ബാലൻ കെ. നായരുമായി ഇന്നലെ സംസാരിച്ചിരുന്നു
ഇന്നലെ സംസാരിച്ചിരുന്നു
23 വർഷത്തിനുശേഷം കാണുകയാണ്
2000 മുതൽ ഇവിടെ ഇല്ലെന്ന മുഖവുരയോടെയാണ്
അദ്ദേഹം സംസാരിക്കാൻ തുടങ്ങിയത്
ഒരു സ്ത്രീയെയും ഇരയായി കണ്ടിട്ടില്ല
നോട്ടത്തിൽ അശ്ലീലമുണ്ടെന്നു തോന്നിയിട്ടുണ്ടല്ലേ?
നെറ്റി ചുളിയുമ്പോൾ
ചുണ്ട് ഒരു വശത്തേക്കു കോട്ടുമ്പോൾ
മാംസത്തിന്റെ കലാപകാരിയാണെന്നു കരുതിക്കാണും?
സ്ത്രീകളുടെ വസ്ത്രങ്ങൾ ഉലിഞ്ഞെറിയുമ്പോൾ
ഇയാൾ എന്തൊരു മനുഷ്യനെന്നു
താങ്കൾ വിചാരിച്ചിരിക്കും
ഉമ്മറിനെയും ജോസ് പ്രകാശിനെയും
ഗോവിന്ദൻ കുട്ടിയെയും
താങ്കൾ ഇത്രകണ്ട് അവിശ്വസിച്ചിട്ടുണ്ടാകില്ല
അവിശ്വസിക്കാതിരിക്കാൻ
അവരിൽ ഒരു കാമുകൻ ഒളിച്ചിരുന്നു
എന്നിൽ അതുണ്ടായിരുന്നില്ല
താങ്കളിലുണ്ടായിരുന്ന കാപട്യം
അതായിരുന്നു വെളിച്ചത്തിൽ തെളിഞ്ഞത്
അടിമുടി പേടിയാൽ സ്വയം
വലിച്ചെറിഞ്ഞ ശരീരത്തിൽനിന്നാണ്
ആ പൈപ്പും ആ നോട്ടവും
പൊട്ടിച്ചിരിയുമുണ്ടായത്
നാം നമ്മളിൽനിന്നു മാറുമ്പോളുള്ള ശൂന്യതയുണ്ടല്ലോ
അത് അസഹനീയമായ തിരിച്ചറിവാണ്
സ്റ്റാർട്ടിൽനിന്നു കട്ടിലേക്കുള്ള ദൂരം
അപരിചിതമായ കോമാളിത്തമാണ്
സർക്കസ് കൂടാരത്തിലെ മരണക്കിണറിൽ
ബൈക്കോടിക്കുന്നവരുടെ
മനസ്സിൽ കിണറില്ലല്ലോ
ആ ചക്രങ്ങളാണല്ലോ ഉള്ളത്
അതിൽനിന്ന് ഒരംശം എടുത്തു. അത്രതന്നെ
താങ്കൾ എന്താണു ചെയ്തതെന്നു ചോദിക്കാം
അതെ, പറയാം.
സത്യത്തിൽ ഞാനെന്നിൽ ഒളിച്ചിരുന്നു
എന്റെ അവയവങ്ങളെ തണുത്ത വസ്ത്രങ്ങൾകൊണ്ടു മൂടി
അവയവങ്ങളില്ലാത്ത ശരീരത്താൽ
ബലാത്സംഗം ചെയ്തു
താങ്കൾ പറയുന്നത് നുണയല്ലേ എന്നു ചോദിക്കാം
അല്ല. ഒരാൾ ഒരു തൊഴിൽ ചെയ്യുമ്പോൾ അയാൾ ഇല്ല
ആ തൊഴിലേ ഉള്ളൂ
അത് ആവർത്തിച്ചപ്പോൾ
എന്റെ തൊഴിലിൽ വിജയിച്ചു
താങ്കളെപ്പോലുള്ളവർ ദുഷ്ടനെന്ന് എത്രയോ തവണ പറഞ്ഞിരിക്കാം
ഞാനത് ഒരിക്കലും കാര്യമായെടുത്തില്ല
എന്റെ ഉള്ളിൽ ഒരു കടുവയോ
പുലിയോ ഉണ്ടായിരുന്നില്ല
ഒന്നോർത്തു നോക്കൂ, ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ
മണലിൽ തല പൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയായിരുന്നില്ലേ ഞാൻ
ആളുകൾക്കിടയിൽ
എനിക്ക് എന്തായിരുന്നു സ്ഥാനം?
