ഇസഹപുരാണം -കഥ
വേട്ടയാടി കീഴ്പ്പെടുത്തുന്ന ഇരയുടെ കണ്ണുകളിലെ നിസ്സഹായതയും ഭയവുമാണ് തന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിതനാക്കുന്നതെന്ന തിരിച്ചറിവ് ഇസഹാക്കിനുണ്ടായത് പതിനെട്ടാം വയസ്സിന്റെ തുടക്കത്തിലായിരുന്നു. വൈകിയ ആ രാത്രിയിലെ പുകമഞ്ഞുമൂടിയ സ്വപ്നത്തിലൂടെ തന്നിലേക്കരുളി ചെയ്യപ്പെട്ട വെളിപാടിന്റെ നിര്‍വൃതിയില്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ഇസഹാക്കിന്...
Your Subscription Supports Independent Journalism
View Plansവേട്ടയാടി കീഴ്പ്പെടുത്തുന്ന ഇരയുടെ കണ്ണുകളിലെ നിസ്സഹായതയും ഭയവുമാണ് തന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിതനാക്കുന്നതെന്ന തിരിച്ചറിവ് ഇസഹാക്കിനുണ്ടായത് പതിനെട്ടാം വയസ്സിന്റെ തുടക്കത്തിലായിരുന്നു. വൈകിയ ആ രാത്രിയിലെ പുകമഞ്ഞുമൂടിയ സ്വപ്നത്തിലൂടെ തന്നിലേക്കരുളി ചെയ്യപ്പെട്ട വെളിപാടിന്റെ നിര്‍വൃതിയില്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ഇസഹാക്കിന് പിന്നീട് ഉറങ്ങാനേ കഴിഞ്ഞില്ല. ദൂരെ കടലില്‍ നങ്കൂരമിട്ടുകിടന്ന പോര്‍ച്ചുഗീസ് കപ്പലുകളുടെ ഇളകുന്ന വിളക്കുകാലുകളിലേക്ക് നോക്കിക്കൊണ്ട് അവന് ആ രാത്രി വെളുപ്പിച്ചു. പുലര്‍ച്ചെ വീണ്ടുമൊരു അർധമയക്കത്തിലേക്ക് വീണുപോയ ഇസഹാക്ക് പിന്നീടുണര്ന്നത് പുതിയ ഒരു പ്രഭാവത്തോടെയായിരുന്നു. തന്റെ കൃഷ്ണമണികള്‍ കൂടുതല്‍ വികസിച്ചതായും അവ ആഗിരണം ചെയ്യുന്ന കാഴ്ചയുടെ അതിരുകള്‍ വിപുലീകരിക്കപ്പെട്ടതായും അവന് തോന്നി. ചെറിയ ചലനങ്ങളില്‍പോലും കാട്ടുപുലിയുടെ വേഗത. ചെവിക്കുള്ളില്‍ ഉള്ക്കടല്പ്പരപ്പുകളുടെ ആഴങ്ങളില്‍നിന്നും പൊന്തിവരുന്ന തിമിംഗലങ്ങളുടെ തുഴശബ്ദം. ദിക്കുകള്‍ കടന്നെത്തുന്ന കാറ്റില്‍ കൂട്ടക്കൊലകളുടെ ഉണങ്ങിപ്പിടിച്ച രക്തഗന്ധം. മുറിയിലെ ജാലകങ്ങളിലൂടെ മീൻറാഞ്ചി പക്ഷികള്‍ വട്ടമിടുന്ന കടല്‍ത്തീരത്തേക്ക് നോക്കിനിന്നപ്പോള്‍ തന്റെ ജീവിതം അതിന്റെ ലക്ഷ്യപൂര്ത്തിയിലേക്കുള്ള യാത്ര ആരംഭിച്ചതായി ഇസഹാക്കിന് തോന്നി. ഉപ്പുരസമുള്ള കാറ്റിനെ അവന് ഉള്ളിലേക്ക് വലിച്ചെടുത്തു.
അതായിരുന്നു തുടക്കം. നീണ്ട പന്ത്രണ്ട് വര്‍ഷവും മൂന്ന് മാസവും നാല് ദിവസവും നീണ്ടുനിന്ന വേട്ടയുടെ തുടക്കം. ഒടുവില്‍ ഈ ലോകത്തിലെ തന്റെ നിയോഗം നിറവേറ്റിക്കഴിഞ്ഞുവെന്ന ഉറച്ചവിശ്വാസത്തോടെ അവസാനമായി കണ്ണുകളടയ്ക്കുമ്പോള്‍ ഇസഹാക്കിന്റെ മാഞ്ഞുകൊണ്ടിരിക്കുന്ന ഓര്‍മകളിലേക്ക് അതുവരെ അവന് കീഴ്പ്പെടുത്തിയ ഇരകളുടെ മുഖങ്ങള്‍ ഓരോന്നായി കടന്നുവന്നുകൊണ്ടിരുന്നു. നിയോണ്‍ കണ്ണുകളുള്ള പൂച്ചയില്‍ തുടങ്ങി മഞ്ഞുനിറത്തില് മുടിയുള്ള വൃദ്ധയില്‍ അവസാനിച്ച ആ മുഖപരമ്പരയുടെ തുടര്‍ച്ചയില്‍ ഇസഹാക്കിന്റെ ഉന്മാദത്തിന്റെ ഓരോ പരിണാമഘട്ടവും ആലേഖനം ചെയ്യപ്പെട്ടിരുന്നു.
1. നിയോണ്‍ കണ്ണുകളുള്ള പൂച്ച
വെറുതെയിരിക്കുമ്പോള്‍ പലപ്പോഴും സോഫിയയുടെ ചിന്തകളിലേക്ക് ഇസഹാക്കിന്റെ ജനനം കടന്നുവരാറുണ്ടായിരുന്നു. അതില്‍ അസ്വാഭാവികതകളൊന്നും ഇല്ലായിരുന്നുവെങ്കിലും ഇസഹാക്കിനെ ഗര്‍ഭം ധരിച്ച പത്തുമാസക്കാലം അടിവയറില്‍ പെരുകിവന്ന ഭാരത്തെക്കാള്‍ ഘനമുണ്ടായിരുന്നു ആ ചിന്തകള്‍ക്ക്.
തന്റെ ഗര്‍ഭപാത്രത്തില്‍നിന്നും ഒരില പൊഴിയുന്ന ലാഘവത്തോടെയായിരുന്നു ഇസഹാക്ക് ഇറങ്ങിവന്നത്. ആശുപത്രി വരാന്തയുടെ ഇരുവശത്തുമിട്ട കട്ടിലില്‍ കിടന്നിരുന്ന സ്ത്രീകള്‍ പ്രസവനോവിന്റെ ലഹരിയേറി അലറാന്‍ തുടങ്ങിയപ്പോള്‍ സൃഷ്ടിയുടെ ആദിമപരവേശം ഒഴിഞ്ഞ് സോഫിയ ശാന്തയായി. ഒരു കാറ്റുപോലെ. പകല്‍വെളിച്ചത്തിന്റെ അപരിചിതത്വം തെല്ലുമില്ലാതെ വിരലുകളനക്കുന്ന കുഞ്ഞിസഹാക്കിന്റെ ആദ്യ സ്പര്ശനത്തില് സോഫിയയുടെ രോമങ്ങളൊന്നാകെ എഴുന്നുനിന്നു. എന്നാല്‍ അവളുടെ ചിന്തകളുടെ ഭാരമേറ്റിയത് മറ്റൊന്നായിരുന്നു. അസാധാരണ വലുപ്പത്തോടെ മധ്യത്തില്‍ വിലങ്ങനെ ഒരു മുറിപ്പാടുമായി കുഞ്ഞിന്റെ മുഖത്തെഴുന്നുനിന്ന അഗ്രം വളഞ്ഞ മൂക്കായിരുന്നു അത്. ഇടക്കെപ്പോഴോ അറ്റുപോയ പൈശാചികമായ ഒരു പാരമ്പര്യത്തിന്റെ ഓര്‍മകളിലേക്കായിരുന്നു ആ കാഴ്ച സോഫിയയെ നയിച്ചത്. തുടര്‍ന്ന് ഇസഹാക്കിന്റെ ഓരോ ജന്മദിനത്തിലും അതവളെ കൂടുതല്‍ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. അവന്റെ കുഞ്ഞുനാളുകളില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ള രാത്രി കടലില്‍നിന്നും വീശുന്ന തണുത്ത കാറ്റേല്‍ക്കാതിരിക്കാന്‍ സോഫിയ കിടപ്പുമുറിയുടെ ചില്ലുജാലകങ്ങള്‍ അടച്ചിടുമായിരുന്നു. അക്ഷരങ്ങള്‍ പെറുക്കിവെച്ച കഥകളുടെ ഒടുക്കം അവന് ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ അവള് അവന്റെ മൂക്കിലേക്ക് നോക്കിയിരിക്കും. ഈര്‍പ്പം മുറ്റിനില്ക്കുന്ന സുതാര്യമായ ജാലകത്തിനപ്പുറം ദൂരെ കടലിന്റെ അവ്യക്തതയില്‍ ഏതെങ്കിലും കപ്പലിന്റെ വിളക്കുകാലുകള്‍ പ്രകാശിക്കുന്നുണ്ടോ എന്ന് ഇടക്കിടെ കണ്ണുകള്‍ വെട്ടിച്ച് ശ്രദ്ധിക്കും.
