അലമാര
text_fields
നിറംമങ്ങി തുരുമ്പെടുത്ത്
ഹൃദയത്തിന്റെ ഉള്ളറകളിൽ
സൂക്ഷിച്ചുവെച്ചപോലെ
പലതും അടക്കിപ്പിടിച്ച്
അടഞ്ഞുകിടക്കുന്നു.
അവ്യക്തമായ രൂപം നിഴലിക്കുന്ന
കണ്ണാടിയിൽ കാലത്തിന്റെ
വിരലടയാളങ്ങൾ.
ഓർമകളുടെ കരകരപ്പിൽ
മലർക്കെ തുറന്ന്
ഒരുകാലത്തെ മിഴിച്ചുനോക്കുന്നു,
അമരവള്ളിയിൽ പടർന്ന്
ആകാശം തൊടാൻ കൊതിച്ച
ആരോ ഒരാൾ.
നെഞ്ചിൽനിന്ന് പണ്ടെങ്ങോ
പാറിപ്പോയൊരു കിളിക്കുഞ്ഞ്
വീണ്ടും കുറുകുന്നു.
അകങ്ങളിൽ പഴമയുടെ ഗന്ധം,
സ്വപ്നങ്ങളുടെ നിറം,
ചോരച്ചുവപ്പൻ മഞ്ചാടി,
വളപ്പൊട്ടുകളിൽ
കടുംനിറങ്ങളുടെ ഉത്സവം,
കരളിൽനിന്ന് അടർന്നുവീണ
ദിനാന്ത്യക്കുറിപ്പുകൾ,
നിറയേ നീയുള്ള
ഉള്ളറകൾ,
ഉരുണ്ട പൂവുപോലെ അടപ്പുള്ള
പളുങ്കുപാത്രത്തിൽ
കാലം നിറം മാറ്റിയ
ഉണങ്ങിയ പൊട്ടിക്ക,
അതിലേക്ക് നോക്കിയിരിക്കേ...
ഓർമകൾ പൊട്ടിത്തെറിക്കുന്നു.
പച്ചയിൽ അടർത്തിയെടുത്തതൊക്കെയും
ഉണങ്ങിയുണങ്ങി
എനിക്കുമാത്രമറിയാവുന്ന
ഭാഷയിൽ എന്നോട് മിണ്ടുന്നു.
ഈ ഇരുട്ടറയിൽനിന്ന് ചുവന്ന
ഇതളുകൾ കണ്ടെടുക്കേ
മുറിഞ്ഞവിരലുകളിൽ നിന്റെ പേരുള്ള
കവിത പൂക്കുന്നു.
ഓർത്തെടുക്കാൻ ബാക്കിവെച്ച
കൗതുകങ്ങൾ...
മടക്കിവെച്ച വേഷപ്പകർച്ചകൾ..,
ഒരു നെടുവീർപ്പിനപ്പുറം
വാതിലുകളടച്ച്
തിരിഞ്ഞു നടക്കുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ
മുളച്ചുപൊന്തിയ ചിറകുകൾ
കൊഴിഞ്ഞു വീഴുന്നു.
അലമാരയുടെ താക്കോൽപഴുതിലൂടെ
അമരവള്ളിയെന്നെ തൊടാനായുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.