സമർപ്പണങ്ങൾ
മൊഴിമാറ്റം: ശ്രീകല ശിവശങ്കരൻ
നിങ്ങളീ കവിത വായിക്കുന്നത് വൈകിയാണെന്ന് എനിക്കറിയാം നിങ്ങളുടെ ഓഫീസിൽനിന്ന് പുറപ്പെടുന്നതിനു മുമ്പ് തീവ്രമായ ഒരു മഞ്ഞ സ്പോട്ട് ലൈറ്റും ഇരുളുന്ന ജാലകവും ഉള്ള, നിശ്ശബ്ദതയിലേക്ക് മയങ്ങി വീണ ഒരു കെട്ടിടത്തിന്റെ മാന്ദ്യതയിൽ തിരക്കൊഴിഞ്ഞ് വളരെ നേരത്തിനു ശേഷം നിങ്ങൾ ഈ കവിത വായിക്കുന്നുണ്ടെന്ന് എനിക്കറിയാം സമുദ്രത്തിൽനിന്ന് അകലെയുള്ള ഒരു പുസ്തകക്കടയിൽ എഴുന്നേറ്റു നിന്നുകൊണ്ട് വസന്തത്തിന്റെ തുടക്കത്തിലെ ചാരനിറത്തിലുള്ള ഒരു ദിവസം...
Your Subscription Supports Independent Journalism
View Plansനിങ്ങളീ കവിത വായിക്കുന്നത് വൈകിയാണെന്ന്
എനിക്കറിയാം
നിങ്ങളുടെ ഓഫീസിൽനിന്ന് പുറപ്പെടുന്നതിനു മുമ്പ്
തീവ്രമായ ഒരു മഞ്ഞ സ്പോട്ട് ലൈറ്റും ഇരുളുന്ന
ജാലകവും ഉള്ള,
നിശ്ശബ്ദതയിലേക്ക് മയങ്ങി വീണ
ഒരു കെട്ടിടത്തിന്റെ
മാന്ദ്യതയിൽ
തിരക്കൊഴിഞ്ഞ്
വളരെ നേരത്തിനു ശേഷം
നിങ്ങൾ ഈ കവിത വായിക്കുന്നുണ്ടെന്ന് എനിക്കറിയാം
സമുദ്രത്തിൽനിന്ന് അകലെയുള്ള ഒരു പുസ്തകക്കടയിൽ
എഴുന്നേറ്റു നിന്നുകൊണ്ട്
വസന്തത്തിന്റെ തുടക്കത്തിലെ ചാരനിറത്തിലുള്ള ഒരു ദിവസം
നിങ്ങൾക്ക് ചുറ്റുമുള്ള സമതലങ്ങളുടെ വിശാലമായ
ഇടങ്ങൾക്കിടയിലോടുന്ന മങ്ങിയ അടരുകൾ
നിങ്ങൾ ഈ കവിത വായിക്കുന്നുണ്ടെന്ന് എനിക്കറിയാം
നിങ്ങൾക്ക് സഹിക്കാനാവുന്നതിലധികവും സംഭവിച്ചു കഴിഞ്ഞ ഒരു മുറിയിൽ
അവിടെ കട്ടിലിൽ നിശ്ചലമായ ചുരുളുകൾപോലെ കിടക്കവിരി കിടക്കുന്നു
തുറന്ന സ്യൂട്കേസ് ഒരു പറക്കലിനെക്കുറിച്ച് പറയുന്നുണ്ട്
എന്നാൽ, നിങ്ങൾക്ക് ഇനിയും പോകാൻ കഴിയുന്നില്ല
നിങ്ങൾ ഈ കവിത വായിക്കുന്നുണ്ടെന്ന് എനിക്കറിയാം
ഭൂഗർഭ ട്രെയിനിന് വേഗത നഷ്ടപ്പെടുമ്പോൾ
മുകളിലത്തെ നിലയിൽ നിങ്ങളുടെ ജീവിതം
ഇതുവരെ അനുവദിച്ചിട്ടില്ലാത്ത
പുതിയ തരം സ്നേഹത്തിലേക്ക്
ഓടുന്നതിനു മുമ്പ്
നിങ്ങൾ ഈ കവിത വായിക്കുന്നത് ശബ്ദമില്ലാത്ത ചിത്രങ്ങൾ ഞെട്ടിത്തെറിച്ചു വീഴുന്ന
