Begin typing your search above and press return to search.
proflie-avatar
Login

കഫാഫിയുടെ വീട്

കഫാഫിയുടെ വീട്
cancel

അലക്‌സാൻഡ്രിയക്കാരനായ ഗ്രീക്​ കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായ കോൺസ്റ്റന്റൈൻ പെഡ്രൊ കഫാഫിയെക്കുറിച്ചും അദ്ദേഹത്തി​ന്റെ കവിതകളെക്കുറിച്ചും എഴുതുന്നു. അലക്‌സാൻഡ്രിയയിൽ അദ്ദേഹത്തി​ന്റെ വീട്​ സന്ദർശിച്ച അനുഭവം എഴുതുന്നതിനൊപ്പം എട്ട്​ കവിതകളും മൊഴിമാറ്റുന്നു. കവാഫി സ്ത്രീയാണെന്നാണ് ഞാൻ ഏറെക്കാലം കരുതിയിരുന്നത്. പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന ഉന്മാദിനിയായ കവി. അങ്ങനെ കരുതാൻ കൃത്യമായ കാരണങ്ങളൊന്നുമില്ല. ഇന്റർനെറ്റിനു മുമ്പുള്ള കാലം, സാഹിത്യവിജ്ഞാന ലോകവുമായി അന്ന് തീരെ അടുപ്പമില്ല. കൈയിൽ വരുന്ന കാവ്യപുസ്തകങ്ങൾ, പ്രത്യേകിച്ച് വിദേശകവിതകൾ തീരെക്കുറവ്. വിലയുടെ പത്തു ശതമാനം...

Your Subscription Supports Independent Journalism

View Plans
അലക്‌സാൻഡ്രിയക്കാരനായ ഗ്രീക്​ കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായ കോൺസ്റ്റന്റൈൻ പെഡ്രൊ കഫാഫിയെക്കുറിച്ചും അദ്ദേഹത്തി​ന്റെ കവിതകളെക്കുറിച്ചും എഴുതുന്നു. അലക്‌സാൻഡ്രിയയിൽ അദ്ദേഹത്തി​ന്റെ വീട്​ സന്ദർശിച്ച അനുഭവം എഴുതുന്നതിനൊപ്പം എട്ട്​ കവിതകളും മൊഴിമാറ്റുന്നു. 

കവാഫി സ്ത്രീയാണെന്നാണ് ഞാൻ ഏറെക്കാലം കരുതിയിരുന്നത്. പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന ഉന്മാദിനിയായ കവി. അങ്ങനെ കരുതാൻ കൃത്യമായ കാരണങ്ങളൊന്നുമില്ല. ഇന്റർനെറ്റിനു മുമ്പുള്ള കാലം, സാഹിത്യവിജ്ഞാന ലോകവുമായി അന്ന് തീരെ അടുപ്പമില്ല. കൈയിൽ വരുന്ന കാവ്യപുസ്തകങ്ങൾ, പ്രത്യേകിച്ച് വിദേശകവിതകൾ തീരെക്കുറവ്. വിലയുടെ പത്തു ശതമാനം ഫീസായി കൊടുത്താൽ പുസ്തകം രണ്ടാഴ്ചത്തേക്ക് വായിക്കാൻ കിട്ടിയിരുന്ന തിരുവനന്തപുരത്തെ ഏലൂർ ലെൻഡിങ് ലൈബ്രറിയിൽനിന്നാണ് തൊണ്ണൂറുകളിൽ ആദ്യമായി ഞാൻ പുറംനാട്ടു പുസ്തകങ്ങൾ വായിച്ചുതുടങ്ങുന്നത്. അങ്ങനെ സങ്കൽപത്തിലെ കവാഫി ഒരുപാടുകാലം ഉള്ളറകളിലൊന്നിൽ വെറുതേ മയങ്ങിക്കിടന്നു.

ആൾ പുരുഷനാണെന്നും പേരിന്റെ ഉച്ചാരണം കഫാഫി എന്നാണെന്നും അറിയാൻ ഏറെക്കാലമെടുത്തു. ആ അറിവുകൾകൊണ്ട് എന്തെങ്കിലും വ്യത്യാസം കവിയുമായുള്ള ബന്ധത്തിൽ ഉണ്ടായോ? ഉവ്വെന്നും ഇല്ലെന്നും പറയാം. 1933ൽ മാത്രം മരിച്ച, എന്റെ നൂറ്റാണ്ടിന്റെ കവി എന്ന അറിവ് ആളെ ചുറ്റിയുണ്ടായിരുന്ന മാന്ത്രികനിഗൂഢത തകർത്തുകളഞ്ഞു. ആശാന്റെയും എലിയറ്റിന്റെയും സമകാലികൻ എന്ന അറിവ് ആളെ കൂടുതൽ അടുത്തേക്കും വെളിച്ചത്തിലേക്കും നീക്കിനിർത്തി. (എവിടെ ആശാനെക്കുറിച്ച് പരാമർശമുണ്ടായാലും അവിടെ വന്ന് ‘‘എലിയറ്റ് ‘വേസ്റ്റ് ലാൻഡ്’ എഴുതിയ വർഷമാണ് ആശാൻ ബോട്ട് മുങ്ങിമരിച്ചതെന്ന് നമ്മളോർക്കണം” എന്ന് എഴുതുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്.)

