വീണാ വീണേടത്ത് കിടക്കരുതമ്മ്വോ
എന്നെ ചികിത്സിക്കുന്ന ഡോക്ടർക്ക്മൂന്നു കണ്ണുകളുണ്ട്,അതിലൊന്ന്നിശ്ചയമായും തലയ്ക്കു പിറകിലാണ്.എനിക്ക് പുറം തിരിഞ്ഞുനിന്നുകൊണ്ട്വെയിലിലേക്ക്, ജനലിലൂടെ,സ്കാൻ റിസൽട്ട് ഉയർത്തി നോക്കിഅവർ ചോദിക്കുന്നു,വലിയ വീഴ്ച വല്ലതും ഉണ്ടായിട്ടുണ്ടോ?വലിയ വീഴ്ച വല്ലതുമുണ്ടായിട്ടുണ്ടോ?ഞാനെന്നോട് ചോദിക്കുന്നു,എന്റെ ഡോക്ടർഇപ്പോഴും എനിക്ക് പുറംതിരിഞ്ഞാണ് നിൽക്കുന്നത്,പക്ഷേ...
Your Subscription Supports Independent Journalism
View Plansമൂന്നു കണ്ണുകളുണ്ട്,
അതിലൊന്ന്
നിശ്ചയമായും തലയ്ക്കു പിറകിലാണ്.
എനിക്ക് പുറം തിരിഞ്ഞുനിന്നുകൊണ്ട്
വെയിലിലേക്ക്, ജനലിലൂടെ,
സ്കാൻ റിസൽട്ട് ഉയർത്തി നോക്കി
അവർ ചോദിക്കുന്നു,
വലിയ വീഴ്ച വല്ലതും ഉണ്ടായിട്ടുണ്ടോ?
വലിയ വീഴ്ച വല്ലതുമുണ്ടായിട്ടുണ്ടോ?
ഞാനെന്നോട് ചോദിക്കുന്നു,
എന്റെ ഡോക്ടർ
ഇപ്പോഴും എനിക്ക് പുറംതിരിഞ്ഞാണ് നിൽക്കുന്നത്,
പക്ഷേ എന്റെ പരിക്ക് പറ്റിയ നട്ടെല്ലിന്
അവരുടെ നോട്ടം അറിയാനാവുന്നുണ്ട്,
ഉറപ്പായും അവർക്ക് മൂന്നു കണ്ണുകളുണ്ട്.
വലിയ വീഴ്ച വല്ലതുമുണ്ടായിട്ടുണ്ടോ?
തിളച്ചു കുറുകുന്ന കറിക്കകത്ത്
മെല്ലെപ്പൊട്ടുന്ന അരപ്പുകുമിളകൾപോലെ
എന്റെ തലക്കകത്ത്
ആ ചോദ്യം പ്രോസസ് ചെയ്യപ്പെടുന്നു.
വീഴ്ച എന്ന വാക്കിന് പരാജയം എന്നുകൂടെ അർഥമുണ്ട്,
‘കൊച്ച് വീണത് കണ്ടില്ലേ’ എന്ന്
ഈ പ്രായത്തിൽ എന്നെയാരും എടുത്തുപൊക്കാനില്ല,
അത് അറിയാത്തതുകൊണ്ടല്ല ആരും വീണുപോകുന്നത്,
ഉറപ്പായും എനിക്കും വീഴ്ചയുണ്ടായിട്ടുണ്ട്.
വീണേടത്തു കിടന്നു നോക്കിയാൽ
ചതുരത്തിൽ വലിച്ചുകെട്ടിയ ആകാശം കാണാം,
അതിന്റെയതിര് ഞാൻ നോക്കുന്നിടം വരെയാണ്,
അവിടെ നിന്ന് താഴേക്ക് ആരുടെയോ പറമ്പും
അതിൽ എന്റെയമ്മ
പയറുവള്ളി പടർത്തിയ പന്തലുമാണ്,
എന്റെ കണ്ണുനീരാണ് ഇന്നതിന്റെ നന.
വീണത് എത്രയുയരത്തിൽനിന്നാണെന്നറിഞ്ഞാൽ
പരിക്കിന്റെ സാരം പിടികിട്ടും,
അലക്കുകല്ലിന് അത്ര ഉയരമൊന്നുമില്ല
തള്ളിയിട്ടവൻ ഏറെദൂരമൊന്നും ഓടിയെത്തിക്കാണുകയുമില്ല,
പൊട്ടിയിട്ടുള്ളത് എന്റെ മുട്ടുകാലാണ്,
തല പൊക്കി നോക്കിയാൽ രക്തം പൊടിയുന്നത് കാണാം,
ആർക്കാണ് ചേതം,
കിടന്ന കിടപ്പിൽ ചത്തുപോകട്ടെ.
ഇഡ്ഡലിച്ചെമ്പിൽ പുഴുങ്ങാൻവെച്ച മധുരക്കിഴങ്ങിൽനിന്നെന്നപോലെ
വേർപ്പ്
മേല് മൊത്തം ഒലിച്ചിറങ്ങുന്നു.
എന്നെയാരും തിരക്കിവരാത്തതെന്താണ്?
വീണുപോകുന്നതോടെ
ഒരാൾ സത്യത്തിൽ ഇല്ലാതാകുന്നുണ്ടോ?
പക്ഷേ നിൽക്ക്,
ദൈവമാണെന്നു തോന്നുന്നു,
കണ്ണിൽ വെയിലടിച്ചിട്ട് മുഖം കണ്ടുകൂടാ,
തല ആകാശത്താണ്,
അതിനുചുറ്റും വെളിച്ചംകൊണ്ടൊരു വലയവുമുണ്ട്.
കൈ പിടിച്ചു നേരെ നിർത്തിയപ്പോഴാണ്,
അമ്മയാണ്.
‘‘വീണാൽ വീണേടത്ത് കിടക്കരുതമ്മ്വോ,
വിത്തിട്ടപോലെ കിടന്നേടത്തു കുരുത്തുപോകും നീ.’’
ഡോക്ടർ എന്നെ അനുകമ്പയോടെയാണ് നോക്കുന്നത്,
അവർ എന്നിൽനിന്ന് ഒരുത്തരം പ്രതീക്ഷിക്കുന്നുണ്ട്.
ഡോക്ടർ എനിക്ക് മുഖാമുഖം നിൽക്കുകയാണ്,
ജനലിലൂടെ എന്റെ കണ്ണിലേക്ക് വെയിലടിക്കുന്നു,
എനിക്കവരുടെ മുഖം കണ്ടുകൂടാ,
പക്ഷേ അവരുടെ നോട്ടത്തിൽ അനുകമ്പയുണ്ടെന്ന്
എന്റെ പരിക്കു പറ്റിയ ഹൃദയത്തിന് അറിയാനാകുന്നുണ്ട്.
‘‘തീർച്ചയായും വലിയൊരു വീഴ്ചയുണ്ടായിട്ടുണ്ട്,
ഞാൻ അവിടെത്തന്നെ കിടക്കുകയായിരുന്നു,
ഓർമിപ്പിച്ചതിന് നന്ദി ഡോക്ടർ’’,
എന്നു പറഞ്ഞാൽ
അവർക്ക് മനസ്സിലായേക്കുമോ?