സ്വപ്നമിച്ചഭൂമിയിൽ
രാത്രിയെ അപ്പാടെ മൊഴിമാറ്റി നിലാവെന്ന് എഴുതപ്പെട്ട പാതി ഇരുട്ടിൽ അവർക്ക് ചിറകുകളുണ്ടായി നിറങ്ങൾ പകർത്താൻ ഒരു പാപ്പാത്തി പറന്നു വന്നിരുന്നു വസന്തമെന്ന അവന്റെ ശയ്യയിൽ കണ്ണുകൾ വീശിക്കൊണ്ട് നടന്നു മുന്നേറിയ മഴവെളിച്ചത്തിൽ കാട്ടുപാതയിൽ പായലലംകൃത...
Your Subscription Supports Independent Journalism
View Plansരാത്രിയെ അപ്പാടെ
മൊഴിമാറ്റി
നിലാവെന്ന്
എഴുതപ്പെട്ട
പാതി ഇരുട്ടിൽ
അവർക്ക്
ചിറകുകളുണ്ടായി
നിറങ്ങൾ പകർത്താൻ
ഒരു പാപ്പാത്തി
പറന്നു വന്നിരുന്നു
വസന്തമെന്ന
അവന്റെ ശയ്യയിൽ
കണ്ണുകൾ വീശിക്കൊണ്ട്
നടന്നു മുന്നേറിയ
മഴവെളിച്ചത്തിൽ
കാട്ടുപാതയിൽ
പായലലംകൃത മതിൽപ്പുറങ്ങളിൽ
ഇരുഹൃദയമായ്
പൂവമ്പുകളായ്
ഓരോ ദേശത്തും
അവരുണ്ടായിരുന്നു
സിത്താര+മനോഹരൻ
മുനീർ+ജാസ്മിൻ
സുഭാഷിണി ലവ് ജോസഫ്
മനു ലവ് സോണിയ
വരകളായവർ
മഞ്ഞിലും മഴയിലും
പുതഞ്ഞ്
മാഞ്ഞു തുടങ്ങുമ്പോൾ
സെൽഫിക്കാലത്തും
അക്ഷരങ്ങളായവ
ആകാശം നോക്കി കിടക്കും
പൂക്കളും
കരിയിലകളും
കൽപടവുകളിൽ
അനുകരിച്ചിരിക്കേ
ഒരു പ്രാചീനഗൃഹം
അവർക്കായി വെയിൽകൊണ്ട്
തലകുനിച്ചു നിൽക്കും
സ്നേഹഭാരത്താൽ
ഹൃദയം കുനിഞ്ഞവൾ
അവസാന തരി
വിഷാദത്തെയും
പാറ്റിക്കളയാൻ
പാട്ടുമൂളിക്കൊണ്ടിരിക്കും
അല്ലെങ്കിൽ
തൊങ്ങലുകളെ
വിരലുകളിലെന്നപോലെ
മുറുകെപ്പിടിക്കും
നിലാവിനെ
കുത്തിവരകളാലൊരുക്കിയ
കുസൃതിക്കൂട്ടിലേക്കാനയിക്കും
തെരുവുവിളക്കിനെ
അമ്പിളിയെന്ന് തെറ്റിവായിച്ചപ്പഴേ ഒന്ന് നടുങ്ങി
പിന്നെ ടാർപ്പായ നീല ആകാശമെന്ന് കരുതിയതും
അതൊരു വീടിൻ
പിന്നാമ്പുറം എന്നറിയേ
പിന്നെയും ഊർന്നു വീണു
സ്വപ്നമിച്ചഭൂമികളിലേക്ക്
മ(മാ)നംനോക്കിപ്പടങ്ങൾ.