പെഡ്രൊ കഫാഫി

പെഡ്രൊ കഫാഫി

വിദേശഭാഷകളിലെ വാക്കുകളുടെ, പ്രത്യേകിച്ച് പേരുകളുടെ ഉച്ചാരണം ഒരു കുഴപ്പം പിടിച്ച ഏർപ്പാടാണ്. സൗകര്യംപോലെ ഉച്ചരിക്കുകയും എഴുതുമ്പോൾ മൂലഭാഷയിലെ ഉച്ചാരണത്തോട് കഴിയുന്നത്ര ചേർന്നവിധം എഴുതുകയും ചെയ്യുക എന്ന രീതിയാണ് ഞാനിപ്പോൾ പിന്തുടരുന്നത്. ഗ്രീക്കിൽ കോൺസ്റ്റന്റിനോസ് പെഡ്രൗ കഫാഫിസ് എന്നാണ് ഏകദേശ ഉച്ചാരണം. ഇംഗ്ലീഷിലായപ്പോൾ അത് കോൺസ്റ്റാന്റൈൻ പെഡ്രൊ കഫാഫി എന്നായി. തെന്നിന്ത്യക്കാരെപ്പോലെ രണ്ട് ഇനീഷ്യലുകളോടെ സി.പി. കഫാഫി എന്ന് പേര് ചുരുങ്ങി. അത് കാണുമ്പോഴെല്ലാം മണ്മറഞ്ഞ പ്രസിദ്ധ പത്രപ്രവർത്തകൻ സി. പി. രാമചന്ദ്രനെയും കവിയും നോവലിസ്റ്റുമായ സി.പി. സുരേന്ദ്രനെയും ഞാൻ ഓർക്കുകയും ചെയ്യും. ശബ്ദസാമ്യങ്ങൾ മനുഷ്യരെ ഇമ്മാതിരി പല കൂട്ടിക്കെട്ടലുകളിലേക്കും അനാവശ്യമായി വലിച്ചുകൊണ്ടുപോകാറുണ്ട്.

കവിയുടെ പേരിന്റെ അറബി ഉച്ചാരണം കഫാഫി എന്നാണെന്ന് ഞാൻ അറിയുന്നത് കവി പാർത്തിരുന്ന അലക്‌സാൻഡ്രിയയിലെ ഒരു ടാക്‌സി ഡ്രൈവറിൽനിന്നാണ്. 2022 ഒക്ടോബർ ഒടുവിൽ തന്ത യൂനിവേഴ്സിറ്റിയും (അതേ, തന്ത എന്നു തന്നെയാണ് ഉച്ചാരണം, അത് അന്നാട്ടിൽ ​െവച്ചുതന്നെ പലവട്ടം ഉറപ്പുവരുത്തിയിട്ടുണ്ട്) ഈജിപ്ഷ്യൻ സാംസ്കാരിക മന്ത്രാലയവും ചേർന്നു നടത്തുന്ന കവിസംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയുള്ളതായിരുന്നു ഈജിപ്തിലേക്കുള്ള യാത്ര. പരിപാടി കഴിഞ്ഞ് കഷ്ടിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഒക്ടോബർ 31ന് വൈകുന്നേരത്ത് അലക്സാൻഡ്രിയയിൽ എത്തുമ്പോൾ പ്രധാനമായും രണ്ടിടങ്ങളായിരുന്നു മനസ്സിൽ. ഒന്ന്, പലവട്ടം നശിപ്പിക്കപ്പെട്ട അലക്സാൻഡ്രിയയിലെ പുരാതന ലൈബ്രറിയുടെ ഓർമയിൽ പണിത പുതിയ ലൈബ്രറി. രണ്ട്, അലക്‌സാൻഡ്രിയയിൽ ജീവിച്ചു മരിച്ച കവിയുടെ വീട്. അലക്‌സാൻഡ്രിയയിൽ ഞങ്ങളുടെ വഴികാട്ടിയും ടാക്‌സിക്കാരനുമായ ഖാലിദിനോട് ഞാൻ പറഞ്ഞു, ഞങ്ങൾക്ക് കഫാഫിയുടെ വീട്ടിൽ പോകണം. അതെന്തെന്ന് ഖാലിദിന് പിടികിട്ടുന്നില്ല. ഗൂഗിൾ അറബിയിൽ എഴുതിക്കാണിച്ചപ്പോൾ ഖാലിദ് ചിരിച്ചു, ഓ കഫാഫി, കഫാഫി, പോകാം.

* * * *

ഒരിടത്തും സ്ഥിരമായി തങ്ങാനുള്ള സാഹചര്യമില്ലാതെ പലയിടങ്ങളിലായി ഓടിനടന്ന ചെറുപ്പമായിരുന്നു കഫാഫിയുടേത്. അലക്‌സാൻഡ്രിയയിൽ താമസമാക്കിയ ഗ്രീക്കുകാരായിരുന്നു കഫാഫിയുടെ മാതാപിതാക്കൾ. എട്ട് സഹോദരങ്ങൾ. ഏഴാം വയസ്സിൽ അച്ഛൻ മരിച്ചു, തുടർന്ന് അച്ഛന് വ്യാപാരബന്ധങ്ങളുണ്ടായിരുന്ന ഇംഗ്ലണ്ടിലേക്ക് കുടുംബം താമസം മാറ്റി. ഇംഗ്ലണ്ടിലെ കൗമാരം കഫാഫിക്ക് ഇംഗ്ലീഷ് ഭാഷാ, സാഹിത്യ പരിജ്ഞാനം നൽകി. എന്നാൽ, പിന്നീട് വ്യാപാരം തകർന്ന് അലക്സാൻഡ്രിയയിലേക്ക് മടങ്ങേണ്ടിവന്നു. പത്തൊമ്പതു വയസ്സിൽ അവിടന്ന് വീണ്ടും കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറിത്താമസം. (അക്കാലത്ത് അലക്‌സാൻഡ്രിയയിലെ ബ്രിട്ടീഷ് ആക്രമണത്തിൽ കവിയുടെ വീടും കൈയെഴുത്തുപ്രതികളും നശിച്ചു.) ഇരുപത്തിരണ്ടാം വയസ്സിൽ സഹോദരങ്ങൾക്കൊപ്പം അലക്സാൻഡ്രിയയിലേക്ക് മടക്കം. അൽപകാലം പത്രക്കാരനായും സ്റ്റോക് എക്‌സ്ചേഞ്ചിൽ സഹായിയായും പണിയെടുത്തു. പിന്നീട് മുപ്പതുകൊല്ലം പൊതുമരാമത്തു വകുപ്പിലെ ഗുമസ്തനായി, ഒടുവിൽ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ജോലിയിൽനിന്ന് വിരമിച്ച് പതിനൊന്നു കൊല്ലം കഴിഞ്ഞപ്പോൾ കാൻസർ ബാധിതനായി മരിച്ചു. പറഞ്ഞാൽ പുറമേ അത്രയൊന്നും സംഭവബഹുലമല്ലാത്ത ജീവിതം. ജീവിച്ചിരുന്നപ്പോൾ കവിത സുഹൃത്തുക്കൾക്കിടയിലല്ലാതെ കാര്യമായി അറിയപ്പെട്ടിരുന്നില്ല. കവിത പ്രസിദ്ധീകരിക്കാൻ സ്വയം വലിയ ഉത്സാഹം കവി കാണിച്ചിരുന്നുമില്ല.

