായിക്കുന്നു.
ഈ ശബ്ദം തനിക്ക് പരിചിതമാണല്ലോ.
''ഗാബോ, ഈ വരികള്‍ നിങ്ങള്‍ക്കോർമയില്ലേ?''
നെറുകയിലൂടെ തഴുകിയിറങ്ങുന്ന നീണ്ട വിരലുകള്‍, ചെവിക്കരികില്‍ പതിഞ്ഞ ശബ്ദം.
ഈ വരികള്‍, ഉവ്വ് എവിടെയോ വായിച്ചതിെൻറ ഓർമ അവശേഷിക്കുന്നു. ഓർമകള്‍ പതുങ്ങി പതുങ്ങിയാണ് എന്നെ തേടി വരുന്നത്, നിശ്ശബ്ദമായ ഒരു ഇടവഴിയിലെ ഏകാന്തതയില്വെച്ച് ഓർമയുടെ ഒരു നക്ഷത്രം തെളിഞ്ഞുകാണുന്നു.
''ഓഹ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, അപ്പോള്‍ ഞാന്‍ മക്കൊണ്ടയില്‍ എത്തിപ്പെട്ടത് എങ്ങിനെയാണ്. എപ്പോള്‍, ആരാണ് എന്നെ കൊണ്ടുവന്നത്, താനിയ നീയാണോ!''
''ഗാബോ, ഇത് നിങ്ങള്‍ എഴുതിയ വരികളല്ലേ, ഓർമവരുന്നില്ലേ?''
''അയ്യോ, ആ മാന്ത്രികന് മെല്ക്വീദിയാസ് പ്രവചിച്ചത് ഞാനും കേട്ടിരുന്നു. മക്കൊണ്ടയിലെ കാരണവരെ ഉറുമ്പുകള്‍ കടിക്കുന്നത് കണ്ടിട്ട് എന്താണ് താനിയ നീ നോക്കിനില്ക്കുന്നത്. നീയിപ്പോഴും കേണലിനെ കാത്തുനില്ക്കയാണോ. കിഴവന് എന്നേ മരിച്ചുകാണും.''
''ഇല്ല ഗാബോ, അയാള്‍ക്ക് മരിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല. അെല്ലങ്കില്‍ മരണത്തിെൻറ കാരണം പ്രായമാണെന്ന് ആരാണ് പറഞ്ഞത്?''
''ശരിയാണ്, മരണത്തിനും പ്രണയത്തിനും പ്രായം നിശ്ചയിക്കാന്‍ സാധിക്കില്ല. വാർധക്യം എന്നൊക്കെ പറഞ്ഞാല്‍ യുവാക്കളുടെ ഒരു ഫാന്‍സി ഡ്രസ് മല്‍സരമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അെല്ലങ്കില്‍ മാരിയോ വര്ഗാസിനോട് നീ തന്നെ ചോദിച്ചു നോക്കൂ. അയാളല്ലേ പറഞ്ഞത് എെൻറ തുറന്നുപറച്ചിലുകള്‍ സത്യം പറയുന്ന പെരും നുണയെൻറ കുമ്പസാരങ്ങള്‍ ആണെന്ന്.''
