മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പതിനൊന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
25. ആപുത്രന്റെ നാട്ടിൽ പോയ കഥചിത്രാവതി തൻ ചതിയിലാപ്പെട്ടോരുദയകുമാരനൊരു വിദ്യാധരനുടെ വാളാൽ മൃതനായതാം വാർത്ത കേട്ടു നടുങ്ങിയും മാറാണി തൻ പാദമതിൽ വണങ്ങിയും രാജനിതു കേണാൻ മാധവി പെറ്റൊരാ മകൾ തൻ നിത്യമാം മോചനത്തിനായ്. പെരും തപസ്വിനികളാം മങ്കമാരഹിതൻ പത്തി പോൽ ചാരുവാം ലിംഗമാർന്നോ– രിന്ദ്രനേകിയൊരുപത്തൊരുവരുമത്തി– രുസന്നിധിയിലാടിയ നടനമതു പിഴച്ചീ– ധരയിൽ പിറവി കൊണ്ടോരൈവരും അഗസ്ത്യ കോപമാളുവോർ ചേലെഴും നൂറൊടു...
Your Subscription Supports Independent Journalism
View Plans25. ആപുത്രന്റെ നാട്ടിൽ പോയ കഥ
ചിത്രാവതി തൻ ചതിയിലാപ്പെട്ടോരുദയ
കുമാരനൊരു വിദ്യാധരനുടെ വാളാൽ
മൃതനായതാം വാർത്ത കേട്ടു നടുങ്ങിയും
മാറാണി തൻ പാദമതിൽ വണങ്ങിയും
രാജനിതു കേണാൻ മാധവി പെറ്റൊരാ
മകൾ തൻ നിത്യമാം മോചനത്തിനായ്.
പെരും തപസ്വിനികളാം മങ്കമാരഹിതൻ
പത്തി പോൽ ചാരുവാം ലിംഗമാർന്നോ–
രിന്ദ്രനേകിയൊരുപത്തൊരുവരുമത്തി–
രുസന്നിധിയിലാടിയ നടനമതു പിഴച്ചീ–
ധരയിൽ പിറവി കൊണ്ടോരൈവരും
അഗസ്ത്യ കോപമാളുവോർ ചേലെഴും
നൂറൊടു നാലു ചേർന്നിടുവോരും!
മണികൾ ചിന്നിടും മുടി ചേർന്നോരുമ്പർ
കോൻ മുന്നിലായ് കുപിതയാമുർവശി
തൊട്ടു നൂറ്റിരുപത്തൊന്നാൾകളും
മാനഗരിയതി പുരാതനം ചേർന്ന
ഗണികമാർക്കേർപ്പെട്ടതാം വ്യഥയതു
കഠിനമതിലെളുതായിടും രാജ്ഞി തൻ!
ഒരുമയായ് സുരതമതിലേർപ്പെടുന്നോർ
ക്കർഹമാം പ്രതിഫലമേകിടും കോവലൻ
വെടിഞ്ഞിതിഹലോകവാസമെന്നറിഞ്ഞോരാ–
മാധവി ചെന്നിതാ സ്വാമി തൻ ചാരെയായ്!
ഓടുമായ് യാചനയതു ചെയ്തവൾ
വീടുകളേറി പുരി തന്നിലലഞ്ഞതും
അനുചിതമിതു ഗണികമാർക്കിത
വിതർക്കിതം പരിഹാസ്യമായതും
അരച കുമാരനന്യഥാ മരിച്ചതു
മിപ്പുരി തൻ വലുതാം വിനാശവു
മൊത്തു വന്നിടാമതശക്യമായതും
ഉമ്പളമതിന്നരികെയായുന്നതമാം
മണൽതിട്ട ചേർന്നതാം ചേലെഴും
പുന്നമരത്തോപ്പിലായ് മുത്തണി–
ക്കിരീടധാരിയാം കിള്ളിതൻ മുന്നി–
ലൊരു പൊന്നിളം വേനലിൽ;
വശ്യമാം മലർമണം വീശിടുമുരുദ്യാന–
മതിലൊരു വിജനമാമിടത്തിലായ്
വന്നോരേകയാം തന്വിയാൾ കാമരൂപിണി
മോഹപരവശനായരചനതി തീക്ഷ്ണമായ്
കണ്ട കണ്ണിലും കേട്ട കാതിലും ഉണ്ട വായിലും
ശ്വസിച്ച മൂക്കിലും തൊട്ട തൊലിയിലും
ഐയ്യമ്പനുടെ അമ്പുകളഞ്ചും വിടർന്നാ–
മലരമ്പിൻ മണം തൂകി വിജയിയാ–
മരചനവളെ വണങ്ങി കേട്ടതാജ്ഞയും
തങ്ങിയവളവിടെയവനോടൊത്തെങ്കിലു–
മവൾ മറഞ്ഞീടിനാളൊരു ദിനമതി–
ലാധി പൂണ്ടവനരികളെ വെന്നോൻ മുന്നി–
ലായ് പ്രത്യക്ഷമായ് ജലചാരിയാമൊരു
ചാരണൻ മൂന്നു കാലമറിഞ്ഞവൻ!
മന്നവൻ വണങ്ങിയാ മുനിവരനെ
േപ്രയസി തൻ വിയോഗവും പറഞ്ഞ–
തുപോലരെയും കണ്ടിതോസ്വാമിയെ–
ന്നിതമോടാരാഞ്ഞു വണങ്ങിടുമ്പോൾ
കണ്ടതില്ല ഞാനാ മങ്കയെയെങ്കിലു–
മുണ്ടിതറിവെനിക്കു പല കാലമായ്!
അതിനാലിതു കേൾക്ക നീയനുവേല–
മായ് നാഗ നാട്ടിൻ ബാധയാറ്റീടുമരചനേ!
വാസമൈലിയാ ദേവി വളൈവണ പത്നി
പെറ്റൊരാ പീലിവള തൻ പിറന്നാളിൽ
സൂര്യവംശജാതനാമൊരരചനൊത്തവൾ
ഗർഭിണിയായ് മടങ്ങിടുമെന്നാം പ്രവാചകൻ
തിരികേ വരില്ലവളെന്നാലാ സുതനാഗതനായിടും
വ്യഥയാറ്റുക മഹീപതേ കാതോർക്ക യഥോചിതം
ഇേന്ദ്രാത്സവമില്ലാ പുരിയിതു കടലെടുത്തിടും
മണിമേഖല തൻ സത്യവചസ്സതിനു ഹേതുവാം
പുരിതൻ പതനവുമൊപ്പമാ ഭരണനാശവു–
മരികൾക്കന്തകനേ നിനയ്ക്ക നീ സത്യമായ്!
കടലെടുത്തിടായ് വാനീനഗരമനുപമം
മറന്നീടായ്ക നീ ഇേന്ദ്രാത്സവമൊരിക്കലും
ഇന്ദ്രപാശമതു മറിച്ചായിടാ!
