Begin typing your search above and press return to search.
proflie-avatar
Login

കഥാവഴിയിലെ കാഴ്ചകൾ

കഥാവഴിയിലെ കാഴ്ചകൾ
cancel

മലയാളത്തി​ന്റെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ‘‘കഥാവഴിയിലെ കാഴ്ചകൾ കണ്ടും കാണിച്ചും, പരസ്​പരം ചോദ്യങ്ങൾ കൈമാറിയും നമുക്കൊരുമിച്ച് കുറച്ച് ചെറിയ മനുഷ്യരുടെ യഥാർഥ ജീവിതങ്ങൾ പരിശോധിക്കാം’’ എന്ന്​ കഥാകൃത്ത്.എന്താണ് കഥാനിർമിതിയിലെ രഹസ്യം? എങ്ങനെയാണ് സർഗസൃഷ്ടിയുടെ തുടക്കം?വായനക്കാർ ആകാംക്ഷയോടെ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങുക അങ്ങനെയാവും. ഇതിവൃത്തങ്ങൾ എങ്ങനെയാണ് കണ്ടെത്തുന്നത്? കഥാ േസ്രാതസ്സുകൾ എവിടെയൊക്കെയാണ്?...

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ‘‘കഥാവഴിയിലെ കാഴ്ചകൾ കണ്ടും കാണിച്ചും, പരസ്​പരം ചോദ്യങ്ങൾ കൈമാറിയും നമുക്കൊരുമിച്ച് കുറച്ച് ചെറിയ മനുഷ്യരുടെ യഥാർഥ ജീവിതങ്ങൾ പരിശോധിക്കാം’’ എന്ന്​ കഥാകൃത്ത്.

എന്താണ് കഥാനിർമിതിയിലെ രഹസ്യം? എങ്ങനെയാണ് സർഗസൃഷ്ടിയുടെ തുടക്കം?

വായനക്കാർ ആകാംക്ഷയോടെ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങുക അങ്ങനെയാവും.

ഇതിവൃത്തങ്ങൾ എങ്ങനെയാണ് കണ്ടെത്തുന്നത്? കഥാ േസ്രാതസ്സുകൾ എവിടെയൊക്കെയാണ്? എഴുത്തിനുള്ള കരുക്കളും ആഖ്യാനശൈലികളും ക്രമപ്പെട്ടുവരുന്നതെങ്ങനെ? കഥാപാത്രങ്ങൾ മിഴിവാർന്നു രൂപപ്പെടുന്നതിനു പിന്നിലെ കെമിസ്​ട്രി എന്തായിരിക്കാം?

രചനാ പ്രക്രിയയുടെ രീതികർമത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ദുരൂഹതകളിൽ വിശദീകരണങ്ങൾക്കപ്പുറമുള്ള ചിലത് ഒളിഞ്ഞിരിക്കുന്നു എന്ന തോന്നൽ പൊതുവെ ഉള്ളതാണ്. അതാണ് രചനക്കു പിന്നിലെ കാഴ്ചകൾ തേടുന്ന താൽപര്യവും. മറഞ്ഞിരിക്കുന്ന സർഗാത്ഭുതങ്ങളെക്കുറിച്ചു പറയാൻ പ്രതിഭാശാലികളായ എഴുത്തുകാർക്കേ കഴിയൂ എന്നതിനാൽ ഈയുള്ളവൻ അതിനു തുനിയുന്നില്ല.

എഴുത്തുകാരൻ, കഥാകൃത്ത്, സാഹിത്യകാരൻ തുടങ്ങിയ സംബോധനകൾക്ക് അർഹത നേടിയിട്ടില്ലെന്നു സ്വയം കരുതുന്നതുകൊണ്ട് അത്തരം വിശേഷണങ്ങൾക്കു മുന്നിൽ അസ്വസ്​ഥനാവാറുണ്ട് ഞാൻ. കേവലം ഒരു കുത്തിക്കുറിപ്പുകാരൻ മാത്രമാണ് ഞാൻ എന്ന തോന്നലാണ് എപ്പോഴുമുള്ളത്. എന്നാൽ, കർത്തവ്യ നിർവഹണത്തിൽ ആശയവ്യക്തതക്ക് എഴുത്തുകാരനെന്നും കഥാകൃത്തെന്നുമുള്ള പൊതുവായ പദങ്ങൾ ഒഴിവാക്കാനുമാവില്ല.

വായനമുറികളിൽ, പുസ്​തകശാലകളിൽ, സൈബർ ഗ്രന്ഥാലോകത്ത് വെച്ചെല്ലാം മഹാരഥന്മാരായ എഴുത്തുകാരുടെ സൃഷ്ടികളെ പരിചയപ്പെടുമ്പോൾ സ്വന്തം പരാധീനതകൾ ബോധ്യപ്പെടും. സ്വയം എവിടെ നിൽക്കുന്നുവെന്നു ബോധ്യം വരും. എങ്കിലും, പല കുത്തിക്കുറിപ്പുകാർക്കുമെന്നപോലെ എനിക്കും ചില നിയോഗങ്ങളുണ്ട്. അത് ഏൽപിക്കപ്പെട്ട കർമങ്ങളുടെ നിർവഹണങ്ങളാണ്. അതിനു തുനിയും മുമ്പ് ഞാൻ സ്വയം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എഴുത്തി​ന്റെ ലക്ഷ്യമെന്ത്? അത് ആർക്കുവേണ്ടി? എന്തിനുവേണ്ടി? ഉത്തരം കിട്ടിയാലേ കുറിമാനം ആരംഭിക്കാനാവൂ. ആ ഉത്തരങ്ങൾ വായനക്കാരനും കിട്ടേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു.

കഥകൾ വരുന്ന വഴികൾ പലതാണ്. വിചിത്രങ്ങളുമാണെന്ന് എ​ന്റെ അൽപമായ അനുഭവപരിചയങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കഥാപാത്രങ്ങളുടെ കടന്നുവരവും കൗതുകകരമാവുന്നു ചിലപ്പോൾ. സ്വന്തം ജീവിതാനുഭവങ്ങളും അന്യരുടെ ജീവിതങ്ങളും കഥാവഴിയിലേക്കു വന്നെത്തും. പത്രവാർത്തകളിലൂടെയും മുഖാമുഖങ്ങൾ വഴിക്കും കൽപനകളായും യാത്രകളിലെ കണ്ടുമുട്ടലുകളായും കാഴ്ചകളായും കേൾവികളായും വ്യത്യസ്​തരായ കഥാപാത്രങ്ങൾ കഥയൊരുക്കാൻ എത്തിച്ചേരും. യാഥാർഥ്യവും ഭാവനയും കൂടിക്കലർന്നും വായനയിൽനിന്നും വഴിതെറ്റിവന്നും ഒരു പ്രഭാഷണത്തിലെ ശ്രദ്ധേയമായ വാക്യത്തിലൂടെയും എന്തിന്, അലസ വർത്തമാനങ്ങളിൽനിന്നുപോലും പ്രമേയങ്ങൾ ഉയർന്നുവന്നേക്കാം. ‘‘താങ്കൾക്ക് എഴുതാൻ പറ്റുന്ന ഒരു കഥയുണ്ട് പറയട്ടെ?’’, ‘‘സങ്കീർണമായ എ​ന്റെ ജീവിതം എഴുതാമോ?’’ തുടങ്ങിയ ചോദ്യങ്ങളുമായി എത്തുന്നവരുണ്ട്. എന്നാൽ, അവകളിലെ എ​ന്റെ തിരഞ്ഞെടുപ്പാവട്ടെ, ‘‘ഇത് നിനക്കായി മാറ്റിവെച്ചിട്ടുള്ള വിഷയം’’ എന്ന ഉൾവിളി മുഴക്കത്തെ അടിസ്​ഥാനമാക്കിമാത്രമായിരുന്നു.

