കൽപറ്റ നാരായണന്റെ മിന്നൽ കവിതകൾ
ഒന്ന് കൽപവൃക്ഷത്തിന്റെ വേരുകളാണ് മിന്നലുകൾ വിലക്കപ്പെട്ട ആ കാഴ്ച മനുഷ്യരെ ഭയചകിതരാക്കുന്നു ചിലർ കണ്ടു തീരും മുമ്പേ ചാമ്പലാകുന്നു. രണ്ട് മുടിയനായ പുത്രന് ആദ്യ ദിവസമേ മടങ്ങിവന്ന വീട്ടിൽ സ്വസ്ഥനായി ഉറങ്ങാനാവൂ. മൂന്ന് എനിക്ക് പകരം ആരായാലും മതിയെന്നോ? ഞാൻ വെച്ചത് എവിടെയാണെന്ന് ആർക്കാണറിയുക? നാല് അസുഖംപോലെ പിരിഞ്ഞു പോവാനിഷ്ടമില്ലാത്ത മിത്രമുണ്ടോ? അഞ്ച് വെച്ചു കുത്തിയപ്പോഴാണ് പെരുവിരൽ...
Your Subscription Supports Independent Journalism
View Plansഒന്ന്
കൽപവൃക്ഷത്തിന്റെ വേരുകളാണ്
മിന്നലുകൾ
വിലക്കപ്പെട്ട ആ കാഴ്ച
മനുഷ്യരെ ഭയചകിതരാക്കുന്നു
ചിലർ കണ്ടു തീരും മുമ്പേ
ചാമ്പലാകുന്നു.
രണ്ട്
മുടിയനായ പുത്രന്
ആദ്യ ദിവസമേ
മടങ്ങിവന്ന വീട്ടിൽ
സ്വസ്ഥനായി ഉറങ്ങാനാവൂ.
മൂന്ന്
എനിക്ക് പകരം
ആരായാലും മതിയെന്നോ?
ഞാൻ വെച്ചത് എവിടെയാണെന്ന്
ആർക്കാണറിയുക?
നാല്
അസുഖംപോലെ
പിരിഞ്ഞു പോവാനിഷ്ടമില്ലാത്ത
മിത്രമുണ്ടോ?
അഞ്ച്
വെച്ചു കുത്തിയപ്പോഴാണ്
പെരുവിരൽ ഉറങ്ങുകയായിരുന്നുവെന്ന്
ഞാനറിഞ്ഞത്.
എനിക്കെന്നോട് തോന്നിയ അനുകമ്പ
കുറച്ചല്ല.
ആറ്
പ്രേമം കുറവുകൾ കാണുകയില്ല
ഓട്ടയടയ്ക്കാൻ
ഇരുട്ടിനേക്കാൾ നന്ന്.
ഏഴ്
ദേശീയപാതയിൽ വെച്ച്
രാമനെക്കണ്ടതും
ഒന്നുകൂടി കൂന്ന്
മന്ഥര രാമനോടാരാഞ്ഞു
രാമാ, എന്നെ തിരുത്തി
കൃഷ്ണൻ എന്നെ വധുവായി കൈക്കൊണ്ടു
എന്നെ തൊട്ടു തലോടി
ഏങ്കോണിപ്പുകൾ മാറ്റി സുന്ദരിയാക്കി
ക്രിസ്തുവെന്നെ മണവാട്ടിയാക്കി.
വിരൂപയായ എന്നെ
മാറ്റത്തിന്റെ ഹേതുവാക്കി
രാമരാജ്യം നിന്ദിച്ചു.
എന്തിനായിരുന്നു?
എട്ട്
ജീവിച്ചിരിക്കുന്നവരെല്ലാം
വിധിയുമായി കലഹിക്കുകയാണ്
മരിച്ചവരെ നോക്കൂ
വിധിയുമായി എത്ര മൈത്രിയിലാണവർ!
ഒമ്പത്
അടുത്തെത്തുന്തോറും
അകലം കൂട്ടിക്കൊണ്ടിരിക്കുന്ന
അദൃശ്യനായ ഒരു ദൈവം വേണം
പ്രണയത്തിൽ.
പത്ത്
ഞങ്ങളിൽ
ഞാനില്ല.
●