അലക്‌സാൻഡ്രിയയിൽ കഫാഫി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ സൂചകഫലകം

അലക്‌സാൻഡ്രിയയിൽ കഫാഫി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ സൂചകഫലകം

പച്ചക്ക് പറയൽ എന്നതാണ് കഫാഫി ശൈലി. എന്തു മഹാകാര്യമായാലും നേരേചൊവ്വേ പറയുക. ഒരിടത്തുനിന്നും കടംകൊള്ളാത്ത സ്വന്തം ശബ്ദം. ഒന്നിന്റെയും സ്വാധീനം എടുത്തുപറയാനാവാത്ത തനിവഴി. ഇരുപതാം നൂറ്റാണ്ടിലെ ഗ്രീക് കവിതയിൽ ആധുനികവും അതുവരെ കേൾക്കാത്തതുമായ ഒച്ച. പോരാ, മറ്റു ഭാഷാകവിതകളെയും സ്വാധീനിച്ച കവി. ഓഡൻ കഫാഫിയെപ്പറ്റി പറഞ്ഞത് കഫാഫിയുടെ സമ്പൂർണ കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തിൽ ജെറാൾഡ് സ്റ്റേൺ ഉദ്ധരിച്ചിട്ടുണ്ട്; കഫാഫിയെ വായിച്ചിരുന്നില്ലെങ്കിൽ താൻ ചില കവിതകൾ മറ്റൊരു വിധത്തിലായേനെ എഴുതുക, ചില കവിതകൾ എഴുതുകതന്നെ ഇല്ലായിരുന്നു എന്ന്. അക്കാലത്തെ ഇംഗ്ലീഷ് എഴുത്തുകാർക്ക് കഫാഫി പ്രിയങ്കരനായിരുന്നു. അവരിൽ അർനോൾഡ് റ്റോയൻബിയും ലോറൻസ് ദൂറലും എലിയറ്റും ഡി.എച്ച്. ലോറൻസും എല്ലാവരെക്കാളുമുപരി ഇ.എം. ഫോസ്റ്ററും ഉൾപ്പെടും. ഫോസ്റ്റർ അലക്സാൻഡ്രിയയിൽ കഫാഫിയെ നേരിട്ട് കണ്ടെത്തുകയും ചെയ്തു. ആ കണ്ടുമുട്ടലിനെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്, സ്ട്രോ ഹാറ്റ് ​െവച്ച ഒരു ഗ്രീക് മാന്യൻ, അനക്കമറ്റ്, പ്രപഞ്ചത്തോട് ലേശം ചരിഞ്ഞു നിൽക്കുന്നു എന്നാണ്. പ്രസിദ്ധമായ ‘പ്രപഞ്ചത്തോട് ലേശം ചരിഞ്ഞ്’ എന്ന ആ പ്രയോഗം ശീർഷകമാക്കി ബെൻ ലിബ്‌മാൻ കഫാഫിയെപ്പറ്റി എഴുതിയിട്ടുള്ള ലേഖനത്തിൽ പറയുന്ന ഒരു വിശേഷണം വളരെ കൃത്യമാണ്: കഫാഫി സ്വന്തം കാലത്തിന്റെ കവിയായിരുന്നില്ല, ഒരു നഷ്ടകാലത്തിന്റെ, അഥവാ ഏതോ വരുംകാലത്തിന്റെ കവി.

പല ദേശക്കാർ പാർക്കുന്ന അലക്‌സാൻഡ്രിയ നഗരത്തിൽ സ്വന്തമായി ഒരു ദേശമില്ലാതെ ജീവിച്ച, ഭാഷ മാത്രം സ്വന്തമായുണ്ടായിരുന്ന കവി. കഫാഫിയുടെ കവിതകൾ രണ്ടു തരത്തിലുള്ളവയാണെന്ന് പൊതുവേ പറയാം. ഒന്ന്, അടിമുടി വ്യക്തിപരമായവ, പിന്നെ ചരിത്രപരമായവ; ചരിത്രകവിതകളോട് ചേർത്ത് കാണാവുന്ന തത്ത്വപരമായ അഥവാ ജ്ഞാനോപദേശങ്ങളുടെ മട്ടിലുള്ള കവിതകളും ഉണ്ട്. വ്യക്തിപരമായവ കഫാഫിയുടെ പ്രേമജീവിതത്തിന്റെ ആവിഷ്കാരങ്ങളാണ്. പൂർണമായും ആൺപ്രേമിയായിരുന്നു കഫാഫി. കഫാഫിയെപ്പറ്റിയുള്ള എല്ലാ എഴുത്തുകളിലും കാണുന്ന ആദ്യ വിശേഷണവും അതായിരിക്കും. തന്റെ രതിശീലത്തിനനുസൃതമായി ജീവിക്കാനും തുറന്നെഴുതാനും അദ്ദേഹം മടിച്ചില്ല. ആൺപ്രേമത്തിന്റെ ഉത്സവമായിരുന്നു കഫാഫിയുടെ ജീവിതവും കവിതയും. പ്രണയം എന്നതിനേക്കാൾ കാമത്തിന്റെ താൽക്കാലികാഭിലാഷങ്ങളാണ് മിക്കവാറും കവിതകളിലും കാണുക. അപ്പപ്പോൾ കണ്ടുമുട്ടുന്ന ആൺസൗന്ദര്യങ്ങളോടുള്ള അഭിനിവേശം, ഹ്രസ്വബന്ധങ്ങളുടെ ഓർമകൾ ഒക്കെ.

അലക്‌സാൻഡ്രിയയിൽ  കഫാഫി താമസിച്ചിരുന്ന അപ്പാർട്മെന്റ്

അലക്‌സാൻഡ്രിയയിൽ കഫാഫി താമസിച്ചിരുന്ന അപ്പാർട്മെന്റ്

കഫാഫിയുടെ പകുതിയിലേറെ കവിതകൾ ചരിത്രസൂചനകളിന്മേൽ പടുത്തവയാണ്. ചരിത്രത്തെപ്പറ്റിയുള്ള അഗാധമായ അറിവും ചരിത്രത്തിൽ ഊന്നുന്ന നോട്ടവും കഫാഫിയുടെ പ്രധാനപ്പെട്ട അടയാളങ്ങളാണ്. പല കവിതകളിലും ഗ്രീക് ഇതിഹാസ സൂചനകളും സമൃദ്ധം. അത്തരം കവിതകളുടെ പരിഭാഷകൾക്ക് വിശദമായ അടിക്കുറിപ്പുകൾ കൂടിയേ കഴിയൂ. ഇതോടൊപ്പമുള്ള പരിഭാഷകളിൽ അതിപ്രശസ്തവും വ്യാപകമായി പരിഭാഷപ്പെടുത്തിയിട്ടുള്ളവയുമായ കവിതകൾ – ‘പ്രാകൃതരെക്കാത്ത്’, ‘ഇത്താക്ക’ തുടങ്ങിയവയുടെ ഗണത്തിൽ വരുന്നവ – ഉൾപ്പെടുത്തിയിട്ടില്ല. കഫാഫിയുടെ ചരിത്രകവിതകളിൽ ആശയമല്ല മറിച്ച് അറിവിന്റെ വൈകാരികതയാണ് നാം അനുഭവിക്കുക. കവിയുടെ അറിവ് വസ്തുതാപരം മാത്രമല്ല. ആകാശത്തിന്റെയോ ആഴിയുടെയോ നിറംപോലെ ആ അറിവ് അനുഭൂതിപരംകൂടിയാണ്. അത് ചരിത്രത്തെ കടഞ്ഞ് സാന്ദ്രമാക്കി, വീഞ്ഞു കോപ്പയിൽ എന്നപോലെ പകർന്നുതരുന്നു.

കഫാഫി അലക്‌സാൻഡ്രിയയിൽ ഇരുപത്തഞ്ചു കൊല്ലം താമസിച്ചിരുന്ന അപ്പാർട്മെന്റ് ഒരു ഗണികാലയത്തിന്റെ മുകൾനിലയിലായിരുന്നു. മെയ്യിന്റെയും മനസ്സിന്റെയും, കലയുടെയും കാമത്തിന്റെയും, വെളിച്ചത്തിന്റെയും ഇരുളിന്റെയും തുലാസ് സന്തുലിതമാക്കി നിർത്താൻ അത്യാവശ്യമായതെന്ന് കവി കരുതിയിരുന്ന വ്യവഹാരങ്ങൾ നടന്നുകൊണ്ടിരുന്ന മന്ദിരം. അതേ തെരുവിൽ ഒരു ഗ്രീക് പള്ളിയും ഒരാശുപത്രിയും ഉണ്ടായിരുന്നു. കവി എഴുതി,“ഇതിനേക്കാൾ നന്നായി മറ്റെവിടെ ഞാൻ ജീവിക്കും? താഴെ മാംസത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഗണികാലയം. തൊട്ടടുത്ത് പാപങ്ങൾ പൊറുക്കുന്ന പള്ളി. പിന്നെ നാം പോയിക്കിടന്നു മരിക്കുന്ന ആശുപത്രിയും.”

