മേഘംപോലെ ഒരു കവി
നവംബർ 24ന് വിടവാങ്ങിയ, സമകാലിക സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളും ജർമൻ കവിയുമായ ഹൻസ് മാസ് എൻസെൻസ്ബെർഗറെ ഒാർമിക്കുകയാണ് കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ഒപ്പം, എൻസെൻസ്ബെർഗറുടെ കവിതയുടെ മൊഴിമാറ്റവും.
സമകാലിക ലോകകവിതയിൽ, ജർമൻ ഭാഷയിലെഴുതിയ വലിയ കവി ഹൻസ് മാസ് എൻസെൻസ്ബെർഗർ (1929–2022) നവംബർ 24ന് 93ാം വയസ്സിൽ കാവ്യചരിത്രത്തിന്റെ ഭാഗമായി. കവിമാത്രമായിരുന്നില്ല, നോവലിസ്റ്റ്, ലേഖന കർത്താവ്, വിവർത്തകൻ, പത്രാധിപർ, ധൈഷണികൻ, ദാർശനികൻ എന്നീ നിലകളിലും തലയെടുപ്പുള്ള എഴുത്തുകാരനായിരുന്നു. നാടകം, സിനിമ, ഓപ്പറ, റേഡിയോ നാടകം, പത്രപ്രവർത്തനം എന്നിവയിലും വ്യാപൃതനായി. യുദ്ധാനന്തര ജർമൻ സാഹിത്യത്തിനു ദിശാബോധം നൽകിയ എഴുത്തുകാരിൽ പ്രധാനി....
Your Subscription Supports Independent Journalism
View Plansസമകാലിക ലോകകവിതയിൽ, ജർമൻ ഭാഷയിലെഴുതിയ വലിയ കവി ഹൻസ് മാസ് എൻസെൻസ്ബെർഗർ (1929–2022) നവംബർ 24ന് 93ാം വയസ്സിൽ കാവ്യചരിത്രത്തിന്റെ ഭാഗമായി. കവിമാത്രമായിരുന്നില്ല, നോവലിസ്റ്റ്, ലേഖന കർത്താവ്, വിവർത്തകൻ, പത്രാധിപർ, ധൈഷണികൻ, ദാർശനികൻ എന്നീ നിലകളിലും തലയെടുപ്പുള്ള എഴുത്തുകാരനായിരുന്നു. നാടകം, സിനിമ, ഓപ്പറ, റേഡിയോ നാടകം, പത്രപ്രവർത്തനം എന്നിവയിലും വ്യാപൃതനായി. യുദ്ധാനന്തര ജർമൻ സാഹിത്യത്തിനു ദിശാബോധം നൽകിയ എഴുത്തുകാരിൽ പ്രധാനി. ഒരു കാലഘട്ടത്തിന്റെ സാഹിത്യ മനസ്സാക്ഷിയായിരുന്നു എൻസെൻസ്ബെർഗർ.
നാസികളുടെ ഉദയവും പതനവും നേരിട്ടനുഭവിച്ച ഈ എഴുത്തുകാരൻ കൗമാരകാലത്ത് 'ഹിറ്റ്ലർ യൂത്തി'നൊപ്പം കൂട്ടുചേർന്നിരുന്നു. ഒട്ടും വൈകാതെ നാസികൾ അദ്ദേഹത്തെ പുറത്താക്കി. ''ഒരു നല്ല സഹചരനാകാൻ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. എനിക്ക് ഒന്നിലും അണിചേരുക വയ്യ. അതെന്റെ പിഴവായിരിക്കാം, അങ്ങനെയല്ലാതെ എനിക്ക് മറ്റൊന്നും ആവാനാവില്ല'' -എഴുത്തുകാരൻ ഒരിക്കൽ പറഞ്ഞു.
എൻസെൻസ്ബെർഗറുടെ ഏറ്റവും ഒടുവിൽ വായിച്ച കവിതാസമാഹാരം മേഘങ്ങളുടെ ഒരു ചരിത്രമാണ്. 99 'ധ്യാനകവിതക'ളുടെ സമാഹാരം (സീഗൾ, 2018). വർത്തമാനകാല ജീവിതത്തെക്കുറിച്ചുള്ള ധ്യാനങ്ങളാണ് അവയിൽ. മൂർത്താമൂർത്തങ്ങളുടെ സങ്കലനം. കവിതയിൽ തന്നെത്തന്നെ നവീകരിക്കുന്ന പരീക്ഷണാത്മകമായ കവിതകൾ. ജീവസത്തയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഈ 'കാവ്യചരിത്ര'ത്തിലുടനീളം. 'ആത്മകഥാകാരൻ' എന്ന കവിത മുഴുവനായി കേട്ടാലും:
'തന്നെക്കുറിച്ചുതന്നെ എഴുതുമ്പോൾ/അയാൾ മറ്റുള്ളവരെക്കുറിച്ചെഴുതുന്നു/തന്നെക്കുറിച്ചല്ലാതെ എഴുതുമ്പോൾ/അയാൾ തന്നെക്കുറിച്ചെഴുതുന്നു/എഴുതുമ്പോൾ അയാൾ അവിടെ ഇല്ല/അവിടെയായിരിക്കുമ്പോൾ, അയാൾ എഴുതുന്നില്ല/എഴുതാനായി അയാൾ അപ്രത്യക്ഷനാകുന്നു/അപ്രത്യക്ഷനാകാനായി അയാൾ എഴുതുന്നു/എഴുതുന്നവയിൽ അയാൾ അപ്രത്യക്ഷനാകുന്നു.'
