'തകഴിയും ഞാനും' -വി.ആർ സുധീഷിന്റെ കഥ
01
തകഴി സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ അരീപ്പുറത്തുനിന്ന് കോണകവുമുടുത്ത് ഞാനും ശിവശങ്കരപ്പിള്ളയും നീന്താൻ തുടങ്ങും. വടക്കേ വീട്ടിലെ കൊച്ചു കാർത്ത്യായനിച്ചേച്ചി സ്ലേറ്റും പുസ്തകവുമെടുത്ത് മുന്നേ നടന്നിട്ടുണ്ടാവും. വൈകീട്ടും നീന്തിക്കുളിച്ചേ വീട്ടിലെത്തുകയുള്ളൂ.
ഉടുത്തിരിക്കുന്ന തോർത്ത് നനച്ചു തോർത്തി ദിവസേന രണ്ടു കുളിയുമായി പഠിച്ചു കയറിയവരാണ് ശിവശങ്കരപ്പിള്ളയും ഞാനും.
കീഴ്ജാതിക്കാർക്ക് അന്ന് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഈഴവർപോലും തീണ്ടാവിളി വിളിച്ചേ വഴി നടക്കുകയുള്ളൂ. അതുകൊണ്ട് കുളിച്ചാലേ വീട്ടിൽ കയറ്റുകയുള്ളൂ.
അങ്ങനെയും ഒരു കാലം. ശിവശങ്കരപ്പിള്ളക്ക് അന്ന് കഥയെഴുത്തിെൻറ അസ്ക്യതയൊന്നുമുണ്ടായിരുന്നില്ല. എന്നാലും വായിച്ചും കേട്ടും സാഹിത്യത്തിൽ നല്ല താൽപര്യമായിരുന്നു.
ഓരോന്നോർത്ത് ശിവശങ്കരപ്പിള്ളയും ഞാനും ആ പഴയ കാലത്തെ മെനക്കെട്ട് നിവർത്തിയിടും. ശിവശങ്കരപ്പിള്ള വക്കീലായും എഴുത്തുകാരനായും കൃഷിക്കാരനായും ഞാൻ പഞ്ചായത്താപ്പീസ് ക്ലാർക്കായും ജീവിതവഴി തേടി. ത്യാഗത്തിന് പ്രതിഫലമെഴുതി തകഴി ശിവശങ്കരപ്പിള്ളയായി പേരെടുത്ത് കഴിഞ്ഞതിനുശേഷവും ഞങ്ങൾ ഇടക്ക് കൂടും. വൈകീട്ട് പറഞ്ഞിരുന്നും, പലവഴി മനുഷ്യരെ നടന്ന് കണ്ടും പരസ്പര സൗഹാർദത്തിെൻറ ഊഷ്മാവ് നിത്യേന കൂടിക്കൊണ്ടിരുന്നു.
തോട്ടികളുടെ കോളനിയിലും പറയന്മാരുടെ കോളനിയിലും ഞങ്ങൾ പോയിട്ടുണ്ട്. പുറക്കാട്ട് മുതൽ തൈക്കൽ വരെ കടപ്പുറത്തു കൂടെ നടന്നിട്ടുണ്ട്. അന്നേ ശിവശങ്കരപ്പിള്ള ചെമ്മീൻ എഴുതാൻ പോകുന്നതിനെക്കുറിച്ച് എന്നോട് പറയുമായിരുന്നു.
ഇടക്ക് ഏതൊക്കെയോ പ്രസംഗത്തിലും മുന്നറിയിപ്പ് നൽകി. ആ കാലത്ത് ശങ്കരമംഗലം വീട്ടിലായിരുന്നു താമസം. കല്ലുകെട്ടി മറച്ച രണ്ടു മുറിയുള്ള ഒരു മുളങ്കൂട്ടുപുരയായിരുന്നു അത്. തെങ്ങിൻ കഷണങ്ങളും മാവിൻ പലകയുംകൊണ്ടുണ്ടാക്കിയ വാതിലുകളും ജനലുകളും.