പാവം പെൺകുട്ടികളെ കൊന്നവൻ
നിരാലംബരായ സ്ത്രീകളെ നശിപ്പിച്ചവൻ
താങ്കൾ എന്നെ കാണുമ്പോൾ
ബാലൻ കെ. നായർ എന്ന് പുച്ഛത്തോടെ എത്രതവണ പറഞ്ഞിരിക്കാം
പക്ഷേ, കഥാപാത്രങ്ങൾ ആകുമ്പോൾ
സംവിധായകന്റെ ധാരണയുണ്ടല്ലോ
അതിൽനിന്ന് വിട്ടുപോകാതെ
കഥാപാത്രങ്ങൾക്ക് ആവശ്യമായതു കൂട്ടിച്ചേർക്കുകയായിരുന്നു
കൂട്ടിച്ചേർത്ത് ആയുസ്സിനെ ആധിയാൽ മൂടി
ഇപ്പോൾ താങ്കളുടെ അടുത്തിരിക്കുമ്പോൾ
അൽപം ആശ്വാസം തോന്നുന്നു
താങ്കൾ എന്നെ സംശയിക്കുന്നില്ല
താങ്കൾ എന്നെ കൊട്ടകയിലിരുന്ന് ഉറ്റുനോക്കുന്നില്ല
അജന്താ തിയറ്ററിന്റെ ഓലപ്പഴുതിലൂടെ
പ്രകാശത്തിന്റെ കുത്തുകളാൽ പൂരിപ്പിക്കുന്നില്ല
നിഴലാട്ടത്തിൽനിന്ന് കടവു വരെ എത്താൻ
എത്ര നടന്നെന്നറിയാമോ
ഇതാ നോക്കൂ, ഈ കാൽപാദങ്ങൾ
ചുരണ്ടുപിടക്കുന്ന കാലിലെ ഞരമ്പുകൾ
ഞാനൊരു തൊഴിലാളിയാണ്
എന്റെ കൈകളിൽ മെഷീൻ പിടിച്ച തഴമ്പുണ്ട്
മേക്കപ്പിടുമ്പോളും തൊഴിൽ ചെയ്യുന്നു
തൊഴിലിലാണ് ഞാൻ ആനന്ദം കണ്ടെത്തിയത്
ചെയ്യുന്ന തൊഴിൽ താങ്കളെ വിശാലമാക്കുന്നുണ്ടെങ്കിൽ
ആരെന്തു പറഞ്ഞാലും താങ്കളായി തന്നെയിരിക്കും.
പുഴയിലൂടെ ഒരു വഞ്ചി വരുന്നതു കണ്ട
ബാലൻ കെ. നായർ പറഞ്ഞു
സമയം അനന്തമായി നീളുന്നില്ല
കൈകളിലെ വിരലുകൾ പോലെയാണ്
അതിനെത്രത്തോളം നീളാനാകുമോ അത്രയേ അതിനാകൂ
അല്ല, ബാലൻ കെ, ആ ബീരാനിക്ക എവിടെയുണ്ട്?
നെഞ്ചിലുണ്ട്
ബാലൻ കെ. നായർ പുഴയിലേക്കിറങ്ങി
പുഴയിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകൾ
അപരിചിതനെക്കണ്ട്
കടവിലേക്കു കയറി
അതിൽ പേടിച്ചരണ്ട റാണിപത്മിനിയുണ്ടായിരുന്നില്ല.