എന്നാല്‍ പതിയെ വര്‍ഷങ്ങളുടെ നീക്കുപോക്കുകള്ക്കിടയില് സോഫിയയുടെ ചിന്തകളില്‍നിന്നും ആ ഭാരമൊഴിയുകയും പകരം അതനിവാര്യമായ എന്തോ ഒന്നിനുവേണ്ടിയുള്ള കാത്തിരിപ്പായി പരിവര്‍ത്തനം ചെയ്യപ്പെടുകയുംചെയ്തു.
അതുകൊണ്ടായിരുന്നു ഉച്ചച്ചൂടിലേക്ക് കാഠിന്യം പ്രാപിക്കുന്ന വെയിലിന്റെ ഊഷ്മളതയിലേക്ക് കാലുനീട്ടിയിരുന്ന ആ ദിവസം തീന്മേശയിലെ പതിവ് സാന്‍വിച്ച് കഷണങ്ങളെയും ആവി പറക്കുന്ന കാപ്പി കോപ്പയെയും അവഗണിച്ച് ഒന്നുമുരിയാടാതെ കാറ്റിനേക്കാള്‍ വേഗത്തില്‍ ഇസഹാക്ക് പുറത്തേക്ക് കുതിച്ചപ്പോള്‍ സോഫിയക്ക് പ്രതികരണം നഷ്ടപ്പെട്ടത്. അനിവാര്യമായ ആ കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു എന്ന് അവള്‍ക്ക് മനസ്സിലായിരിക്കണം. അർധജീവനോടെ പിടയുന്ന നിയോണ്കണ്ണുകളുള്ള ഒരു പൂച്ചയെ തലകീഴായി തൂക്കിപ്പിടിച്ച് അവന് തിരിച്ചുവന്നപ്പോഴും സോഫിയ തന്റെ നിശ്ചലതയില്‍നിന്നും ഉണര്‍ന്നിരുന്നില്ല. ഒരു ദിവസം അവസാനിച്ച് മറ്റൊന്ന് തുടങ്ങുന്ന നിസ്സംഗതയോടെ സാധാരണത്വത്തോടെ അവള് അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വെളിപാടിന് ശേഷം ഇസഹാക്കിന്റെ ആദ്യ പകലായിരുന്നു അത്.
കടലോരം ചേര്‍ന്നുകിടന്ന പട്ടണത്തില്‍നിന്നും വളര്‍ത്തുമൃഗങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവാന്‍ തുടങ്ങിയത് അക്കാലത്താണ്. രാത്രിയുടെ മറവില്‍ എതിര്‍പ്പിന്റെ ശബ്ദമൊന്നും കൂടാതെ ഇസഹാക്കിന്റെ കാല്പ്പാടുകളെ പിന്തുടര്ന്ന് കുന്നിൻചരിവിലെ പഴയ വീട്ടിലേക്ക് ചില നാല്ക്കാലികള് നടന്നുപോകുന്നത് പക്ഷേ ആരും കണ്ടില്ല. മകന്റെ മുറിയില്‍നിന്നും തന്റെ ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ട് ഇറങ്ങിവന്ന പ്രാണവേദനകളില്നിന്നും രക്ഷ നേടാന്‍ സോഫിയ ആദ്യമായി ഉറക്കുഗുളികകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇസഹാക്കിന്റെ രാത്രികേളികള്ക്ക് നിശ്ശബ്ദസാക്ഷിയായിരുന്ന സോഫിയയുടെ മരവിപ്പ് അതോടെ മയക്കുമരുന്നുകളുടെ ഗാഢനിദ്രയിലേക്ക് മാഞ്ഞുപോയി.
രാത്രികാലങ്ങളിലെ ശബ്ദങ്ങളില്‍നിന്നും രക്ഷ നേടാനായെങ്കിലും ഒരിക്കലും ഒഴിയാതെ വീടിനുള്ളില്‍ കെട്ടിക്കിടന്നിരുന്ന ചോരയുടെ മണം ആദ്യകാലങ്ങളില്‍ സോഫിയക്ക് മനംപിരട്ടലുണ്ടാക്കിയിരുന്നു. ആ ഗന്ധത്തെ ഇല്ലാതാക്കാന്‍ അവള്‍ക്കൊരിക്കലും സാധിച്ചില്ല. വീടിനു ചുറ്റും വാസനപ്പൂക്കള്‍ നട്ടുവളര്ത്തിയിട്ടും കിടപ്പുമുറികളിലേക്ക് ഊദിന്റെ സുഗന്ധധൂമങ്ങള്‍ പരത്തിയിട്ടും കാര്യമില്ലെന്നായപ്പോള്‍ സോഫിയ ആ ശ്രമത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
അതിനിടയില്‍ കാണാതായ തങ്ങളുടെ അരുമമൃഗങ്ങള്ക്കു വേണ്ടി ചിലര്‍ തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. തുടര്‍ച്ചയായി അടുത്തടുത്ത വീടുകളില്‍ നിന്നും അവറ്റകള് അപ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ അതിലെന്തോ നിഗൂഢതയുള്ളതായി വീട്ടുകാര്‍ക്ക് തോന്നി. മുള്ളുവേലി കെട്ടിയും ഒറ്റക്കുഴല്‍ തോക്കില്‍ ഉന്നംപിടിച്ചും ഉറക്കമൊഴിച്ചിരുന്നവരെ കബളിപ്പിച്ചുകൊണ്ട് ഇസഹാക്ക് പക്ഷേ തന്റെ വേട്ട തുടര്‍ന്നു. സംശയത്തിന്റെ വടിയുമൂന്നി അവരുടെ കണ്ണുകള്‍ ഒരിക്കൽപോലും കടല്ത്തീരത്തേക്കിറങ്ങിക്കിടക്കുന്ന ആ കുന്ന് കയറാതിരുന്നത് സോഫിയയെ ആശ്വസിപ്പിച്ചു.
ശബ്ദവും ഗന്ധവും ഉണ്ടാക്കിയ അസഹ്യതകളെ മാറ്റിനിര്‍ത്തിയാല്‍ ആ വീട്ടില്‍ അസ്വാഭാവികമായി എന്തെങ്കിലും നടക്കുന്നതായി അവള്‍ക്ക് തോന്നിയതേയില്ല. ചോരമണമുള്ള തീന്മേശയിലിരുന്ന് അമ്മയും മകനും പതിവുപോലെ ആഹാരം കഴിക്കുകയും രാത്രി അവരവരുടെ ലോകങ്ങളിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു. പകലുകള്‍ക്കും ഇരവുകള്‍ക്കും ഇടയിലൂടെ വീശുന്ന കടല്‍ക്കാറ്റ് ഇസഹാക്കിനെയും സോഫിയയേയും കടന്നുപോയ്ക്കൊണ്ടിരുന്നു.
2. ദേശാടനം
ഇരുപത്തിമൂന്നാം വയസ്സില്‍ ആരംഭിച്ച ഇസഹാക്കിന്റെ ദേശാടനം അഞ്ചുവര്‍ഷക്കാലം നീണ്ടുനിന്നു. തണുത്ത ഒരു പ്രഭാതത്തിലെ അരണ്ട വെളിച്ചത്തിലൂടെ അവന് കുന്നിറങ്ങി നടന്നുമറയുമ്പോള്‍ സോഫിയ മയക്കുമരുന്നുകളുടെ ഗാഢനിദ്ര ഉണര്‍ത്തിയ, തനിക്കേറെ പരിചിതമായ ഒരു സ്വപ്നത്തില്‍ മുഴുകികിടക്കുകയായിരുന്നു.
