Begin typing your search above and press return to search.
proflie-avatar
Login

മറച്ചുപിടിയ്ക്കൽ

മറച്ചുപിടിയ്ക്കൽ
cancel

എന്റെ പച്ചിലകളെയും

പൂക്കളെയും

അതീവ സുതാര്യമായി

മുമ്പിൽ നിവർത്തിവച്ചിരുന്നു

അക്കാലത്ത്,

എങ്കിലും വേരുകളെ

കാറ്റുപോലും കാണാതെ

ഒളിപ്പിച്ചുവച്ചു

എന്റെ കൊക്കും

തലയും

കാലും ചിറകും

ഒരു മറയുമില്ലാതെ

എല്ലാവരുടേയും മുമ്പിൽ

തുറന്നുകാട്ടി,

എന്നാൽ ചില സ്വരങ്ങളെ മാത്രം,

പുറത്തുവിടാതെ

മറച്ചുപിടിച്ചിട്ടുണ്ട്

അന്നും.

മേഘമായി

പലവഴിക്കും പോവുമ്പൊഴൊക്കെ

അകവും പുറവും ഒന്നായ

തുണിസ്സഞ്ചിയായി

മലർത്തിക്കാട്ടി

ഹൃദയം.

അപ്പൊഴും

ചില

മിന്നൽപ്പിണരുകൾ

ഉള്ളിൽ

ഒതുക്കി.

സ്ഫടികജലമായി

പുഴ അവസാനിക്കുന്നിടത്ത്,

അവിടെയും

കുറച്ചു തിരകൾ

ആഴത്തിൽ വച്ചു

ഒാരോന്നു

തുറക്കുംതോറും

പുതിയ പുതിയ

ഓരോരോ മറകൾ

തെളിഞ്ഞു തെളിഞ്ഞു വന്നു

ഒരിക്കലെങ്കിലും

ഒക്കെ തുറന്നു പറയണമെന്നു

വിചാരിച്ചതാണ്

പക്ഷേ

പറ്റിയില്ല

അതിനുമുമ്പ് തന്നെ

മറ്റൊരാൾ വന്നു

ഉടൽ മുഴുവനായും മൂടി.

Show More expand_more
News Summary - Madhyamam weekly kavitha