മാര്‍ക്വേസിനെ ഉറ്റുനോക്കിയിരിക്കെ തെൻറ കണ്ണുകള്‍ നിറയാതെയിരിക്കാന്‍ മെഴ്സിഡെസ് ശ്രമപ്പെട്ടു. അദ്ദേഹം കണ്ണുകള്‍ തുറന്നുതന്നെ നോക്കിയിരുന്നെങ്കില്‍, ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ താളംതെറ്റി പുലമ്പുന്ന ഏതാനും വാചകങ്ങള്‍ക്ക് അപ്പുറം ഗാബോയുടെ തലച്ചോറില്‍ സ്മരണകള്‍ അവശേഷിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെല്ലാം വര്ത്തമാനകലത്തില്നിന്നും അനേകം കാതം അകലെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജ്വരം ഇപ്പോള്‍ മൂർധന്യാവസ്ഥയില് എത്തിയിരിക്കുന്നു. സുഹൃത്തുക്കള്‍ ആരെങ്കിലും വന്നാലോ അടുത്തിരുന്നു സംസാരിച്ചാലോ എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. എല്ലാവരും ഗാബോയുടെ ആരോഗ്യനിലയില്‍ പരിഭ്രാന്തരാണ്. മാധ്യമ സുഹൃത്തുക്കള്‍ വീണ്ടും വീണ്ടും അന്വേഷണവുമായിവരുന്നു. അവരോട് എന്താണ് മറുപടി പറയുക.
മകന് അടുത്തുചെന്നിരുന്നപ്പോള് അദ്ദേഹം അപരിചിതനായ ആരെയോ കണ്ടതുപോലെ തുറിച്ചുനോക്കിയ ആ നിമിഷമാണ് മെഴ്സിഡെസ് ഞെട്ടലോടെ തെൻറ ഉള്ളില്‍ ഉറഞ്ഞുകൂടിയ സംശയം ഉറപ്പിച്ചത്. ഗാബോയുടെ ഓർമകള്‍ പലപ്പോഴും കൈവിട്ട് പോകുന്നുണ്ടോ. അദ്ദേഹം പലവട്ടം തന്നെ 'ഡെലഗദിന' എന്നു വിളിച്ചു. ഡെലഗദിനയെ അദ്ദേഹം സൃഷ്ടിച്ചത് വാർധക്യത്തോടുള്ള ഭയത്തിനെ അതിജീവിക്കാനാണോയെന്ന് സംശയം തോന്നിയിട്ടുണ്ട്. യഥാർഥത്തില്‍ ആരായിരുന്നു ഡെലഗദിന, ഗാബോയുടെ അക്ഷരങ്ങളിലേക്ക് എവിടെനിന്നാവും അവളെ ലഭിച്ചിരിക്കുക. ചില ചോദ്യങ്ങള്‍ ചോദിക്കാതെ ഒഴിവാകുകയാണ് ഉചിതമെന്നു ബോധ്യമുള്ളതിനാല്‍ ആ ചോദ്യം അദ്ദേഹത്തോട് ചോദിക്കാന്‍ മുതിര്‍ന്നിട്ടില്ല.
പക്ഷേ ഡെലഗദിന ഫെര്‍മിനയുടെ നിഴലാണോയെന്ന് ഓരോ വായനയിലും അനുഭവപ്പെട്ടു. തീവ്രമായ പ്രണയത്തിലൂടെയല്ലാതെ രതി ആസ്വദിക്കാന്‍ തനിക്ക് കഴിയില്ലായെന്ന് എത്രയോ വട്ടം ഗാബോ പറഞ്ഞിരിക്കുന്നു. നാനൂറിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും പ്രണയത്തിലൂടെ അല്ലാതെ തനിക്ക് ആനന്ദം അനുഭവിക്കാന്‍ സാധിച്ചിട്ടില്ലായെന്ന് പ്രസ്താവിച്ച അരീസയുടെ വിദൂര ഛായ ഡെലഗദിനയെ സ്വന്തമാക്കിയ വൃദ്ധനായ കാമുകനിലും ഉണ്ടായിരുന്നില്ലേ! അതിനർഥം ഗാബോ നഷ്ടമാകാന്‍ പോകുന്ന യൗവനത്തെ ഓർത്ത് ഭയന്നതിനെക്കാള്‍ അധികമായി പ്രണയമില്ലാതാകുന്ന ജീവിതത്തെ ഭയന്നിരുന്നുവെന്നാണോ!
വാർധക്യത്തെ കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ അദ്ദേഹം പരിഭ്രാന്തനായിരുന്നുവെന്നോ!