മകന്റെ തിരോധാനത്തെക്കുറിച്ച് കാലേക്കൂട്ടി അറിഞ്ഞിട്ടെന്നപോലെ തന്റെ സ്വപ്നത്തില്‍നിന്നും ഉണര്‍ന്ന സോഫിയ അമിത വികാരാവേശത്തിനൊന്നും അടിപ്പെടാതെ ഇസഹാക്കിന്റെ മുറിയിലേക്ക് കടന്നു. അവിടെ അങ്ങിങ്ങായി ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന രക്തക്കറകള്‍ കഴുകി വെടിപ്പാക്കി. ഏറെ കാലം അടച്ചിട്ട ജാലകങ്ങള്‍ തുറന്നപ്പോള്‍ മുറിയുടെ മൂലകളില്‍ ഒളിച്ചിരുന്ന മൃഗരോമങ്ങള്‍ കാറ്റില്‍ പറക്കാന്‍ തുടങ്ങി. വെളിച്ചം അരിച്ചുനടന്ന തറയില്‍ ചിതറിക്കിടന്ന കൂര്‍ത്ത നഖങ്ങളും ദംഷ്ട്രകളും പെറുക്കിയെടുത്ത് കടലിലെറിഞ്ഞു.
ഇസഹാക്കിന്റെ മുറിയെ അതിന്റെ പൂർവസ്ഥിതിയിലേക്ക് എത്തിച്ചപ്പോഴേക്കും സോഫിയ തളര്‍ന്നുകഴിഞ്ഞിരുന്നു. അമര്‍ത്തപ്പെട്ട പല രോദനങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അപ്പോഴും ചില നഖക്ഷതങ്ങള്‍ മാത്രം അവിടെ ബാക്കിയായി.
ഇസഹാക്ക് ദേശാടനം ആരംഭിച്ച ദിവസംതന്നെയായിരുന്നു സോഫിയ തന്റെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇടതൂര്‍ന്ന തന്റെ മുടിയിലേക്ക് കയറിക്കൂടിയ അകാലനര ആയിരുന്നു അതില്‍ ആദ്യത്തേത്. കുളിമുറിയിലെ എണ്ണമയമുള്ള മങ്ങിയ കണ്ണാടിയില്‍ നോക്കി അവള് അതിലെല്ലാം ചുവപ്പ് നിറം പുരട്ടി. ചില വൈകുന്നേരങ്ങളില്‍ ഇളവെയില് കാഞ്ഞിരിക്കുമ്പോള്‍ അവള്‍ക്ക് തന്റെ കാഴ്ച മങ്ങുന്നതുപോലെ തോന്നിയിരുന്നു. മഞ്ഞുകാലത്തിലെന്നപോലെ കടലിനു മീതെ അവ്യക്തതയുടെ ഒരു പുകമറ. മമ്മയുടെ ഓര്‍മക്കായി സൂക്ഷിച്ചിരുന്ന കട്ടിക്കണ്ണട അതോടെ സോഫിയയുടെ കാഴ്ചകളെ തെളിയിക്കാന്‍ തുടങ്ങി.
ഒറ്റക്കായതോടെ ആഹാരം കഴിക്കുന്നത് വല്ലപ്പോഴും മാത്രമായി ചുരുങ്ങി. മുമ്പ് ചോരയുടെ മണം ഇല്ലാതാക്കുന്നതിനായി വീടിനുചുറ്റും നട്ടുവളര്‍ത്തിയ ചെടികളെ പരിചരിക്കുന്നതിലായി സോഫിയയുടെ ശ്രദ്ധ ഏറെയും. അവളുടെ തഴുകലുകള്‍ വലിച്ചെടുത്ത ചെടികള്‍ മൊട്ടിടുകയും വിടര്‍ന്ന് പൂക്കളായി ആകാശത്തെ നോക്കി ചിരിക്കുകയും ചെയ്തു. പതിയെ പൂക്കളുടെ ആ ഉദ്യാനത്തിലേക്ക് തുമ്പികളും പൂമ്പാറ്റകളും വഴിതെറ്റിയെത്തി. സൂചികൊക്കുമായി തേന്‍ കുടിക്കാനെത്തിയ മള്ബറിക്കുരുവികള്ക്ക് ചേക്കേറാന്‍ സോഫിയ ചുള്ളിക്കമ്പുകള്‍ വരിഞ്ഞ് കൂടൊരുക്കി. പ്രഭാതങ്ങളില്‍ ജനല്ച്ചട്ടമേല് കൂട്ടമായ് തട്ടി ശബ്ദിച്ച് അവര്‍ അവളെ ഉണര്‍ത്തി.
മുറ്റിത്തഴച്ച പടര്‍പ്പുകളുടെയും ചെടികളുടെയും നൈസര്‍ഗികമായ വളര്‍ച്ചയെ ഒരിക്കൽപോലും കത്രിച്ച് പാകപ്പെടുത്താന്‍ സോഫിയ ശ്രമിച്ചിരുന്നില്ല. അതിനാല്‍തന്നെ സര്‍പ്പാകൃതിയിലുള്ള ചില വള്ളികള്‍ അവളുടെ വീടിന്റെ പുറംഭിത്തിയില്‍ ഒരാവരണംപോലെ പറ്റിപ്പിടിച്ചുകിടന്നു. അതിനിടയിലൂടെ ചീവീടുകളും ഉറുമ്പുകളും തേരട്ടകളും സ്വൈരവിഹാരം നടത്തി. ഒരിക്കല്‍ കട്ടിലിനടിയിലേക്ക് വീണുപോയ കണ്ണട എടുക്കാനായി കുനിഞ്ഞപ്പോള്‍ താഴെ നീലനിറമുള്ള ഉടല് വൃത്താകാരത്തില്‍ ചുരുട്ടി, പത്തി മുകളിലേക്കുയര്‍ത്തി ധ്യാനനിരതനായ ഒരു പാമ്പിനെ കാണാനിടയായ സോഫിയയുടെ ശ്വാസം നിലച്ചുപോയി. എന്നാല്‍ ദംശിക്കുന്നതിനു മുന്നേതന്നെ നിശ്ചലയായ വീട്ടുടമസ്ഥയുടെ ദയനീയത അറിഞ്ഞിട്ടെന്നോണം ഒരു ഫൂല്ക്കാരംപോലും കേള്‍പ്പിക്കാതെ അതു പതിയെ ഇഴഞ്ഞ് ജനല്‍പ്പഴുതിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. പാമ്പിനെ കണ്ട രാത്രി സോഫിയ ഇസഹാക്കിനെ കുറിച്ചോര്‍ത്തു. അവന് പോയിട്ട് അപ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഇസഹാക്ക് സ്വന്തം വഴി കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനിയൊരിക്കലും അവന് മടങ്ങിവരില്ലെന്നും ആയിരുന്നു സോഫിയ കരുതിയത്. എന്നാല്‍ അവളെ തെറ്റിച്ചുകൊണ്ട് ഇസഹാക്ക് വരികതന്നെ ചെയ്തു.
സ്ത്രീശരീരത്തിന്റെ നിയമങ്ങളെ വിലക്കിക്കൊണ്ട്, തന്റെ കണക്കുകൂട്ടലുകള്‍ക്കും ഒരുപാട് മുന്നേ, അപ്രതീക്ഷിതമായി സോഫിയക്ക് ആര്‍ത്തവമുണ്ടായ ദിവസം മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരനൊപ്പം ഇസഹാക്ക് തിരിച്ചെത്തി. സോഫിയക്ക് മുന്നേ ഇസഹാക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ തുമ്പികളും പൂമ്പാറ്റകളും മള്ബറിക്കുരുവികളും കുന്നിന്‍ചരിവിലെ ആ വീട് വിട്ടുപറന്നു. പൂക്കളുടെ ഇതളുകള്‍ കൂമ്പി. ചീവീടുകളും ഉറുമ്പുകളും തേരട്ടകളും മണ്ണടരിനടിയിലേക്ക് നീങ്ങി.