ടെലിവിഷൻ സ്ക്രീനിന്റെ
വെളിച്ചത്തിലാണെന്നെനിക്കറിയാം
ഇൻതിഫാദയിൽനിന്നുള്ള വാർത്തകൾക്കായി
നിങ്ങൾ കാത്തിരിക്കുമ്പോൾ
എനിക്കറിയാം നിങ്ങളീ കവിത വായിക്കുന്നത്
കണ്ണുകൾ കൂട്ടിമുട്ടിയ
കാത്തിരിപ്പുമുറിയിലാണെന്ന്
അപരിചിതരുടെ സ്വത്വത്തെ കണ്ടുമുട്ടാതെയും
എനിക്കറിയാം നിങ്ങളീ കവിത വായിക്കുന്നത് കിടക്കമുറിയിലെ
ആലക്തിക ദീപത്തിനടുത്താണെന്ന്
പുറന്തള്ളപ്പെട്ട യുവാക്കളുടെ വിരസതയിലും ക്ഷീണത്തിലും
വളരെ ചെറുപ്രായത്തിൽ
അവരെത്തന്നെ തള്ളിക്കളയുന്നു
എനിക്കറിയാം നിങ്ങളീ കവിത വായിക്കുന്നത്
നിങ്ങളുടെ മങ്ങുന്ന കാഴ്ചയിലൂടെയാണെന്ന്
കട്ടിക്കണ്ണട ഈ അക്ഷരങ്ങളെ എല്ലാ അർഥത്തിനുമപ്പുറം വലുതാക്കുന്നു
എന്നിട്ടും നിങ്ങൾ വായിക്കുന്നു, കാരണം ഒരക്ഷരംപോലും വിലപ്പെട്ടതാണ്
നിങ്ങളീ കവിത വായിക്കുന്നത് അടുപ്പിന്റെ അരികിലൂടെ
നടന്നുകൊണ്ടാണെന്ന് എനിക്കറിയാം
പാൽ ചൂടാക്കിക്കൊണ്ട്
തോളിൽ കരയുന്ന കുട്ടി
കയ്യിലൊരു പുസ്തകം
എന്തുകൊണ്ടെന്നാൽ
ആയുസ്സ് ചെറുതാണ്
നിങ്ങൾക്കും ദാഹിക്കുന്നുണ്ട്
നിങ്ങളുടെ ഭാഷയിലല്ലാത്ത ഈ കവിത നിങ്ങൾ
വായിക്കുന്നുണ്ടെന്ന്
എനിക്കറിയാം
ചില വാക്കുകൾ ഊഹിച്ചെടുക്കാൻ നോക്കുമ്പോൾ
മറ്റു ചിലവ നിങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്നു
അവ ഏതാണെന്ന് എനിക്കറിയണം
നിങ്ങൾ ഈ കവിത വായിക്കുന്നത്
എന്തിനോ വേണ്ടി ചെവിയോർത്തുകൊണ്ടാണ്
കയ്പിനും പ്രതീക്ഷക്കുമിടക്ക്
കീറിമുറിക്കപ്പെട്ട്
നിങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത
ചുമതലയിലേക്ക് വീണ്ടും തിരിഞ്ഞുപൊയ്ക്കൊണ്ട്
മറ്റൊന്നും വായിക്കാനവശേഷിക്കാത്തതുകൊണ്ടാണ്
നിങ്ങളീ കവിത വായിക്കുന്നതെന്ന് എനിക്കറിയാം
നിങ്ങൾ എത്തിച്ചേർന്നിടത്ത്
നിങ്ങളെപ്പോലെ തുണിയുരിയപ്പെട്ട്.
(അമേരിക്കൻ കവിയും എഴുത്തുകാരിയും ഫെമിനിസ്റ്റുമാണ് ഏഡ്രിയൻ റിച്ച് (1929 – 2012). 'ഈ കഷ്ടലോകത്തിന്റെ ഒരു ഭൂപടം' എന്ന പുസ്തകത്തിൽനിന്നുള്ളതാണ് ഈ കവിത.)