വീടിന് മുൻവശത്തുകൂടെ ഒരു തോട് ഒഴുകുന്നുണ്ട്. കിഴക്കേ ആറ്റിൽനിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന വീതിയുള്ള തോട്. ആ തോട്ടിൽകൂടിയാണ് പിന്നീട് വീട് പണിതപ്പോൾ ആവശ്യമായ കല്ലും മരവും ചരലുമെല്ലാം ഒഴുകിയെത്തിയത്. ചെമ്മീനിന് കിട്ടിയ പൈസകൊണ്ടാണ് ശിവശങ്കരപ്പിള്ള വീടുണ്ടാക്കിയത്. അദ്ദേഹം കഥാകാരനായതും ചെമ്മീനിലൂടെയാണ്. അക്കാലത്ത് പറഞ്ഞുകേട്ട ഒരു കഥയുണ്ട്. സ്വകാര്യമാണ്. പലപ്പോഴും ഞാനത് ശിവശങ്കരപ്പിള്ളയോട് ചോദിക്കാനൊരുങ്ങും. പിന്നെ വൈമനസ്യത്തോടെ വേണ്ടെന്നു വെക്കും. പുറക്കാട്ടെ കടപ്പുറത്ത് ഊതിക്കാച്ചിയ കഥ പിന്നെ ആളുകൾക്കിടയിൽ പടർന്നു പിടിച്ചു. ശിവശങ്കരപ്പിള്ളയും കേട്ടുകാണും. ഒന്നും പറഞ്ഞില്ല.
ഞാൻ ചോദിച്ചതുമില്ല.
കണ്ടറിയാത്തതൊക്കെ സങ്കൽപിച്ചുണ്ടാക്കി ശിവശങ്കരപ്പിള്ള കഥയും നോവലുമെഴുതിയത് എനിക്കറിയാം. പതിതപങ്കജം ഒരു നൃത്തക്കാരിയുടെ കഥയാണ്. സർക്കസിലോ കാർണിവലിലോ കൊണ്ടുനടക്കുന്ന നർത്തകിയെക്കുറിച്ചുള്ള കേട്ടുകേൾവി മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആദ്യകാല നോവലുകളിൽ എനിക്കിഷ്ടം ധർമനീതിയോ അല്ല ജീവിതമാണ്. ജീവിതത്തിെൻറ പ്രാധാന്യം വിളിച്ചു പറയുന്ന ആ നോവൽ ധർമനീതിക്ക് രണ്ടാം സ്ഥാനമേ നൽകുന്നുള്ളൂ.
ഞങ്ങളിങ്ങനെ ഓരോന്നും പറഞ്ഞും ചോദിച്ചും അയവിറക്കിയും ശങ്കരമംഗലത്തെ പൂമുഖത്ത് സന്ധ്യാനേരങ്ങളിൽ മണിക്കൂറുകളോളം ഇരിക്കും. തോടൊഴുകുന്ന, കിളികൾ പാടുന്ന, വയലുകളിൽ ചെറുജീവികൾ ഒച്ച വെക്കുന്ന ശബ്ദമുഖരിതമായ ആ സന്ധ്യകളിൽ ശിവശങ്കരപ്പിള്ള ഓരോരോ കഥ പറയും.
ഒരു വേലുമ്മാവനുണ്ടായിരുന്നു. പഴയ കാലത്തെ ഏറ്റവും പ്രായക്കൂടുതലുള്ള തമ്പ്രാനായിരുന്നു. എത്ര പ്രായമായെന്ന് അദ്ദേഹത്തിനറിയില്ല. നൂറൊക്കെ കവിഞ്ഞ് കാണും. തീരെ കൂനിപ്പോയ വേലുമ്മാവൻ അത്യാവശ്യകാര്യങ്ങൾക്ക് കുത്തിപ്പിടിച്ച് പുറത്തിറങ്ങും. വീടിെൻറ ചേതിയിൽ കുത്തിയിരുന്ന് എന്തൊക്കെയോ ആലോചിക്കും. കഴിഞ്ഞുപോയ കാലമാകാം മനസ്സിൽ വരുന്നത്. ആണ്ടോടാണ്ട് കുറേ നിലം കൃഷി ചെയ്യുക എന്നത് മാത്രമായിരുന്നു വേലുമ്മാവന് ജീവിതം. അതിന് കൂട്ടായി കുറേ വേലക്കാരും. ശങ്കരപ്പിള്ള ചെറിയ കുട്ടിയായ കാലത്ത് ഒരിക്കൽ വേലുമ്മാവെൻറ വീട്ടിലെത്തിപ്പെട്ടതാണ്. അപ്പോൾ അവിടേക്ക് ഒരു പറയക്കിടാത്തെൻറ കൈ പിടിച്ച് പടുവൃദ്ധനായ ചീതങ്കൻ വന്നു. തീണ്ടാപ്പാടകലെ നിൽക്കുന്ന ആളെ വേലുമ്മാവൻ കണ്ടു. പ്രാചീനമായ കണ്ണുകളിൽ കാഴ്ച പ്രസരിച്ചു.