* * * *

വളരെ നേരം വളഞ്ഞുപുളഞ്ഞ വഴികളിലൂടെ കാറോടിച്ച് സൗമ്യനും സുന്ദരനുമായ ടാക്‌സിക്കാരൻ ഖാലിദ് കഫാഫിയുടെ പഴയ ആ തെരുവിൽ എത്തിച്ചു. ലെപ്സ്യൂസ് എന്നായിരുന്നു തെരുവിന്റെ പഴയ പേര്, ഇപ്പോഴത് ഷാം എൽ ഷെയ്‌ക്ക് എന്നായിരിക്കുന്നു. പ​േക്ഷ, കെട്ടിടം പൂട്ടിയിരിക്കുകയാണ്. കെട്ടിടത്തിനു മുന്നിൽ അറിയിപ്പു ​െവച്ചിരിക്കുന്നു, കഫാഫി മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടക്കുകയാണ്, പ്രവേശനമില്ല. ഹാ, ഇത്രദൂരത്തുനിന്ന് കാണാൻ വന്നിട്ട് കാണാതെ തിരിച്ചുപോകുകയോ? അൽപനേരം തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. താഴത്തെ നിലയിൽ ഗണികാലയം ഇല്ല. ആശുപത്രിയും കാണുന്നില്ല. പുതുക്കിയതെന്ന് തോന്നുന്ന പള്ളി അടുത്തുതന്നെയുണ്ട്. തിരികെ കെട്ടിടത്തിനു മുന്നിൽ വന്നു. നെടുകെയും കുറുകെയും ചരിച്ചും നാട്ടിയ തട്ടുതടികൾക്കും കഴകൾക്കും ഇടയിലൂടെ രണ്ടും കൽപിച്ച് നൂണ്ട് കോണി കയറി അപ്പാർട്മെന്റിന്റെ വാതിൽക്കലെത്തി. അകത്തേക്ക് കാലെടുത്തു​െവച്ചതും ഒരാൾ ഓടിവന്നു തടഞ്ഞു. മേസ്തിരിയാണ് എന്നു തോന്നി. “വളരെ ദൂരത്തുനിന്ന് വരുകയാണ്. ദയവായി ഉള്ളിൽ വരാൻ അനുവദിക്കണം” എന്ന് ഇംഗ്ലീഷിൽ പറഞ്ഞുനോക്കി, പ​േക്ഷ കൈവീശി അകറ്റുകയാണ്. ഫോണിൽ ഗൂഗിൾ ട്രാൻസ് ലേറ്റ് എടുത്തു. ഇന്ത്യയിൽനിന്ന് കഫാഫിയുടെ പാർപ്പിടം കാണാനെത്തിയ കവിയാണ്. അകം ഒന്നുകണ്ട് വേഗം പൊയ്‌ക്കൊള്ളാം.” അയാൾ ഫോണിൽ തെളിഞ്ഞ അറബി പരിഭാഷ വായിച്ചു. പെട്ടെന്ന് അയഞ്ഞു, ഭാവം മാറി. ചിരിച്ചുകൊണ്ട് അകത്തുവരൂ എന്ന് കൈകാട്ടി. ഫോണിൽ അറബിയിൽ അയാൾ എഴുതി. ഞാൻ ഇംഗ്ലീഷിൽ വായിച്ചു: “പണിനടക്കുന്ന കെട്ടിടമാണ്. അപകടമാണ്. ആരെയും അകത്തുകടക്കാൻ അനുവദിച്ചുകൂടാ. സുരക്ഷാകാരണങ്ങളാലാണ് പേടി. വല്ലതും സംഭവിച്ചാൽ ഞാൻ മറുപടി പറയണം. അതുകൊണ്ടാണ്.” അയാൾ കോൺട്രാക്ടറാണ്, മേസ്തിരിയും. ഒപ്പം എട്ടുപത്തു പണിക്കാരുണ്ട്.

കവിതയിൽ, തീരാത്ത അറ്റകുറ്റപ്പണിയുടെ ആളായിരുന്നു കഫാഫി. ആണ്ടിൽ എഴുപതോളം കവിതകൾ എഴുതുമായിരുന്നു, തുടർന്ന് പത്തും പതിനഞ്ചും കൊല്ലങ്ങൾ ഓരോന്നിന്മേലും പണിയെടുത്തുകൊണ്ടുമിരുന്നു. ഒരു കവിതയെങ്കിലും പൂർത്തിയായതായി കവി ഒരിക്കലും കരുതിയില്ല. കവിതകൾ എത്രവട്ടം തിരുത്തിയിട്ടും തൃപ്തിയാവാത്ത കവിയുടെ വീട് അറ്റകുറ്റപ്പണികൾക്കിടയിൽ നുഴഞ്ഞുകടന്നുതന്നെ കാണണം. അതാണ് കാവ്യനീതി.

കഫാഫിയുടെ വീടിന്റെ വാതിലിൽ പതിച്ച നോട്ടീസ്

കഫാഫിയുടെ വീടിന്റെ വാതിലിൽ പതിച്ച നോട്ടീസ്

മുറിയുടെ മൂലയിൽ ചാരി​െവച്ചിരിക്കുന്ന ഒരു നിലക്കണ്ണാടി. സ്വന്തം രൂപഭംഗിയിൽ അതീവശ്രദ്ധാലുവായിരുന്നു കഫാഫി. പ്രായമേറിയ നാളുകളിൽ തന്റെ ചിത്രങ്ങളിൽനിന്ന് തൊലിയിലെ ചുളിവുകളും മറ്റും മായ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. ഈ കണ്ണാടിയിൽ സ്വന്തം രൂപം കാണാൻ കവി ഇഷ്ടപ്പെട്ടിരുന്നുവെന്നു വരാം. പൂമുഖത്തളത്തിലെ കണ്ണാടി എന്ന കവിത ഞാനോർമിച്ചു. അതിസുഭഗനായ ഒരു തരുണൻ ഒന്നു മുഖംനോക്കിയപ്പോൾ, അത്രമേൽ ശുദ്ധസൗന്ദര്യത്തെ അൽപനേരം താൻ വഹിച്ചുവല്ലോ എന്ന് അഭിമാനിച്ച കണ്ണാടി. ജോലിയിൽനിന്ന് വിരമിച്ച് പതിനൊന്ന് കൊല്ലങ്ങൾ കഴിഞ്ഞ്, തൊണ്ടയിൽ കാൻസർ ബാധിച്ചാണ് കഫാഫി മരിച്ചത്. തൊണ്ടയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദം നഷ്ടപ്പെട്ട് ജീവിച്ചനാളുകളിൽ ആവശ്യങ്ങൾ കടലാസിൽ എഴുതിക്കൊടുക്കുകയായിരുന്നു. 1933 ഏപ്രിൽ 29ന്, തന്റെ എഴുപതാം പിറന്നാളിൽ കവി കടലാസിൽ ഒരു കുത്തിട്ട് അതിനുചുറ്റും ഒരു വൃത്തം വരച്ചു. മരിച്ചു. അന്നു വൈകുന്നേരത്തിനു മുന്നേ ശവസംസ്കാരവും കഴിഞ്ഞു.