എഴുതുന്നയാളി​ന്റെ തൊഴിൽമേഖല ഒരു വലിയ േസ്രാതസ്സാണ്. അവിടെ പലപ്പോഴും അയാൾ കഥയുടെ ഭാഗമാകുന്നു കൂടിയുണ്ട്. അത് വിചിത്രമായ അനുഭവമാണ്. രചനാകർമത്തിനു മുമ്പോ എഴുത്തെന്ന പ്രക്രിയയിലോ എഴുതിക്കഴിഞ്ഞ ശേഷമോ, ഇതിവൃത്ത​മോ കഥാപാത്രങ്ങളോ കഥാപരിസരങ്ങ​ളോ രചയിതാവിനെ അമ്പരപ്പിക്കുകയോ നൊമ്പരപ്പെടുത്തുക​യോ ഭയപ്പെടുത്തുക​യോ വിഷാദപ്പെടുത്തുകയോ പരിഹസിക്കുകയോ ആത്മഹർഷപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവ സ്വകാര്യാനുഭവങ്ങളെങ്കിലും മറച്ചുവെക്കേണ്ടവയല്ലെന്നും വായനക്കാരനുമായി പങ്കുവെക്കപ്പെടേണ്ടവയാണെന്നും തോന്നലുണ്ടെനിക്ക്.

അപ്രകാരം പൊതുവായി കൈമാറേണ്ട ചില അനുഭവങ്ങളും സന്ദേശങ്ങളും തോന്നലുകളും രൂപപ്പെട്ടു വന്നപ്പോഴാണ് ഇത്തരമൊരു കുത്തിക്കുറിപ്പി​ന്റെ ആവശ്യകത തോന്നിയത്. അതിനായി, പല കാലങ്ങളിൽ പ്രസിദ്ധീകരിച്ച ഏതാനും കഥകൾ തിരഞ്ഞെടുത്ത് പുനർവായനക്കെടുക്കുകയാണ്. ഒപ്പം, അവയുമായി ബന്ധപ്പെട്ട ഓർമകൾ വീണ്ടെടുക്കുകയുമാണ്. രചയിതാവുതന്നെ കഥകളെ, അതതു കാലത്തെയും പരിസരത്തെയും കഥാപാത്രത്തെയും സാമൂഹികാവസ്​ഥയെയും ഓർത്തെടുത്ത് അപഗ്രഥിക്കാൻ ശ്രമിക്കുകയാണ്.

ചിലപ്പോഴൊക്കെ, കഥയെയും കഥാപാത്രത്തെയും നിയന്ത്രിക്കാനോ ത​ന്റെ ഭാവനാവഴികളിലൂടെ നയിക്കാനോ കഴിയാതെ ആജ്ഞാശക്തി നഷ്ടപ്പെട്ട് കർത്താവ് നിസ്സഹായമായിപ്പോവുന്നുണ്ട്. ഗതികെട്ട ജീവിതത്തിൽ ഗുരുതര പ്രതിസന്ധിയിലെത്തിനിൽക്കുന്ന കഥാപാത്രത്തിന് സ്വാഭാവികമായ അന്ത്യത്തിൽ തകർന്നുതീരാനേ ആവൂ എന്ന് വിധിച്ച് കഥ പര്യവസാനിപ്പിച്ചതിൽ പിന്നീട്, കാലങ്ങൾക്കുശേഷം, ആ കഥാപാത്രം അത്ഭുതകരമായി യഥാർഥ ജീവിതത്തിലേക്ക് തിരിച്ചുവന്ന് കഥയെ തിരുത്തിക്കൊണ്ട് കഥ പറഞ്ഞവനെ നോക്കി വിജയച്ചിരി ചിരിച്ച അനുഭവവുമുണ്ട്.

അതുപോലെ, വായനാ സംതൃപ്തി ഉദ്ദേശിച്ച് താൽപര്യപൂർവം കഥയെ ശുഭപര്യവസായിയാക്കിയെടുത്ത എഴുത്തുകാരന് പാടേ തെറ്റിപ്പോവുകയുമുണ്ടായിട്ടുണ്ട്. ചിലപ്പോഴെങ്കിലും ഇപ്രകാരം കഥാകൃത്തി​ന്റെ പ്രവചനങ്ങളും വിശ്വാസങ്ങളും സർഗസഞ്ചാരങ്ങളും അക്ഷരവിദ്യാ വ്യാകരണങ്ങൾക്കപ്പുറമുള്ള ജീവിതമെന്ന മഹാപാഠത്തിൽ തട്ടി തകർന്നുപോകുമ്പോൾ, അയാൾ ആ പരാജയങ്ങളും പോരായ്മകളും നിസ്സഹായതകളും വായനക്കാരനോട് ഏറ്റുപറയുകയാണ് വേണ്ടത്.

കഥാനന്തരം കാലമേറെ മുന്നോട്ടുപോകെ, എഴുതിവെച്ച കഥാപാത്രങ്ങളുടെ അവസ്​ഥകളെ അന്വേഷിച്ചിറങ്ങിയപ്പോൾ ഞാൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ ജീവിതമെന്ന സങ്കീർണ സമസ്യയുടെ വിശ്വരൂപം കാണിക്കുന്നതായിരുന്നു! ആ കാഴ്ചകൾക്കിടയിൽ എ​ന്റെ ആലോചന, ഏതു വായനക്കാരനാകും കഠിനമായ പ്രതിസന്ധികളിൽ ഉഴലുന്ന ആ യഥാർഥ ജീവിതങ്ങളുടെ രക്ഷക്കെത്തുക എന്നതായിരുന്നു. ഇവിടെ സൂചിപ്പിക്കുന്ന കഥകളിലെ കഥാപാത്രങ്ങളിൽ കാരുണ്യം അർഹിക്കുന്ന യഥാർഥ ജീവിതങ്ങൾക്ക് കൈത്താങ്ങു നൽകാൻ തയാറായി മുന്നോട്ടുവരുന്നവർക്ക് നേരിട്ട് ആ വ്യക്തികളെ ബന്ധപ്പെടാൻ കഴിയും. കൃപ അർഹിക്കുന്നവനും സന്മനസ്സുള്ളവനും ഒരുമിച്ചാൽ പിന്നീട് ഒരു ഇടനിലക്കാര​ന്റെ ആവശ്യമില്ല​ല്ലോ. അതുതന്നെയാവും ഒരു ജീവിതമെഴുത്തുകാര​ന്റെ പ്രവൃത്തിയുടെ സാകല്യവും സായൂജ്യവും. സർഗാത്മകതയുടെ നേർവഴികളിൽ ഇത്തരം ചില നീതികർമങ്ങളുമുണ്ടെന്ന് അറിയാനും ഇത് ഇടനൽകുന്നു.

എഴുത്തെന്ന പ്രക്രിയയിൽ എവിടന്നോ വന്നെത്തുന്ന തോന്നലുകൾ, എങ്ങനെയോ ബോധതലം അറിയാതെ എഴുതിപ്പോകുന്ന അക്ഷരങ്ങൾ, പലരും പറഞ്ഞുവെച്ച എഴുത്തിലെ പ്രഹേളികകൾ തുടങ്ങി പലതും എഴുത്തുകാരനെ ഒരു സവിശേഷ തലത്തിൽ എത്തിക്കുന്നുണ്ട്. അവ ആ വിധത്തിൽ തുടർന്നോട്ടെ. എ​ന്റെ ചിന്ത, ഒരു ഫുട്ബാൾ കളിക്കളത്തിലെ ഗോൾമുഖത്തേക്കുള്ള മുന്നേറ്റത്തിൽ, കളിക്കാര​ന്റെ പിരിമുറുക്കവും സമ്മർദഭാരവും നിറഞ്ഞ നിമിഷാർധത്തിലെ ബോധപൂർവമല്ലാത്ത ഗോളടികളും ഗോളിയുടെ കടന്നുപിടിത്തങ്ങളുമാണ്.