ശരീരത്തിന്റെ ക്രമക്കേടുകളെ വകവെക്കാതെ സോഫിയ മകനും കൂട്ടുകാരനും വിരുന്നൊരുക്കുന്നതില്‍ ഉത്സാഹിച്ചു. ഇസഹാക്കിനു പ്രിയമേറിയ കുരുമുളകിട്ടു വറ്റിച്ച കൂന്തള്ച്ചാറിന്റെ എരിവുമണത്തിനു മീതെ അവളുടെ സന്തോഷത്തിന്റെ മൂളക്കങ്ങള്‍ ഉയര്‍ന്നു നിന്നു. പുറത്തെരിഞ്ഞ തീക്കനലിന് ചുറ്റുമിരുന്ന് വീഞ്ഞു നുണയുമ്പോള്‍ ഇസഹാക്കിന്റെ കൂട്ടുകാരന് യുക്കലേലിയുടെ കമ്പികളില്‍ വിരലനക്കി പാട്ടുപാടി. അവന്റെ ഭാഷ മനസ്സിലായില്ലെങ്കിലും മെലിഞ്ഞുനേര്‍ത്ത ആ ചെറുപ്പക്കാരന്റെ വിരലുകളുടെ ചലനങ്ങള്‍ സോഫിയ കൗതുകത്തോടെ നോക്കിയിരുന്നു. അന്നവസാനത്തെ വിളക്കും അണഞ്ഞുകഴിഞ്ഞപ്പോഴേക്കും രാത്രിയേറെ വൈകിയിരുന്നു.
ഇസഹാക്കിന്റെ സന്ദര്‍ശനം അധികനാളൊന്നും നീണ്ടുനിന്നില്ല. വന്നതിന്റെ രണ്ടാം നാള് അവന് മടങ്ങി. എന്നാല്‍ തിരികെ പോകുമ്പോള്‍ കൂടെ ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. രാത്രിയുടെ നിഴലുകള്‍ക്കിടയിലൂടെ വലിയ പ്ലാസ്റ്റിക് ചാക്കും ചുമലിലേറ്റി ഇസഹാക്ക് നടന്നുപോകുന്നത് സോഫിയ നിര്‍വികാരതയോടെ നോക്കിനിന്നു.
പതിയെ ഇതളടഞ്ഞ പൂക്കള്‍ വീണ്ടും തളിര്‍ത്തു. അവളുടെ ദിവസങ്ങള്‍ പതിവുപോലെ ആവര്‍ത്തിച്ചു.
3. അപൂർണമായ ഒരു ഡയറിക്കുറിപ്പ്
ഈ ദിവസത്തെ അതിന്റെ തുടക്കംമുതല്‍ മാറ്റിയെഴുതാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുപോവുകയാണ്. എന്തൊരു ഗതികേടാണ് എന്റേത്. പുറത്ത് ലോകം മുഴുവന്‍ പുതിയ ഒരു വര്‍ഷത്തെ വരവേറ്റുകൊണ്ട് പടക്കം പൊട്ടിച്ചും കള്ള് കുടിച്ചും അര്‍മാദിക്കുമ്പോള്‍ ഞാനിവിടെ വല്ലപ്പോഴും മാത്രം കുത്തിക്കുറിക്കുന്ന ഈ നോട്ടുബുക്കിനു മീതെ... കോപ്പ്...
പക്ഷേ ഇന്നത്തെ ദിവസത്തെ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ മറ്റൊന്നിലേക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം നിസ്സഹായനാണിപ്പോള് ഞാന്‍. ഒരു കണക്കിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്തിന്റെ കേടായിരുന്നു എനിക്ക്. സ്വന്തം കാര്യവും നോക്കി വല്ലവഴിയേയും പോയിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടു പെഗ്ഗുമടിച്ച് ഹാപ്പിന്യൂയറും പറഞ്ഞ് കസറിയങ്ങിരിക്കാമായിരുന്നു. ഇതിപ്പോള്‍...
ജോലി കഴിഞ്ഞ് ഓഫീസില്‍നിന്നും ഇറങ്ങിയപ്പോള്‍ ഒമ്പതു മണിയായിരുന്നു. നാളെ ലീവ് പറഞ്ഞതുകൊണ്ടാണ് ഇത്രയും വൈകിയത്. ശമ്പളമില്ലാത്ത അവധിയായിരുന്നെങ്കിലും ഇന്നടിച്ച് കോണിളകി കിടക്കാമല്ലോ എന്നോര്‍ത്ത് പോട്ട് പുല്ലെന്ന മനോഭാവത്തോടെ ബസിറങ്ങി അപ്പാര്‍ട്ട്മെന്റിലേക്ക് നടക്കുമ്പോഴാണ് ശ്മശാനത്തിനടുത്തുള്ള ടാറിടാത്ത റോഡിലൂടെ മഞ്ഞനിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ചാക്കും താങ്ങിക്കൊണ്ട് ഒരാള്‍ നടന്നു പോകുന്നത് കണ്ടത്. രാത്രി ആയതിനാല്‍ മുഖം ശരിക്കങ്ങോട്ട് വ്യക്തമായില്ല.
ശ്മശാനത്തിനു മുന്നിലെ അവസാനത്തെ തെരുവുവിളക്കും പിന്നിട്ട് അയാള്‍ ഇരുട്ടിലേക്ക് മറഞ്ഞു. എനിക്കാ വഴി പോകേണ്ട യാതൊരാവശ്യവുമില്ലായിരുന്നു. അപ്പാര്‍ട്ട്മെന്റിലേക്കുള്ള റോഡ് നേരെയാണ്. ചുരുങ്ങിയത് ഒരു പത്തു മിനിറ്റിന്റെ നടത്തം കാണും. ഒന്നാഞ്ഞുപിടിച്ചാല്‍ അതിനും മുന്നേയെത്താം. എന്നിട്ടും പരമാവധി വേഗം കുറച്ച് ഒരു സിഗരറ്റൊക്കെ കത്തിച്ച് ഞാനങ്ങനെ നീങ്ങുമ്പോഴാണ് പെെട്ടന്ന് നേരത്തേ കണ്ട ആള് ഇരുട്ടില്‍നിന്നും വീണ്ടും പുറത്തിറങ്ങി വന്ന വഴിയേ തിരിച്ചു നടക്കാന്‍ തുടങ്ങിയത്. ഇത്തവണ പക്ഷേ അയാളുടെ ചുമലില്‍ വലിയ ആ പ്ലാസ്റ്റിക് ചാക്കുണ്ടായിരുന്നില്ല. എനിക്കെന്തോ പന്തികേട് തോന്നി.
ഏത് നശിക്കാനായ നേരത്തായിരുന്നു ദൈവമേ എനിക്കങ്ങോട്ട് പോയി നോക്കാന്‍ തോന്നിയത്. ആരേലും എന്തേലും ആകട്ടെ എന്നു ചിന്തിക്കുന്നതിന് പകരം. ആ... ഇനി ആലോചിച്ചിട്ടെന്ത് കാര്യം. അല്ലേലും വേണ്ട നേരത്ത് ഈ ചിന്തയൊന്നും പ്രവര്‍ത്തിക്കില്ലല്ലോ.
എന്തായാലും കുറച്ച് നേരം കാത്തിരുന്ന് അയാള്‍ വളരെ ദൂരെ എത്തിയെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ശ്മശാനത്തിനു മുന്നിലെ അവസാനത്തെ വിളക്കിനടുത്തേക്ക് നടന്നു. അതിനപ്പുറത്തെ ഇരുട്ടിലേക്ക് കടക്കുമ്പോള്‍ ഫോണെടുത്ത് വെളിച്ചം തെളിയിച്ചു. സംശയിച്ചതുപോലെ തന്നെ കുറച്ച് മുന്നിലായി റോഡിന്റെ വലതുവശത്ത് മഞ്ഞ നിറത്തിലുള്ള വലിയ ആ ചാക്ക് കിടപ്പുണ്ടായിരുന്നു. ചുറ്റുമൊന്ന് തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി. കെട്ടൊന്നും ഇല്ലാതെ ചുരുട്ടി വെച്ചിരുന്ന അതിന്റെ വായ് വട്ടം തുറന്ന് ഉള്ളിലേക്ക് നോക്കിയതും, അടിവയറ്റീന്ന് ഉരുണ്ടുവന്ന ഛര്‍ദിലിനെ രണ്ടു കൈകൊണ്ടും പൊത്തിപ്പിടിച്ച് ഞാന്‍ പുറകോട്ടു മലച്ചതും ഒരുമിച്ചാണ്. ഒരു വട്ടം കൂടി അതിനുള്ളിലേക്ക് നോക്കാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. ശരീരത്തില്‍ അവശേഷിച്ച ശക്തി മുഴുവന്‍ കാലുകളിലേക്കൂന്നി ഓടാന്‍ തുടങ്ങിയ ഞാന്‍ അപ്പാര്‍ട്ട്മെന്റിനു താഴെ നിന്ന് പട്ടിയെപോലെ കിതച്ചു.
