പ്രേതവേട്ടക്കാരി
സെമിത്തേരിയിലായിരുന്നു അവന്റെ താമസം. ശവക്കല്ലറയായിരുന്നു അവന്റെ കട്ടിൽ. മരിച്ച കാലം കടൽക്കിഴവനായി മരവിച്ച കാലുകൾ പിണച്ചു മുറുക്കി അവന്റെ കഴുത്തിൽ ഞാന്നുകിടന്നു. പ്രണയത്തിന്റെ വിഷം തീണ്ടി കരുവാളിച്ച അവന്റെ കവിളിൽ മദ്യത്തിന്റെ ചൂരു മണത്തു; കറപിടിച്ച ചുണ്ടിൽ കഞ്ചാവു മണത്തു. പ്രേതങ്ങൾ അവന്റെ ചുറ്റും ഓടിക്കളിച്ചു. ഇല്ലാത്ത ഭാഷയിൽ പരസ്പരം വല്ലാത്ത...
Your Subscription Supports Independent Journalism
View Plansസെമിത്തേരിയിലായിരുന്നു
അവന്റെ താമസം.
ശവക്കല്ലറയായിരുന്നു
അവന്റെ കട്ടിൽ.
മരിച്ച കാലം കടൽക്കിഴവനായി മരവിച്ച കാലുകൾ
പിണച്ചു മുറുക്കി അവന്റെ കഴുത്തിൽ ഞാന്നുകിടന്നു.
പ്രണയത്തിന്റെ
വിഷം തീണ്ടി കരുവാളിച്ച
അവന്റെ കവിളിൽ
മദ്യത്തിന്റെ ചൂരു മണത്തു;
കറപിടിച്ച ചുണ്ടിൽ
കഞ്ചാവു മണത്തു.
പ്രേതങ്ങൾ അവന്റെ ചുറ്റും
ഓടിക്കളിച്ചു.
ഇല്ലാത്ത ഭാഷയിൽ
പരസ്പരം
വല്ലാത്ത തെറികൾ വിളിച്ചു;
പണ്ടാരമടങ്ങിയ പഴയ കാലത്തിന്റെ
മുനകൂർത്ത കോമ്പല്ലുകൾ
അവന്റെ കഴുത്തിലാഴ്ത്തി
നുണഞ്ഞു രസിച്ചു.
''നമുക്കൊരു കളി കളിക്കാം. കണ്ണു കെട്ടിക്കളി...''
''കളിക്കാം...''
പ്രേതങ്ങൾ തമ്മിൽ പറഞ്ഞു.
നിഴലുകൾകൊണ്ട്
അവരവന്റെ കണ്ണുകെട്ടി.
ഇരുട്ടിലവൻ വേച്ചുവേച്ചു വട്ടംചുറ്റി.
വാറു പൊട്ടിയ ചെരിപ്പേതോ
ശവക്കൂനയിലാണ്ടുപോയി.
കൂർത്ത കല്ലുകൾ
ഓർമകൾപോലെ
കാൽ മടമ്പിൽ
തുളച്ചുകയറി.
വിയർപ്പും ചോരയും
കുഴഞ്ഞ കാലിൽ
പ്രേതങ്ങൾ
മുൾച്ചെടികളായി,
പാമ്പുകളായി,
ചുറ്റിവരിഞ്ഞു.
തകർന്നടിഞ്ഞ
ഏതോ കൽമണ്ഡപത്തിന്റെ അവശേഷിപ്പിൽ കാൽതട്ടി
അവൻ നിലംപതിച്ചു.
ഓർമകളുടെ
ജ്വരമൂർച്ഛയിൽ ഛർദിച്ചു.
പാതിയിൽ മറന്ന
ഒരു കവിതയുടെ ഈള
അവന്റെ കടവായിലൂടെ
ഒലിച്ചിറങ്ങി...
അപ്പോഴാണ് അവൾ വന്നത്;
പ്രേതവേട്ടക്കാരി.
പണ്ടുപണ്ടേ വീടുവിട്ടിറങ്ങിയ
യാത്രക്കാരി.
കടമറ്റത്തച്ചന്റെ പിന്മുറക്കാരി.
മഹാമന്ത്രവാദിനി.
അവളെ കണ്ടതും
പ്രേതങ്ങൾ ഓടിയൊളിച്ചു.
നിഴലുകൾ മാഞ്ഞുപോയി.
അവന്റെ വഴിയിലാകെ
നിലാവിന്റെ തളിരുകൾ
വാടിവീണഴുകിക്കിടന്നു.
ശകലിതമേഘങ്ങൾക്കു നടുവിൽ
അവന്റെ ചന്ദ്രൻ വിളറിനിന്നു.
മൂകത ഒരു വിഷാദഗീതമായി
അവന്റെ ചുറ്റും തളംകെട്ടി നിന്നു.
ഇരുട്ടിന്റെ പെരുമഴ നനയാതെ
അവളവന്റെ മേൽ
തന്റെ കുട നിവർത്തി.
വീണുടഞ്ഞു ചിതറിയ വിളറിയ പ്രഭാതങ്ങൾ
പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ
അവന്റെ കാൽച്ചോട്ടിലെ
ശവംനാറിപ്പൂക്കളിൽ വിതുമ്പി നിന്നു.
''കണ്ണു തുറക്കൂ. കാവലാളായി ഞാനുണ്ട്...''
മന്ത്രവാദിനിയിലേക്ക്
അവനുണർന്നു.
അവളുടെ കൈ പിടിച്ച്
അവൻ പുറത്തേക്കു നടന്നു.
പ്രേതബാധയില്ലാത്ത ഒരു കാറ്റ്
അവനെ തഴുകി.
അതിനു വല്ലാത്ത സുഗന്ധമുണ്ടായിരുന്നു.