''ആരാടാ അത്?''
കേൾവിയുടെ പ്രകമ്പനം ചീതങ്കെൻറ ചെവിയിലുണ്ടായി.
''അടിയനാണെ... ചീതങ്കൻ.''
ചീതങ്കെൻറ വാക്കുകൾ വിറച്ചു.
''തമ്രായെ ഒന്ന് കാണണോന്ന് ഒരുപാട് നാളായി മനതിൽ തോന്നുന്നു. വയ്യ തമ്രാ വയ്യ, കിടാത്തെൻറ കൈ പിടിച്ച് മറിയാതേം, വീഴാതേം ഒരു കണക്കല് ഇവടെ വന്നു.''
വേലുമ്മാവെൻറ തൊണ്ട ഇടറി.
''നിന്നെയൊന്ന് കാണാൻ ഞാനും ആഗ്രഹിച്ചിരിക്ക്യായിരുന്നു. ഞാൻ കൂനിപ്പോയി. പിടിച്ചു നടക്കാനും വയ്യ. പിടിച്ചോണ്ട് നിെൻറ കെട്ടിലോളം വരാനും ആളില്ല.''
പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. മിണ്ടാനില്ല.
അല്ല മിണ്ടാനേറെയുണ്ട്. വേലുമ്മാവൻ കൃഷി തുടങ്ങിയ കാലം മുതൽക്കുള്ള വേലക്കാരനാണ് ചീതങ്കൻ. വേലുമ്മാവൻ പറഞ്ഞു:
''നിനക്ക് ഒരു നേരത്തെ വകക്ക് തരാൻ എെൻറ കൈയിലൊന്നുമില്ല.''
''അതടിയനറിയാമേ.''
അൽപനേരം കഴിഞ്ഞ് ചീതങ്കൻ പറഞ്ഞു:
''എന്നാൽ അടിയൻ വെട കൊള്ളുന്നു.''
''ആ നീ പോ വിധിയുണ്ടെങ്കിൽ ഇനീം കാണാം.'
ആ പടുവൃദ്ധന്മാരുടെ അവസാനസമാഗമം ശിവശങ്കരപ്പിള്ള കൗതുകത്തോടെ അവതരിപ്പിച്ചപ്പോൾ എെൻറ മനസ്സിലും ഒരു വിങ്ങലുണ്ടായി. ഞാൻ ഇടർച്ചയോടെ ചോദിച്ചു:
''വയസ്സായി തറയിലിരിപ്പാകുമ്പം കുത്തിപ്പിടിച്ച് കൂനിക്കൂടി നമ്മളും അങ്ങനെ കാണലുണ്ടാകുമോ ശിവശങ്കരപ്പിള്ളേ?''
''എെൻറ പാച്ചുപ്പിള്ളേ...''
02
പാർഥനും ഞാനും ഒരേ ക്ലാസിലായിരുന്നു, കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിൽ.
പദ്യം ചൊല്ലാനും ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത് ജയിക്കാനും പാർഥൻ സമർഥനായിരുന്നു.