ചാരണനവൻ മറഞ്ഞനാൾ മുതലേറിടും
തുമ്പമേർപ്പെടുമവൾക്കാശ്വാസമേകിടാ–
നണയുമാ മണിമേഖലാ ദൈവതമെന്നു
കണ്ടു വണങ്ങിയാ ദേവി ഭീതിപൂർവമായ്
നന്മനമാർന്നൊരാ നടിയെയെന്നാലയത്തി–
ന്നയയ്ക്കാനരുളുക സമ്മതമെന്നർഥിച്ചാൻ!
കള്ളു കള്ളം കാമം കൊലയു–
മുള്ളമേറും കളവുമറിവോറകറ്റിടും.
നിൻ കുലമാദരിച്ചിടുമനൃതാദി വെടിഞ്ഞ–
വൾ വന്നിടില്ലവിടേക്കെനിക്കൊപ്പമായ്
പാർത്തിടുമെപ്പോഴുമെന്നോതിടുമ്പോൾ
ബന്ധനമാർന്നമവളാണീ മണിമേഖല–
യെന്നറിഞ്ഞൊരമ്മയാം മാധവി തെളി–
നീർ പൊടിയാൽ കലങ്ങിടുമ്പോൽ
തെളിയാ മനമോടാതി സുധാമതിയൊടായ്!
ഉലയും കൊമ്പു പോലുഴന്നു മെയ് നടുങ്ങി
സ്വാമി പാദങ്ങളിൽ പ്രണമ്രയായരചപത്നി
തന്നരികിലണഞ്ഞഭിവാദനം ചെയ്തിടു–
മ്പോള ചിത്രാവതി മാധവി തൻ മകളുമായ്
മാറാണി സപരിവാരയായെതിരേറ്റാ–
കാപ്പണി കൈകളാൽ കൂപ്പിടുമ്പോളടിക–
ളറിവുണരുകയെന്നാശ്ശിസ്സാർന്നാർ!
തരിവളക്കൈകളാലരച പത്നിയാൾ
ആസനമതു താപസർക്കായ് കാട്ടി ദയാ
മൂർത്തിതൻ പെരും പാദമുടൻ വണങ്ങി–
യേറെ നാളായ് ഞാൻ കൊതിച്ചിടുന്നത–
വിടുത്തെ ക്ഷീണ പാദമതു വണങ്ങുവാൻ.
ധർമചാരിണിയാമെൻ കർമഫലമെന്നേ
ചൊൽവൂ ധന്യമാമീ തിരുവടി ദർശനം!
വാഴ്ക! നീണാൾ വാഴ്കയീ കൃശമാം തനു.
വചനമതു കേട്ടാ തിരുവടികളുമോതിനാൻ
കേൾക്ക നീ റാണീ! മഹാഭാഗേ! തപസ്വികൾ–
ക്കിണങ്ങുമീ വരണ്ടതാം തനുവെങ്കിലും
മറയും കതിരോനിതു സദൃശമെന്നോർക്ക നീ!
മാരി വാർധകമിവറ്റിനാൽ പിറവി പൂണ്ട–
വരിറന്തിടുമതു ലോകനീതിയതായിടും.
മോഹമതുപോലവിദ്യയാദിയാം പ്രകൃതി
പന്തിരണ്ടെന്നറിയുവോരിതു ജ്ഞാനികൾ.
സിദ്ധി തേടിടുമവരല്ലായ്കിലോ തുമ്പ–
മേറിടും നരകമതിൽ പതിച്ചിടും!
അവിദ്യയെന്തതിനുത്തരമോതിടാമിനി
പന്തിരണ്ടാം പ്രകൃതികളോർത്തിടാ–
തഹർന്നിശം വാഴ് വതിൽ മുങ്ങിയും
മനമതു മയങ്ങിയും കഴിയുവോരവർ
മുയിലിനു കൊമ്പുണ്ടെന്നു ശഠിച്ചിടാം.
മനുഷ്യ–ദേവ–മൃഗ–പിശാചർ–ബ്രഹ്മ–
നരകാദിയാമുയിരുകളാറായിടുമറിക നീ!
നല്ലതു തീയതെന്നിരുവകയായിടും
കർമമതിൽ നിന്നുയിർക്കൊണ്ടോ–
രിതുയിരുകൾ മൂലോകവാസികൾ!
തുഷ്ടിയുമതുപോൽ ക്ലേശവുമാർന്നിടും
മനമതു കർമഫലമേശിടുമ്പോൾ.
കൊല, കളവു കാമമിവയാ വപുസ്സിനും
നുണ, കള്ളം, വ്യർഥമാം വാക്കും,
നൊമ്പരമേകിടും വാണിയെന്നീ നാലും
ഭാഷണത്തിലും; മോഹം, കോപം സംശയ–
മാദി മനസ്സിനും ചേർന്നു പത്തു വകയാം
ദുഷ്കർമമൊക്കെയുമെന്നു മറിക നീ!
ദുർമാർഗചാരികളായിടാ മനുജർ
കർമഫലമെന്തെന്നറിഞ്ഞ മനീഷികൾ.
അല്ലായ്കിലോ; മൃഗപിശാചുനരകരുമായ്
മനമതു കലങ്ങി സ്വസ്ഥതയറ്റിടും.
ദാനധർമാദികൾ ശീലമായ് വാഴ് വതു
ധന്യമാക്കുവോർ സുചരിതരായിടു–
മവരോ ത്രിവിധമായിടുമെന്നറിക നീ!
ദേവ മാനവബ്രഹ്മരെന്നിവരാമവർ
സൽകർമഫലവുമവർക്കുള്ളതാം.
പേർ പെറ്റതാം കർമഫലമതുമറിക
മാദേവിയൊത്തമരുവോർ നിങ്ങൾ
മറുപിറവിതൻ കഥയഖിലമറിഞ്ഞ നീ
അറിയണമിതു മതസാരമഖിലവും
ചൊല്ലിടാമവ ശാഖയായുപശാഖയാ–
യെന്നടികളരികിലണഞ്ഞിടുമ്പോൾ!
കമനീയാംഗിയവളതു പൊഴുതിലവ–
നമ്രയായവനുടെയടി തൊഴുതരികി
ലായ്മേവുമരച പത്നിയോടുരച്ചാൾ.
ഓർത്തീടുക വചനമിതെല്ലാം പാലി–
ച്ചീടുക നിത്യമായോരോഗതിയിലും!
പുരിയിതു വർജ്യമെനിക്കെന്നറിക നീ!
കുമാരനുടെ കാലനിവളെന്നാ പുര–
വാസികളോതിടുമപവാദമതു നിശ്ചയം!