നിശ്ചയമായും ശ്രദ്ധാപൂർവം പഴുതുകൾ കണ്ടെത്താനും ഗോൾ സാധ്യതകൾ ആലോചിച്ചെടുക്കാനുമുള്ള സമയക്കുറവുണ്ടവിടെ. അതുപോലെ, ചിന്തിച്ചും ചിരിച്ചും വർത്തമാനം പറഞ്ഞും കാറോടിക്കുന്നതിനിടയിൽ ൈഡ്രവർ േബ്രക്കും ക്ലച്ചും യഥാസമയങ്ങളിൽ കൃത്യമായി ഉപയോഗപ്പെടുത്തുന്നതും ബോധപൂർവമല്ലാതെയാണ്. ഈ രണ്ടു സന്ദർഭങ്ങളിലും ‘ഇന്റ്യൂഷൻ’ പ്രവർത്തിക്കുന്നു എന്നുപറയാം. ബോധമനസ്സു കൂടാതെ മനസ്സിന് മറ്റൊരു തലംകൂടിയുണ്ടെന്നും അത് Intuitive mind (അന്തർജ്ഞാനം) ആണെന്നും ശാസ്​ത്രം പറയുന്നുണ്ട്. ഈ ഇന്റ്യൂഷൻ സർഗാത്മക രചനയിലും ബാധകമാവുന്നുണ്ട്. അതാവുമോ എഴുത്ത് എന്ന ക്രിയയിലെ വിവക്ഷിക്കാനാവാത്ത നിഗൂഢതയുടെ പൊരുൾ? എവിടന്നോ കിട്ടുന്ന നിർദേശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പകർത്തെഴുത്തുകാരനാവുന്നു കഥാകൃത്ത് എന്ന പ്രസ്​താവവും ഇന്റ്യൂഷൻ പ്രക്രിയയുടെ ഭാഗംതന്നെയാണോ? ഇന്റ്യൂഷൻ വേഗതയേറിയതും സ്വയം പ്രവർത്തിക്കുന്നതും അദൃശ്യവുമാണെന്ന് സയൻസ്​ പറയുന്നു.

അത് നമ്മുടെ ബോധതലത്തി​ന്റെ നിയന്ത്രണത്തിലല്ല. മറിച്ച് ബോധമനസ്സാവട്ടെ, ആലോചനയും യുക്തിയും ചേർന്ന് നമ്മുടെ ശ്രമംകൊണ്ട് പ്രവർത്തിക്കുന്നതാണ്. വരുംകാലത്തി​ന്റെ പ്രവാചകരായിട്ടാണ് എഴുത്തുകാർ കണക്കാക്കപ്പെടുന്നത്. സത്യസന്ധമായ കാലാവിഷ്കാരം അവരെ പ്രവാചകരാക്കുന്നു എന്ന വിശ്വാസത്തിലും അന്തർജ്ഞാനത്തി​ന്റെ തലം പ്രവർത്തിക്കുന്നുണ്ടാവുമോ? സർഗശക്തിക്ക് നാലു ഘട്ടങ്ങൾ ഉണ്ടെന്നാണ് ന്യൂറോ സയൻസ്​ പറയുന്നത്. ആഴത്തിലുള്ള വായനയും പഠനവും ഗവേഷണവും. മനസ്സി​ന്റെ സ്വതന്ത്രമായ അലസസഞ്ചാരം. പെട്ടെന്ന് ലഭ്യമാകുന്ന ഒരു ഉൾക്കാഴ്ച. കഠിനപ്രയത്നം.

എഴുത്തിൽ, ചില ഭാഗങ്ങൾ താൻതന്നെയാണോ എഴുതിയത് എന്ന് വിസ്​മയിപ്പിക്കുന്നതായി പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. എഴുതുമ്പോൾ ഉള്ളിൽ ഇത്തരമൊരാശയമോ തോന്നലോ ഉണ്ടായിരുന്നില്ലെന്ന് അവർ തീർത്തുപറയും. എന്നാൽ, ഇക്കാര്യത്തിൽ സയൻസിന് വിശദീകരണമുണ്ട്. പല കാലങ്ങളിൽ ഉപബോധ മനസ്സിൽ (Subconscious mind) എത്തിപ്പെട്ട് മറഞ്ഞുകിടക്കുന്ന കാര്യങ്ങൾ അവശ്യ സന്ദർഭങ്ങളിൽ ഔചിത്യപൂർവം ബോധമനസ്സിലേക്ക് (Conscious mind) കടന്നുവരുന്നതാവാമത്. ഇത് മനുഷ്യ മസ്​തിഷ്കത്തി​ന്റെ മറ്റൊരു മാജിക് എന്നേ പറയാനാവൂ.

കഥ എഴുതുന്ന നേരത്തെ സാഹചര്യങ്ങൾ എഴുത്തിൽ പ്രധാനമാണോ? മറ്റൊരു സമയം വേറൊരു പരിസരത്തിരുന്ന് വ്യത്യസ്​തമായൊരു മാനസികാവസ്​ഥയിൽ എഴുതിയാൽ കഥ മറ്റൊന്നാകുമോ? കഥാകൃത്തിനെ വ്യക്തിപരമായി ബാധിക്കാതെയും അയാളുടെ മനസ്സിനെയും ചിന്തയെയും പരിക്കേൽപിക്കാതെയും അല്ലലില്ലാത്തൊരു അനായാസ വിനോദ പ്രക്രിയയാകാൻ കഴിയുമോ കഥയെഴുത്തിന്? വേവലാതിയും അങ്കലാപ്പും മനോവ്യഥകളും അനുഭവിക്കാതെയുള്ള സൃഷ്ടി ജീവസ്സുറ്റതാകുമോ? കഥാപാത്രങ്ങളുടെ ജീവിതം കൃത്യമായി വ്യാഖ്യാനിക്കാനും ജീവിതവ്യാകരണം ശുദ്ധിയോടെ പ്രയോഗിക്കാനും കഥാകാരന് സാധ്യമോ? ചോദ്യങ്ങളനവധി വായനക്കാരനു മാത്രമല്ല, എഴുത്തുകാരനുമുണ്ട്. കഥാവഴിയിലെ കാഴ്ചകൾ കണ്ടും കാണിച്ചും പരസ്​പരം ചോദ്യങ്ങൾ കൈമാറിയും നമുക്കൊരുമിച്ച് കുറച്ച് ചെറിയ മനുഷ്യരുടെ യഥാർഥ ജീവിതങ്ങൾ പരിശോധിക്കാം.

 

1. തൊഴിൽ ജാതകം

െട്രയിനിലെ ആ രാത്രിയാത്രയിലാണ് മാനസിക സമ്മർദം സഹിക്ക വയ്യാതെ ഞാൻ എഴുതിത്തുടങ്ങിയത്. അതാദ്യമായി, ഒരു കഥയുടെ രൂപഭാവങ്ങൾ ഉരുത്തിരിഞ്ഞുവരാൻ കാത്തുനിൽക്കാതെ തന്നെ കുത്തിക്കുറിച്ചത് മനസ്സി​ന്റെ സമാശ്വാസത്തിനു വേണ്ടി മാത്രമായിരുന്നു. സാധാരണ കഥയെഴുത്തി​ന്റെ തയാറെടുപ്പിലെ കഥാഘടനയെയും ആഖ്യാനത്തെയും സംബന്ധിച്ച ആലോചനകളൊന്നും മനസ്സിൽ കടന്നുവന്നേയില്ല. ഒരു ദുരന്തകഥ പോലെ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നുവീണുകൊണ്ടിരുന്ന സംഭവങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തി വെക്കണമെന്ന് മനസ്സിൽനിന്നുയർന്ന നിർദേശം ഒരു നിയോഗമായി പാലിക്കുകയായിരുന്നു ഞാൻ.

എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയായിരുന്നു മകൾക്ക്. ആ രംഗത്ത് ഉന്നതമായ ലക്ഷ്യങ്ങളും നേട്ടങ്ങളും സ്വപ്നം കണ്ടുകൊണ്ടുള്ളതായിരുന്നു പഠനകാലം. കാമ്പസ് സെലക്ഷനായിരുന്നു ആ കോളജിലെ മുഖ്യ ആകർഷണം. മൂന്നാം വർഷവും നാലാം വർഷവും വിദ്യാർഥികളെ മോഹിപ്പിക്കുന്ന ജോലിവാഗ്ദാനവുമായി മൾട്ടി നാഷനൽ സ്​ഥാപനങ്ങൾ എത്തി. അവയിൽ ഭൂരിഭാഗവും സോഫ്റ്റ് വെയർ കമ്പനികളായിരുന്നു. അഞ്ചാറു കമ്പനികളുടെ സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ അധ്യാപകർ പറഞ്ഞു– ‘‘ഇനി നീ മാറിനിൽക്ക്. മറ്റ് കുട്ടികൾക്കും അവസരം കിട്ടട്ടെ.’’

കാമ്പസിൽ കുട്ടികളുടെ ചർച്ച, എങ്ങനെയും ഒരു ജോലി നേടി വരുമാനം സമ്പാദിക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു. ഒരു തലമുറയുടെ സമഗ്ര മാറ്റത്തിനു സാക്ഷ്യംവഹിച്ച ഒരു കാലഘട്ടമായിരുന്നു അത്. ഡിഗ്രിക്കു ശേഷം തുടർപഠനത്തിനൊന്നും താൽപര്യമില്ല. ജോലിക്കായി അലഞ്ഞുനടക്കാനും ഇന്റർവ്യൂകളിൽ പങ്കെടുത്ത് ഫലം കാത്തിരിക്കാനുമൊന്നും നേരമില്ല. എളുപ്പത്തിൽ ജോലി സമ്പാദിക്കണം. പണം കുട്ടികളെ വല്ലാതെ മോഹിപ്പിക്കാൻ തുടങ്ങിയിരുന്നു. അതൊരു യുവതയുടെ മനോഭാവത്തി​ന്റെ മാറ്റമായിരുന്നു.

വാരാന്ത്യ മുടക്ക ദിവസംകൂടി പണിചെയ്ത് ടാർജറ്റ് തീർത്ത് മകൾ ടീം ലീഡറോട് നാട്ടിൽ പോകാൻ അനുമതി ചോദിച്ചു. അമ്മയെ കാണാതെ വയ്യെനിക്ക്. പുതിയ നിയമനക്കാർക്ക് ശനിയാഴ്ചകൂടി പണിചെയ്യണം. ജോലികഴിഞ്ഞ് രാത്രിവണ്ടിക്ക് പോയി തിങ്കളാഴ്ച രാവിലെ ഓഫിസിൽ മടങ്ങിയെത്തണം.

വീട്ടിലെത്തിയ മകൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ‘‘നീ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ?’’ അമ്മ ചോദിച്ചു. വർത്തമാനം പറയുന്നതിനിടയിൽത്തന്നെ ക്ഷീണംകൊണ്ട് അവൾ ഉറങ്ങിപ്പോയി. അമ്മ അവൾക്ക് കൊണ്ടുപോകാനായി പലഹാരങ്ങളും ഇഷ്ടവിഭവങ്ങളും തയാറാക്കി എടുത്തുവെച്ചു. പോകാൻ നേരത്ത് അമ്മയെ കെട്ടിപ്പിടിച്ച് അവൾ പറഞ്ഞു– ‘‘വിശേഷങ്ങളൊന്നും പറയാൻ നേരം കിട്ടീല്ല. അതെങ്ങന്യാ ഈ നശിച്ച ഉറക്കം...’’

ആദ്യമായി അവൾ ഒറ്റക്ക് ചെന്നൈക്ക് െട്രയിൻയാത്ര ചെയ്യുകയായിരുന്നു. ഞങ്ങൾക്ക് രാത്രി ഉറക്കം വന്നില്ല. ദുർചിന്തകളായിരുന്നു മനസ്സിലത്രയും. ഫോൺ വിളിച്ചാൽ അവളുടെ ഉറക്കത്തിന് ഭംഗം നേരിടുമോ? എന്നിട്ടും വിളിച്ചപ്പോൾ റേഞ്ചില്ലായിരുന്നു. നേരം വെളുക്കാൻ കാത്തിരുന്നു. അപ്പോഴും ഫോൺ എടുത്തില്ല. എന്തു സംഭവിച്ചു എന്നറിയാതെ പരിഭ്രമിച്ച് ഞങ്ങൾ വിളി തുടർന്നുകൊണ്ടിരുന്നു. കമ്പനിയിലും എത്തിയിട്ടില്ല. ഭ്രാന്തുപിടിച്ച അവസ്​ഥയിലായി ഞങ്ങൾ. ചെന്നൈയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് അന്വേഷിക്കാൻ അപേക്ഷിക്കുകയല്ലാതെ മറ്റൊന്നും തൽക്കാലം ചെയ്യാനില്ലായിരുന്നു. അപ്പോൾത്തന്നെ രാത്രി െട്രയിനിൽ രണ്ട് സീറ്റുകൾ ബുക്ക് ചെയ്തു. കുറെ കഴിഞ്ഞപ്പോൾ കമ്പനിയിലെ ഒരു സഹപ്രവർത്തകൻ വിളിച്ചു. മകൾ െട്രയിനിൽ തലചുറ്റി വീണുവെന്നും ആ വണ്ടിയിലുണ്ടായിരുന്ന അയാൾ അവളെ തിരിച്ചറിഞ്ഞ് അടുത്തുള്ള ആശുപത്രിയിലാക്കിയെന്നുമാണ് അറിയിച്ചത്.

ചെന്നൈക്കുള്ള യാത്രയിൽ ഞങ്ങളുടെ മനസ്സുകൾ പിടക്കുകയായിരുന്നു. തലേന്ന് അതേ രാത്രി െട്രയിനിലാണ് അവൾ പോയത്. പേടിപ്പിക്കുന്ന ദുശ്ചിന്തകൾ ഉള്ള് ചുട്ടുപൊള്ളിച്ചു. എ​ന്റെ സഹധർമിണി നിശ്ശബ്ദമായി കരഞ്ഞും പ്രാർഥനകൾ ഉരുവിട്ടും കിടന്നു. ആ നേരത്ത് ഞാൻ ഒരു നിയോഗിയുടെ കർമാനുഷ്ഠാനംപോലെ ജീവിതം സമ്മാനിച്ച പൊള്ളലുകൾ എഴുതിവെച്ചു. ഒരെഴുത്തുകാരന് ദുരന്തകഥയായി വികസിപ്പിക്കാനാവുന്ന അടുത്ത ഭാഗത്തി​ന്റെ സാധ്യത മനസ്സിൽ തെളിഞ്ഞെങ്കിലും അതിനെ ഞാൻ മനപ്പൂർവം റദ്ദുചെയ്തു. സംഭവിക്കേണ്ടതെല്ലാം സ്വാഭാവികമായി വന്നെത്തട്ടെ. അവ ഏൽക്കാൻ കാത്തിരിക്കുകതന്നെ. മകളുടെ അടുത്തെത്തുന്നതു വരെ, ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന സമയത്തെ ശപിച്ചും അക്ഷമ കാട്ടിയും എന്താണ് സംഭവിച്ചിരിക്കുക എന്ന ഉത്കണ്ഠയിൽ വെന്തും ഞങ്ങൾ നേരം തള്ളിനീക്കി.