കാൾ ഹൈൻറീഷ് മാർക്സ്
- ഹൻസ് മാസ് എൻസെൻസ്ബെർഗർ
അതികായനായ മുത്തച്ഛൻ
യഹോവത്താടിക്കാരൻ
തവിട്ടു ഡാഗൊറോടൈപ്പിൽ
നിന്റെ മുഖം
മഞ്ഞുവെള്ള പരിവേഷത്തിൽ
ഞാൻ കാണുന്നു
ഉഗ്രശാസകൻ
വഴക്കാളി
മരയലമാരയിലെ കടലാസുരേഖകൾ:
അറവുകാരന്റെ കണക്കുചീട്ടുകൾ
ഉദ്ഘാടനപ്രസംഗങ്ങൾ
അറസ്റ്റുവാറണ്ടുകൾ
നിന്റെ സ്ഥൂലശരീരം
പിടികിട്ടാപ്പുള്ളിപ്പുസ്തകത്തിൽ
ഞാൻ കാണുന്നു
ഭയങ്കരനായ രാജ്യേദ്രാഹി
നീണ്ട കോട്ടും ടൈയും ധരിച്ച,
നാടുകടത്തപ്പെട്ടവൻ
ഉറക്കമില്ലാത്തവൻ
ശ്വാസകോശരോഗി
ചുരുട്ടിൽ പുകഞ്ഞ
നിന്റെ പിത്താശയം
ഉപ്പിലിട്ട കക്കരി
കറുപ്പും വാറ്റുമദ്യവും
അലിയാൻസ് തെരുവിൽ
ഡീൻ തെരുവിൽ
ഗ്രാഫ്റ്റൺ ടെറസ്സിൽ
നിന്റെ വീടു ഞാൻ കാണുന്നു
ഭയങ്കരനായ ബൂർഷ്വാസി
സർവാധിപതിയായ വീട്ടുകാരൻ
പിന്നിയ പാദരക്ഷകളിൽ
കരിയും പുകയും 'ധനശാസ്ത്ര ചവറുകളും'*
'പതിവുള്ള' പലിശയിടപാടുകൾ
കുഞ്ഞുങ്ങൾക്കുള്ള ശവപ്പെട്ടികൾ
അവിഹിതങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ
യന്ത്രത്തോക്കില്ലായിരുന്നു
നിന്റെ പ്രവാചകക്കൈകളിൽ:
അത് ബ്രിട്ടീഷ് മ്യൂസിയത്തിൽ
പച്ചവിളക്കിനുകീഴെ
ഭയങ്കരമായ ക്ഷമയോടെ
നിന്റെ സ്വന്തം വീടു തകർക്കുന്നത്
ഞാൻ ശാന്തനായി കാണുന്നു
നീ ഒരിക്കലും
ഉറങ്ങിയെഴുന്നേറ്റിട്ടില്ലാത്ത
മറ്റുള്ളവരുടെ വീടുകൾക്കുവേണ്ടി:
മഹാസംസ്ഥാപകൻ
അതികായനായ യഹൂദാചാര്യൻ
നിന്റെ ശിഷ്യരാൽ
നീ ഒറ്റിക്കൊടുക്കപ്പെട്ടതു
ഞാൻ കാണുന്നു
നിന്റെ ശത്രുക്കൾ മാത്രം
മാറ്റമില്ലാതെ നിലകൊണ്ടു:
82 ഏപ്രിലിലെ
അവസാന ചിത്രത്തിലെ
നിന്റെ മുഖം ഞാൻ കാണുന്നു.
ഒരു ഇരുമ്പു മുഖംമൂടി:
സ്വാതന്ത്ര്യത്തിന്റെ
ഇരുമ്പു മുഖംമൂടി
(ഇംഗ്ലീഷ് വിവർത്തനം: മൈക്കൽ ഹാംബെർഗർ)
*ബ്രിട്ടീഷ് ലൈബ്രറിയിൽ സമകാലിക സമ്പദ്ശാസ്ത്ര പഠനങ്ങൾ വായിച്ചു പഠിച്ച മാർക്സ്, ഏംഗൽസിനെഴുതിയ കത്തിൽ (1851 ഏപ്രിൽ 2) 'economic shit' എന്നാണ് അവയെ വിശേഷിപ്പിച്ചത്.