ആപുത്ര പുരിയിൽ ചേർന്നതിൽ പിൻ
മഹിതമാം മണിപല്ലവത്തെയും വണങ്ങി
വഞ്ചിയുൾപ്പുക്കാ പത്തിനിക്കായ് ധർമ–
മാചരിച്ചിടുമഖില ലോക ഹിതാർഥമായ്!
വേണ്ടാ ഖേദമെൻ രുജയോർത്തൻ–
പിയന്നതാം മനമതു വാഴട്ടെ നീണാൾ
ആർദ്രമായിത്യേവമോതിയവൾ
പോയാനകനക കാന്തി ചിതറുമിനൻ
മറഞ്ഞിടും സായാഹ്നസന്ധ്യയിൽ
ഉലകവറവിയും ചമ്പാപതിക്കോവിലും
ഒളിചിതറിടും സ്തംഭ ദേവി തന്നെയും
വലംവെച്ചവൾ പ്രണമ്രയായ് ചെന്നിതു
വിയത്തിങ്കലായിന്ദ്രവംശജരുടെ പുരിക്കു
വെളിയിലൊരു ചോലയിൽ സാദമാറ്റി.
മേവിടുമവിടെയൊരു മാതാപസൻ
വണങ്ങിയവളവനെയും ധന്യയായ്
ചേണാർന്നൊരീ നഗരിതൻ പേരെന്തരച–
നാരെന്നുമാരാഞ്ഞവളതി കാംക്ഷയാൽ.
ഭൂമി ചന്ദ്രതനയനാം പുണ്യരാജൻ വാഴു–
മിവിടമവൻ പിറന്ന നാൾ തൊട്ടൊഴിഞ്ഞിടാ–
മാരിയതു പോലേകിടുന്നു മരങ്ങളെഥേഷ്ട–
മായ് വളം, ധരയോ പുഷ്കലമായിടുന്നെപ്പൊഴും!
ആതുരതയൊഴിഞ്ഞവിടെ പാർത്തിടുന്ന–
വരാണഖില ജീവികളെന്നുമാ പൂവാടിയി–
ലിരുന്നരച കഥകളേവമോതിയാ താപസൻ!
വിശദീകരണം:
ഉദയകുമാരൻ വെട്ടേറ്റ് മരിച്ചതും മണിമേഖലയെ കാരാഗൃഹത്തിലടച്ചതും കേട്ട് ദുഃഖിതയായ ചിത്രാവതി രാജ്ഞിയെ കണ്ട് സങ്കടമുണർത്തിച്ചു. കോവലന്റെ വിയോഗത്തിൽ ദുഃഖിതയായ മാധവി സന്യാസം സ്വീകരിച്ചു. മകൾ മണിമേഖല ഭിക്ഷാപാത്രവുമായി ഊരു ചുറ്റുകയാണ്. ഇത് പരിഹാസ്യമാണ്. അവളെക്കൊണ്ട് ഈ നഗരത്തിന് ഇനിയും ഏറെ ദോഷം ഭവിക്കുന്നതാണ്. ഞാൻ പറയുന്നത് കേട്ടാലും. നെടുമുടിക്കിള്ളി എന്ന രാജാവ് ഈ നഗരത്തിൽ പുന്നമരത്തോട്ടത്തിൽ ഒരു സുന്ദരിയോടൊപ്പം കുറച്ചുനാൾ കഴിച്ചു. ഒരുദിവസം പെട്ടെന്ന് അവൾ അപ്രത്യക്ഷയാവുകയും ചെയ്തു. രാജാവ് അവളെ പലയിടങ്ങളിലും അന്വേഷിച്ചു. ഒടുവിൽ ഒരു ചാരണനെക്കണ്ടുമുട്ടി. അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ ഞാൻ അവളെ കണ്ടിട്ടില്ലെന്നും എങ്കിലും അവളുടെ കാര്യങ്ങൾ തനിക്കറിയാമെന്നും പറഞ്ഞു. ''നാഗനാട്ടിൽ വളൈവണൻ എന്ന രാജാവിന് പത്നിയായ വാസമയിലൈയിൽ ഉണ്ടായ മകളാണവൾ. പീലിവള എന്നാണ് അവളുടെ പേര്. അവൾ ജനിച്ചപ്പോൾ ഒരു ഗണകൻ അവർ സൂര്യകുലത്തിലെ ഒരു രാജാവിന്റെ പ്രിയതമയായി ഗർഭം ധരിക്കുമെന്ന് പ്രവചിച്ചിരുന്നു. അങ്ങ് പറയുന്ന സ്ത്രീ അവളാണ്. ഇനി അവൾ നിങ്ങളുടെ അടുത്ത് വരില്ല. എന്നാൽ, അവളുടെ പുത്രൻ വരും. അങ്ങ് ദുഃഖം ഉപേക്ഷിക്കുക. മറ്റൊരു കാര്യംകൂടി പറയാം. ഇേന്ദ്രാത്സവം മുടങ്ങിയാൽ മണിമേഖലാ ദൈവത്തിന്റെ ശാപത്താൽ ഈ നഗരം കടലിൽ മുങ്ങുന്നതാണ്. അതുകൊണ്ട് ഇേന്ദ്രാത്സവം മുടങ്ങാതെ നടത്തുക. എന്റെ വാക്കുകൾ സത്യമായിക്കരുതുക.'' എന്നു പറഞ്ഞ് ആ ചാരണൻ പോയി. അന്നു തൊട്ട് നഗരവാസികൾ ഭയന്നു കഴിയുകയാണ്. തന്റെ പേരുള്ള മണിമേഖലക്ക് ദുഃഖമുണ്ടായാൽ അതു മാറ്റാൻ ആ ദൈവം ഇവിടെ വരുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ട് മണിമേഖലയെ എന്റെ വീട്ടിലേക്ക് അയക്കുക എന്ന് അപേക്ഷിച്ചു. അതു കേട്ട റാണി ''കള്ള്, അസത്യം, കാമം, വഞ്ചന, കൊല എന്നിവയെ ജ്ഞാനികൾ ത്യജിച്ചിട്ടുണ്ടെന്നും അവയെ ആദരിക്കുന്ന നിന്റെ വീട്ടിലേക്ക് ഇനി അവൾ വരില്ലെന്നും എന്റെ കൂടെ കഴിയട്ടെ'' എന്നും പറഞ്ഞു. മണിമേഖലയുടെ കാര്യങ്ങളൊക്കെ മാധവി സുധാമതിയോടു പറഞ്ഞു. തുടർന്ന് അവർ അറവണ അടികളെയും കൂട്ടിക്കൊണ്ട് റാണിയെ ചെന്നു കണ്ടു. റാണി അടികളെ നമസ്കരിച്ചു. ''അങ്ങ് ഇങ്ങോട്ടേക്ക് എഴുന്നള്ളിയത് എന്റെ പൂർവജന്മ ഫലമാണ്'' എന്ന് റാണി പറഞ്ഞപ്പോൾ ജനനം, വാർധക്യം, രോഗം, മരണം എന്നിവ ലോകസ്വഭാവമാണെന്ന് പറഞ്ഞ് അവിദ്യ മുതലായ പന്ത്രണ്ട് നിദാനങ്ങൾ ഉപദേശിച്ചു. ധർമചിന്തയോടെ ജീവിക്കുവാൻ ഉപദേശിച്ചു. മറ്റു ധർമ തത്ത്വങ്ങളറിഞ്ഞ ശേഷം നിദാനങ്ങളും ഉപവിഭാഗങ്ങളും പറഞ്ഞു തരാം എന്ന് മണിമേഖലയോടും പറഞ്ഞു. മടങ്ങിപ്പോകാൻ തുനിഞ്ഞ അടികളെ മണിമേഖല തൊഴുതു. റാണിയോട് ''സ്വാമികളുടെ ഉപദേശപ്രകാരം ജീവിക്കുക, ഞാൻ ഇവിടെ കഴിയുകയാണെങ്കിൽ രാജകുമാരന്റെ കാലനായി വന്നവളാണെന്ന് നാട്ടുകാർ പറയും; ഞാൻ ഇവിടെ ഇരിക്കില്ല. ആപുത്രന്റെ നാട്ടിൽ ചെന്നശേഷം മണിപല്ലവ ദ്വീപിലെത്തി എല്ലായിടത്തിലും ധർമപ്രചാരം നടത്തും; എനിക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതേണ്ടതില്ല'' എന്ന് പറഞ്ഞ് അവരെ വണങ്ങി വിടവാങ്ങി. സന്ധ്യക്ക് ഉലകവറവിയെയും ചമ്പാപതി ക്ഷേത്രത്തെയും സ്തംഭദേവതയെയും വണങ്ങി. പിന്നീട് ആകാശമാർഗം ഇന്ദ്രന്റെ കുലത്തിൽ പിറന്ന പുണ്യരാജന്റെ നാട്ടിലെ ഒരു ചോലയിൽ ഇറങ്ങി വിശ്രമിച്ചു. അവിടെ ഉണ്ടായിരുന്ന മുനിയോട് കാര്യങ്ങൾ അന്വേഷിച്ചു. ''ഭൂമി ചന്ദ്രന്റെ മകനായ പുണ്യരാജനാണ് ഈ നാടു ഭരിക്കുന്നത്. അദ്ദേഹം ജനിച്ചതു മുതൽ ഈ രാജ്യത്ത് മഴ മുടങ്ങാതെ പെയ്യുന്നുണ്ട്. മണ്ണും മരങ്ങളും ഫലഭൂയിഷ്ഠമാണ്. ജീവികൾക്ക് ആതുരതയില്ല'' എന്ന് മറുപടി പറഞ്ഞു.
26. ആപുത്രനോടൊപ്പം മണിപല്ലവത്തിൽ പോയ കഥ
പത്നീ സമേതനായീ പുണ്യരാജനുപവന
മതിങ്കലായ് ചെന്നമ്മുനി തന്നെയും വണങ്ങി
ധർമാധർമനിത്യമനിത്യപ്പൊരുൾ ജനിമൃതി–
യജ്ഞതതൊട്ടുള്ളതാം പത്തു രണ്ടിൻ
പ്രഭവവുമശക്യമാം മുക്തിമാർഗവും
സർവാർഥസിദ്ധനുടെ ഭാവപ്രകൃതിയുമതി
ശാന്തനായ് കേട്ടതി ബോധവുമാർന്നു മോദവും.
മന്മഥ മനം കവർന്നിടുമായതമിഴിയാ
ളോടേന്തിടാനെന്തു കാരണമതുമീ–
പുണ്യ ലഭ്യയാമിവളരെന്നതും ചൊൽക നീ.
അരചോക്തികളതു കേട്ടൊരമാത്യനുമോതിനാൻ
ജംബുദ്വീപിലിവളതുല്യയാണോതി–
യുട്ടുണ്ടിവൾ തൻ ചരിതം മുന്നമേ.
അറവണവടികളീ തന്വംഗിതൻ കഥ–
യഖിലവുമതി വിസ്തരമായ് ചൊല്ലി
നമ്മോടാ പുകാർ പുരി തന്നിലായ്
കിള്ളിവളവനുടെ പ്രീതിക്കായ് ചെന്നൊ–
രന്നെന്നോതിയതോർത്തിടേണമരചൻ,
പുരമതുവിട്ടവളീദൃശമിവിടെ വന്നതും.
തൻ കഥയതു കേട്ടു തെളിഞ്ഞൊരാ
കൃശഗാത്രിയാളവനറിവതിനായതി
സാന്ദ്രമായോതി പൂർവകഥയശേഷവും
പാത്രമിതിനുടയോനായിടുമങ്ങാർത്തി
പൂണ്ടപ്പൂർവ കഥയോർത്തതേയില്ല; ഗോവി–
നുദരമതിൽ പിറന്നോരരച ജന്മവും.
ചെല്ലണമതിനാൽ മണിപല്ലവത്തിങ്കലാ–
യറിയണമതു ബന്ധപാശമശേഷവും
അതിനായ് വരിക സ്വാമിൻ വരികങ്ങ്!
വിനയമൊടു സ്വാഗതം ചെയ്തരചനെയു–
മവളാ മൃദുമേനിയാളുയർന്നാ വിയത്തിൽ
രവിയതു പശ്ചിമാംബരമണയുവതിൻ മുന്നിലായ്.
മേഘമുടിയിൽനിന്നൊഴുകിയെത്തിടുമാ–
ക്കല്ലോല മാലകളിരമ്പി മലർമണം തൂവിടും
തീരമതിലുല്ലാസത്തൊടു ചെന്നാ മടക്കൊടി
വലംകൊണ്ടു മണിപല്ലവത്തെയുമതു പൊഴുത–
ഖിലലോകേശ്വരനുടയ മണിപീഠിക തന്നെയും
ഒളിചിതറിപ്പരിശുദ്ധമായതാം മണിപീഠിക തൻ
കാഴ്ചയുമറിയിച്ചിതു തൻ പിറവിയെയു–
മതിൽപ്പിന്നെയാ പേരാറിൻ തീരത്തായ്
മേവിടുമാതാപസനുടെയടി പണിതു സദ്
വാണികളതു കേട്ടവനെ സ്തുതിച്ചരച–
നൊത്തവന്തിപുരിയിൽ പോയിടുവോർ–
ക്കകറ്റുക പീഡയെങ്കിലാ നരകരും മൃഗ
പേയ്കളുമായ് പുരികലക്കിടും ജന്മ–
മതെല്ലാം വാനവ മാനവ ബ്രഹ്മരുമായിടും.