ആശുപത്രിയിൽനിന്നും പരിക്ഷീണയായ മകളെ ഡിസ്​ചാർജ് ചെയ്യവെ ഡോക്ടർ പറഞ്ഞു– ‘‘വെള്ളം കുടിക്കാതെ ഇവൾ ഡിഹൈേഡ്രഷനിലെത്തി. ഭക്ഷണവും കാര്യമായി കഴിക്കുന്നില്ല. പൾസ്​ വീക്കാണ്. ഹീമോഗ്ലോബിനും വെയ്റ്റും വല്ലാതെ കുറഞ്ഞു. ഒരു മാസത്തെ റെസ്റ്റ് വേണം...’’ ഹോസ്റ്റലിലേക്കു കൊണ്ടുപോകുമ്പോൾ കൂടെയുണ്ടായിരുന്ന സഹപ്രവർത്തക പറഞ്ഞു– ‘‘എന്നും രാത്രി വൈകിവന്നു കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കാനാവില്ല. അങ്ങനെ പ്രാതൽ മിസ്സാവും. ഏൽപിച്ച ജോലി തീർത്ത് റിപ്പോർട്ടു ചെയ്യാൻ തിടുക്കപ്പെടുമ്പോൾ ഉച്ച ഇന്റർവെൽ തീരാറായിക്കാണും. ഒരൽപം വായിൽവെച്ച് ചവച്ചരക്കാതെ വിഴുങ്ങി ഓടിപ്പോകും.’’ അതുകേട്ട് അമ്മ കരഞ്ഞു.

‘‘ആശുപത്രിക്കിടക്കയിൽ ബോധംമറിഞ്ഞു കിടന്നപ്പോഴും തുടർച്ചയായി ഫോൺ ശബ്ദിക്കുന്നതു കേൾക്കാമായിരുന്നു.’’ – മകൾ പറഞ്ഞു. – ‘‘പിറ്റേന്ന് അതിരാവിലെ കമ്പനിയിൽനിന്നും വിളിവന്നു, എന്താണ് എത്താത്തത് എന്നാരാഞ്ഞുകൊണ്ട്. ആശുപത്രിയിലായിരുന്ന വിവരം വിശദമായി അറിയിച്ചിരുന്നത് അവർ കണക്കിലെടുത്തില്ല. ഇനിയും മുടങ്ങിയാൽ പിന്നെ ഇവിടെ ജോലിയുണ്ടാവില്ല.’’

 

‘അദ്ധ്വാന വേട്ട’ -ഹിന്ദിയിൽ,‘അദ്ധ്വാന വേട്ട’ -കഥ

കൂടുതൽ പറയാനോ ഞങ്ങൾക്കൊപ്പമിരിക്കാനോ തുനിയാതെ അവൾ ഹോസ്റ്റൽ മുറിയിലേക്കു നടന്നു– ‘‘വല്ലാത്ത ക്ഷീണമച്ഛാ. ഒന്നു കിടക്കട്ടെ.’’

ഉറക്കം കഴിഞ്ഞ് മകൾ എത്തുന്നതും കാത്ത് ഞങ്ങൾ ഹോസ്റ്റലിലെ സന്ദർശകമുറിയിൽ കാത്തിരുന്നു, ഇരുളുംവരെ. സെക്യൂരിറ്റിക്കാരൻ ആവശ്യപ്പെട്ടതോടെ ഞങ്ങൾ അവിടെനിന്നും പുറത്തിറങ്ങി. ‘‘ഇന്നു രാത്രി നമുക്കിവിടെ എവിടെയെങ്കിലും തങ്ങാം. നാളെ രാവിലെ വരാം.’’ –ഭാര്യ പറഞ്ഞു.

പിറ്റേന്ന് നേരം വെളുക്കുംമുമ്പേ ഞങ്ങളെത്തി മകൾ ഉണർന്നെണീക്കാൻ കാത്തിരുന്നു. സമയം നീണ്ടുപോയി. ഹോസ്റ്റലിനു മുന്നിലെ റോഡിൽ കാബ് വന്നുനിന്നതും അകത്തുനിന്നും മകൾ ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. ‘‘നീയിന്ന് ജോലിക്കു പോവ്വാണോ?’’–അമ്മ അമ്പരപ്പോടെ ചോദിച്ചു. ‘‘ഇന്നു കൂടി ചെന്നില്ലെങ്കിൽ അവര് പറഞ്ഞുവിടും’’ – മറുപടിക്കിടയിൽ അവൾ കാബിൽ കയറിക്കഴിഞ്ഞിരുന്നു. ഞാൻ അവളെ ഫോണിൽ വിളിച്ചു – ‘‘അച്ഛാ, ഇതിലിരുന്ന് ഒന്നും പറയാൻ പറ്റില്ല’’ – അവൾ അടക്കിയ ശബ്ദത്തിൽ പറഞ്ഞു. – ‘‘നിങ്ങൾ നാട്ടിലേക്കു മടങ്ങിക്കോളൂ.’’

‘‘എപ്പോഴാ മോളോടൊന്നു സംസാരിക്കാൻ പറ്റ്വാ?’’

‘‘ഓഫീസിനകത്ത് ഫോണിന് വിലക്കുണ്ട്. വെളുപ്പിന് രണ്ടു മണിക്കാണ് സാധാരണ ഷിഫ്റ്റ് തീർന്ന് ഇറങ്ങുക. അപ്പോൾ ഹോസ്റ്റലിലേക്കുള്ള കാബ് യാത്രയിൽ പത്തു മിനിറ്റു കിട്ടും. ആ നേരത്ത് വിളിക്കൂ...’’ ഫോൺ കട്ടായി.

പിന്നീട് പതിവായി മാതാപിതാക്കൾ രണ്ടു പേർ രാത്രി ഉറങ്ങാതെ കാത്തിരുന്നു. ഓഫീസിൽനിന്നിറങ്ങി കാബിലേക്ക് കയറുന്നതിനിടയിലുള്ള രണ്ടു മിനിറ്റു സമയം അവൾക്കു പറയാനുള്ളതാണ്– ‘‘എന്നെ ഓഫീസിലേയ്ക്ക് കടത്തിവിട്ടില്ല. ലീവെടുത്തതു കൊണ്ട് ഐഡി ഫ്രീസ്​ ചെയ്ത​േത്ര! മൂന്നു മണിക്കൂർ പുറത്ത് നിന്ന് എ​ന്റെ കാല് കഴച്ചൊടിഞ്ഞമ്മേ...’’ അവൾ അതിവേഗം പറഞ്ഞുതീർത്തു. കാബ് ഡോർ അടഞ്ഞ ശബ്ദം കേട്ടു. പിന്നീട് അവൾ കേൾവിക്കാരിയായി, ശ്രദ്ധയോടെ വട്ടംപിടിക്കുന്ന കാതുകൾ ചുറ്റുമുണ്ടെന്ന ഭീതിയിൽ. ഞായറാഴ്ചകളിൽ പല നേരങ്ങളിൽ വിളിച്ചു നോക്കി. ഫോണെടുത്തില്ല. എപ്പോഴോ ലഭിച്ചപ്പോൾ ഉറക്കപ്പിച്ചിലായിരുന്നു. – ‘‘അമ്മേ, സ്​കോർ ഷീറ്റിലെ േഗ്രഡ് കുത്തനെ ഇടിഞ്ഞുപോയി. റിസ്​ക് കാറ്റഗറിയിലായി. ഇനി പഴയ നിലയിലേയ്ക്കെത്തണമെങ്കിൽ എത്ര കാലത്തെ അത്യധ്വാനം വേണം.’’ ആഹാരം കഴിക്കുന്നതിനെപ്പറ്റി ചോദിച്ചതിനൊന്നും അവൾ ഉത്തരം പറഞ്ഞില്ല.