വരുമ്പോള്‍ ഒന്നിനുപുറകെ എല്ലാ വള്ളികളും ഒരുമിച്ച് വരുമെന്ന് പറയുന്നത് എത്രമാത്രം ശരിയാണ്. അതുകൊണ്ടാണല്ലോ പ്രാണന് വെടിഞ്ഞുള്ള ഓട്ടത്തിനിടയില്‍ ഒരുത്തനെ പോയി ഇടിച്ചതും അറ്റം വളഞ്ഞ അവന്റെ വലിയ മൂക്കില്‍ നിന്നും ടാപ്പ് തുറന്നപോലെ ചോര വന്നതും. ഭാഗ്യത്തിന് അവനെന്നെ ഇട്ട് പെരുമാറിയില്ല. രാത്രി ഒരു വെളിച്ചംപോലും തെളിക്കാതെ കുതിരയോട്ടം ഓടുന്ന എനിക്ക് ഭ്രാന്താണെന്ന് അവന് കരുതിക്കാണും. മുറിയിലെത്തി മുഖത്തേക്ക് വെള്ളമൊഴിക്കുന്നതിനിടെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കും അങ്ങനെ തോന്നിപ്പോയി. ഭയത്തിന്റെ മാസ്ക്കണിഞ്ഞതുപോലെ.
ആ സമയത്ത് ആരായാലും അങ്ങെനയേ പ്രതികരിക്കുള്ളൂ എന്നെനിക്കുറപ്പാണ്. അത്രത്തോളം ഭയങ്കരമായിരുന്നു ആ കാഴ്ച.
വലിയ ആ ചാക്കിനുള്ളില്‍...
ആരോ വാതിലില്‍ മുട്ടുന്നുണ്ട്. അടുത്ത മുറിയിലെ ആ പാപ്പരാസി ആയിരിക്കും. കള്ള് വല്ലതും ബാക്കിയുണ്ടോ എന്നറിയാനുള്ള വരവായിരിക്കും നാശം. ശല്യത്തെ ഒന്നൊഴിവാക്കിയിട്ട് തിരിച്ചുവരാം...
4. ദീര്‍ഘനിദ്രയുടെ നാളുകള്‍
അഞ്ചു വര്‍ഷം നീണ്ട ദേശാടനം അവസാനിപ്പിച്ച് ഇസഹാക്ക് തിരിച്ചെത്തിയപ്പോഴേക്കും സോഫിയ പൂർണമായും വാർധക്യത്തിന് കീഴടങ്ങിയിരുന്നു. തഴച്ചു പൊന്തിയ കാട്ടുചെടികളും പടര്‍പ്പുകളും കുന്നിന്‍ചരിവിലെ ആ വീടിനെ പുറംകാഴ്ചകളില്‍നിന്നും അകറ്റിനിര്‍ത്തി. സൂര്യപ്രകാശം കടക്കാത്ത മുറിയില്‍നിന്നും പുറത്തു വന്ന വൃദ്ധ സ്ത്രീയെ തിരിച്ചറിയാന്‍ ഇസഹാക്ക് ഒരു നിമിഷമെടുത്തു. അവളുടെ മുടി മുഴുവനായും നരച്ചിരുന്നു. ഉയരം അല്‍പ്പം കുറഞ്ഞതുപോലെ. ചില്ലുകളിളകിയ കണ്ണട തിമിരത്തിന്റെ പാട പടര്‍ന്ന കണ്ണുകളെ താങ്ങിനിര്‍ത്തി. ചുളിവുകള്‍ വീണ വരണ്ട കൈകള്‍ നീട്ടി അവള് ഇസഹാക്കിനെ തൊട്ടുനോക്കി.
സോഫിയക്ക് വയസ്സേറിയത് വളരെ പെെട്ടന്നായിരുന്നു. ചുറ്റുമുള്ളതിനെയെല്ലാം തിരസ്കരിച്ച് തനിക്കുമുകളിലൂടെ മാത്രം കാലം പാഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നി. അതുവരെ തനിക്കുചുറ്റും നടന്നുകൊണ്ടിരുന്ന സംഭവങ്ങളെ നേരിട്ട അതേ നിസ്സംഗതയോടെ സോഫിയ തന്റെ വാർധക്യകാലത്തേയും നേരിട്ടു.
പെരുകി വരുന്ന നരകളില്‍ നാള്‍ക്കുനാള്‍ നിറം പുരട്ടി മടുത്തപ്പോള്‍ മുടിയെ സോഫിയ അതിന്റെ വഴിക്കു വിടാന്‍ തുടങ്ങി. അതിനും മുന്നേതന്നെ ക്രമം തെറ്റി വന്നുകൊണ്ടിരുന്ന ആര്‍ത്തവം എന്നേക്കുമായി നിലച്ചുകഴിഞ്ഞിരുന്നു. മകന്റെ നരഹത്യകളെ കുറിച്ച് അറിഞ്ഞപ്പോള്‍പോലും ഉണ്ടാകാതിരുന്ന ഒരു കിതപ്പ് തന്നെ ചുറ്റിമുറുകുന്നതായി സോഫിയക്ക് അനുഭവപ്പെട്ടു. ശരീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നതുപോലെ തോന്നിയിരുന്നതിനാല്‍ പതിവ് പുറംപണികളില്നിന്നെല്ലാം അവള് പിന്‍വലിഞ്ഞു.
സോഫിയയുടെ പകലുകളെയും ഉറക്കം പിടിച്ചെടുത്ത് കഴിഞ്ഞിരുന്നു. ശരീരത്തിന് പ്രായമേറിയതിനാല്‍ ഉറങ്ങാനായി മയക്കുഗുളികകള്‍ വേണ്ടിവന്നില്ല. കിടക്കുമ്പോഴേക്കും കണ്ണുകള്‍ താനേ അടഞ്ഞു. പകരം ഉണര്ന്നിരിക്കുന്നതായി പ്രയാസം. പലപ്പോഴായി കണ്ടുപരിചയിച്ച ഒരേ സ്വപ്നത്തിന്റെ ആവര്‍ത്തനങ്ങളിലൂടെ അവള് ഉറക്കത്തിലും മറ്റൊരു ലോകത്തില്‍ മുഴുകി. ദിവസങ്ങളോളം നീണ്ട ദീര്‍ഘനിദ്ര ഉണര്‍വിനും ഉറക്കത്തിനും ഇടയിലുള്ള അതിരുകളെ മായ്ച്ചുകളഞ്ഞിരുന്നു. താന്‍ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ സോഫിയക്ക് കഴിഞ്ഞില്ല.
ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ നീലനിറമുള്ള ഒരു പാമ്പ് തന്നോട് ചേര്‍ന്ന് കിടക്കുന്നത് സോഫിയ കണ്ടു. അതിനെ മുമ്പെവിടെയോ കണ്ടതുപോലെ തോന്നി. അവളതിനെ ഉപദ്രവിക്കാന്‍ പോയില്ല. പിന്നീട് പലപ്പോഴായി അത് വീട്ടില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒന്നും ചെയ്യാനില്ലാത്തതിന്റെ ഏകാന്തതയിലും മടുപ്പിലും സോഫിയയും പാമ്പും പെെട്ടന്നുതന്നെ ചങ്ങാത്തത്തിലായി. ഒഴിവുസമയങ്ങളില്‍ സോഫിയക്ക് വേണ്ടി പാമ്പ് വാലിലുയര്ന്ന് നൃത്തം വെച്ചു. അയലില്‍ തല കീഴായി തൂങ്ങിക്കിടന്ന് അമ്മാനമാടി. സോഫിയ ചിരിച്ചുകൊണ്ട് കൈയടിച്ചു. പതിയെ തിമിരം മൂടിയ കണ്ണുകള്‍ കാഴ്ചകളെ മറച്ചുതുടങ്ങിയപ്പോള്‍ അവള്‍ക്ക് കഴിക്കാനായി അത് വൃക്ഷഫലങ്ങള്‍ എത്തിച്ചുകൊടുത്തു.
