ചൂണ്ട - കവിത
ഇരയെ ഇരയാൽ കുരുക്കുന്ന തന്ത്രം
ഒരു ചൂണ്ടക്കാരനേ അറിയൂ.
പുളയുന്ന മത്സ്യങ്ങളുടെ ഉടൽഭാഷ
ജലതരംഗങ്ങളുടെ സ്വനങ്ങളിലേക്കവൻ
വിവർത്തനം ചെയ്യും.
പുഴയോളങ്ങളുടെ നുരയുന്ന നിശ്വാസങ്ങളിൽ
മത്സ്യങ്ങളുടെ ഉൾവസന്തത്തെ കൺപാർക്കും.
ഇരപിടിക്കുന്നവരുടെ മാത്രം ഉന്മാദം
ഒരു ചൂണ്ടക്കാരനെപ്പോലെയാർക്കാണറിയുക.
എത്ര കൃത്യമായാണ് ഭാരസാന്നിധ്യത്തെ
അവനളക്കാനാവുന്നത്.
പ്രണയികളോട് മാത്രം സാധ്യമാവുന്ന കരുതലാണ്
ഒരു ചൂണ്ടക്കാരന് ഇരയോടുള്ളത്
ഓരോ ചൂണ്ടയിടലും
പ്രണയപൂർവമുള്ള കാത്തിരിപ്പാണ്
വലയിഴകളുടെ കൗര്യതയല്ല.
സൗമ്യതയുടെ ചൂണ്ടസ്പർശം.
കൊളുത്തിവലിക്കുന്ന വേദനകളിൽ
പൊള്ളുന്ന മീൻരുചികളില്ല
പിടയ്ക്കുന്ന കടൽസ്വപ്നങ്ങൾ മാത്രം
അത്രയും കനിവോടെ ഇരയെ കുരുക്കുവാൻ
ഒരു ചൂണ്ടക്കാരനേ കഴിയൂ
വേരു ജലത്തെ സ്പർശിക്കുംപോ-
ലത്രയും നനുപ്പോടെ.