ഗ്രിഗ് ലിയാട്ടോ
ഗ്രിഗ് ലിയാട്ടോരളി മരത്താഴത്ത് ചെറുകല്ലിന്റെ വിളുമ്പത്ത് ചങ്കരാന്തിച്ചെരാത്. വെള്ളം തളിച്ച് പൊടി മണ്ണൊതുക്കി ചിരട്ടയിൽ അടുപ്പിലെക്കനൽ പുകച്ച് ഇലക്കീറിൽ തൃത്താവും വെണ്ണീറും വെച്ച് കള്ള് പോത്ത് പപ്പടം വിളമ്പി ചത്ത് മോളിൽ പോയി കാക്കുന്നോർക്ക് ഉച്ചകേറുന്ന നേരത്ത് വീത്. അവരുണ്ടു മടങ്ങാനിത്തിരി നേരം കാത്ത് ഇലവലിച്ചെടുത്ത് മുത്തപ്പനൊരു നെടുവിളി നീട്ടും...
Your Subscription Supports Independent Journalism
View Plansഗ്രിഗ് ലിയാട്ടോരളി മരത്താഴത്ത്
ചെറുകല്ലിന്റെ വിളുമ്പത്ത്
ചങ്കരാന്തിച്ചെരാത്.
വെള്ളം തളിച്ച്
പൊടി മണ്ണൊതുക്കി
ചിരട്ടയിൽ അടുപ്പിലെക്കനൽ പുകച്ച്
ഇലക്കീറിൽ തൃത്താവും വെണ്ണീറും വെച്ച്
കള്ള് പോത്ത് പപ്പടം വിളമ്പി
ചത്ത് മോളിൽ പോയി കാക്കുന്നോർക്ക്
ഉച്ചകേറുന്ന നേരത്ത് വീത്.
അവരുണ്ടു മടങ്ങാനിത്തിരി നേരം കാത്ത്
ഇലവലിച്ചെടുത്ത് മുത്തപ്പനൊരു
നെടുവിളി നീട്ടും അപ്പാപ്പൻ.
ബാക്കി വന്ന നീരിനും കൊറ്റിനും
അവകാശിയായി ഒപ്പം ഞാൻ.
വിരൽ മുട്ടിച്ച് രണ്ടിറ്റ് തെറിപ്പിച്ച്
വെളും കള്ളു നീട്ടും
കറും കാരണവർ.
''കുടിച്ചുക്കോ
കുടുമ്മത്ത്ക്ക്
മൂത്ത ചെറുക്കിയല്ലവാ'' എന്ന്
എന്റെയാദ്യ പാനപാത്രത്തിന്
കുലത്തിന്റെ വീടിന്റെ
പെണ്ണിന്റെ കൊടുമ..!
*
മുന്നിലിരിക്കുന്ന ആണിനോളം ലഹരിയില്ലെന്ന്
വീഞ്ഞു കോപ്പകൾ പെണ്ണിനുള്ളിൽ
തോറ്റൊഴിഞ്ഞ
പ്രേമ കാലത്തിലെ
പബ്ബിന്റെ പേര് 'പീക്കോസ്'
കുടിവെച്ചു പാർത്ത ദിനങ്ങളിൽ
കീശക്കനം നോക്കി
കേറിയ ബാറിന്റെ പേര്
'മധു ലോക'
കുട്ടികൾക്കുള്ള കൊതിയിനങ്ങൾ കൂടി
തീൻമേശയിലൂട്ടുന്ന
വീട്ടുകുടിയിടമായത്
'ഗ്രിഗ് ലിയാട്ടോ'..!!
അരളി മരത്താഴം പോലെ
പെരുമയിൽ നുണഞ്ഞ
ഇരുൾ ഇലത്തണൽ, ഇറ്റാലിയൻ.
മോന്തിക്കഴിഞ്ഞ പാത്രം
മേശയരികിന്റെ അപകടത്തുഞ്ചും കഴിഞ്ഞ്
ആണിന്റെ
അശ്രദ്ധ തട്ടിയൊരുനാൾ
തല തല്ലിത്താഴെ വീണതും
നിന്റെ പാതിരയിൽ.