അവര്‍ എഴുന്നേറ്റ് മേശപ്പുറത്ത് പകുതി വായിച്ചു അടയാളം െവച്ചിരിക്കുന്ന പുസ്തകം എടുത്തു മറിച്ചുനോക്കി: ''The house of sleeping beauties.''
പെട്ടെന്ന് കട്ടിലില്‍ കിടന്നുകൊണ്ട് മാര്‍ക്വേസ് വാവിട്ടു കരയാന്‍തുടങ്ങി. എന്നാല്‍ താന്‍ കരയുകയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ലായെന്ന് മെഴ്സിഡെസിനു വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തെ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സങ്കീർണമായ ആ നിമിഷത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ അവര്‍ ഗാബോയെ ഇറുകെ കെട്ടിപ്പിടിച്ചു
പുസ്തകത്തിെൻറ താളുകള്‍ ഓരോന്നായി മറിച്ചുനോക്കിയിട്ട് അവരതെടുത്തു ഭദ്രമായി അലമാരയിലേക്ക് െവച്ചു. ഗാബോയുടെ ചുംബനങ്ങള്‍ക്ക് അടുത്തകാലങ്ങളില്‍ സംഭവിച്ച വന്യമായ ആസക്തിയെ കുറിച്ചായിരുന്നു അവരന്നേരം ചിന്തിച്ചത്. തെൻറ രതി ഒരു യുവാവിെൻറ പ്രകടനംപോലെ മികച്ചതാകണമെന്ന് ഗാബോ തീവ്രമായി കൊതിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അവര്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു. വീണ്ടും എഴുന്നേറ്റ് മാര്ക്വേസിെൻറ നെറ്റിയിലെ ഉണങ്ങിതുടങ്ങിയ പഞ്ഞി തണുത്ത വെള്ളത്തില്‍ മുക്കി നെറ്റിയില്‍ വിരിച്ചിട്ടു. കട്ടിലില്‍ ഇരുന്നുകൊണ്ട് അയാളുടെ കൈകളില്‍ തിരുമ്മി ചൂട് പിടിപ്പിച്ചു. ''ഗാബോ, നിങ്ങളെന്നാണ് ഇനി പഴയതുപോലെ എഴുന്നേറ്റ് ചുറുചുറുക്കോടെ ഓടിനടക്കുക. നിങ്ങളുടെ വെളുത്ത ഷര്‍ട്ടും നീല ജീന്‍സും തൂവെള്ള ഷൂസും ധരിച്ചുകൊണ്ട് എെൻറ കൂടെ പ്രഭാതസവാരികള്ക്ക് പോകുന്ന ദിനങ്ങള്‍ മാത്രമേ ഞാനിപ്പോള്‍ ആശിക്കുന്നുള്ളൂ.''
''ഇന്നാണ് താനിയ ഞാന്‍ കേണലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ദിവസം. ഇനിയൊരു വെള്ളിയാഴ്ച അയാള്ക്കിതുപോലെ പോസ്റ്റ് ഓഫീസിലേക്കുള്ള ഇടവഴികളിലൂടെ നടന്നുപോകാന്‍ സാധിക്കില്ല.''
''അദ്ദേഹം മരിക്കട്ടെ''
മെഴ്സിഡെസ് മൃദുവായി പറഞ്ഞു.
പെട്ടെന്ന് കട്ടിലില്‍ കിടന്നുകൊണ്ട് മാര്‍ക്വേസ് വാവിട്ടു കരയാന്‍തുടങ്ങി. എന്നാല്‍ താന്‍ കരയുകയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ലായെന്ന് മെഴ്സിഡെസിനു വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തെ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സങ്കീർണമായ ആ നിമിഷത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ അവര്‍ ഗാബോയെ ഇറുകെ കെട്ടിപ്പിടിച്ചു.b
''വിഷമിക്കാതെ, കേണലിന് വയസ്സായി. അദ്ദേഹം മരിക്കാനുള്ള സമയമായി.''
