പാറിപ്പറക്കണ പാട്ട്
ചെർപ്പുളശ്ശേരീന്ന് പതിയെ നടന്നുതുടങ്ങിയാൽ,കോതകുറുശ്ശി, പനമണ്ണ, പത്തായം, അത്താണി വരെ ബസിഴയും. പിന്നെ, ഒറ്റപ്പാലം സ്റ്റാൻഡിലേക്ക് ഹെലികോപ്റ്ററിനെ ധ്യാനിച്ചാവാഹിച്ച്, ചിറകുവെച്ച് പറപറക്കും... അവറാനിക്കാന്റെ ജീവിതത്തിലെഏക കാൽപനികതയായിരുന്ന കെട്ടിയവള് തിത്തുമ്മ, കെട്ടിയോന്റൊപ്പം ഇരിക്കാതെ, പെണ്ണുങ്ങടെ സീറ്റിൽ, നോവുള്ള കാല്, തൊട്ടുമുമ്പിലെ സീറ്റിലെ, താഴത്തെ കമ്പിയിലേക്ക് കയറ്റിവെച്ച്, ഇഴയുന്ന ബസിൽ, ഡ്രൈവനെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ചെക്കാ, ഒന്നു വെക്കം വിട്ടാ ജ്ജ്, ഞങ്ങക്ക് പൊരേ ചെന്നിറ്റ് പണിണ്ട്. തിത്തുമ്മ ഡ്രൈവനോട് ആജ്ഞാപിച്ചു. ആദ്യായിട്ട് ആകാശം കണ്ട...
Your Subscription Supports Independent Journalism
View Plansചെർപ്പുളശ്ശേരീന്ന് പതിയെ നടന്നുതുടങ്ങിയാൽ,
കോതകുറുശ്ശി,
പനമണ്ണ,
പത്തായം,
അത്താണി വരെ ബസിഴയും.
പിന്നെ,
ഒറ്റപ്പാലം സ്റ്റാൻഡിലേക്ക് ഹെലികോപ്റ്ററിനെ
ധ്യാനിച്ചാവാഹിച്ച്, ചിറകുവെച്ച് പറപറക്കും...
അവറാനിക്കാന്റെ ജീവിതത്തിലെ
ഏക കാൽപനികതയായിരുന്ന
കെട്ടിയവള് തിത്തുമ്മ,
കെട്ടിയോന്റൊപ്പം ഇരിക്കാതെ, പെണ്ണുങ്ങടെ സീറ്റിൽ,
നോവുള്ള കാല്,
തൊട്ടുമുമ്പിലെ സീറ്റിലെ,
താഴത്തെ കമ്പിയിലേക്ക് കയറ്റിവെച്ച്,
ഇഴയുന്ന ബസിൽ,
ഡ്രൈവനെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
ചെക്കാ, ഒന്നു വെക്കം വിട്ടാ ജ്ജ്,
ഞങ്ങക്ക് പൊരേ ചെന്നിറ്റ് പണിണ്ട്.
തിത്തുമ്മ ഡ്രൈവനോട് ആജ്ഞാപിച്ചു.
ആദ്യായിട്ട് ആകാശം കണ്ട പീലിയെപ്പോലയാൾ
തിത്തുമ്മാനെ അന്തംവിട്ടു നോക്കി,
ന്നിട്ട് കുലുങ്ങിച്ചിരിച്ചു.
ഇതിനൊക്കൊരു നേരോം കാലോണ്ട് ത്താ,
ഇതോട്ടർഷേല്ലാ...
വേഗം പോവാൻ പറ്റൂല്ലാ.
ന്നാ ഇജ്ജങ്ങട് മാറി കുത്തിരി,
ന്റ മാപ്ലോടിക്കും ബണ്ടി.
തിത്തുമ്മ കയർത്തു.
നാർത്തെത്ത്യാ എല്ലാർക്കും നല്ല ല്ലേ?
വെക്കനെ അങ്ങട്ടോട്ടിക്ക് ചെക്കാ.
ഡ്രൈവൻ കണ്ടക്ടനെ നോക്കി,
കണ്ടക്ടൻ നാട്ടാരെ നോക്കി,
നാട്ടാര് തിത്തുമ്മയെ നോക്കി,
നാട്ടാരിൽ ചിലർ അവറാനിക്കാനെയും നോക്കി.
അവറാനിക്കാനെ നോക്കിയ കണ്ണുകളിൽ,
‘‘മാധവൻ ഡോക്റ്ററെ കാണിക്കാൻ
കൊണ്ടുവാണോ?’’ എന്നൊരു ചോദ്യം
കൂർത്തുനിന്നു.
പത്തിരുപത് വയസ്സുള്ള പഠിക്കാമ്പോണ പെണ്ണ്,
ഒന്നൊന്നുമോർക്കാതെ പൊട്ടിച്ചിരിച്ചു.
പിന്നെന്തോ ഓർത്ത്, പൊടുന്നനെ ചിരിനിർത്തി,
ഞാനൊന്നുമറിഞ്ഞില്ലെന്ന്
പുറംകാഴ്ചകളിലേക്ക് തറഞ്ഞു.
അവറാനിക്കാ പുറകീന്ന് ഓടിവന്ന്
തിത്തുമ്മാനോട് പറഞ്ഞു.
‘‘തിത്തോ, ജ്ജൊന്ന് മുണ്ടാണ്ടിർന്നാ ഡീ,
ഓരിക്ക് ഓർടെ സമയണ്ടങ്ങനേ ഓട്ടാമ്പറ്റൂ...’’
ന്നിട്ടെന്താക്കി?
ഓല് ചോദിച്ചു.
ന്നിട്ടെന്താക്കി?
ഓള് ചോദിച്ചു.
ന്നിട്ടെന്താ,
ബസിലിരിക്കണ നാട്ടാര് താളത്തിൽ പാടി...
എന്ത്?
ചെക്കാ, ഒന്ന് വെക്കം വിട്ടാ ജ്ജ്,
ഞങ്ങക്ക് പൊരേച്ചെന്നിറ്റ് പണീണ്ട്...
ചെക്കാ, ഒന്ന് വെക്കം വിട്ടാ ജ്ജ്,
ഞങ്ങക്ക് പൊരേച്ചെന്നിറ്റ് പണീണ്ട്...
ബസ് താളത്തിൽ നടന്നു.
താളത്തിൽ ഇഴഞ്ഞു.
താളത്തിൽ നിർത്തി നാട്ടാരെ ഇറക്കി,
നാട്ടാരെ കേറ്റി.
താളത്തിൽ പറന്നു.
പിന്നെ, താളത്തിൽ പാറിപ്പറന്നു പിരിഞ്ഞുപോയി...
പൊരേച്ചെന്നിറ്റ് പണീണ്ട് എന്ന പാട്ടുമാത്രം,
ആകാശത്തെങ്ങാണ്ട് തങ്ങിനിന്നു...
l