വേട്ട
അഥവാ രണ്ട് മഴകൾക്കിടയിൽ ആകാശം തോർന്ന നേരം. സെമിത്തേരി. പട്ടാളക്കാരൻ.1. നേരം മലമ്പാമ്പുപോൽ പൂക്കളിൻ മണം മെല്ലെയിഴഞ്ഞൊഴുകുമൊന്തം. കുളിരുമൊപ്പം കോടയും തൂവിമറിയുന്ന നിലാവും. കൈകൾ വീശി കടന്നുപോം കാറ്റിൽ കൂമൻ കുത്തിമറിക്കുന്ന കാട്. ഇരുട്ടുകീറിയ തൊണ്ടിലൂ- ടാകാശം നീട്ടിവിരിച്ച നേര്യേത്. നീരൊഴുക്കിൽ പുല്ലുകൾപോൽ മെതുവാ കുന്നിറങ്ങിവരും സാമ്പ്രാണി. മറുകരയിൽ രണ്ടു കണ്ണുകൾ പരക്കെ തിളങ്ങിനിൽക്കും പുൽമേട്. അവിടെയോരോയിലവിളുമ്പിലും...
Your Subscription Supports Independent Journalism
View Plansഅഥവാ രണ്ട് മഴകൾക്കിടയിൽ
ആകാശം തോർന്ന നേരം.
സെമിത്തേരി.
പട്ടാളക്കാരൻ.
1. നേരം
മലമ്പാമ്പുപോൽ
പൂക്കളിൻ മണം
മെല്ലെയിഴഞ്ഞൊഴുകുമൊന്തം.
കുളിരുമൊപ്പം കോടയും
തൂവിമറിയുന്ന നിലാവും.
കൈകൾ വീശി കടന്നുപോം കാറ്റിൽ
കൂമൻ
കുത്തിമറിക്കുന്ന കാട്.
ഇരുട്ടുകീറിയ തൊണ്ടിലൂ-
ടാകാശം നീട്ടിവിരിച്ച നേര്യേത്.
നീരൊഴുക്കിൽ പുല്ലുകൾപോൽ
മെതുവാ
കുന്നിറങ്ങിവരും
സാമ്പ്രാണി.
മറുകരയിൽ
രണ്ടു കണ്ണുകൾ പരക്കെ
തിളങ്ങിനിൽക്കും പുൽമേട്.
അവിടെയോരോയിലവിളുമ്പിലും
പൊഴിഞ്ഞുവീണതാം രാത്രി.
അവയിലൊന്നായ് ചോരമണം
പിടിച്ചേന്തി നിൽക്കും പുഴുക്കൾ.
പന്നലുകളുടെ മുത്തുക്കുട,
ആനക്കൂവയുടെ
അമ്മൻകുടം.
ഇരു ഇടങ്ങളും കൊരുത്തുകെട്ടും
ചീവീടുകളുടെ ചീനവല.
ഇടയ്ക്കു പൊന്തിയുമിടിഞ്ഞു താണും
അവ വിരിക്കും കുരൽ തിര.
അവിടയാൾ,
വഴിയുടെ കുപ്പിവക്കിൽ
കൂനിനിൽക്കുന്ന വാഴക്കൈ.
തുടയിടുക്കിലെ കാട്ടുപൊന്തയിൽ
പൊടിച്ചുനിൽക്കും
കണ്ണിൽത്തുള്ളി.
പൊരിപിടിച്ച കാലുകളതിൽ
ഒന്നിൽച്ചാരി ഇരട്ടക്കുഴൽ.
മെയ് മുഴുക്കെ വസൂരിപോൽ
കുളിരുകൊത്തിയ പാടും.
ദൂരദൂരത്തിലെവിടെയോ
കുന്നുകൾ
കൂനിനിൽക്കുമിടത്തിൽ
പൊടുന്നനെ
നിലവിളികളലകളായ്
തോട്ടപൊട്ടിയ ശബ്ദം.
കാലുതെറ്റി താഴ്വരയിലേക്കത്
തെന്നിവീഴുന്ന നേരം
ആറ്റുവക്കിൽ
കന്നുകാലികളുടെ
മാശ് കെട്ടിയ മരത്തിൽ
ചത്ത കുഞ്ഞുങ്ങൾ
കീറത്തുണികൊണ്ട്
തൊട്ടിലാടുന്ന സിനിമ.
2. ഊഴം
കാഞ്ചി വലിക്കുന്ന മുന്നേ
ഉൽക്കകളുടെ
വാലുകൊള്ളാതിരിക്കാൻ
വേരുചിതറും മരത്തിൻ ചോട്ടിൽ
പാട് നോക്കിയിരുന്നു.
ഇരുട്ടയാളെ ഇറുക്കിച്ചേർത്ത്
കക്ഷം ചേർത്ത് പിടിച്ചു.
മരിച്ചുപോയവരുടെ മുടികൾ
പതിയെ
പൊഴിഞ്ഞു വീഴും മഴയെ
കണ്ടതായി നടിക്കാതയാൾ
വേട്ട മാത്രമോർത്തു.