സദ് വൃത്തരാകണമതിനാലിനി നാം
ജ്ഞാനിയാമൊരുവനീയുലകിനെ–
യുദ്ധരിപ്പാനചിരേണയവതരിച്ചിടും.
ആതുരതയകന്നിടും ധർമവാണിക–
ളതു കേട്ടിടുമ്പോളല്ലായ്കിലോ പതി–
ച്ചിടുമുയിർപ്പറ്റതാം ഗഹ്വരത്തിൽ.
യമനിതപ്രതിരോധ്യനെത്തിടും മുന്ന–
മതിനാലനുഷ്ഠിക്ക ധർമമേവരും!
ധർമോക്തികളേവം കേട്ടുവണങ്ങി
പെരിയോനവതരിച്ചിടും മുന്നമീ പീഠിക–
യിവിടെ സ്ഥാപിച്ചിടാനെന്തു ഹേതുവാം
പൂർവജന്മ കഥയോതുവാനെന്തിതു–
കാരണമെന്നുമാരാഞ്ഞിടുമ്പോൾ
സർവജ്ഞനാമീശനെയൊഴിച്ചാരെയും
താങ്ങുകില്ലീപ്പീഠമതുമല്ലൊരായോഗി
തന്നടിയിണകളതേറ്റിടും മുന്നമായ്!
ദേവാധിനാഥനും വണങ്ങിടില്ലൊരിക്കലും
മുജ്ജന്മ കഥകളീ മണിപീഠികയോതിടേണമാ–
ധർമദേവനു ഖ്യാതിയേകിടുമ്പോലെന്നമരാ–
ധിപനോർക്കയാൽ തീർത്തതീ മണിപീഠിക.
നിൻ പൂർവജന്മ ചരിതമന്നോതിയതിന്നെന്ന
പോലോർത്തിടുന്നു ഞാനെന്നവൾ വാഴ്ത്തി–
യിരുന്നിടുമ്പോളരമനയും പൂകിയാ ഭൂപതി,
യതീന്ദ്രനച്ഛനമ്മ ധേനുവായുള്ളൊരീപ്പിറവിയും
മാമുനിയരുളാൽ കുടൽമാലയിൽ കുടുങ്ങിടാ–
തൊരു ഗോവിനുദരേ പൊൻമുട്ടയിലൊതുങ്ങിയും
മക്കളില്ലാത്തോനാ ഭൂമി ചന്ദ്രനുടെയരുളാൽ
തന്നെയിങ്ങെഴുന്നള്ളിപ്പതിനായ് കാട്ടിയൊരാ
വിരുതുമതമ്മയമര സുന്ദരി തന്നിൽ നിന്നറി–
ഞ്ഞതി വ്യഥയാർന്നവർ തൻ മുൻ ചെയ്തിയും.
ഉപലത്മമാമീ പിറവിതൻ മട്ടും നിനച്ചാ
വേൽപ്പടയരചർ തങ്ങൾ തന്നൂഴം കാത്തു–
ത്സാഹം വിട്ടശരണരായിത്തീർന്നിടുമ്പോ–
ളന്യരതി നിപുണരിൽ ഭരമതു ചേലിലേറ്റി–
ക്കണ്ടിതു നാടകമൊപ്പമായ് കേട്ടു ഗീതവും
പ്രണയിനികൾ തൻ കലഹമതേറെയായ്
കണ്ടപ്പാടകപ്പാദതാരിണ വണങ്ങിയൊട്ടൊട്ടു
പശാന്തി നേർന്നുമാരമ്യോത്തുംഗ സ്തനങ്ങളിൽ
കുങ്കുമച്ചാറണിഞ്ഞാ; കമ്രശോണിതക്കൈ–
കൊണ്ടാ വാർകൂന്തലിൽ പൂക്കൾ ചൂടിയും.
ഇന്ദു മുഖിയാൾ തൻ ദന്തനിരകളിൽച്ചേർന്നിടു–
മമൃതം സ്വദിച്ചാ കരിമിഴിച്ചെങ്കോൺ കലങ്ങിടു–
മ്പോലയ്യമ്പനലർ ശരം തൂവിടുമ്പോള കാമക്ക–
ള്ളിൻ മദത്താലുന്മത്തനായ് ദിശയറ്റിടുമ്പോൾ
സത്യദൃക്കായിടും മുനിതൻ വചസ്സുകളൊക്കെയു–
മെനിക്കിവളാലിന്നന്യൂനമായ് തീർന്നിതു!
പൂർവാർജിതമാം മണിക്കിരീടമതു–
ചേർന്നന്തരംഗ ദീപ്തിയെഴുന്നൊരാ–
യതി തുല്യനരചനിത്യേവമോതിടുമ്പൊ–
ളമാതൃനടിമലരിണ കൂപ്പി സ്തുതിച്ചാൻ.
വാഴ്ക, വാഴ്ക! നീ മഹീപതേ കേട്ടി–
ടേണമെൻ ഹിതോക്തി സർവതും.
പുരിയിതേറെ വരണ്ടു മഖില ജീവി–
കളുയിരിനായ് പലനാളലഞ്ഞതും
പന്തീരാണ്ടാ വലാഹകം മറഞ്ഞതും
നിത്യമായുണ്ണിയെ വിട്ടമ്മമാറുൺവതു
മീനഗരി തൻ ജീവിതമീമട്ട പ്രമേയമാം!
ചുടുവെയിലിലൊരു കാർമേഘമായ്–
പിറന്നു നീയശരണർക്കാലംബമാം വിധം
മാരിപെയ്തുയിരാർന്നു മന്നിടം പശി പോയ്
സല്ലപിച്ചിടുന്ന നാൾകളിലാവതില്ലവർക്കൊ–
രകൽച്ചയും കാക്കണം നീ തന്നെ തമ്പുരാൻ.
അമ്മയെ കൈവിട്ട കുട്ടികൾക്കൊപ്പമായ്
നാടിതു നിന്നാലെ കേണിടുമ്പോൾ
മുക്തിയെ കാംക്ഷിച്ചുമാർത്തരെ താങ്ങാതെ
പുരിവിട്ടു പോയാലതധർമമാകും!
ജന്തുക്കൾ സകലരുമാർത്തരായുയിരറ്റിടും
പകരമായ് മോക്ഷമാഗ്രഹിപ്പതുചിതമോ?
അന്യ ജീവനുതകി സ്വധർമമാചരിച്ചിടും
ധർമദേവനുടെ ഹിതോക്തി വിരുദ്ധമായ്
സ്വജീവിതമതു പാരം ഹനിക്കുവതുചിതമോ?
അമാത്യ വചനമേവം കേട്ടൊരാ പുണ്യരാജൻ
വലം കൊണ്ടിടാം മണിപല്ലവത്തെയെന്നെഴു–
ന്നേറ്റെളുതല്ല തൻ കാമിത പൂരണമെന്നു കണ്ട–
കനാരിമാർക്കൊപ്പമവികലമാം രാജ്യഭാരവും.