വെളിച്ചം കടക്കാത്ത ആ വീട്ടില്‍ രണ്ടു ജീവികള്‍ ഒരുമിച്ചുറങ്ങുകയും ഉണരുകയും ചെയ്തു; അവസാനം വര്‍ഷങ്ങള്‍ക്ക് ശേഷം ഇസഹാക്ക് തിരിച്ചുവരുന്നതു വരെ.
5. സ്വപ്നം
നീണ്ട ഉറക്കങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട സ്വപ്നത്തിലൂടെ സോഫിയ തന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. അകാലവാർധക്യത്തിന്റെ ജര വീണ ശരീരത്തെ പിറകിലുപേക്ഷിച്ച് അവള് മറ്റൊരു കാലത്തിലെ സ്ഥലരാശിയിലേക്ക് മെല്ലെ ഊളിയിട്ടു പതിച്ചു. അവിടെ കാറ്റൊഴിഞ്ഞു ശാന്തമായ കടലിന്റെ തീരത്ത് ചിലര്‍ കൂട്ടിയിട്ട വിറകുകള്‍ കത്തിച്ച് തീ കായുന്നുണ്ടായിരുന്നു. കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്ത കടല്‍മീനുകളുടെ മണം ആ കൂട്ടത്തിനിടയില്‍ കുടുങ്ങിക്കിടന്നു. രാത്രിയിലെ ഇളം തണുപ്പിലിരുന്ന് അവര്‍ പറഞ്ഞ കഥകളും വര്‍ത്തമാനങ്ങളും പാടിയ പാട്ടുകളും ചൊല്ലുകളും സമയദൂരങ്ങള്ക്കിപ്പുറമിരുന്ന് സോഫിയ ഒരിക്കല്‍കൂടി കേട്ടു.
തരിമണല്പ്പുറത്തെ കൂടിച്ചേരലുകളില്നിന്നും കുതറി തിരകളില്‍ കാല് നനക്കാനായി ഓടിയ കുഞ്ഞുസോഫിയയെ മമ്മ വഴക്കുപറഞ്ഞ് സലോമിയ മുത്തശ്ശിയുടെ അരികിലിരുത്തി. അനുസരണക്കേട് കാണിക്കുന്ന കുട്ടികളാണ് സലോമിയ മുത്തശ്ശിയുടെ അടുക്കല്‍ എത്തിപ്പെടുക. അവിടെനിന്നും പിന്നെ രക്ഷയില്ല. മരണത്തിനുപോലും മടുത്ത ആ പൗരാണിക വൃദ്ധ അടഞ്ഞ ശബ്ദത്തോടെ പലതവണ പറഞ്ഞ തങ്ങളുടെ കുടുംബപുരാണത്തിന്റെ ചിതലരിച്ച കെട്ടുകള്‍ അഴിക്കാന്‍ തുടങ്ങും. ഭയം വെച്ചുവരുന്ന കണ്ണുകളോടെ കുഞ്ഞുസോഫിയ അതു കേട്ടിരിക്കും.
''കുഞ്ഞേ നീ സഞ്ചാരിയപ്പന്റെ കഥ കേട്ടിട്ടുണ്ടോ?''
ഒരുപാട് തവണ കേട്ടതാണെങ്കിലും കുഞ്ഞുസോഫിയ മിണ്ടാതിരിക്കും. ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ലെന്ന് അവള്‍ക്കറിയാം.
''ആ എന്നാ കേട്ടോ...''
സലോമിയ മുത്തശ്ശിയുടെ ഭാവം മാറും. വൃദ്ധമുഖത്ത് ഗൗരവം നിറയും.
''നിഴലും നിലാവുമില്ലാത്ത ഒരു രാത്രിയായിരുന്നു അത്. ഇന്നുള്ളപോലെ അധികം വേട്ടവൊന്നും ഉള്ള കാലവല്ല. വളരെ പണ്ടാണ്. പണ്ടെന്നു പറഞ്ഞാല്‍ പണ്ട്...പണ്ട്...പണ്ട്...പണ്ട്...കുറുക്കമ്മാരുപോലും രാത്രി പുറത്തെറങ്ങാന്‍ മടിച്ച കാലത്ത്. ഇവിടെ നിന്നാല്‍ കരയേതാ കടലേതാ എന്നുപോലും തിരിച്ചറിയാനൊക്കുകേലാര്ന്നു. അത്രെം ഇരുണ്ടിട്ടായിരുന്നു അന്നത്തെയൊക്കെ രാത്രി... അങ്ങനെയൊര് രാത്രീലാണ് ദാ അവടെ കടലിന്റെ അങ്ങേ ആ അറ്റത്ത് പെട്ടന്ന് ഒരു കപ്പല്‍ പൊന്തി വന്നത്.''
സലോമിയ മുത്തശ്ശി വിറക്കുന്ന കൈകള്‍ കടലിന്റെ ചക്രവാളങ്ങള്ക്കുനേരെ ചൂണ്ടും. വൃദ്ധയുടെ വിരലുകളിലേക്കും അതു ചെന്നു തറച്ചിടത്തേക്കും കുഞ്ഞുസോഫിയ മാറി മാറി നോക്കിയിരിക്കും.
''വെറുമൊരു കപ്പലല്ല, കടലിന്റെ അടീന്ന് പൊന്തിവന്ന ഒരു മായക്കപ്പലായിരുന്നു അത്. പിറ്റേന്ന് തീരത്തേക്കടുത്തപ്പോഴാണ് ആള്ക്കാര്ക്കത് പോദ്യപ്പെട്ടത്. കാഴ്ച്ച കണ്ടവരോരോരുത്തരായി അല്വുതപ്പെട്ടങ്ങ് നിന്നുപ്പോയി. വലിയ രാക്ഷസന്കപ്പലിന് മുകളില്‍ പായ ഉണ്ടായിരുന്നില്ല. കുത്തിനിന്ന വിളക്കുകാലില്‍ മീന്പണ്ടങ്ങള് തൂങ്ങി കിടന്നു. കൊറേ നേരത്തേക്ക് തീരത്തടുത്ത കപ്പലീന്ന് അനക്കവൊന്നും കേട്ടില്ല. വിവരവറിഞ്ഞ് ആളുകൂടാന്‍ തൊടങ്ങി. എന്നാല്‍ ഓടിക്കൂടിയവരുണ്ടോ അറിയുന്നു എല്ലാം സഞ്ചാരിയപ്പന്റെ ഒരു കളിയായിരുന്നെന്ന്.''
കുലുങ്ങി ചിരിക്കുന്ന സലോമിയ മുത്തശ്ശിയുടെ ശരീരം കത്തുന്ന വിറകില്നിന്നുമുള്ള വെളിച്ചത്തില്‍ ഒന്നുകൂടി വികൃതമാകും.
''അന്നിവിടെ കപ്പലൊന്നും അങ്ങനെ വരാറൊള്ളതല്ല. മീവ്വല നെറച്ച കൊറച്ച് തോണികള്‍ കാണും. അതെന്നെ മൂന്നോ നാലോ എണ്ണം മാത്രം. കപ്പലെന്ന വാക്ക് കതയില്‍ മാത്രവേ കരക്കാരന്ന് കേട്ടിട്ടുണ്ടാര്ന്നുള്ളൂ. വലിയ പയേല് കാറ്റ് തട്ടി നീങ്ങുന്ന എന്തോ ഒന്നാണെന്ന് മാത്രവറിയാം. അതോണ്ട് തന്നെ മായക്കപ്പലിന്റെ വരവ് കരക്കാരങ്ങ് ആഘോഷിച്ചു. പക്ഷേ പാവങ്ങള്ക്കറിയില്ലാര്ന്നു ശരിയായ ആഘോഷം വരാന്‍ പോന്നതേ ഉള്ളൂവെന്ന്.