അരയസമുദായത്തിൽപ്പെട്ട പാർഥെൻറ അച്ഛൻ താമരാക്ഷന് കടലിൽപോക്കായിരുന്നു പണി. എെൻറ അച്ഛൻ സബ് രജിസ്ട്രാറായിരുന്നു. അക്കാലത്ത് ഞങ്ങൾക്കൊന്നും തീണ്ടലും തൊടീലുമില്ലായിരുന്നു.
വലിയ വീട്ടിലെ പിള്ളമാരുടെ മക്കൾ കഴിയുന്നതും ഞങ്ങളിൽനിന്നകന്നു നിൽക്കും. പാർഥനും ഞാനും അടുത്ത ചങ്ങാതിമാരായത് വായനാകമ്പത്തിെൻറ ബലത്തിലാണ്. ലൈബ്രറിയിൽനിന്ന് കിട്ടുന്ന പുസ്തകങ്ങൾ പരസ്പരം കൈമാറ്റം ചെയ്ത് ഞങ്ങൾ അരിച്ചു പെറുക്കി വായിക്കും. പാർഥന് നല്ല നിരൂപണ ബുദ്ധിയുമുണ്ടായിരുന്നു. അച്ഛെൻറ സാഹസികമായ കടൽവിശേഷങ്ങൾ അത്ഭുതത്തോടെ വിവരിക്കാറുള്ള പാർഥൻ ഒരു ദിവസം വന്നു പറഞ്ഞു.
''അച്ഛനൊരു വലിയ കഥയെഴുതിയിട്ടുണ്ട്.''
''വലിയ കഥയോ?''
ഞാൻ സാകൂതം ചോദിച്ചു.
''ആ ഒരു നീണ്ട കഥ, കടലിെൻറ കഥ.''
''കടലിെൻറ കഥയോ?''
''അതെ, കടലിൽ പോയി മീൻ പിടിക്കുന്നവരുടെ കഥ. ഞങ്ങളുടെ സമുദായത്തിെൻറ, വിശ്വാസത്തിെൻറ കഥ. 'സ്രാവ്' എന്നാ പേര്.''
''സ്രാവോ?''
''ആ കടലിൽവെച്ച് ഒരാൾ സ്രാവുമായി യുദ്ധം ചെയ്യും. സ്രാവിനെ തോൽപ്പിക്കാൻ നോക്കുമ്പോൾ കരയിലെ വിശ്വാസം തകർന്നു പോകുന്നു.''
''അതെങ്ങനെ?''
''കടലിൽ പോകുന്ന അരയെൻറ ജീവൻ കെടക്കുന്നത് കരയിലെ അരയത്തിയുടെ ചാരിത്രത്തിലാണ്.''
''ചാരിത്രംന്ന് പറഞ്ഞാലെന്താ?''
''ശുദ്ധി, അരയത്തി പതിവ്രതയാകണം എന്നാലെ അരയന് കടലിൽ ജീവിതൊള്ളൂ.''
''എന്ന് വെച്ചാല്?''
''അരയത്തി അരയനെ മാത്രേ മനസ്സിൽ വിചാരിക്കാവൂ, കടലിൽ പോയ അരയെൻറ ജീവന് വേണ്ടി തപസ്സ് ചെയ്യണം.''
''എന്നിട്ടെന്തുണ്ടായി?''
''കഥ അച്ഛൻ ചുരുക്കിപ്പറഞ്ഞന്നതാ, ഞാൻ വായിച്ചിട്ടില്ല. അത് ശിവശങ്കരപ്പിള്ള സാറിന് വായിക്കാൻ കൊടുക്കാൻ പോവ്വാ.''
''തകഴി ശിവശങ്കരപ്പിള്ളക്കോ?''
''അതെ, പിള്ളസാറ് നല്ലതാന്ന് പറഞ്ഞാല് പൊസ്തകാക്കും, അപ്പൊ എല്ലാർക്കും സ്രാവ് വായിക്കാം.''
''സ്രാവ് യുദ്ധകഥയാ?''
''അല്ല പ്രേമകഥ.''
''എനിക്ക് വായിക്കാൻ തരണേ...''
''ഒറപ്പ് രാമോരാ.''