കർത്തവ്യമതമാത്യനുടേതൊരു മാസ–
മെന്നതിനിപുണരാം പണിക്കാരുമൊ–
ത്തതിവേഗമൊരു കപ്പലേറി മണിപല്ലവ–
ത്തിലെത്തിയരചനതി കാംക്ഷയാൽ
പല്ലവാംഗിയാള തപസ്വിനിയരചനുടെ
വരവിതെന്നു തേറിയരികെയണിഞ്ഞ–
ലകൾ തഴുകിടുമൊരുദ്യാനമരചനൊ–
ത്തൊരുമയായ് വലംവെച്ചിതു താഴ്മയായ്!
അതുല്യ ശ്രീതാവുമരചനേ! കാൺക നീ!
മുജ്ജന്മ കഥയോതിടും ധർമപീഠികയിതെ–
ന്നവളാ പുണ്യരാജനോടോതിടുമ്പോളരച–
നതി വിനീതമായ് തൊഴുതു വലം വെച്ചിടു–
മ്പോള പാണി ചേർന്നിടുമൊരു മുകുരം സ്വ–
വദനമെന്ന പോലമൂല്യ രത്നഖചിതമാം മണി–
പീഠികയതു ചൊല്ലി പൂർവ കഥയശേഷവും.
ധന്യനാമരചൻ പൂർവ കഥയറിഞ്ഞവനിടർ
തീർന്ന ശേഷമതിലതീവ തുഷ്ടനായ്
തെൻ മധുരാപുരി തന്നംഗനാ രത്നമേ! കൂരി–
രുട്ടിലസഹനീയമാം പശിയാലക്ഷോഭ്യനായ്
കൊടും പശിയാർന്നും ശരണാർഥികളായുമേ
നിത്യമായരികിലണഞ്ഞിടുവോർക്കഭയമേകുവാ–
നുപായമൊന്നുമേ കണ്ടിടാതുഴന്നു ഞാനെപ്പൊഴും
പാർജന്യ പംക്തികളകന്നാർത്തി മൂത്തീടിലും
പാത്രമിതൊഴിഞ്ഞീടില്ലൊരിക്കലുമാലംബമായ്–
വരും നിനക്കീയമൃത സുരഭിയെന്നേകിയാശിസ്സൊ–
പ്പമായ് വാഴ് വിൻ പൊരുളുമോതിയനുഗ്രഹിച്ചു.
ദേവ ബ്രഹ്മാദികളടി തൊഴും നിത്യമായ്
പ്രഭ ചൊരിയും കായമിതവർണനീയമാം
ജിഹ്വാഗ്ര മതിൽ തിരുനാമസങ്കീർത്തന–
മൊഴിഞ്ഞൊരു പിറവിയില്ലവർക്കാർക്കുമേ.
ഇത്യേവമാമഹിളാമണി തന്നെയും വാഴ്ത്തി–
യവളുമായ് പളുങ്കുപോലൊളി ചിതറിടുന്നോ–
രലക്കൈകളുരസി ശാന്തിയേകുമാ ഗോമുഖി–
ക്കരയിലൊരു പൂ പുന്നതൻ ചോട്ടിലിരിക്കവേ.
ഗോമുഖിക്കരയിലാ സുതനൊത്തിരിക്കു–
മക്കാഴ്ചയിലേറെ തുഷ്ടയായരികിലിണ–
ഞ്ഞൊരാ കാവലാളമൃത സുരഭിയാലിടർ
തീർത്തവനെത്തൊഴുതുപചാരപൂർവമായ്
നിന്നെയിവിടെ വിട്ടന്നുപോയ് മറഞ്ഞവ–
രെത്തി നിൻ മൃതിയിലതി വ്യഥയാർന്നു–
ണ്ണാവ്രതമൊടു പോക്കി നാളുകളൊൻപതു
ചെട്ടികൾ വെടിഞ്ഞു ജീവനുമസ്ഥികളടയാള–
മായ് കിടപ്പതു കാൺകയരചർക്കരചനേ!
കാൺകയസ്ഥികളിതുമവർക്കൊപ്പമെത്തി–
യന്നപാനാദികളൊഴിഞ്ഞുയിരറ്റവരാമിവർ.
അലകളെഴുന്നോരുന്നതമാമീ മണൽ തിട്ടക–
ളൊപ്പമായുയർന്നൊരാ പുന്നമരച്ചോട്ടിൽ
നിന്നസ്ഥികളിരിപ്പതും കാൺക മഹീപതേ!
ഉയിരതു വെടിഞ്ഞ നിൻ മൃതിയിലനുകമ്പാ–
ർദ്രമായാഗതരുമതു പോക്കി തൻ ജീവനു–
മന്നിലയിലരചനൊരു കൊലയാളി തന്നെയാം!
അഖില ലോകവുമൊന്നായ് വണങ്ങിടു–
മമൃത സുരഭി പാണിയിലേന്തിടു മംഗനേ!
നിൻ നഗരിയിതു കടലെടുത്തീടാനൊരു
കാരണമതും കേൾക്ക നീ ശാന്തശീലേ!
നാഗ നാട്ടരചനുടെ സുതയതി സുന്ദരി
പീലിവള സൂര്യവംശജാതനാം തന്നിളം
പൈതലൊത്തെത്തിയീ ദ്വീപിനെ വലം–
വെച്ചൊപ്പമായ് ദേവ ദേവാധിദേവനി–
ട്ടൊരാ മഹിതമാം മണിപീഠികയെയും
വലം വന്നിതമായ് സ്തുതിച്ചിടുമ്പോൾ!
കമ്പളച്ചെട്ടി തൻ കപ്പലണഞ്ഞൊരാ നേര–
മവനുടെയിംഗിതമൊക്കെയുമറിഞ്ഞ–
രചനുടെ മകനിവനെയും കൂടെ കൂട്ടുക–
യെന്നവനൊപ്പമായയച്ചതിലതി തുഷ്ടനാ–
യെത്രയുമതു പൊഴുതില കമനീയാംഗിയാം
പീലിവളയും സുപുത്രനെയും വണങ്ങിത്തുറ–
യതിരുട്ടിൽ വിട്ടന്നുതന്നെയാ മണിക്കപ്പൽ
മറിഞ്ഞതാ തെളിനീർ തഴുകിടും കരയരികിൽ.
രക്ഷ നേടിയോര കുമാരനുടെ വിയോഗ–
മിേന്ദ്രാപമനാ കിള്ളിവളവനൊടുരച്ച നേരമാ–
തുമ്പമേറെയായ് വന്നിതാ പെരിയോരരചനും.