ഭക്ഷണ സമയം, ടാർജറ്റി​ന്റെ അതിഭാരവും സമ്മർദവും ഭ്രാന്തുപിടിച്ച ഉറക്കവും ചേർന്ന് കവർന്നു എന്നു വ്യക്തമായിരുന്നു. അവളുടെ ദിനരാത്രങ്ങൾ അധ്വാനവും ഉറക്കവും പങ്കിട്ടു തീർത്തു. ഉണർവി​ന്റെ നേരങ്ങളിൽ സമയ കാല ബോധങ്ങൾ അവളിൽ ആശയക്കുഴപ്പമുണ്ടാക്കി. കമ്പനിക്കകത്ത് ‘േഗ്രാസ്​ മെരിഡിയൻ ടൈ’മാണ്. ഇന്ത്യൻ സമയത്തിൽനിന്നും അഞ്ചര മണിക്കൂർ പിറകോട്ട്. ഒരു സമയത്തും ലോകം സമ്പൂർണമായി ഉറങ്ങുന്നില്ല എന്നത​േത്ര മൾട്ടിനാഷനൽ കമ്പനിയുടെ വിജയമന്ത്രം. അതിനാൽ എം.എൻ.സികൾ സദാ ഉണർന്നിരിക്കുന്നു. കമ്പനിക്കകത്ത് രാപ്പകലുകൾക്ക് വേർതിരിവില്ല. നേരവും കാലവുമായി ബന്ധിപ്പിക്കുന്ന കർമ സങ്കൽപങ്ങളില്ല. അവിടെ പണിയെടുക്കുന്നവരിൽ സമയവും അസമയവും കലർന്നു. ഒരേപോലെ വന്നുപോകുന്ന ദിവസങ്ങൾ തിരിച്ചറിയാതായി. ശരീരം സ്​ഥിതിചെയ്യുന്ന പരിസരത്തെ സമയത്തിൽനിന്നും മനസ്സിനെയും മസ്​തിഷ്കത്തെയും കൂടുവിടുവിച്ച് മറ്റൊരു കാലത്തേയ്ക്ക് കൂടുമാറ്റി.

അവർക്ക് വിദേശ രാജ്യത്തെ ബിസിനസായിരുന്നു മുഖ്യ വരുമാനം. അതിനാൽ അവർ പാശ്ചാത്യ സംസ്​കാരം അനുകരിക്കാൻ ശ്രമിച്ചു. അതി​ന്റെ ഭാഗമായി അവർ ശീതസംസ്​കാരം പകർത്തി. ഓഫിസും പരിസരവും സദാ എ.സിയുടെ കൊടുംതണുപ്പിൽ ഉറഞ്ഞു കിടന്നു. അതിലിരുന്ന് ദീർഘനേരം തൊഴിൽ ചെയ്യുന്നവരിൽ വാതരോഗം വളർന്നു. പനിയിൽ തുള്ളി വിറച്ചപ്പോൾ എ.സി കുറക്കാൻ പറഞ്ഞ മകളോട് തൊഴിലുടമ പറഞ്ഞു, ‘‘ഇത് പരിശീലനമാണ്. ഈ തണുപ്പ് ശീലമാക്കണം.’’ തൊഴിലാളിയുടെ യുവത്വത്തെ മൊത്തമായി വിലയ്ക്കെടുത്തപ്പോൾ വിധേയരുടെ മനസ്സിൽ തൊഴിൽ മാത്രമാവുകയും അത് ഉത്കണ്ഠയും ഭയവും കലർന്ന വികാരമായി കൂട്ടിലടക്കപ്പെടുകയുംചെയ്തു.

ശമ്പളം വന്നുവീഴുന്ന ബാങ്ക് അക്കൗണ്ട് മകൾ പരിശോധിച്ചതേയില്ല. –‘‘എനിക്കതിനൊന്നും നേരമില്ല. എല്ലാം അച്ഛൻ വേണ്ടപോലെ കൈകാര്യംചെയ്തോളൂ.’’ ആദ്യ തട്ടിലെ വേട്ടക്കാരൻ ടീം ലീഡറാണ്. അയാൾക്കുള്ള ടാർജറ്റുകൾ പലമടങ്ങ് വലുതാണ്. അയാളിലെ സ്​െട്രസ് തൊഴിലാളിയുടേതിനേക്കാൾ എത്രയോ കനത്തതാണ്. അയാൾ മകളോടു പറഞ്ഞ​േത്ര! – ‘‘കണ്ണു ചിമ്മുന്ന സമയംകൂടി കമ്പനിയുടേതാണ്. ഊറ്റിയെടുക്കുന്തോറും തൊഴിലാളിയുടെ ഉൽപാദനക്ഷമത വർധിക്കുമെന്നാണ് ഞങ്ങളുടെ പാഠം. അതിനാണ് തൊഴിലിടങ്ങളിലെ കാർക്കശ്യവും ശിക്ഷയും. അല്ലാതെ മറ്റൊരു വിരോധവുംകൊണ്ടല്ല. ഞെക്കിപ്പിഴിഞ്ഞാലേ അധ്വാനശേഷി പൂർണമായി പുറത്തുവരൂ. ചെറുപ്പത്തി​ന്റെ പ്രസരിപ്പാണ് കമ്പനിക്ക് വേണ്ടത്. അത് പരമാവധി ആദ്യ നാളുകളിൽത്തന്നെ അധ്വാനമാക്കി മാറ്റണം. അതാണ് ഞങ്ങളുടെ ഡ്യൂട്ടി.’’

മകളുടെ തൊഴിൽജീവിതത്തെ ബന്ദിയാക്കി വെച്ചുകൊണ്ടുള്ള സംഭവങ്ങൾ തുടരവെ അവ സമാന്തരമായി എഴുതിവെക്കുന്നതെന്തിനെന്ന ചോദ്യം എന്നെ കുഴക്കി. തീർച്ചയായും എഴുതിയത് ഒരു കഥയായിരുന്നില്ല, ജീവിതമായിരുന്നു –ആ കാലഘട്ടത്തിലുയർന്നുവന്ന പുതിയ തലമുറയുടെ ജീവിതം. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ കൊണ്ടുനടന്ന യുവാക്കളുടെ ലക്ഷ്യബോധം എത്ര പെട്ടെന്നാണ് നഷ്ടപ്പെട്ടുപോകുന്നതെന്ന് വിളിച്ചുപറയണമെന്ന നിർബന്ധമായിരുന്നു ആ കുറിപ്പുകൾ. ഉദയ സൂര്യനും പ്രഭാതവും കണ്ട്, കിളികളെയും പൂക്കളെയും ചിത്രശലഭങ്ങളെയും മോഹിക്കാൻ അവസരം നൽകി, പുഴയും കാടും കുന്നും മലയും സമുദ്രവും കണ്ടു നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന കുട്ടി. വളർച്ചക്കനുസരിച്ച് വായനയും പഠനവും ചിന്തയും കലാപരിശീലനവും ശീലമാക്കുകയും, സാമൂഹിക ജീവിതത്തി​ന്റെ ഭാഗമാകാൻ പരിശ്രമിക്കുകയുംചെയ്ത മകൾ.

എത്ര വേഗമാണ് അവൾ പറഞ്ഞത്, ‘‘രാത്രി വൈകി ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വഴിയരികിലെ കടത്തിണ്ണകളിൽ അനാഥരായ മനുഷ്യർ അല്ലലില്ലാതെ കിടന്നുറങ്ങുന്നതു കാണുമ്പോൾ അവരിലൊരാളാവാൻ എനിക്കു കൊതിതോന്നുന്നു’’ എന്ന്. തീരാത്ത അധ്വാനവും വലിഞ്ഞു മുറുകുന്ന മനസ്സും ബോധം നഷ്ടപ്പെടുത്തുന്ന സുഷുപ്തിയും മാത്രമായി, പ്രഭാതങ്ങളെ കാണാത്തവരായി വളരുന്ന അന്നത്തെ പുതിയ തലമുറയെ രേഖപ്പെടുത്തി വെക്കുകയായിരുന്നു ഞാൻ. മക്കളുടെ ജീവിതം പണയക്കുരുക്കിൽ ചെന്നു വീഴാതിരിക്കാൻ, അവരുടെ യൗവനം വിൽക്കപ്പെടാതിരിക്കാൻ അവർ നായാടപ്പെടാതിരിക്കാൻ ഒരറിയിപ്പാകണമെന്നേ ഉദ്ദേശിച്ചുള്ളൂ.