ചുറ്റും ആളുകളായപ്പോള്‍ പെെട്ടന്ന് കപ്പലിനുള്ളില്നിന്നും ഉച്ചത്തില്‍ അലറിക്കൊണ്ട് വലിയ ഒരു രൂപം പുറത്തേക്കങ്ങ് ചാടി. തുഞ്ചം വളഞ്ഞ നീണ്ട മൂക്കിന്റെ നടുക്ക് വിലങ്ങനെ ഒരു മുറിപ്പാടുമായി തങ്ങളുടെ നേര്‍ക്ക് നടന്നടുക്കുന്ന സഞ്ചാരിയപ്പന്റെ രൂപം കണ്ട് ദൈവമാണെന്ന് കരുതി ചിലര്‍ മുട്ടുകുത്തി. അപ്പന്റെ ആദ്യ പിടി വീണത് അതിലൊരുത്തന്റെ കഴുത്തേലായിരുന്നു. ഇരുമ്പാറ കയ്യേല് പിടിച്ചുയര്‍ത്തി അപ്പന് അവന്റെ കണ്ണുകളിലേക്ക് ഇത്തിരിനേരം നോക്കിനിന്നു. പിന്നെ തന്റെ അരപ്പട്ടേല് തിരുകിയ കൂര്‍ത്ത എല്ലൊരെണ്ണമെടുത്ത് ഉന്തിനിന്ന അവന്റെ കണ്ണിലേക്കങ്ങ് കുത്തിയിറക്കി. പിന്നെയൊര് ബഹളമാരുന്നു. കൂടിനിന്നവരെല്ലാം നാലുവഴി പാഞ്ഞു. പക്ഷേ പരന്നുകിടന്ന കടപ്പൊറത്ത് ഒരുത്തന്‍പോലും സഞ്ചാരിയപ്പന്റെ കാഴ്ചയെ വെട്ടിച്ചില്ല. കടല്ക്കാറ്റിനേക്കാള് വേഗത്തില്‍ ആഞ്ഞുറഞ്ഞ് അപ്പന് അവടെ കൂടിയ അവസാന ആളുടേയും ചോര ചീറ്റി. ഒടുക്കം എല്ലാം കഴിഞ്ഞപ്പോഴേക്കും മണലിന് ചോന്ന നെറമായിരുന്നു. ചോര പടര്‍ന്ന കൈകളുയര്‍ത്തിക്കൊണ്ട് സഞ്ചാരിയപ്പന് വട്ടമിടുന്ന കഴുകുകള്ക്കു താഴെ നെഞ്ച് നിവര്‍ന്ന് നിന്നു.''
കഥ അവിടെ എത്തുമ്പോഴേക്കും സോഫിയ സ്വപ്നത്തില്‍നിന്നും ഉണരും. തിമിരത്തിന്റെ മങ്ങലിനിടയിലും അവളില്‍ ഇസഹാക്കിന്റെ രൂപം തെളിഞ്ഞുവരും. സലോമിയ മുത്തശ്ശിയുടെ കഥ പക്ഷേ അവിടെ അവസാനിച്ചിരുന്നില്ല.
സഞ്ചാരിയപ്പന്റെ വേട്ട കരയില്‍നിന്നും മറുകരകളിലേക്ക് വ്യാപിച്ചു. അതിനിടയില്‍ അപ്പനില്‍നിന്നും ആ കരയില്‍ ഒരു കുഞ്ഞ് ജന്മമെടുത്തിരുന്നു. ആ പരമ്പരയുടെ പിന്‍ഗാമികളാണ് തങ്ങളുടെ വംശമെന്ന് പറയുമ്പോള്‍ വൃദ്ധയുടെ കണ്ണുകള്‍ വിടരും. അതിനുള്ളില്നിന്നും ഏതു നിമിഷവും കൂര്‍ത്ത എല്ലുമായി ഭീമാകാരമായ ഒരു രൂപം ചാടിവന്നേക്കുമെന്ന തോന്നലില്‍ കുഞ്ഞുസോഫിയയുടെ ശരീരം വിറക്കും.
അവസാനമായി കടലിലേക്ക് തിരിച്ചുപോകുമ്പോള്‍, ഒരിക്കല്‍കൂടി മറ്റൊരു കാലത്തില്‍ താന്‍ മടങ്ങിവരുമെന്ന് സഞ്ചാരിയപ്പന് പറഞ്ഞുവെച്ചു. ദൂരെ കടലിന്റെ അറ്റത്തേക്ക് വലിയ രാക്ഷസന് കപ്പലിന്റെ വിളക്കുകാലുകള്‍ അകന്നകന്നുപോയി.
6. അവസാനത്തെ ഇര
ദേശാടനം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ഇസഹാക്കിന്റെ സാന്നിധ്യം എന്തുകൊണ്ടോ സോഫിയയെ വല്ലാതെ ഭയപ്പെടുത്തി. മകന് ഏറെയൊന്നും വീട്ടില്‍ തങ്ങില്ലെന്നും ഉടനെ തിരിച്ചുപോകുമെന്നുമായിരുന്നു സോഫിയ കരുതിയിരുന്നത്. എന്നാല്‍ വന്നപാടെ മുകളിലെ തന്റെ മുറിയില്‍ കയറി കതകടച്ചിരുന്ന ഇസഹാക്ക് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടുപോലും പുറത്തിറങ്ങിയില്ല.
അവന്റെ രൂപം ഒട്ടാകെ മാറിപ്പോയതായി സോഫിയക്ക് തോന്നി. കാഴ്ചയും കേള്‍വിയും മുഴുവനായും ഇല്ലാതായതില്‍ പിന്നെ സ്പര്‍ശത്തിലൂടെയും ഗന്ധത്തിലൂടെയുമാണ് അവള് തന്റെ ചുറ്റുപാടുകളെ അറിഞ്ഞിരുന്നത്. തിരിച്ചെത്തിയ ദിവസം ഇസഹാക്കിന്റെ ശരീരത്തിലൂടെ വിരലോടിച്ച സോഫിയക്ക് എന്തോ ഒരപരിചിതത്വം മണത്തു. അവന്റെ മുടിയും താടിയും നീണ്ടു വളര്‍ന്നിരുന്നു. കൈകളിലേയും മുതുകിലേയും മാംസപേശികള്‍ ഉറച്ചു ബലപ്പെട്ടിരുന്നു. സോഫിയയെ കടന്ന് മുകളിലേക്കു പോയ ഇസഹാക്കിനു പിറകേ കൂടിയ കാറ്റിന് അവളുടെ ദുർബലമായ ശരീരത്തെ ചുഴറ്റിയടിക്കാനുള്ള ശക്തിയുണ്ടായിരുന്നു.
സോഫിയക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ടു. ഇത്തവണ അവള് മയക്കുഗുളികകള്‍ ഉപയോഗിച്ചില്ല. ഉറക്കത്തില്‍ തന്നെ വലിയ ഒരാപത്ത് കാത്തിരിക്കുന്നുണ്ടെന്ന് വിശ്വസിച്ച സോഫിയ അവശേഷിക്കുന്ന ഇന്ദ്രിയങ്ങളെയെല്ലാം ജാഗ്രത്താക്കി സദാ ഉണര്‍ന്നിരുന്നു. രാത്രികളില്‍ അപരിചിതമായ ഗന്ധം മുറിക്കുള്ളില്‍ നിറയുന്നുണ്ടെന്ന് തോന്നി സോഫിയ ഞെട്ടിയുണരാന്‍ തുടങ്ങി.
ചുറ്റുമുള്ളതെല്ലാം നേര്‍ത്ത ഒരു പാട മാത്രമായേ കണ്ടിരുന്നുള്ളൂവെങ്കിലും തന്റെ പാമ്പിന്റെ നീലനിറം അവളുടെ കണ്ണുകള്‍ക്ക് വ്യക്തമായി പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വേർപെടുത്താനാവാത്ത വിധം തന്നിലേക്കടുത്തുപോയ ആ ഉരഗത്തെ അവളെപ്പോഴും ചേര്‍ത്തുപിടിച്ചു. അതിന്റെ പരുത്ത തൊലിപ്പുറത്തെ ചൂടറിയുമ്പോള്‍ താന്‍ സുരക്ഷിതയാണെന്ന് സോഫിയക്ക് തോന്നി.