കവിയുടെ മുറികൾ വെള്ളച്ചായത്തിൽ കുളിച്ചുനിൽക്കുന്നു. വീട്ടുസാമാനങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്. എഴുത്തുമുറിയുടെ ജനാലക്കരികിലേക്ക് ചെന്ന് ഞാൻ പുറത്തേക്കുനോക്കി. ആളൊഴിഞ്ഞ തെരുവും ഇട ഞെരുങ്ങിയ കെട്ടിടങ്ങളും അതുവരെ കാണാത്തൊരു നീലയിൽ ആകാശവും. നൂറ്റാണ്ടോളം മുമ്പ് ഇതേ ജനാലയിലൂടെ കവി കണ്ടത് ഈ കാഴ്ചയുടെ പഴയ പതിപ്പ്. മെഡിറ്ററേനിയൻ തീരത്ത് അലക്‌സാൻഡ്രിയ അവശേഷിക്കുവോളം കവിയെത്തേടി ആളുകൾ ഇമ്മാതിരി എത്തുമായിരിക്കും, ഈ ജനാല കാഴ്ചയുടെ പുതിയ പതിപ്പുകൾക്ക് ചട്ടമിട്ട് ഇതുപോലെ നിൽക്കുമായിരിക്കും. 

1. പൂമുഖത്തളത്തിലെ കണ്ണാടി

ധനാഢ്യമായ വീടിന്റെ പൂമുഖത്തളത്തിൽ

ഒരു കൂറ്റൻ കണ്ണാടിയുണ്ടായിരുന്നു, വളരെ പഴയത്,

എൺപതുകൊല്ലമെങ്കിലും മുമ്പ് വാങ്ങിയത്.

അതിസുഭഗനായ ഒരു തരുണൻ,

ഒരു തയ്യൽക്കാരന്റെ സഹായി

(ഞായറാഴ്ചകളിൽ, അവനൊരു അമച്വർ അത്ലറ്റ്)

ഒരു പാഴ്‌സലും പിടിച്ചു നിന്നു. അവനത്

വീട്ടിലെ ഒരുവന് കൈമാറി, അയാളത്

രശീതി കിട്ടാനായി അകത്തേക്ക് കൊണ്ടുപോയി.

തയ്യൽക്കാരന്റെ സഹായി ഒറ്റയ്ക്ക് കാത്തുനിന്നു.

അവൻ കണ്ണാടിക്കടുത്തേക്ക് ചെന്നു,

കണ്ണാടിയിൽ നോക്കി

ടൈ ശരിയാക്കി. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ

ആരോ രശീതി കൊണ്ടുവന്നു.

അവൻ അതുവാങ്ങി സ്ഥലം വിട്ടു.

ആ പഴയ കണ്ണാടി എത്രയെത്രയോ കണ്ടിരിക്കുന്നു

ഇക്കണ്ട കാലത്തിനിടയിൽ

ആയിരക്കണക്കിനു വസ്തുക്കൾ, മുഖങ്ങൾ

എന്നിരുന്നാലും പഴയ കണ്ണാടി ഇപ്പോൾ ആഹ്ലാദിച്ചു,

ശുദ്ധസൗന്ദര്യത്തിന്റെ പ്രതിബിംബം

അൽപനേരം വഹിച്ചുവല്ലോ എന്നഭിമാനിച്ചു.

2. ദൈവം ആന്റണിയെ കൈവിടുന്നു

അർധരാത്രി പൊടുന്നനെ

ഉയരുന്ന ഗംഭീരമായ സംഗീതത്തിനൊപ്പം

ഒരു കാണാക്കൂട്ടം കടന്നുപോകുന്നതു കേൾക്കുമ്പോൾ-

ഭാഗ്യം ഒഴിഞ്ഞുപോകുന്നുവല്ലോ എന്ന്,

അധ്വാനമത്രയും തകർന്നുവീഴുന്നുവല്ലോ എന്ന്,

ജീവിതപദ്ധതികൾ മിഥ്യകളായി മാറുന്നുവല്ലോ എന്ന്

വെറുതേ വിലപിക്കാതിരിക്കുക.

നീണ്ടകാലമായി തയാറെന്ന മട്ടിൽ, സധൈര്യമെന്ന മട്ടിൽ,

അവളോട് വിടപറയുക, വിട്ടുപോകുന്ന

അലക്‌സാൻഡ്രിയയോട്.

ഏറ്റവും പ്രധാനം, സ്വയം വിഡ്ഢിയാവാതിരിക്കുക,

അതൊരു സ്വപ്നമായിരുന്നുവെന്ന്, സ്വന്തം കാതുകൾ

കബളിപ്പിച്ചതെങ്ങനെയെന്ന് പറയാതിരിക്കുക.

അമ്മാതിരി ശൂന്യമായ പ്രതീക്ഷകളിലേക്ക്

താണുവീഴാതിരിക്കുക.

നീണ്ടകാലമായി തയാറെന്ന മട്ടിൽ, സധൈര്യമെന്ന മട്ടിൽ,

ഒരു ഭീരുവിന്റെ ആവലാതികളോടെയും

അപേക്ഷകളോടെയുമല്ല,

ഇമ്മാതിരിയൊരു നഗരത്തിനു

യോഗ്യനായ നിനക്കൊത്ത മട്ടിൽ,

ജനാലയ്ക്കൽ ചെന്നു തലയുയർത്തിനിന്ന്

ആ രഹസ്യസംഘത്തിന്റെ അനുപമമായ

സംഗീതോപകരണങ്ങൾക്ക്

ഉള്ളു ചേർത്ത് കാതോർക്കുക,

നിന്റെ ഒടുവിലത്തെ ആനന്ദമായ

ആ ശബ്ദങ്ങൾ കേൾക്കുക

അവളോട് യാത്രപറയുക, നിനക്കു

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അലക്‌സാൻഡ്രിയയോട്.