ഒട്ടേറെ തടസ്സങ്ങൾക്കിടയിൽനിന്നും മകളെ മോചിപ്പിച്ചെടുത്ത് വീട്ടിലെത്തിച്ചതി​ന്റെ ഏഴാം നാൾ ചെ​െന്നെയിൽനിന്നും വക്കീൽ നോട്ടീസു വന്നു. നഷ്ടപരിഹാരത്തുക കനത്തതായിരുന്നു. പഠിപ്പിച്ച് പരിശീലിപ്പിച്ചെടുത്തതി​ന്റെ ചെലവ്. പൂർത്തീകരിക്കാത്ത കരാർ കാലത്ത് ജോലി ഉപേക്ഷിച്ചുപോയതിലുണ്ടായ ബിസിനസ് നഷ്ടം. കരാർ വ്യവസ്​ഥകളുടെ ലംഘനം. സമയബന്ധിത ജോലി മുറിച്ചുകളഞ്ഞതിൽ കമ്പനിക്കുണ്ടായ നഷ്ടം. എല്ലാം ചേർത്തുള്ള തുക നിശ്ചിത ദിവസത്തിനകം നൽകണം. അല്ലാത്ത പക്ഷം...

‘‘കേസ്​ ഞാൻ നടത്തും’’ –ഞാൻ മകളോടു പറഞ്ഞു.

‘‘ഇനി വേറൊരു സോഫ്റ്റ് വെയർ കമ്പനിയിലും ജോലി കിട്ടില്ല’’ –മകൾ പറഞ്ഞു. –‘‘ബ്ലാക്ക് ലിസ്റ്റിൽപെടുത്തിക്കൊണ്ടുള്ള അറിയിപ്പ് എല്ലാവർക്കും ഇപ്പോൾത്തന്നെ പോയിക്കാണും.’’

‘‘ജീവിക്കാൻ ഈ ജോലിതന്നെ വേണമെന്നില്ലല്ലോ മോളേ...’’ ഞാൻ പറഞ്ഞു.

സമ്മർദങ്ങൾ വിട്ടൊഴിഞ്ഞ്, ചികിത്സയും പരിചരണവും ഭക്ഷണച്ചിട്ടയുമായി വിശ്രമിച്ച മകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. അവളുടെ തലയിൽനിന്നും സ്​കോർ ഷീറ്റ് എന്ന തൊഴിൽജാതകം മാഞ്ഞുപോകാൻ തുടങ്ങി. ആ സമയത്ത് ഞാൻ കഴിഞ്ഞ നാളുകളിലെ കുത്തിക്കുറിപ്പുകൾ എടുത്തു വായിച്ചു. തിരുത്തിയും കൂട്ടിയും കുറച്ചും കഴിഞ്ഞപ്പോൾ അത് ഒരു കഥയുടെ രൂപത്തിലായി. സംഭവ പരമ്പരയുടെ തുടക്കത്തിലേ എ​ന്റെ മനസ്സിൽ ലാലുപ്രസാദ് യാദവ് ഉണ്ടായിരുന്നു. ആയിടെയായിരുന്നു അദ്ദേഹം ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണം പുറത്തുവന്നത്. ഗ്രാമീണ കൃഷിക്കാര​ന്റെ ഉൽപാദനക്ഷമതാ പ്രമാണം. –കറവപ്പശുവി​ന്റെ പാൽ പൂർണമായും ഊറ്റിയെടുക്കണം. പാൽ പിഴിഞ്ഞെടുക്കുന്നതിലെ കറവക്കാര​ന്റെ കഴിവാണ് ഉൽപാദനവർധനയുടെ മുഖ്യഘടകം. അകിടിൽ പാൽ ബാക്കിയിരിക്കുന്നത് പശുവി​ന്റെ ആരോഗ്യത്തിന് ദോഷംചെയ്യും.

കഥ പകർത്തിയെഴുതി. പേര് ആലോചിക്കേണ്ടി വന്നില്ല. ആദ്യം മുതലേ മനസ്സിലുണ്ടായിരുന്നത് ഞാൻ മുകളിലെഴുതി – ‘അധ്വാന വേട്ട’. പിന്നീടായിരുന്നു ആശയക്കുഴപ്പുണ്ടായത്. ഈ കഥ പ്രസിദ്ധീകരിക്കണോ? അതു ശരിയാണോ? മകളുടെ ജീവിതമാണ്. അവളനുഭവിച്ച പീഡാനുഭവമാണ്. കൂടെനിന്ന മാതാപിതാക്കളുടെ വ്യഥയാണ്. അത് വിൽപനച്ചരക്കാക്കേണ്ടതാണോ? അവൾക്ക് വിഷമമുണ്ടാവില്ലേ? നിശ്ചയിക്കാനാവാതെ ഞാൻ കാലത്തി​ന്റെ തീരുമാനം ഉരുത്തിരിഞ്ഞുവരാൻ കാത്തിരുന്നു. കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്ക് ഉത്തരം തോന്നിച്ചത്. അപ്പോൾ ആ കഥയെടുത്ത് ഞാൻ അവസാന വാചകങ്ങൾ എഴുതിച്ചേർത്തു –കറവക്കാരൻ ആയാസപ്പെട്ട് പാൽ കറന്ന് ഊറ്റിയെടുക്കുകയാണ്. കറവ നീണ്ടുപോകുമ്പോൾ പാലിൽ അൽപാൽപമായി ചുവപ്പുരാശി പടരുന്നു. തുടർന്ന് കറന്നെടുക്കുന്നതത്രയും ചുവന്ന പാലായി. അതു ശ്രദ്ധിക്കാതെ കറവക്കാരൻ പിന്നെയും കറന്നുകൊണ്ടിരുന്നു...

കഥക്ക് ഏറെ അനുയോജ്യമെന്നു ഞാൻ കരുതിയ ലാലു പ്രസാദ് യാദവി​ന്റെ സിദ്ധാന്തം തുടക്കത്തിൽ എഴുതിച്ചേർത്തു – If you do not milk the cow fully, it falls sick. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കഥ പ്രസിദ്ധീകരിച്ചത് 2015 മാർച്ചിൽ. പിന്നീടത് സി. കമലമ്മ ഹിന്ദിയിൽ പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ലാലുപ്രസാദി​ന്റെ തിയറി വിട്ടുകളഞ്ഞിരുന്നു. അതിനു കാരണം അവർ പരിഭാഷകയെ അറിയിച്ചിരുന്നു. അത് ലാലു പ്രസാദി​ന്റെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ഭീതിയാവാം. ‘അധ്വാന വേട്ട’ എന്ന കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സാണ്. ഒറ്റക്കഥക്കും പുസ്​തകത്തിനുമായി ഏതാനും പുരസ്​കാരങ്ങൾ കിട്ടി. ഓരോ പ്രാവശ്യവും അവാർഡ് വാങ്ങി മറുപടി പറഞ്ഞപ്പോൾ എ​ന്റെ തൊണ്ട ഇടറിയിരുന്നു. അവാർഡ് തുക വാങ്ങിയപ്പോൾ കൈകൾ വിറച്ചിരുന്നു. ഇന്നും ഈ കഥയുടെ പേര് കേൾക്കുമ്പോൾത്തന്നെ എ​ന്റെ മനസ്സ് പിടയും. വല്ലാത്തൊരു കുറ്റബോധമുണ്ടാകും. അത് ഒരെഴുത്തുകാര​ന്റെ വിധിയാണ്.