03
രണ്ടിടങ്ങഴി വായിച്ചപ്പോഴേ ശിവശങ്കരപ്പിള്ളയെ കാണാനും പരിചയപ്പെടാനും ആഗ്രഹമായിരുന്നു. താമരാക്ഷൻ സ്രാവ് വായിക്കാൻ കൊടുക്കാൻ വേണ്ടി ശിവശങ്കരപ്പിള്ളയെ കാണാൻ പോകുമ്പോൾ ഞാനും കൂടെ ചേർന്നു. താമരാക്ഷന് അങ്ങേരെ മുൻപരിചയമുണ്ട്. താമരാക്ഷെൻറ അച്ഛൻ അവരുടെ കണ്ടത്തിൽ പണിക്ക് പോവാറുണ്ടായിരുന്നു. താമരാക്ഷൻ സ്വയം പരിചയപ്പെടുത്തി സ്രാവ് ശിവശങ്കരപ്പിള്ളക്ക് വായിക്കാൻ കൊടുത്തു. ഞാൻ നോക്കാമെന്ന് പറഞ്ഞ് അങ്ങേരത് വാങ്ങിവെച്ചു. കൂടുതലൊന്നും സംസാരിക്കാനുണ്ടായില്ല.
അങ്ങേരൊന്നും ചോദിക്കുകയുമുണ്ടായില്ല. ഞങ്ങൾ പെെട്ടന്നിറങ്ങി.
അടുത്ത ആഴ്ച താമരാക്ഷൻ ഒറ്റക്കാണ് കഥ വാങ്ങിക്കാനവിടെ പോയത്. വായിക്കാൻ സമയം കിട്ടിയില്ലെന്ന് ശിവശങ്കരപ്പിള്ള പറഞ്ഞു. പിറ്റേന്നത്തെ ആഴ്ച ചെന്നപ്പോൾ കടലാസുകെട്ടുകൾക്കിടയിൽ എവിടെയോ ഉണ്ട്, നോക്കാമെന്നു മറുപടി കിട്ടി. ആറേഴു തവണ താമരാക്ഷൻ അവിടെ കയറി ഇറങ്ങിക്കാണും. കഥ വായിച്ചെന്ന് ശിവശങ്കരപ്പിള്ള പറഞ്ഞില്ല. തപ്പിയെടുക്കണം എന്ന് മാത്രം മറുപടി കിട്ടി. താമരാക്ഷൻ വലിയ നിരാശയിലായിരുന്നു. അവെൻറ കഥാപാത്രങ്ങൾ കടൽത്തിരകളിൽ മുങ്ങിനിവർന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. വടക്കേ മുറ്റത്ത് കെട്ടിയ ചായ്പ്പ് കത്തിപ്പോയെന്നും അതിെൻറ ഇറയത്ത് വെച്ച കടലാസുകെട്ടുകളൊക്കെ തീയിലായെന്നും താമരാക്ഷെൻറ സ്രാവും അതിൽപ്പെട്ടെന്നും പിന്നീട് ചെന്നപ്പോൾ ശിവശങ്കരപ്പിള്ള പറഞ്ഞു. താമരാക്ഷൻ എെൻറ മുന്നിൽ തലക്ക് കൈകൊടുത്തിരുന്ന് കരയാൻ തുടങ്ങി. അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.
''വാവക്കുഞ്ഞേ ചോര മഷിയാക്കിയാ ഞാനതെഴുതിയെ...''
താമരാക്ഷൻ വിതുമ്പിപ്പൊട്ടി.
''നീ എഴുതിയതല്ലേ, ഓർത്ത് വീണ്ടുമെഴുത്.''
ഞാനവനെ പ്രോത്സാഹിപ്പിച്ചു.
''വാവക്കുഞ്ഞേ എനിക്കിനി അതിന് കഴിയോ?''
''കഴിയും.''
''വാവക്കുഞ്ഞേ...''