പള്ളിമേടയുടെ പിന്നാമ്പുറം
ചുറ്റിക്കുന്നിറങ്ങിവരും കാറ്റിൻ
ഒപ്പുകടലാസ്സുതുണ്ട-
യാളുടെ പിൻകഴുത്തിൽ മുത്തി.
പമ്മിനിൽക്കുമിലവിൻ ചോട്ടിൽ
തേടിയെത്തിയ പിച്ചി
പൗഡറിട്ട കൈകളാൽ
മുഖം
തൊട്ടുതൊട്ടു പോകെ
അകലെയല്ലാതെ നേർത്ത കോടയിൽ
കുരിശു ചാരിയിരുന്ന്
കൈനഖങ്ങൾക്കിടയിലെ ചളി
കിള്ളിമാറ്റുന്നു ബ്രിജിത്ത.
രണ്ടു നാളുകൾക്ക് മുന്നേ മാത്രം
ചത്തതാണവൾ, ചാരെ
പണ്ടുതൊട്ടേ ശവപ്പറമ്പിലെ
കപ്പിയാര് നിക്ലാവോസ്.
ആണ്ടറുതിയിലൂറ്റൻ മഴ
പെയ്തുതോർന്ന രാവിൽ
ആറ്റുവഞ്ചിയിൽ തൂങ്ങിനിന്നതിൻ
പാടവന്റെ കഴുത്തിൽ.
ശ്വാസമടക്കി കുറ്റിയില്ലാത്തതാം
മറപ്പെരയുടെയുള്ളിൽ
കവക്കിടയിലെ ഏരിവാളയെ
തൊട്ടറിയും പെൺ പോൽ
വിരലുകൊണ്ട് കാഞ്ചി തഴുകി
ലാക്ക് നോക്കിയുള്ളിരിപ്പിൽ
പൊടുന്നനെ ഊഴം,
ചെറിയതാം പഴുതുകൾ,
മുള്ളുവേലി നൂണ്ട് കണ്ണുകൾ.
മൂക്കുരയും കരകരപ്പ്,
ചീറ്റലിൽ
പാറിയുയരുന്ന കരിയില.
പക്ഷേ
പോക്കുവരത്തിന്റെ തീശലാകകൾ
ചേലമരത്തിനൊഴിഞ്ഞ്
പാഞ്ഞുപോകുന്ന പോക്കിൽ
തെരുവുകൾ
ഞെക്കുവിളക്കു കെടുത്തി!
3. ഓർമ
യുദ്ധം.
മുനകൂർത്ത രാവ്.
നിശ്ശബ്ദത.
നിലവറപോലുള്ള ചതുപ്പ്.
ചീറിവരുന്ന വെടിയുണ്ട നെറ്റിയിൽ
പൊട്ടുതൊട്ടു പോകും പോക്ക്.
മുന്നിൽ മുഖംകുത്തി
വീണുപോയോൻ തന്റെ
തലയോട്ടി ചിതറിയ ചോളം.
വിരലിട്ടു തൊണ്ടയിൽ
കുരുങ്ങിയ നിലവിളി
കൊത്തിയെടുക്കുന്ന ചൂണ്ട.
കക്കിക്കളയാൻ
കിണഞ്ഞു ശ്രമിക്കുമ്പോൾ
കൊളുത്തിവലിക്കുന്ന മുള്ള്.
പിത്തവെള്ളംകൊണ്ട് മൂക്കിലെ എരിവ്.
തീട്ടവും മുള്ളിയുമൊരുമിച്ച് പോയത്.
പ്രാണൻ
പേടിയുമിളിഭ്യതയുംകൊണ്ട്
വളച്ചുകെട്ടിയ തുറസ്സ്.
ആക്ഷേപങ്ങളുടെ
അമിട്ടും കൊരവയും
ചിതറിനിൽക്കുന്ന വാനം.
4. ഉന്നം
കൈ അകലത്തിൽ
പൊന്തയിലനക്കമായ്
മുന്നിലതുണ്ട്, പക്ഷേ..!
മഞ്ഞുതുള്ളികൾ കിരീടം ചൂടിയ
മുടിയിഴകൾ തലോടി
ബ്രിജിത്ത നിക്ലായുടെ
ചെവിയിൽ പറഞ്ഞു,
കാറ്റത് കോരിയെടുത്തു.
''കരളേ നിങ്ങള് ചത്തതിൻ ശേഷം
ഞാൻ ജീവിച്ചിട്ടേയില്ല കേട്ടോ!''
മിന്നാമിന്നികൾ പൂത്ത
പ്ലാശുകൾ,
ഉടുപ്പ് മാറ്റും വെൺതേക്ക്,
കാശാവിന്റെ നീല നാളങ്ങൾ,
മറവിപോൽ മരോട്ടികൾ.
അവക്കിടയിൽ മേഘം പൊട്ടി
ചരിഞ്ഞു വീഴും കൊള്ളി.