കുറിപ്പ്: മാർക് ആന്റണിയുടെ അവസാന രാത്രിയാണ് സന്ദർഭം. സൈന്യം ആന്റണിയെ വെടിഞ്ഞ് ഒക്ടേവിയനൊപ്പം പോവുകയാണ്. ആന്റണി പരാജയപ്പെട്ടു കഴിഞ്ഞുവെന്ന് അലക്‌സാൻഡ്രിയ ഒന്നടങ്കം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കവിതയിലെ ദൈവം മാർക് ആന്റണിയുടെ പാലകപുണ്യാളനായ ഡയനീസസ് ആണ്, വീഞ്ഞിന്റെയും ജീവിതരതിയുടെയും ഉർവരതയുടെയും ദേവൻ.


3. ബാൻഡേജിട്ട തോൾ

ഭിത്തിയിൽത്തട്ടിയെന്ന്, താൻ മറിഞ്ഞുവീണുവെന്ന്, അവൻ പറഞ്ഞു.

അഥവാ മുറിവുപറ്റി ബാൻഡേജിട്ട തോളിന്

മറ്റൊരു കാരണമുണ്ടാവാം.

തൊട്ടടുത്തു പിടിച്ചു നോക്കാനായി

അൽപം ധൃതിയിൽ അവൻ

തട്ടിൽനിന്ന് ചില ചിത്രങ്ങളെടുക്കുമ്പോൾ,

ബാൻഡേജ് അഴിഞ്ഞു, ലേശം ചോര പൊടിഞ്ഞു.

ഞാനത് തിരികെച്ചുറ്റി, ചുറ്റുമ്പോൾ

പതുക്കെയാക്കി, അവന് വേദനയുണ്ടായിരുന്നില്ല,

ഞാൻ രസത്തോടെ ചോര നോക്കി. ചോര

എന്റെ സുഖത്തിന്റെ ഭാഗമായിരുന്നു.

അവൻ പോയ്ക്കഴിഞ്ഞ്, കസേരയ്ക്കു മുന്നിൽ,

അവന്റെ വച്ചുകെട്ടിൽനിന്നു വീണ

ചോരക്കറയുള്ള കംബളം,

നേരേ ചവറുവീപ്പയിലേക്ക് പോകാനുള്ളത്,

ഞാനതു ചുണ്ടോടു ചേർത്തു

ഒരുപാടുനേരം ചേർത്തുപിടിച്ചു,

എന്റെ ചുണ്ടുകളിൽ പ്രേമത്തിന്റെ ചോര.

4. വീഞ്ഞുകോപ്പകളുടെ ശിൽപി

മേത്തരം രുചികൾ മാത്രം വാഴുന്ന

ഹീറാക്ലീഡെസിന്റെ വീട്ടിലേക്കുവേണ്ടി

തനിവെള്ളിയിൽത്തീർത്ത ഈ വീഞ്ഞുകോപ്പമേൽ

നോക്കൂ, മനോഹരങ്ങളായ പൂക്കൾ,

അരുവികൾ, സുഗന്ധയിലകൾ,

അതിനൊത്ത നടുക്ക് ഞാൻ വയ്ക്കുന്നു,

സുന്ദരനായ ഈ തരുണനെ

നഗ്നൻ, കാമമുണർത്തുന്നവൻ; ഒരു കാൽ

ജലത്തിൽ തൂക്കിയിട്ടിരിക്കുകയാണവൻ.

ഹാ ഓർമകളേ, ഞാൻ പ്രേമിച്ച

ആ തരുണന്റെ മുഖം അതേപടി തീർക്കുവാൻ

നിങ്ങൾ തുണയാകണേയെന്ന്

പ്രാർഥിക്കുകയാണ് ഞാൻ.

അതെത്ര പ്രയാസമായിരിക്കുന്നു

മഗ്നീഷ്യയുടെ തോൽവിയിൽ യോദ്ധാവായിരുന്നവൻ

അവൻ വീണുപോയിട്ടിപ്പോൾ

പതിനഞ്ചോളം വർഷങ്ങൾ കടന്നുപോയിരിക്കുന്നു.

കുറിപ്പ്: കവിതയിൽ പരാമർശിക്കുന്ന കാലം സിറിയൻ രാജാവായിരുന്ന ആന്റിയോക്കസ് നാലാമൻ ജീവിച്ചിരുന്ന ബി.സി രണ്ടാം നൂറ്റാണ്ടാണ്. ഹീറാക്ലീഡെസ്, ആന്റിയോക്കസ് നാലാമന്റെ ശക്തനായ ഖജാൻജിയായിരുന്നു. റോമൻ-സിറിയൻ യുദ്ധാന്ത്യം കുറിച്ച മഗ്നീഷ്യാ യുദ്ധം 190 ബി.സിയിൽ നടന്നു.

5. അപരാഹ്ന സൂര്യൻ

ഈ മുറി, എനിക്കെത്ര പരിചിതം.

ഇതും തൊട്ടടുത്ത മുറിയും അവരിപ്പോൾ

കച്ചവടക്കാർക്ക് വാടക്ക് കൊടുത്തിരിക്കുന്നു.

ഈ വീടു മുഴുവനും ദല്ലാളന്മാരുടെയും

വ്യാപാരികളുടെയും കമ്പനികളുടെയും

ആപ്പീസുകളായിരിക്കുന്നു.

ഹാ, ഈ മുറി, എനിക്കെത്ര പരിചിതം.