നൻമണി പോയോരുരഗം പോൽ വ്യഥിതനായ്
കാട്ടിലും കടലിലും തുറയിലുമായ്ത്തേടിയരച–
നുപേക്ഷിച്ചാനിേന്ദ്രാത്സവം പത്തനമതിങ്കലായ്!
പെരുതാം കുറ്റമതു സഹിയാതമ്മണിമേഖലാ–
ദൈവതമലകടലാൽ വിഴുങ്ങട്ടെ നഗരമിതെന്ന–
ടങ്ങാ കോപമോടുഗ്രമാം ശാപം ചെയ്താർ.
അലകടലാ ദേവപുരി വിഴുങ്ങീടവേ–
യിേന്ദ്രാപമനാം കിള്ളിവളവൻ കൂർത്ത
വേലേന്തിയോൻ ലോകാധിപനശരണ–
നായ് വിട്ടിതന്നഗരവുമെന്നേക്കുമായ്.
മാതപസ്വിയറവണടികൾക്കൊപ്പമായ്
സൗഖ്യമൊടു നിൻ തായ മാധവിയൊത്ത
സുധാമതി തന്നെയും പൂകിനാർ വഞ്ചിയും.
നിൻ താതവംശത്തിൽ പിറന്നൊരാവണികനെ–
യലകടലിൽ നിന്നാ ദൈവതം കാത്തതും
പുണ്യത്തിനായവൻ ദാനമതു ചെയ്തതും
മുജ്ജന്മ കഥകൾക്കൊപ്പമായറിഞ്ഞിടു–
മെന്നോതിയ ദ്വീപതിലക മറഞ്ഞതിൽ പിൻ
മണിമേഖലയ്ക്കൊപ്പമാ പുന്നമരത്തണലി–
രുന്നാ വെൺപൂഴിയിൽ കുഴിച്ചോരനന്തരം
പ്രത്യക്ഷമായൊരാ പൂർവ പിറവി തൻ രൂപം.
വെൺ കുമ്മായ പൂശിയേറെ മനോജ്ഞമാം
പൂർവ രൂപമതു നോക്കിയരചൻ കുഴങ്ങവേ
അഴകാർന്നൊരാ മലർമാല്യമണിഞ്ഞ രാജനേ
പുരിയതു പൂകി നിന്നെയിവിടേക്കാനയിച്ചതീ
പൂർവ കഥ ചൊല്ലിയൊപ്പമായ് ചെറു പന്തിരണ്ടു–
മതു പോൽ നാലു പെരും ദ്വീപിലുമായ് നിൻ സൽ–
കീർത്തിയറിയിച്ചിടാനെന്നായമ്മണിമേഖലയും.
ധരയതു കാക്കുമരചർ കാരുണ്യമാർന്നാലു–
ലകമതൂനമറ്റെഴാനുപായമാരായേണ്ടതുണ്ടോ?
ഇനി ധർമമതെന്നാലെന്തെന്നു മോതിടാം ഞാൻ.
ഏകണമിതെല്ലാ ജീവികൾക്കുമന്നവു–
മതുപോൽ പാർപ്പിടവുമതുതാൻ ധർമ–
സാരമെന്നവൾ തൻ വചനമതു കേട്ടോ–
രരചനുമോതിനാനൊട്ടു വിനീതനായ്.
വിജ്ഞനാക്കി നീയെന്നെ ഗുണശാലിനീ
പൂർവ കഥയോതിയേകി പുനർജന്മവും
നീതിപൂർവമായ് കാത്തിടും പുരിയന്യ–
നാടുമതു നിൻ ഹിതാനുസാരിയായ്.
ഏകനായ് വാഴ് വതസഹ്യമെന്നുമറിക നീ!
പുരിവിട്ടിവിടെയെത്തിയന്നു തൊട്ടു നിൻ
പുരവാസികൾ കേണിടുന്നിതൊപ്പമായ്
കളക ഖേദമരചനേ! പോകവേഗമവർ–
ക്കാശ്വാസമായെന്നമ്മധുഭാഷിണിയും
മറഞ്ഞാൻ വഞ്ചിപുരി ലക്ഷ്യമായ് വിയത്തിൽ!
വിശദീകരണം:
പുണ്യരാജൻ പത്നിയോടു കൂടി ഉപവനത്തിൽ ചെന്ന് ധർമശബക മുനിയെ തൊഴുത് ധർമം, അധർമം, നിത്യം, അനിത്യം തുടങ്ങിയവ മനസ്സിലാക്കി. അപ്പോൾ അവിടെ ഉണ്ടായിരുന്ന മണിമേഖലയെ കണ്ട് ഭിക്ഷാപാത്രമേന്തിയ നീ ആരാണ് എന്ന് ചോദിച്ചു. അപ്പോൾ അടുത്തുണ്ടായിരുന്ന കഞ്ചുകൻ അവളുടെ കഥ മുമ്പ് ഉണർത്തിച്ച കാര്യം രാജാവിനെ ഓർമിപ്പിച്ചു. അങ്ങയുടെ കൈയിലുണ്ടായിരുന്ന പാത്രമാണിതെന്നും അങ്ങ് സമ്പത്തിൽ മുങ്ങിപ്പോയിരിക്കയാണെന്നും പൂർവകഥ അറിഞ്ഞിട്ടില്ലെന്നും മണിമേഖല പറഞ്ഞു. മണിപല്ലവ ദ്വീപിൽ ചെന്ന് ബുദ്ധപീഠികയെ തൊഴുതാൽ പൂർവജന്മകഥയറിയാമെന്നും കൂടെപ്പോരിക എന്നും പറഞ്ഞ് ആകാശമാർഗത്തിലൂടെ സഞ്ചരിച്ച് സൂര്യാസ്തമയത്തിനു മുമ്പ് മണിപല്ലവത്തിലെത്തി ബുദ്ധപീഠികയെ വലംവെച്ച് വണങ്ങി. അപ്പോൾ പോയ ജന്മത്തിൽ കായങ്കര എന്ന നദിയുടെ തീരത്തുവെച്ച് ബ്രഹ്മധർമ മുനി പറഞ്ഞ കാര്യങ്ങൾ ഓർത്തു. അതിൽ അവൾക്ക് അത്ഭുതമുണ്ടായി. പുണ്യരാജൻ ഉദ്യാനത്തിൽനിന്ന് കൊട്ടാരത്തിലേക്കു പോയി. വളർത്തമ്മയായ അമരസുന്ദരിയിൽനിന്ന് ജന്മകഥയറിഞ്ഞ് സങ്കടപ്പെട്ടു. രാജ്യഭരണത്തിൽ താൽപര്യം നശിച്ചു. സന്യസിക്കണമെന്ന ആഗ്രഹം പ്രകടമാക്കി. അതുകേട്ട ജനമിത്രനെന്ന മന്ത്രി ''അങ്ങ് ജനിക്കുന്നതിനു പന്ത്രണ്ടു കൊല്ലം മുമ്പ് നാട്ടിൽ മഴയില്ലായിരുന്നു. ജീവികളേറെ കഷ്ടപ്പെട്ടു. അപ്പോൾ കഠിനമായ വേനലിൽ കാർമേഘമെന്നതുപോലെ അങ്ങ് അവതരിച്ചു. അന്നുമുതൽ കാലവർഷം