04
ഞാൻ ചേർത്തല കോളജിൽ പഠിപ്പിക്കുന്ന കാലത്ത് ഒരു സ്ത്രീ എന്നെ കാണാൻ വന്നു. ക്ലാസുകഴിഞ്ഞ് ഡിപ്പാർട്മെൻറിലേക്ക് നടക്കുമ്പോൾ ഇടനാഴിയുടെ തൂണിനരികിൽ അവരെന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സാഹിത്യവിമർശനമെഴുതുന്ന എന്നെക്കുറിച്ച് അവർക്ക് കേട്ടുകേൾവിയേ ഉള്ളൂ. സുവർണലത എന്ന് പേരുള്ള അവർ താമരാക്ഷെൻറ ഭാര്യയായിരുന്നു. താമരാക്ഷനെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ചെരിപ്പിടാത്ത ഒരാൾ. നരച്ച തലമുടിയുള്ള ചെറുപ്പക്കാരൻ. മുണ്ട് മാത്രമുടുത്ത് എപ്പോഴും മടക്കിക്കെട്ടി ഞങ്ങളുടെ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ നടക്കുമായിരുന്നു.
അമ്പലത്തിനരികിലും പാടത്തുമെല്ലാം ആ അതിവേഗപുരുഷനെ കണ്ട ഓർമ നല്ലതു പോലെയുണ്ട്.
''ചെമ്മീനെഴുതിയ ആളാ'', എന്ന് താമരാക്ഷനെ ചൂണ്ടി ആരോ എനിക്ക് പറഞ്ഞുതന്നിരുന്നു. നാട്ടുകാരൊക്കെ അയാളെ നോക്കി ചെമ്മീനിെൻറ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കുമായിരുന്നു.
അപ്പോഴേക്കും ചെമ്മീൻ നോവലിലും, സിനിമയിലും ലോകപ്രശസ്തി നേടിയിരുന്നു. ചെമ്മീൻ നോവലായി പുറത്തുവരുന്നതിന് രണ്ടാഴ്ച മുൻപ് താമരാക്ഷൻ ടൈഫോയ്ഡ് പിടിച്ച് കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പേരുകൾ മന്ത്രിച്ച് മരിച്ചു. ആ കഥ മുഴുവനും പറഞ്ഞ് സുവർണലത തേങ്ങലോടെ എന്നോടഭ്യർഥിച്ചു.
''സാറ്തൊന്ന് ലോകത്തോട് വിളിച്ച് പറയണം.''
''ഞാനെങ്ങനെ പറയാനാണ്?''
''സാറിതൊന്ന് എഴുതിയാൽ മതി.''
''എനിക്കിതിന് സുവർണലത പറയുന്നതല്ലാതെ മറ്റു തെളിവുകളൊന്നുമില്ലല്ലോ.''
''സാറേ ഞങ്ങളുടെ സമുദായത്തിലെ കാര്യങ്ങള് അങ്ങേർക്കെങ്ങനെയാ അറിയുന്നത്?
പഞ്ചമീന്നൊരു പേരിടാൻപോലും അങ്ങേർക്ക് കഴിയോ?
ഞങ്ങടേം കടലമ്മേടേം വിശ്വാസങ്ങള് അങ്ങേർക്കെങ്ങന്യാ എഴുതാൻ പറ്റാ?''
''നിങ്ങൾ പറയുന്ന കാര്യങ്ങള് ശരിയായിരിക്കാം. ഇത് സാഹിത്യനിരൂപണത്തിൽപ്പെടുന്നതല്ല, കുറ്റാന്വേഷണമാണ്. നിങ്ങൾ മറ്റു വഴികൾ നോക്ക്.''
ദയനീയമായി സുവർണലത വിളിച്ചു.
''സാറേ..?''
05
വേലുമ്മാവനും ചീതങ്കനും വയസ്സുകാലത്തൊരന്തിക്ക് കണ്ടുമുട്ടിയപോലെ ഈയിടെ ഞാനും ശിവശങ്കരപ്പിള്ളയും നേർക്കുനേരെ കണ്ടു. ഞാൻ ശങ്കരമംഗലത്ത് ചെന്നതായിരുന്നു. പഴയ കാലത്തെന്നപോലെ ഒരുപാട് വർത്തമാനം പറഞ്ഞിരുന്നു.
''ഇനിയെന്താ ആഗ്രഹം ബാക്കി?''
