സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്: വ്യാപക പ്രതിഷേധം; പരിഹാസവുമായി സംഘ്പരിവാർ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ചതിെൻറ പേരിൽ കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടയിലും സംഘ്പരിവാറിെൻറ പരിഹാസ കമൻറുകളും കുറവില്ല. വെള്ളിയാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച അർധരാത്രി വരെയാണ് സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്. 30 ദിവസത്തേക്ക് തത്സമയ പ്രതികരണങ്ങൾക്കും വിലക്കുണ്ട്. കവി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇതോടെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നമ്മുടെ രാഷ്ട്രീയത്തിൽ സെൻസർഷിപ്പ് അനുവദിക്കില്ലെന്നായിരുന്നു സച്ചിദാനന്ദന് െഎക്യദാർഢ്യം അറിയിച്ച് ശശി തരൂർ എം.പി പ്രതികരിച്ചത്.ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും നേരെ സച്ചിദാനന്ദൻ ഉയർത്തുന്ന സർഗാത്മകമായ നിരന്തര ജാഗ്രതക്കു നേരെയാണ് ഫേസ്ബുക്ക് വിലക്കെന്ന് പുരോഗമന കലാസാഹിത്യ സംഘം പറഞ്ഞു. കവിതയിലും ജീവിതത്തിലും കവി ഉയർത്തുന്ന പോരാട്ടങ്ങളെ ഫാഷിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ടെന്നതിെൻറ തെളിവാണ് വിലക്കെന്ന് പ്രസിഡൻറ് ഷാജി എൻ. കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും കുറ്റപ്പെടുത്തി. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുന്നു എന്നതിെൻറ തെളിവാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മോദിയും അമിത് ഷായും വിമർശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ വിലക്കെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
ഫേസ്ബുക്ക് നടപടിയെ ജനകീയ കലാസാഹിത്യവേദി അപലപിച്ചു. എല്ലാത്തരം വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം വിമർശനങ്ങളുയർത്തുകയും ജനാധിപത്യത്തിെൻറയും മാനവിക വിമോചനത്തിെൻറയും പക്ഷത്ത് എക്കാലത്തും ഉറച്ചുനിൽക്കുകയും ചെയ്ത കവി സച്ചിദാനന്ദനോട് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിലക്ക് ഫാഷിസത്തിെൻറ തനിയാവർത്തനമാണെന്ന് തനിമ കലാസാഹിത്യ വേദി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിമർശനം ഉന്നയിക്കുന്നവരെ തെരുവിൽ ഉന്മൂലനം ചെയ്തും തടവറയിലാക്കിയും അടിച്ചൊതുക്കാമെന്ന മിഥ്യാധാരണക്കെതിെര കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ഒാൺ ലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, ഡോ. ജമീൽ അഹ്മദ്, പി.ടി. കുഞ്ഞാലി, സൈനബ് ചാവക്കാട്, സക്കീർ ഹുസൈൻ, സലിം കുരിക്കളകത്ത്, ജബ്ബാർ പെരിന്തൽമണ്ണ, ഐ. സമീൽ എന്നിവർ സംസാരിച്ചു. സോഷ്യൽ മീഡിയയിൽ സച്ചിദാനന്ദന് െഎക്യദാർഢ്യവുമായി നിരവധി പേർ രംഗത്തുവന്നു. സച്ചിദാനൻ തന്നെ പരിഭാഷപ്പെടുത്തിയ ഫലസ്തീനിയൻ കവി മഹമൂദ് ദർവീശിെൻറ 'മരണത്തിന് മുന്നില് എനിക്കുള്ളത് ഒരു ശിരസ്സും ഒരമര്ഷവും മാത്രം' എന്ന വരികൾ പങ്കുവെച്ചുകൊണ്ടാണ് ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ് െഎക്യദാർഢ്യമറിയിച്ചത്. 'അവർ നമ്മുടെ പാട്ടു പാടാൻ നമ്മെ അനുവദിക്കുന്നില്ല. അവർക്ക് ഭയമാണ്, പുലരിയെ, കാഴ്ചയെ. അവർക്ക് ഭയമാണ് കേൾവിയെ ,സ്പർശത്തെ. അവർക്ക് ഭയമാണ്, നമ്മുടെ പാട്ടുകൾ അവരെ ഭയപ്പെടുത്തുന്നു' എന്ന തുർക്കി കവി നാസിം ഹിക്മതിെൻറ കവിത പങ്കുവെച്ചുകൊണ്ട് കഥാകൃത്ത് പി.കെ. പാറക്കടവ് സച്ചിദാനന്ദന് െഎക്യപ്പെട്ടു.
അതേസമയം, ഇടക്കിടക്ക് ഇതു പ്രതീക്ഷിക്കാമെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു. നിരവധി വ്യക്തികളും സംഘടനകളുമെല്ലാം പ്രതിഷേധത്തിൽ പങ്കാളിയായിട്ടുണ്ട്. അതിനിടെ, പ്രതിഷേധത്തിനും പരിഹാസവുമായി സംഘ്പരിവാർ സൈബർ പോരാളികൾ സജീവമാണ്. പ്രതിഷേധം നടക്കുന്നതും ഫേസ്ബുക്കിലാണല്ലോ എന്ന് ഇവർ പരിഹസിക്കുന്നു.