നിലച്ചിട്ടില്ല. ജീവികൾ വിശപ്പ് എന്തെന്നറിഞ്ഞതുമില്ല. അങ്ങ് ഇപ്പോൾ നഗരം വിട്ടുപോയാൽ അമ്മയെപ്പിരിഞ്ഞ കുഞ്ഞുങ്ങളെപ്പോലെ ജീവികൾ നിലവിളിക്കും. ലോകത്തെ രക്ഷിക്കാതെ മുക്തി മാത്രം ലക്ഷ്യമാക്കുന്നത് അഭികാമ്യമല്ല എന്ന് പറഞ്ഞു. മണിപല്ലവ ദ്വീപിലേക്ക് എന്തു വന്നാലും പോകണമെന്നും ഒരു മാസത്തേക്ക് രാജ്യം രക്ഷിക്കേണ്ടത് മന്ത്രിയുടെ ചുമതലയാണെന്നും മറുപടി പറഞ്ഞ് രാജാവ് കപ്പലിൽ മണിപല്ലവത്തിലെത്തി. മണിമേഖലയോടൊപ്പം ദ്വീപിനെ വലംവെച്ചു. പൂർവജന്മകഥയറിയിക്കുന്ന ധർമപീഠിക മണിമേഖല രാജാവിന് കാട്ടിക്കൊടുത്തു. രാജാവ് അതിനെ വലംവെച്ച് പൂർവകഥ നല്ലപോലെ മനസ്സിലാക്കി. പൂർവജന്മത്തിൽ തനിക്ക് അമൃതസുരഭി ദാനം ചെയ്ത ചിന്താദേവിയെ രാജാവ് സ്മരിച്ചു. പിന്നീട് മണിമേഖലയോടൊപ്പം ഗോമുഖിപ്പൊയ്കയുടെ കരയിൽ പുന്നമരച്ചോട്ടിൽ ചെന്നിരുന്നു. മണിമേഖല വന്നു ചേർന്നിട്ടുണ്ടെന്നറിഞ്ഞ കാവൽ ദൈവം ദ്വീപതിലക അവിടെയെത്തി. ''ജീവനൗഷധം കൈയിലേന്തി ജീവികളുടെ മഹാദുഃഖം തീർത്ത രാജാവേ, പണ്ട് അങ്ങയെ മറന്ന് ഈ ദ്വീപിൽ ഒറ്റക്ക് വിട്ടിട്ട് കപ്പൽ കയറിപ്പോയ വണിക്കുകൾ ഓർമ വന്നപ്പോൾ തിരിച്ചു വന്ന് അങ്ങയെ തിരക്കി. അങ്ങ് മരിച്ചതറിഞ്ഞ് ഉപവസിച്ച് അവരും മരിച്ചു. അവരുടെ എല്ലുകളാണ് ഈ കാണുന്നത്. അവരുടെ ആശ്രിതരും മരിച്ചു. അവരുടെ എല്ലുകളാണ് ആ കാണുന്നത്. മണൽ കുന്നു കൂടിക്കിടക്കുന ആ മരച്ചുവട്ടിലാണ് അങ്ങയുടെ പഴയ ശരീരം കിടക്കുന്നത്'' എന്ന് പറഞ്ഞു. തുടർന്ന് മണിമേഖലയോട് കാവിരിപ്പൂമ്പട്ടിനം കടലെടുക്കുവാനുണ്ടായ കാരണം പറഞ്ഞു. ''നാഗനാട്ടുരാജാവിന്റെ മകളായ പീലിവള തന്റെ പുത്രനോടു കൂടി ഈ ദ്വീപിൽ വന്നു. ബുദ്ധപീഠികയെ തൊഴുതു. അപ്പോൾ കമ്പളച്ചെട്ടിയുടെ കപ്പൽ ദ്വീപിലെത്തി. പീലിവള അയാളുടെ അടുക്കൽ ചെന്ന് ഇത് രാജാവിന്റെ പുത്രനാണ്, ഇവനെ അദ്ദേഹത്തിന്റെ അടുക്കലെത്തിക്കുക എന്ന് പറഞ്ഞ് ഏൽപിച്ചു. അയാൾ കുഞ്ഞിനെയുംകൊണ്ട് യാത്ര തിരിച്ചെങ്കിലും വഴിയിൽ കപ്പൽ മുങ്ങി. അതിൽനിന്ന് രക്ഷപ്പെട്ടവർ രാജാവിനെ പുത്രവിയോഗം അറിയിച്ചു. ദുഃഖിതനായ രാജാവ് പുത്രനെത്തേടി അലഞ്ഞതിനാൽ ആ കൊല്ലം ഇേന്ദ്രാത്സവം മുടങ്ങി. അതു നിമിത്തം മണിമേഖലാ ദൈവം ഈ നഗരം സമുദ്രം കയറി നശിക്കട്ടെ എന്ന് ശപിച്ചു. അപ്പോൾ രാജാവ് വേറൊരു നഗരത്തിലേക്ക് പോയി. ദ്വീപതിലക പോയതിനു ശേഷം രാജാവ് ആ സ്ഥലത്തെ മണൽ കുഴിച്ചുനോക്കി. അവിടെ തന്റെ പൂർവജന്മത്തിലെ അവശിഷ്ടങ്ങൾ കണ്ട് ബോധഹീനനായി. അതു കണ്ട മണിമേഖല ''നിങ്ങൾ എന്തു ചെയ്യുകയാണ്; ഞാൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നത് എല്ലാ ദിക്കിലും നിങ്ങളുടെ കീർത്തി വ്യാപിപ്പിക്കാനാണ്. ലോകം ഭരിക്കുന്ന രാജാവ് ധർമപാലകനായാൽ ജീവജാലങ്ങളുടെ ദുഃഖം ശമിക്കും. ജീവികൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും നൽകുന്നതാണ് യഥാർഥ ധർമം'' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ''ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ധർമങ്ങൾ ചെയ്യാം. നിങ്ങളെ പിരിഞ്ഞിരിക്കുക പ്രയാസമാണ്'' എന്ന് രാജാവ് പറഞ്ഞപ്പോൾ ''ദുഃഖിക്കരുത്, ഇവിടെ വന്നതിനാൽ അങ്ങയുടെ നാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. അതിനാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവുക. ഞാൻ വഞ്ചിനഗരത്തിലേക്ക് പോകുന്നു'' എന്നു പറഞ്ഞ് ആകാശമാർഗം പോയി.
(തുടരും)