 

ഈ ഭാഗം എഴുതിത്തീർന്ന ശേഷമാണ്, പുണെയിൽ ‘ഏണസ്റ്റ് ആൻഡ് യങ്’ (ഇ.വൈ) കമ്പനിയിലെ എക്സിക്യൂട്ടിവ് അന്ന സെബാസ്റ്റ്യൻ എന്ന 26കാരി കുഴഞ്ഞുവീണു മരിച്ച പത്രവാർത്ത ഞെട്ടലോടെ വായിച്ചത്. ഉയർന്ന മാർക്കോടെ സി.എ പാസായ അന്ന ജോലിയിൽ ചേർന്ന് നാലുമാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു അമിത ജോലിഭാരം താങ്ങാനാവാതെ ഹൃദയാഘാതം സംഭവിച്ചത്. അന്നക്ക് ശരാശരി നാലു മണിക്കൂർ മാത്രമേ ഉറങ്ങാൻ സമയം കിട്ടിയിരുന്നുള്ളൂ. ഭക്ഷണം കഴിക്കാൻപോലും നേരം കിട്ടിയിരുന്നില്ല. ഞായറാഴ്ചകൂടി ജോലി ചെയ്യേണ്ടിയിരുന്നത് പതിനാറു മണിക്കൂർ. രാത്രി ഒരു മണി വരെ ജോലി കഴിഞ്ഞാലുടൻ പിറ്റേ ദിവസത്തേക്കുള്ള ടാർജറ്റ് വന്നു നിരക്കും.

അമിതാധ്വാനത്തിലൂടെ മരണം എന്നർഥം വരുന്ന ‘കരോഷി സിൻ​േഡ്രാം’ എന്ന പുതിയ പ്രതിഭാസത്തെക്കുറിച്ച് ഇപ്പോൾ അറിയുന്നു. ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന, ആവശ്യത്തിന് ഉറക്കം ലഭ്യമാകാത്തവരിൽ മാനസിക സമ്മർദം വർധിക്കുകയും ഹൃദയമിടിപ്പി​ന്റെ താളംതെറ്റുകയും ചെയ്യുമ​േത്ര!

പത്തു വർഷം മുമ്പ് ‘അധ്വാന വേട്ട’ എന്ന കഥയിൽ ഞാൻ എഴുതിവെച്ച കാര്യങ്ങളാണ് ഇപ്പോൾ അന്നയുടെ കാര്യത്തിൽ സംഭവിച്ചത്. വേദ പറഞ്ഞു: ‘‘എപ്പഴും സ്​െട്രസ്സാ അമ്മേ, ടാർജറ്റും സമ്മർദവും. മറ്റൊന്നും ചിന്തിക്കാൻ നേരോല്യ. രാത്രി രണ്ടുമണിക്ക് ഷിഫ്റ്റ് കഴിയുംമുമ്പ് അധികജോലിക്കുള്ള നിർദേശമെത്തും. കൂടെ രണ്ടായിരം രൂപ റൊക്കം കിട്ടുമെന്ന ആകർഷണവുമുണ്ടാകും. എങ്ങനേം പന്ത്രണ്ടു മണിക്കൂർ പണിയെടുക്കേണ്ടി വരും, പുതുമുഖക്കാർ.

ആശുപത്രിക്കിടക്കയിലെ മോഹാലസ്യത്തിലും നഴ്സുമാരുടെ പിറുപിറുക്കൽ അവൾ കേട്ടിരുന്നു – ‘‘ഇടയ്ക്കിടെ പൾസ്​ പോകുന്നുണ്ട്.’’ ‘‘ബി.പി വല്ലാതെ താഴ്ന്നു.’’ രക്തസമ്മർദത്തി​ന്റെ വേലിയിറക്കങ്ങളിലെ അർധബോധാവസ്​ഥയിൽ​പോലും, അധ്വാനഭാരത്തി​ന്റെ അതി സമ്മർദചിന്ത അവളെ വേട്ടയാടി. ജോലിയിൽ സംഭവിച്ചുപോകുന്ന തെറ്റുകൾക്ക് കഠിനമായ ശകാരമുണ്ടാകും. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ തലകുനിഞ്ഞുപോകും. ചുരുങ്ങിയ ഇടവേളക്കുള്ളിൽ ധൃതിപിടിച്ചാലേ ഭക്ഷണം കഴിച്ചുതീർക്കാനൊക്കൂ. പലപ്പോഴും അതിനുമുമ്പേ മൈക്കിൽ ചോദ്യമെത്തും:

‘‘വെറുതെയിരിക്കുകയാണോ? ജോലി ചെയ്തുതീർക്കേണ്ട സമയം കഴിഞ്ഞു... നിങ്ങളുടെ ഇരുപത്തിനാലു മണിക്കൂറും കമ്പനിക്ക് അവകാശപ്പെട്ടതാണ്. അതിൽ ഒരു മിനിറ്റുപോലും തന്നിഷ്ടംപോലെ കയ്യാളാൻ ശ്രമിക്കണ്ട.’’

‘‘സർ, ഞാൻ സുഖമില്ലാതെ ആശുപത്രിയിൽ...’’ ബോസ്​ അവളുടെ വാക്കുകൾ അവഗണിച്ചുകൊണ്ട് ഇടക്കു കയറി പറഞ്ഞു: ‘‘വേദയുടെ ലീവുമൂലം കമ്പനിക്കുണ്ടായ നഷ്ടം ആരു നികത്തും?’’

അന്നു മുതൽ രണ്ടുപേരുടെ ജോലിചെയ്യാനുണ്ടായി വേദക്ക്. സീറ്റിൽനിന്നെഴുന്നേൽക്കാൻപോലും കഴിയാതെ ജോലിഭാരം അവളെ മൂടി. സഹപ്രവർത്തകർ സഹതപിച്ചു. പാനീയവുമായി കൂട്ടുകാരി എത്തി.

‘‘വേണ്ട രാ, ടോയ്​ലറ്റിൽ പോക്ക് ഒഴിവാക്കാൻ ഞാൻ വെള്ളം കുടിക്കണില്ല. വർക്കു തീർക്കാൻ ഒരു മിനിറ്റുപോലും വിലപ്പെട്ടതാണിപ്പോൾ.’’

‘‘നി​ന്റെ അസുഖം മാറീട്ടില്ലല്ലോ. ഇങ്ങനെ പണിചെയ്താൽ...’’

ഉച്ചഭക്ഷണ സമയം കൂടിയെടുത്ത് ജോലിചെയ്താലേ അന്ന് ഹോസ്റ്റലിലേയ്ക്കു മടങ്ങാനൊക്കൂ. രാ ഭക്ഷണവുമായി വന്നു. ‘‘വേദാ, നീ വായൊന്നു തുറന്നാ മതി.’’

വായിൽ വെച്ചുകൊടുത്ത ചോറുരുള ഇറക്കുമ്പോഴും വേദയുടെ കണ്ണുകളും കൈകളും കമ്പ്യൂട്ടറിലും ശ്രദ്ധ ജോലിയിലുമായിരുന്നു. വിശപ്പോ ദാഹമോ രുചിയോ അറിയാത്ത, നിശിതമായ പ്രയത്നത്തി​ന്റെ ലോകത്തായിരുന്നു അവൾ.

ഷിഫ്റ്റ് തീർന്ന് പോകാനിറങ്ങുമ്പോൾ മൈക്ക് പ്രക്ഷേപണമുണ്ടായി: വേദ നിൽക്കുക, വർക്ക് തീർന്നിട്ടില്ല...

(അന്നയുടെ പത്തു വയസ്സ് മൂപ്പുള്ള സഹോദരിയായിരുന്നു വേദ. വേദ അനുഭവിച്ച ‘അധ്വാനവേട്ട’യുടെ കഥ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അന്നക്ക് ഈ ദുരന്തം സംഭവിക്കില്ലായിരുന്നല്ലോ എന്ന് ഞാൻ വെറുതെ ചിന്തിച്ചുപോയി.)

(തുടരും)

News Summary - Novelist E.P Sreekumar stories