ഞാൻ ചോദിച്ചു. കൈകൾ കൂട്ടിയടിച്ച് ശിവശങ്കരപ്പിള്ള മറുചോദ്യം.
''ആഗ്രഹങ്ങൾക്ക് അതിരുണ്ടോ?''
ഒന്നു നിശ്ശബ്ദനായി ശിവശങ്കരപ്പിള്ള പറഞ്ഞു.
''ഹൈന്ദവ സംസ്കാരത്തെ വിഷയമാക്കി ഒരു നോവലെഴുതണം. എെൻറ കഥകളിൽ ഒരിക്കലും പ്ലോട്ടുണ്ടായിരുന്നില്ല. പരിണാമഗുപ്തിയോ പാത്രസൃഷ്ടിയോ ഇല്ല. സുന്ദരികളോ വിരൂപകളോ ആദർശധീരന്മാരോ ദുഷ്ടന്മാരോ ഇല്ല.
മനുഷ്യർ, വെറും മനുഷ്യർ. മനുഷ്യരുടെ കാര്യം പറയുമ്പോൾ മനുഷ്യരുണ്ടായിപ്പോകുകയാണ് പാച്ചുപ്പിള്ളേ.''
എന്നെങ്കിലുമൊരിക്കൽ ചോദിക്കണമെന്ന് പണ്ടുമുതലേ കരുതിയത് ചോദിച്ചാലോ എന്ന് ഞാൻ ആലോചിച്ചു. ഇതുതന്നെ നല്ല സമയം. ഞങ്ങൾ രണ്ടു പേരും ജീവിതത്തിെൻറ സായംസന്ധ്യയിലാണ്. ചോദ്യവും ഉത്തരവും വിഴുങ്ങി കാലത്തിൽ മറയേണ്ടെന്നു കരുതി ഞാൻ ചോദിക്കുകതന്നെ ചെയ്തു.
''ചെമ്മീനിെൻറ കഥ വേറാരുടെയോ ആണെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു. ശരിയാണോ?''
കുറച്ചു നേരം ശിവശങ്കരപ്പിള്ള ആലോചനയിലാണ്ടു. മറുപടി ഇങ്ങനെയായിരുന്നു:
''എെൻറ കഥകളും നോവലുകളുമൊക്കെ ഞാൻ ഇവിടുത്തെ മനുഷ്യരിൽനിന്നും അറിഞ്ഞതാണ്. നേരിട്ട് കണ്ടവരെയാണ് ആദ്യകാലത്തൊക്കെ ഞാൻ കഥാപാത്രങ്ങളാക്കിയത്. ചെമ്മീനിെൻറ കഥയും അങ്ങനെ ഒരാൾ തന്നതാണ്. അതിൽ ക്രാഫ്റ്റ് ഉണ്ടായിരുന്നില്ല. അയാളത് അങ്ങനെ തന്നെ കൊടുത്താൽ ആരും അച്ചടിക്കില്ല. ഞാനാ കഥക്ക് ക്രാഫ്റ്റ് നൽകി.
കഥാപാത്രങ്ങളെ മാറ്റിപ്പണിത് വിപുലീകരിച്ചു. നോവലിറങ്ങുമ്പോൾ അയാൾക്ക് നന്ദി പറഞ്ഞ് പ്രതിഫലം നൽകാമെന്ന് വിചാരിച്ചതാണ്. പക്ഷേ കഷ്ടകാലത്തിന് അയാൾ മരിച്ചുപോയി.
ഓരോ കഥക്കും നമ്മൾ ഓരോ ജന്മങ്ങളോട് കടപ്പെട്ടിരിക്കുന്നു പാച്ചുപ്പിള്ളേ?''
ശിവശങ്കരപ്പിള്ളയോ താമരാക്ഷനോ സുവർണലതയോ പാർഥനോ ഇന്നില്ല. ചെമ്മീനിന് അറുപത്തിഅഞ്ചു വയസ്സായി. അന്തിമയങ്ങും നേരം ''െൻറ പാച്ചുപ്പിള്ളേ'' എന്ന വിളി ഞാനെന്നും കേൾക്കാറുണ്ട്...