ശവക്കുഴികളുടെ മേൽമണ്ണിൽ
തേറ്റകൊണ്ട് ശുശ്രൂഷ!
നിഷ്കളങ്കതയുടെ
നൊവേന ചൊല്ലുന്ന
നിക്ലാവോസിന്റെ കണ്ണിണ.
മെല്ലെയൊന്നു ചുണ്ടു ചേർത്തിട്ട്
ഉയർന്നു പോകുന്ന ബ്രിജിത്ത.
5. കാഞ്ചി
ഹൈഡ്രാഞ്ചിയ വയലറ്റ് ചൂടിയ
കൽപ്പടവുകൾ,
കയ്യാലമാട്ടകൾ.
പടികളോരോന്നായി കയറിപ്പോകവേ
ഓർമകൾ വീണ്ടും
കണ്ണിൽ കുത്തുന്നു.
മനുഷ്യമാംസം മണക്കും
പകലുകൾ,
ചോര മണ്ണിൽ കുഴഞ്ഞ
മൂവന്തി.
ഒച്ചയില്ലാതെ ഓടിവന്നൊരു
പച്ചിരുമ്പ് സുഹൃത്തിനെ
കൊന്നത്!
മാസമുറയുടെ
ചോര പടരും
ലില്ലിക്കുട്ടിയുടെ യോനി
കാണുമ്പോൾ
കിടപ്പറയിൽ കിതച്ചു
വീഴുന്നു,
ബോധം കെട്ടഴിഞ്ഞു
ചിതറുന്നു!
ബ്ലൗസിടുന്നതിനിടയിൽ ലില്ലി:
''നിങ്ങളെക്കൊണ്ടൊന്നും പറ്റില്ല
മനുഷ്യേനെ!''
ഓർക്കവേ, ഓർത്തു ചൂളവെ
ആന്റണി
രണ്ടും കൽപിച്ച് കാഞ്ചി വലിച്ചു!
നാലു ചുറ്റിനും
മലകൾ പൊട്ടി,
പമ്മി നിന്ന
ആകാശം പൊട്ടി,
അരുവിയിൽ പോയി
മുങ്ങി നിവർന്ന്
തോട്ട പൊട്ടിയ ശബ്ദം
മറുകരെ
സ്വർഗത്തിലേക്കുള്ള
പടികളിൽ ചെന്ന്
തലയറഞ്ഞു പൊട്ടിച്ചിതറി.
ഒരു നിമിഷം,
നിശ്ശബ്ദം,
കോട.
അനക്കമില്ലാതിരുട്ട്
കുറുകുന്നു.
പൊടുന്നനെ ഒരു ചീറ്റലായിരുൾ
വകഞ്ഞു മാറ്റി
കുതിച്ചു വരുന്നു.
കണ്ണ് രണ്ടും തുറിച്ചു നിൽക്കുന്നു,
നുര വഴുക്കുന്ന നാവ്,
കിതപ്പ്.
തേറ്റയിൽ കോർത്തു
ഗോളങ്ങളിലേക്കൊരു
പേടകം പോലെ പറന്നു പോകവേ
പള്ളയിൽനിന്നും
പകർന്ന പണ്ടം
അന്തോണി
രണ്ടു കൈകൊണ്ടും
കോരിയെടുത്തു.
നിലത്തിറങ്ങി പതിയെ
രാത്രിയുടെ
കോഴി കൂവുന്ന ചാല് കൊണ്ടയാൾ
ഗത്സമേനിലെ
പ്രാർഥനയെന്നപോൽ
വീട്ടിലേക്കു നടന്നു
പോവുന്നു.
6. ദേശം
''എഡീവേ, വാ വന്നു നോക്ക്!''
തോളത്തിട്ടുകൊണ്ടു വന്ന
കൊടൽമാല
അരപ്രൈസിന്റെ
മുകളിൽ വെച്ചിട്ട്
ചോരകൊണ്ട് കുഴഞ്ഞ രോമങ്ങൾ
ഇടതുകൈകൊണ്ട്
വകഞ്ഞുമാറ്റി
കൊച്ചു ത്രേസ്യക്ക് ശിപ്പായി ആന്റണി
മരണമെന്തെന്നു
കാണിച്ച് കൊടുത്തു.
ത്രേസ്സ്യാപെണ്ണ് ഞെട്ടിപ്പോയി,
അവൾടെ ഞെട്ടൽ
വേലിപ്പത്തലിൽ
ചെമ്പരത്തി പ്രദക്ഷിണമായി.
മരിച്ചു കഴിഞ്ഞു മൂന്നാം നാൾ
അന്തോണി
ത്രേസ്യാക്കൊച്ചിന്റെ
സ്വപ്നത്തിൽ വന്നു.
അന്ന് തന്നെ ആന്റണി അവളിൽ
ഒരു തമര് വെച്ചു.
പത്തുമാസം കഴിഞ്ഞപ്പോൾ
ത്രേസ്യക്ക്
ഒരു ദേശസ്നേഹിയുടെ
കുഞ്ഞിനെ കിട്ടി.