കതകിന്നടുത്തായിരുന്നു ഇരിപ്പിടം, ഇവിടെ;

അതിനു മുന്നിൽ ഒരു തുർക്കി കംബളം;

ഇരിപ്പിടത്തിനടുത്ത്, ഷെൽഫിൽ

രണ്ട് മഞ്ഞ പൂപ്പാത്രങ്ങൾ.

വലതു വശത്ത്, അല്ല, നേരേ എതിരെ,

ഒരു കണ്ണാടിയലമാര.

നടുക്ക്, അവൻ എഴുതാനിരിക്കുന്ന മേശ,

മൂന്ന് വരിഞ്ഞ കസേരകൾ.

ജനാലയോട് ചേർന്ന് ഞങ്ങൾ

എത്രയോ വട്ടം ഇണചേർന്ന കിടക്ക.

ദുഃഖകരമായ ഈ വസ്തുക്കൾ ഇപ്പോഴും

എവിടെയോ ഉണ്ടാവും.

ജനാലയോട് ചേർന്ന് കിടക്ക;

അപരാഹ്ന സൂര്യൻ തളത്തിൽ എമ്പാടും പരന്നു.

…ഒരപരാഹ്നത്തിൽ, നാലുമണി നേരത്ത്,

ഞങ്ങൾ പിരിഞ്ഞു,

ഒരാഴ്ചത്തേക്ക്… ഹാ

ആ ആഴ്ച എന്നേക്കുമായി നീണ്ടു.

6. കാമനകൾ

തലക്കൽ റോസാപ്പൂക്കളും കാൽക്കൽ മുല്ലപ്പൂക്കളുമായി

ഗംഭീരമായൊരു ശവകുടീരത്തിൽ

കണ്ണീരിൽ മുക്കിയടക്കിയ

വയസ്സാവാതെ മരിച്ചവരുടെ മനോഹരശരീരങ്ങൾ പോലെ,

നിറവേറാതെ കടന്നുപോകുന്ന

അഭിലാഷങ്ങളും കണ്ടാൽ

ഇങ്ങനെത്തന്നെയായിരിക്കണം;

ഒരു രാത്രിയുടെയെങ്കിലും ആനന്ദരതിയറിയാതെ

ഒരു പുലരിയുടെ പ്രഭയറിയാതെ.

7. പ്രേമത്തെപ്പറ്റി കേൾക്കുമ്പോൾ

തീവ്രപ്രേമത്തെപ്പറ്റി കേൾക്കുമ്പോൾ,

സൗന്ദര്യാരാധകനെപ്പോലെ

വിറകൊള്ളുക, അലിയുക. പക്ഷേ,

മനോരാജ്യം നിനക്കുവേണ്ടി സൃഷ്ടിച്ചുതന്ന

പ്രേമങ്ങളെല്ലാം ആനന്ദത്തിലോർക്കണം;

നിന്റെ ജീവിതത്തിലെ ചെറിയ പ്രേമങ്ങൾ,

കളങ്കമറ്റവ, പ്രത്യക്ഷമായവ,

നീ അനുഭവിച്ച് ആസ്വദിച്ചവ – അവയാദ്യമോർക്കുക,

പിന്നീട് മറ്റുള്ളവ.

അത്തരം പ്രേമങ്ങൾ നിനക്ക് നിഷേധിക്കപ്പെട്ടില്ലല്ലോ.

8. ഈ നഗരം

നീ പറഞ്ഞു: “ഞാൻ മറ്റേതെങ്കിലും

നാട്ടിലേക്ക് പോകയാണ്,

മറ്റൊരു തീരത്തേക്ക്, ഇതിലും

നല്ലൊരു നഗരം ഞാൻ കണ്ടെത്തും.

ഞാനെന്തു ചെയ്യാൻ തുനിഞ്ഞാലും

അതു ഗതി പിടിക്കുന്നില്ല

എന്റെ ഹൃദയമാവട്ടെ ചത്തതുപോലെ

മറവുചെയ്യപ്പെട്ടിരിക്കുന്നു.

എന്റെ മനസ്സ് ഇവിടെക്കിടന്ന് പൊടിഞ്ഞുതീരാൻ

ഞാനെത്രകാലം അനുവദിക്കണം?

എങ്ങോട്ടു തിരിഞ്ഞാലും, എങ്ങോട്ടു നോക്കിയാലും

കാണുന്നതെന്റെ ജീവിതത്തിന്റെ ഇരുണ്ട അവശിഷ്ടങ്ങൾ, ഇവിടെ,

എത്രയോ കാലം ഞാൻ ചെലവിട്ടിടത്ത്, പാഴാക്കിയിടത്ത്, അടിമുടി നശിപ്പിച്ചിടത്ത്.”

പുതിയൊരു നാട് നീ കണ്ടെത്തുകയില്ല,

മറ്റൊരു തീരം നീ കണ്ടെത്തുകയില്ല.

നഗരം നിന്നെ നിരന്തരം പിന്തുടരും.

ഇതേ തെരുവുകളിൽ നീ നടക്കും,

ഇതേ ചുറ്റുവട്ടത്ത് നിനക്ക് വയസ്സാകും,

ഇതേ വീടുകളിൽ നിന്റെ മുടിയിഴകളിൽ നര പടരും.

എപ്പോഴും നീ ഈ നഗരത്തിൽ വന്നുചേരും.

മറ്റെങ്ങോ മറ്റെന്തിനോ പ്രതീക്ഷിക്കരുത്:

നിനക്കായി ഒരു യാനവുമില്ല, ഒരു പാതയുമില്ല.

ഇവിടെ, ഈ ചെറിയ മൂലയിൽ

നീ നിന്റെ ജീവിതം നശിപ്പിച്ച സ്ഥിതിക്ക്,

ലോകത്തെവിടെയും നീയത് നശിപ്പിച്ചു

കഴിഞ്ഞിരിക്കുന്നു.

News Summary - Constantine P. Cavafy poems review