ദിവസങ്ങള്‍ നീങ്ങേ സോഫിയക്ക് ഇസഹാക്കിനെ കുറിച്ചോര്‍ത്ത് ഭയമേറി വന്നെങ്കിലും താനെന്തിനാണ് സ്വന്തം മകനെ ഇത്രത്തോളം പേടിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പിറന്നതു മുതല്‍ അവന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരുന്ന മാറ്റങ്ങളെ ഓരോന്നായി അവള് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പതിനെട്ടാം വയസ്സിന്റെ തുടക്കത്തില്‍ സ്വന്തമായി കീഴ്പ്പെടുത്തിയ തന്റെ ആദ്യത്തെ ഇരയുമായി അവന് കടന്നുവന്നപ്പോള്‍തന്നെ മകന്റെ യാത്ര എങ്ങോട്ടേക്കാണെന്ന് സോഫിയ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു. വളരെ വേഗത്തില്‍ വളര്‍ന്ന അവന്റെ ഉന്മാദങ്ങള് നരഹത്യയോളം എത്തിക്കഴിഞ്ഞെന്ന് അറിഞ്ഞപ്പോള്‍ പോലും അതുകൊണ്ടാണ് അവള്‍ക്ക് ആശ്ചര്യമൊന്നും തോന്നാതിരുന്നത്. ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത കാലത്തിന്റെ തീരുമാനങ്ങളാണ് അതെല്ലാമെന്ന് സോഫിയക്കറിയാമായിരുന്നു. അപ്പോഴൊന്നും അനുഭവപ്പെടാതിരുന്ന ഭീതിയും പരവേശവുമാണ് ഇപ്പോള്‍ തന്നെ തളര്‍ത്തുന്നത്. ജീവിതം കടന്നുപോയ കാലത്തിന്റെ ചില ആവര്‍ത്തനങ്ങള്‍ മാത്രമാണെങ്കില്‍ അവിടെ തന്റെ സന്ദേഹങ്ങള്‍ക്ക് എന്തു സ്ഥാനമാണുള്ളത്? സോഫിയ ആലോചിച്ചു. അവളുടെ ആലോചനകളില്‍ ഉപ്പ് ചുവച്ചു.
ഒടുവില്‍ ഇസഹാക്ക് തന്റെ അടച്ചിരിപ്പവസാനിച്ച് പുറത്തിറങ്ങിയ ദിവസം സോഫിയക്ക് തന്റെ ഭീതിയുടെ കാരണം വെളിപ്പെട്ടു. വേട്ടയാടി കീഴ്പ്പെടുത്തുന്ന ഇരയുടെ കണ്ണുകളിലെ നിസ്സഹായതയും ഭയവുമാണ് തന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിതനാക്കുന്നതെന്ന തിരിച്ചറിവ് സഞ്ചാരിയപ്പനിലൂടെ ഇസഹാക്കിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപോലെ പന്ത്രണ്ട് വര്‍ഷത്തിനും മൂന്ന് മാസത്തിനും നാല് ദിവസത്തിനുമിപ്പുറം ഇരയുടെ ഒരിക്കലും അവസാനിക്കാത്ത ഭയത്തിനു കാരണം പിന്തുടരപ്പെടുന്ന വേട്ടക്കാരന്റെ കാല്‍പ്പാടുകളാണെന്ന് നിയോണ്‍ കണ്ണുകളുള്ള പൂച്ചയിലൂടെ സോഫിയ തിരിച്ചറിഞ്ഞു.
മകന്റെ പിറവിക്കു ശേഷം അവളുടെ യൗവനത്തെ കരിച്ചുകളഞ്ഞ അകാലവാർധക്യത്തിന്റെ പൊരുള്‍ പതിയെ ചുരുളഴിഞ്ഞു. ഇസഹാക്കിന്റെ ആദ്യത്തെ ഇര വെളിപാടുദിവസം അവന് വേട്ടയാടിയ നിയോണ്‍ കണ്ണുകളുള്ള പൂച്ച അല്ലായിരുന്നുവെന്നും അതവനു ജന്മം നല്കിയ താനാണെന്നും സോഫിയ നടുക്കമൊന്നും കൂടാതെ മനസ്സിലാക്കി. ഇസഹാക്കിന്റെ ജീവിതം വേട്ടയാടിക്കൊണ്ടിരുന്ന ഒരു ശരീരം മാത്രമായിരുന്നു താന്‍. ഓരോ ദിവസവും ജീവന് പൊലിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ കണ്ണുകളിലേക്ക് നോക്കി അവന് കൂടുതല്‍ കരുത്താര്ജിക്കുന്നുണ്ടാകണം.
വേട്ടയുടെ പരാക്രമങ്ങളൊന്നും കൂടാതെ വേട്ടക്കാരനുമുന്നില്‍ സ്വയം കീഴടങ്ങേണ്ടി വന്ന ഇരയുടെ നിസ്സഹായത സോഫിയയെ തളര്‍ത്തി. ഇസഹാക്കിന്റെ ആദ്യത്തെയും അവസാനത്തെയും ഇര താന്‍തന്നെ ആയിരിക്കണമെന്നും തന്നിലൂടെ ആ വേട്ട എന്നെന്നേക്കുമായി അവസാനിക്കപ്പെടണമെന്നും സോഫിയ തീര്‍ച്ചപ്പെടുത്തി.
അടച്ചിരിപ്പവസാനിപ്പിച്ച് പുറത്തിറങ്ങിയ ഇസഹാക്ക് അന്നു രാത്രി വലിയ അത്താഴമൊരുക്കുന്നതില് മുഴുകി. നീണ്ട ഒളിജീവിതത്തിന്റെ വിശപ്പുകളെയത്രയും ശമിപ്പിക്കാനെന്നവണ്ണം തീന്മേശയില് വിഭവങ്ങള്‍ ഓരോന്നായി നിരന്നു. എല്ലാമൊരുങ്ങിയപ്പോള് ഇസഹാക്ക് സോഫിയയെ കൈപിടിച്ച് കസേരയിലിരുത്തി. അമ്മയുടെ പാത്രത്തിലേക്ക് ആഹാരം പകര്‍ന്നു. തീന്മുറിയിലേ മഞ്ഞ ശരറാന്തലുകള്ക്ക് താഴെ ഇരുന്ന്, പോയ കാലങ്ങളുടെ ഓര്‍മയില്‍ മുഴുകി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍കൂടി ആ അമ്മയും മകനും അത്താഴമുണ്ടു.
രാത്രി, ചന്ദ്രന്റെ അവസാന വെളിച്ചവും കടലിനുള്ളിലേക്ക് ഇറങ്ങി ഇരുട്ടായപ്പോള്‍ സോഫിയ എഴുന്നേറ്റു. കൈകള്‍ ചുറ്റും പരതി മുകളിലേക്കുള്ള പടികള്‍ കയറി. ഇസഹാക്കിന്റെ കട്ടിലിനടുത്തെത്തിയപ്പോള്‍ തന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന പാമ്പിനെ പതിയെ തലോടി. സോഫിയയുടെ സ്പര്‍ശനമേറ്റ് സ്വതന്ത്രയായ പാമ്പ് ഇസഹാക്കിന്റെ ഉറച്ച മാംസപേശികള്‍ക്ക് മുകളിലൂടെ ഇഴഞ്ഞു. പരന്നു വികസിച്ച നീലനിറമുള്ള അതിന്റെ പത്തി രണ്ടു തവണ ഇരുട്ടില്‍ താഴ്ന്നുയരുന്നത് സോഫിയ തെളിഞ്ഞുകണ്ടു. തിമിരം പടര്‍ന്ന കണ്ണുകള്‍ക്ക് മറ്റു കാഴ്ചകളെല്ലാം അസാധ്യമായതിനാല്‍ അത്രയും നേരം ഇസഹാക്ക് ഉണര്‍ന്നിരിക്കുകയായിരുന്നെന്നും, നീലവിഷം കലര്‍ന്ന കണ്ണുകള്‍ അവസാനമായി അടയുന്നതുവരെ തന്നെ മാത്രം കണ്ടിരിക്കുകയായിരുന്നുവെന്നും സോഫിയ അറിഞ്ഞതേയില്ല. പകരം കടലിന്റെ അങ്ങേ അറ്റത്തുനിന്നും തിരമാലകളെ പകുത്തുകൊണ്ട് ഒരു രാക്ഷസന് കപ്പലിന്റെ വരവിനായി അവള് കാത്തിരുന്നു.