ചില്ലിനേക്കാൾ ചിതറി
മുന്നിൽ പെണ്ണിരുന്നിട്ട്
രണ്ടു ബിയറുകൾക്കിടയിൽ
മൂന്നും നാലുമായവളുടെ
മൂത്രമൊഴിത്തവണകൾ
തിടുക്കപ്പെട്ടു തുടങ്ങിയിട്ട്
കയ്യിലെ
ചതുരക്കണ്ണാടിവെറ്റിലയിൽ
അന്യോന്യം വിലക്കിവെച്ച ഭൂഖണ്ഡങ്ങളെ
തിരിച്ചിട്ട് മറിച്ചിട്ട് നൂറുതേച്ചു വെളുപ്പിച്ച്
വെറുത്ത വാ കൊണ്ട് പരസ്പരം
തുപ്പിച്ചുവപ്പിച്ചിട്ട്
അരൂപികൾ രുചിയറിഞ്ഞു പോയ
വീതിറച്ചിയും കള്ളുംപോലെ
അവർക്കിടയിൽ
ഗ്രിഗ് ലിയാട്ടോ
പല നേരങ്ങൾക്കൊടുവിൽ നീ
വെള്ളം ചുവച്ച് മരച്ചു നിന്നു.
ഒന്നിച്ചു കിടന്ന തൽപത്തേക്കാൾ
ഒന്നിച്ചോടിയ പാതകളേക്കാൾ
ഒന്നിച്ചു പകുത്ത വിഭവങ്ങളേക്കാൾ
ഒന്നിച്ചിരുന്നൊരു
കുടിമേശ
കുടിപിരിഞ്ഞു പോയവർക്കുള്ളിൽ
ഒഴിച്ചു കളഞ്ഞാലും നുരച്ചു പൊന്തും.
-അന്യോന്യം കൊളുത്തിക്കഴിഞ്ഞ
ചൂണ്ടകൾ കാണാൻ
രണ്ടുപേർ സ്വയംസുതാര്യമാകുന്ന
ആദ്യ നോട്ടത്തിന്റെ
ചൂടില്ലാ തീവെളിച്ചം
അവസാനം കെട്ടുപോകുന്നതവിടെയാകയാൽ..!
അന്യോന്യമൂതിത്തണുപ്പിച്ച കാറ്റുകൾ
ഏറ്റമൊടുവിൽ വീർപ്പുമുട്ടി
മായുന്നതവിടെയാകയാൽ..!
**
ഇത്തിരി നാൾ മുമ്പേ നീ
പൂട്ടിപ്പോയെന്ന്
ഇന്നലെ ഞാനറിഞ്ഞു.
നിറച്ചൊഴിച്ച് കൂട്ടിമുട്ടിച്ച്
ഇന്നെന്റെ പാനസ്ഥലത്ത്
മേശത്തലക്കലേക്ക് നീക്കിവെക്കുന്നു
ഈ രണ്ടാം കോപ്പ
നിനക്കായി
ഗ്രിഗ് ലിയാട്ടോ.
(കുടിക്കൂട്ടില്ലാത്ത പെണ്ണിനു മുന്നിൽ
രണ്ടു ഗ്ലാസിൽവെച്ച ടീച്ചേഴ്സ് നോക്കി
ഒന്നുമൊന്നും ചേർന്നാൽ
ഇമ്മിണി ബല്യ രണ്ടെന്ന്
കൺതുറിക്കുന്നുണ്ട്
അപ്പുറക്കസേരയിലെ കൊച്ചൻ..!)
തൊട്ടു നക്കാൻ ഒരു ബാറിന്
നിറച്ചിഷ്ടം എന്തായിരിക്കും.?!
-തനിക്കുള്ളിൽനിന്ന്
കരയാതെ
തല കുനിക്കാതെ
ഇറങ്ങിപ്പോയ
പെണ്ണുങ്ങളുടെ
മദിച്ചു ചുറ്റും പരക്കുന്ന
പേടിയില്ലാ നോട്ടത്തെ
പടികളിറങ്ങിപ്പോയി പിന്നെയും തിരിച്ചു
വന്നൊരു കുട്ടി
മേമ്പൊടി മധുരങ്ങൾക്കൊപ്പമെപ്പോഴും
നാട്ടുചിരി വിതറുന്നൊരു വയസ്സൻ
വെയ്റ്ററോട് ശുഭരാത്രി നേരുന്നതിനൊച്ചയെ...
ഓർമ വെച്ചതിൽച്ചിലത് നിനക്കു
മുന്നിലേക്ക് ഞാൻ നീക്കിവെക്കുന്നു
അന്തിക്ക് കുളവക്കത്ത്
പണി കഴിഞ്ഞു വന്ന് അപ്പാപ്പൻ
കാലിനൊപ്പം കല്ലിലുരച്ചു വെളുപ്പിക്കുന്ന
രണ്ടു വാർ നീലച്ചെരിപ്പു പോലെ
വൃത്തിയാൽ തളർന്ന,
പെറ്റുലർന്ന വയറുപോലെ തണുത്ത
കൈ കൊണ്ട്
നീ കൂട്ടിപ്പിടിച്ചു മൊത്തിയ കോപ്പയിൽ
വീഞ്ഞ് വെള്ളമായ് ദാഹമടക്കുന്നു.
●