പെട്ടെന്നാണ് താനെന്താണ് പറഞ്ഞതെന്ന് അവര്‍ ഞെട്ടലോടെ ഓര്‍ത്തത്. ദൈവമേ. ഉടന്‍ തെൻറ വാക്കുകളെ തിരുത്തിക്കൊണ്ട് പറഞ്ഞു:
''അല്ല ഗാബോ, അദ്ദേഹത്തിന് സ്വപ്നങ്ങള്‍ ഇല്ലാതായി തുടങ്ങി, സ്വപ്നങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങുമ്പോഴല്ലെ മനുഷ്യനു പ്രായമാകുന്നതും മരണത്തെ തേടുന്നതും. നിങ്ങളല്ലെ അങ്ങിനെ പറഞ്ഞുതന്നിട്ടുള്ളത്.''
അന്നേരം കോളിങ് ബെല്‍ അടിക്കുന്ന ശബ്ദം ആ മുറിയെ നിശ്ശബ്ദതയില്‍നിന്നും ഉണര്‍ത്തി.
ഡോകടര്‍ ആയിരിക്കും. അദ്ദേഹം വരാനുള്ള നേരമായല്ലോ എന്നോര്‍ത്തുകൊണ്ടു അവര്‍ തിടുക്കത്തില്‍ ചെന്ന് വാതില്‍ തുറന്നു.
പ്രതീക്ഷിച്ചതുപോലെ അത് ഡോക്ടര്‍ നിക്കോളാസ് തന്നെ ആയിരുന്നു.
''വരൂ ഡോക്ടര്‍, അദ്ദേഹം കൂടുതല്‍ കൂടുതല്‍ രോഗാതുരനായിരിക്കുന്നു. ഞാനാകെ ഭയപ്പെട്ടിരിക്കയാണ്. ഗാബോ വര്‍ത്തമാനകാല ഓർമകളില്നിന്നെല്ലാം ഒരുപാട് അകലെയാണെന്നതുതന്നെയാണ് എെൻറ ഭയം.''
''ആകുലപ്പെടാതെയിരിക്കു മിസ്സിസ് മാര്‍ക്വേസ്. അദ്ദേഹം എന്തെങ്കിലും രചനയുടെ വേളയില്‍ ആയിരിക്കാം. നിങ്ങളുടെ വാക്കുകള്‍തന്നെ കടമെടുത്താല്‍ കഥയും കഥാപാത്രങ്ങളും ശിരസ്സില്‍ മാത്രമല്ലല്ലോ ഇരിക്കുന്നത്. അത് അദ്ദേഹത്തിെൻറ ശരീരമാകെ വ്യാപിച്ചിരിക്കയല്ലേ. ദാ നോക്കൂ, മാര്ക്വേസിെൻറ രോമങ്ങള്‍ ഓരോന്നും എഴുന്നുനില്ക്കുന്നത്. ഒരുപക്ഷേ അദ്ദേഹം ഇപ്പോള്‍ തെൻറ പ്രണയിനിയെ ആസ്വദിക്കുകയായിരിക്കും.''
ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവര്‍ക്ക് ചിരി വന്നു. ശരിയാണ്, ഇതിപ്പോള്‍ എത്രാമത്തെ തവണയാണ്. ഉന്മാദത്തിെൻറയും വിഷാദത്തിെൻറയും അക്കരെയിക്കരെ സഞ്ചരിച്ചുള്ള ഈ പകര്‍ന്നാട്ടം. അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ഒട്ടും ലളിതമായിരുന്നില്ലല്ലോ.
ഡോക്ടര്‍ പരിശോധന കഴിഞ്ഞ ശേഷം അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:
''പേടിക്കാനൊന്നുമില്ല. നന്നായി ഉറങ്ങി എഴുന്നേല്ക്കുമ്പോള് പനി കുറയും. മരുന്നുകള്‍ മുന്നേപോലെ തന്നെ കണ്ടിന്യൂ ചെയ്യുക. സമാധാനമായിരിക്കൂ.''
