വാർ ഫോേട്ടാഗ്രാഫർ -കവിത
ഒരു ഫോട്ടോഗ്രാഫർ കാഴ്ചകൾ
കാണുന്നത്, കാമറയിലൂടെയാണ്.
അയാളുടെ കണ്ണിനും ഒബ്ജെക്ടിനും
ഇടയിൽ കനത്ത ഒരു ലെൻസുണ്ട്,
അതിനു ഹൃദയമില്ല, നാഡിയില്ല,
സംവേദനശേഷിയില്ല, പക്ഷേ
തെൻറ ചിത്രത്തിലൂടെ അയാൾ
സംവേദനം നടത്തുന്നു, നിരന്തരം.
ഞാൻ ഒരു വാർഫോട്ടോഗ്രാഫറാണ്,
അലെപ്പോയിലും ഇദ്ലിബിലും
ദമാസ്ക്കസിലും, ഗാസയിലും
തകർന്നടിഞ്ഞ കെട്ടിട
സമുച്ചയങ്ങൾക്കിടയിൽ
വേർപെട്ടുകിടക്കുന്നവരിൽ
കൈയുണ്ടോ കാലുണ്ടോ,
ശിരസ്സുണ്ടോ എന്ന് നോക്കി
മൃതദേഹങ്ങൾക്കിടയിലൂടെ,
മുറിവേറ്റവർക്കിടയിലൂടെ,
കാമറയും തൂക്കി മികച്ച
ഒരു ചിത്രം ഒപ്പിയെടുക്കാനായി
പായുന്നു; വിലാപങ്ങളെ
മറികടന്നു, മൃതദേഹങ്ങൾ
കുത്തിനിറച്ചുള്ള വണ്ടികൾ
അവസാനമായി കടന്നുപോകും
മുമ്പ്, ഇനിയും മരിക്കാത്തവരുടെ
കണ്ണുനീർ പകർത്തിയെടുക്കാൻ
മത്സരിച്ചോടുന്ന ഞാൻ
നിങ്ങൾക്കു മരണമില്ലാത്ത
ചിത്രങ്ങൾ സമർപ്പിക്കുന്നു.
പൂഴിയിൽ, പാതി മുഖംമറച്ചു,
അഴിയാത്ത ഷൂലേസുമായി
കടലോരത്തു തിരകളെത്തിച്ച
സിറിയൻ ബാലെൻറ, അലൻ
കുർദിയുടെ, ചിത്രംപോലെ,
അല്ലെങ്കിൽ, എന്നെപ്പോലെ,
യുദ്ധഭൂമിയിൽ പടം പിടിക്കാൻ
ഓടിനടന്ന ഒരുവെൻറ മുമ്പിൽ
കാമറ കണ്ടു പകച്ചു, തോക്കിൻ
മുനയാണെന്ന് ധരിച്ചു കീഴടങ്ങുന്ന
ആദി ഹ്യൂഇദയുടെ ചിത്രം പോലെ,
മറ്റൊരു മുഖം തേടി ഞാനലയുന്നു.
എെൻറ ചിത്രങ്ങളെ നിങ്ങൾ
ഒരിക്കലും മറക്കാതിരിക്കാൻ,
മനസ്സിൽ പതിപ്പിക്കാൻ.
അപ്പോഴൊക്കെ, എെൻറ
തൊണ്ടയിൽ തടയുന്ന ഗദ്ഗദവും
കണ്ണിൽനിന്നൊഴുകുന്ന ചാലുകളും
ഞാൻ മറച്ചുവെക്കും, അവക്ക്
വാർത്താപ്രാധാന്യമില്ലല്ലോ.
ഇരട്ട കുഞ്ഞുങ്ങളെ ഇരുകൈയിലും
ഏന്തി പൊട്ടിക്കരയുന്നൊരച്ഛെൻറ
ചിത്രത്തിന് അടിക്കുറിപ്പായി
''പിഞ്ചു വായ് തുറന്ന്,
കുഞ്ഞു നെഞ്ചുയർത്തി,
വെള്ളത്തിൽനിന്നു കരയിലിട്ട
മത്സ്യക്കുഞ്ഞിനെപോലെ'' എന്ന്
എഴുതുമ്പോൾ നിങ്ങൾ അറിയുന്നുണ്ടാവില്ല,
എെൻറ വിരലുകളുടെ വിതുമ്പൽ.