രൂപാന്തരീകരണം അഥവാ ഡിഫറാൻസ് എന്നു പേരായ കവിത
ഞായറുച്ചയുടെ ആലസ്യത്തിൽവെറുതെ അൽപനേരം കിടക്കാനൊരുങ്ങവെവെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു കവിതയെന്ന്ഉള്ള് പരതുകയായിരുന്നു. മയക്കംവിട്ടുണരവെകഴുത്തിലുരുമ്മി ചെവിയിലിക്കിളികൂട്ടിമൂക്കിലുമ്മവെച്ച്കുഞ്ഞുപൂച്ച ചോദിച്ചു:‘‘എന്നോട് കൂട്ടാകാമോ...’’ ഞാനെഴുന്നേറ്റു.എടുത്തുമടിയിലിരുത്തി.മതിവരുവോളം ലാളിച്ചു.പാട്ടുമൂളിക്കൊടുത്തു. 2. വീണ്ടുമൊരുരാവഞ്ചി തുഴഞ്ഞു കടവിലടുത്തു. തിരക്കിട്ടുണർന്നപ്പോൾമുറിയിലാകെ വീണുകിടക്കുന്നുകറുപ്പ് ചാർത്തിയ...
Your Subscription Supports Independent Journalism
View Plansഞായറുച്ചയുടെ ആലസ്യത്തിൽ
വെറുതെ അൽപനേരം കിടക്കാനൊരുങ്ങവെ
വെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു കവിതയെന്ന്
ഉള്ള് പരതുകയായിരുന്നു.
മയക്കംവിട്ടുണരവെ
കഴുത്തിലുരുമ്മി
ചെവിയിലിക്കിളികൂട്ടി
മൂക്കിലുമ്മവെച്ച്
കുഞ്ഞുപൂച്ച ചോദിച്ചു:
‘‘എന്നോട് കൂട്ടാകാമോ...’’
ഞാനെഴുന്നേറ്റു.
എടുത്തുമടിയിലിരുത്തി.
മതിവരുവോളം ലാളിച്ചു.
പാട്ടുമൂളിക്കൊടുത്തു.
2.
വീണ്ടുമൊരു
രാവഞ്ചി തുഴഞ്ഞു കടവിലടുത്തു.
തിരക്കിട്ടുണർന്നപ്പോൾ
മുറിയിലാകെ വീണുകിടക്കുന്നു
കറുപ്പ് ചാർത്തിയ മഞ്ഞനിറം.
മൂലയ്ക്കിരുപ്പുണ്ട്
ഇന്നലത്തെ പൂച്ച.
പുലിയായ് മുതിർന്നിരിക്കുന്നു.
എനിക്കൊപ്പം മൂരിനിവർത്തി
സൗമ്യമായി സുപ്രഭാതം ആശംസിച്ച്
വേദനയോടെ ചോദിച്ചു:
‘‘എനിക്ക് ഭക്ഷണമാകാമോ...’
ചുരുങ്ങിയ പരിചയ കാലത്തിനുള്ളിൽ എന്റെ ചെറിയ കവിതകൾക്കു നൽകിയ ചെറുതല്ലാത്ത സ്നേഹത്തിന്, ശ്രീജിത് സാറിന് (ഡോ. ശ്രീജിത് ജി.).