സ്വപ്നമാണോ?
പത്തു കൊല്ലത്തോളം മുമ്പത്തെ ഒരു സ്വപ്നത്തിൽ
വാപ്പിച്ച ഞങ്ങളോടു പിണങ്ങി വേറെവിടെയോ താമസിക്കുന്നു
ഇടയ്ക്ക് വല്ലപ്പോഴുമൊരു സ്വപ്നത്തിൽ ഇറയത്തുവന്ന് ചാരിയിരുന്നു
മരിച്ച ദിവസത്തെ പ്രായമാണ്
ഞങ്ങൾ കുഞ്ഞുങ്ങൾ, ഞങ്ങളുടെ മക്കളും കുഞ്ഞുങ്ങൾ
എല്ലാവരും സ്കൂളിൽ പോകാൻ തിരക്കിടുന്നു
ഉമ്മിച്ച സിനിമയിലെ ഫിലോമിനയെപ്പോലെ
വാപ്പിച്ചയെ ചീത്ത പറഞ്ഞുകൊണ്ട് വിടുപണിയിലോടിനടക്കുന്നു
വഴക്കാളിയെങ്കിലും സുന്ദരിയാണ്, ജയഭാരതിലുക്കാണ്.
രണ്ടാഴ്ച മുമ്പത്തെ ഒരു സ്വപ്നത്തിൽ
ലുലു ഹൈപ്പർമാർക്കറ്റിൽ എതിരേ നടന്നുവരുന്നു
മരിച്ചപ്പോഴുള്ള മുഖത്തെ ആ നീർക്കെട്ട് ഇപ്പോഴുമുണ്ട്
നിന്റെ മക്കളെവിടെ എന്നു ചോദിച്ചു
അവർ പഠിക്കാൻപോയ പട്ടണങ്ങളുടെ പേര് പറഞ്ഞു
അന്ന് വാപ്പിച്ച വാങ്ങിത്തന്ന കുപ്പച്ചീര
ഇന്നത്തെ സ്വപ്നത്തിൽ
കാറിന്റെ ഡിക്കിയിൽ
ഉണങ്ങിച്ചുങ്ങിയിരിക്കുന്നു.
‘‘നമ്മളത് ഉമ്മിച്ചായെ ഏൽപ്പിക്കാൻ മറന്നു അല്ലേ?’’ -അവളോട് ഞാൻ
‘‘അതിന് രണ്ടാഴ്ചയായിട്ട് നിങ്ങളിവിടില്ലായിരുന്നല്ലോ’’ -അവൾ
അപ്പോഴേക്കും മോൾ വന്ന് കുലുക്കിയുണർത്തി:
‘‘Get up man, എന്റെ ലീവ് ലെറ്റർ ഇതുവരെ മെയിൽ ചെയ്തിട്ടില്ല.
You are an irresponsible father’’
റോഡ്സൈഡിൽ കെട്ടിക്കിടക്കുന്ന ഓർമയാണോ
ഉടമ്പിൽ ഓർമ തെറിപ്പിച്ചുപായുന്ന വാഹനമാണോ
ഏതാണ് നമ്മിലെ സ്വപ്നം എന്ന് കെട്ടിപ്പിടിച്ച്
കടിച്ചു പറിക്കുന്നു ഒരു സ്വപ്നം...
-സ്വപ്നമാണോ എല്ലാം?
ഈ വരികളും.