ഡോക്ടര്‍ പോയതിന് ശേഷം കട്ടിലിന് അരികിലേക്ക് ഒരു കസേര കൊണ്ടുവന്നിട്ട് അവര്‍ ചാരിയിരുന്നു. വിചിത്രമായ ഒരു കളിയില്‍ ഏര്‍പ്പെട്ടാലോ എന്നാണ് അവരന്നേരം ചിന്തിച്ചത്. ഇതൊരു പരീക്ഷണഘട്ടമാണ്. വിജയിക്കുമോ തോല്ക്കുമോയെന്നല്ല. വിജയിക്കണമെന്ന ഉറച്ച തീരുമാനംകൊണ്ടു മാത്രമേ ഈ കളിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ. ആ തീരുമാനത്തില്‍ എത്തിച്ചേര്‍ന്ന പുഞ്ചിരിയോടെ മെഴ്സിഡെസ് ഗാബോയുടെ ചെവിക്കരികിലേക്ക് തെൻറ ചുണ്ടുകള്‍ ചേര്‍ത്തുെവച്ചു.
''സര്, ഞാന്‍ ഡെലഗദിനയാണ്. ഈ ദിവസം നിങ്ങള്‍ക്ക് വേണ്ടി ജോലിചെയ്യുകയെന്നതാണ് എെൻറ നിയോഗം. താങ്കളെ ആനന്ദിപ്പിക്കാന്‍ ഞാനൊരു പാട്ടു പാടിയാലോ, അതെല്ലങ്കില്‍ ഒരു കഥപറയട്ടെ.''
മെഴ്സിഡെസ് തല ഉയര്‍ത്തി ഗാബോയുടെ മുഖഭാവങ്ങളിലേക്ക് നോക്കി. വലിഞ്ഞു മുറുകിയിരുന്ന പേശികള്‍ക്ക് മാറ്റമൊന്നുമില്ല. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ നഷ്ടപ്പെട്ടുപോയ വര്‍ത്തമാനകാലത്തെ തിരിച്ചെടുക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിക്കുന്നുണ്ടാകുമോ!
അവര്‍ ഗാബോയുടെ വിരലുകള്‍ കൈകളില്‍ കോര്‍ത്തുപിടിച്ചു. എന്നിട്ട് മൃദുവായി മന്ത്രിച്ചു: ''എനിക്കു താങ്കളോട് അഗാധമായ പ്രണയംതോന്നുന്നു.''
''ഡെലഗദിന.''
ഗാബോയുടെ ചുണ്ടുകളില്‍ നിന്നും സ്പഷ്ടമല്ലാത്ത വാക്കുകള്‍ പുറത്തേക്കു വന്നു.
മെഴ്സിഡെസ് സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞുകൊണ്ടിരുന്നു. ''അതേ സര്, ഞാന്‍ ഡെലഗദിനയാണ്. തൊണ്ണൂറു വയസ്സ് പഴക്കമുള്ള അങ്ങയുടെ പ്രണയം ഏറ്റുവാങ്ങിയവള്‍, ഇപ്പൊഴും അങ്ങയെ പ്രണയിക്കുന്നവള്‍.''
ഗാബോ കണ്ണുകള്‍ സാവധാനം തുറന്ന് ആ നാമം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. '' ഡെലഗദിന, ഡെലഗദിന...''
ആ സമയം തെൻറ വായ്ക്കുള്ളില്‍ ചിനച്ചു തുടങ്ങിയ പേരക്കയുടെ സ്വാദ് നിറയുമ്പോലെ മാര്‍ക്വേസിന് അനുഭവപ്പെട്ടു.
ചിത്രീകരണം: സിയ ഹാരിസ്