ഭജനബുക്കും ഗഞ്ചറേം
അച്ചനന്ന്ഉച്ചക്കേ ചേട്ടംനിർത്തി. തിണ്ണേലിരുന്ന് കാലുകൾ നീട്ടിവെച്ച് എണ്ണ തേച്ചുമിനുക്കി ആകാശത്തിനെ കുടഞ്ഞുകളഞ്ഞിട്ട് കറുത്ത നക്ഷത്രം തുന്നിയ ജുബായ്ക്കുള്ളിലേക്ക് ഞൂന്ന് കേറി. മുടിയേൽ ചീപ്പിന്റെ മാടുകൊണ്ടൊരു കിളിക്കൂടു വെട്ടി. ശംഖുമാർക്ക് കൈലിക്കൊപ്പം രണ്ടാം പാട്ടുകാരനെന്ന ഗമ പൊക്കിക്കുത്തി തിരിഞ്ഞും മറിഞ്ഞും ഇടങ്കയ്യിലിരുന്ന് തന്നെനോക്കുന്ന ഗഞ്ചറയെ വലങ്കയ്യാലൊന്നു തേമ്പി. മൂന്നു മണികളുമുലച്ചത് ഗമകം നിറഞ്ഞ ഒരു...
Your Subscription Supports Independent Journalism
View Plansഅച്ചനന്ന്
ഉച്ചക്കേ ചേട്ടംനിർത്തി.
തിണ്ണേലിരുന്ന്
കാലുകൾ നീട്ടിവെച്ച്
എണ്ണ തേച്ചുമിനുക്കി
ആകാശത്തിനെ
കുടഞ്ഞുകളഞ്ഞിട്ട്
കറുത്ത നക്ഷത്രം തുന്നിയ
ജുബായ്ക്കുള്ളിലേക്ക്
ഞൂന്ന് കേറി.
മുടിയേൽ
ചീപ്പിന്റെ മാടുകൊണ്ടൊരു
കിളിക്കൂടു വെട്ടി.
ശംഖുമാർക്ക് കൈലിക്കൊപ്പം
രണ്ടാം പാട്ടുകാരനെന്ന ഗമ
പൊക്കിക്കുത്തി
തിരിഞ്ഞും മറിഞ്ഞും
ഇടങ്കയ്യിലിരുന്ന്
തന്നെനോക്കുന്ന
ഗഞ്ചറയെ
വലങ്കയ്യാലൊന്നു തേമ്പി.
മൂന്നു മണികളുമുലച്ചത്
ഗമകം നിറഞ്ഞ
ഒരു ചിരിയുടെ ഉടുമ്പിനേ
അന്തരീക്ഷത്തിലേക്ക് കയറ്റിവിട്ടു.
അപ്പോൾ
ഇടതുകൈയ്യുടെ സ്വാധീനം കൂടി
വലതു കൈയ്യിലേൽപ്പിച്ച
സുരേന്ദ്രൻ കൊച്ചാട്ടൻ
സുറുതി പെട്ടിയിൽനിന്നെന്നവണ്ണം
ഈണത്തിൽ
അച്ചായോന്നും വിളിച്ചോണ്ട്
കേറി വന്നു.
ഇസ്പേഡാസിനേ
വെട്ടി മലർത്തിയിടത്തുനിന്നും
കുണുക്കും വലിച്ചെറിഞ്ഞ്
പീസിയും ചാച്ചനും കുഞ്ഞൂപ്പാപ്പനും
ബാലൻകൊച്ചാട്ടനും
പൊന്നൂപ്പാപ്പനുംകൂടി
എനത്തിൽ രണ്ടു പാഴിനേച്ചൊല്ലി
മുറ്റത്തുനിന്നു തർക്കിച്ചു.
പടിഞ്ഞാറുനിന്നും
ചുമയുടെ ചപ്ലാംകട്ട
തൊണ്ടയിലിട്ടു പെരുക്കിക്കൊണ്ട്
ആശാനുമെത്തി.
അവർ
കെഴക്കോട്ടു നോക്കി
അടിച്ചിക്കാവിലമ്മേത്തൊഴുതുംകൊണ്ട്
ധിറുതിയിൽ പടിഞ്ഞാട്ട്
പാലം കേറിമറഞ്ഞു.
കരിപ്പുഴയിലും
നമ്മുടെ പേരു കേൾപ്പിക്കണമെന്നും
വാശിപ്പുറത്തേറ്റ ഭജനയാണെന്നും
ആശാനവരോട്
പറഞ്ഞുകൊണ്ടേ നടന്നു.
ഇറുകിയ കക്ഷത്തിലുള്ളതിനേക്കാൾ
അയഞ്ഞ മനസ്സിലായിരുന്നു
ആശാന്റെ പാട്ടുകൾ മൊത്തമെന്ന്
അവർക്കറിയാമായിരുന്നു.
ആശാനു പുറകേ അനുസരണയോടുകൂടി
നടന്നുപോകുമ്പോൾ
വഴിയരുകിലെ ഷാപ്പുകളവരേ
കൈയാട്ടി വിളിച്ചു.
ആശാൻ...
ആശാൻ... എന്ന്
ദക്ഷിണ കൊടുക്കുംപോലെ
ഷാപ്പിനോടവർ
ഒച്ച കുനിച്ചു നടന്നു.
രണ്ടര മണിക്കൂർ വിയർത്ത്
അവർ കരിപ്പുഴക്കടവിലെത്തി
തോടും
അവർക്കുള്ളിലെ
പാട്ടുപോലെയപ്പോൾ
ഓളം വെട്ടിക്കിടന്നു.
അക്കരെ കേറുമ്പോൾ
പെണ്ണാളുകൾ
ആദരവോടും
അതിലേറെ സങ്കടത്തോടും
അവരേ നോക്കി
ചുണ്ടിന്റെ കോണിൽ
ചുവന്ന ചിരി വരുത്തി.
ചാരായത്തിൽ പിരിഞ്ഞുകേറിയ മീശകൾ ചിലത്
അവരെ നോക്കി മുരടനക്കി
ഒരിടവഴിയിറങ്ങി വരുന്നതവർ
കണ്ടു.
ഭജന തുടങ്ങുംമുമ്പേ
അവരും
ആശാനറിയാതെ
ഒറ്റക്കും പെട്ടക്കും
ഇടവഴി കേറി
പിരിഞ്ഞ മീശയുമായി
തിരിച്ചുവന്നു.
കരിപ്പുഴക്കാരവർ
കല്ലേ വെച്ചരച്ചാലും
കരളുറപ്പു ചിതറാത്തവർ...
വരത്തൻമാർക്ക്
അവർ
വിഷയം വിട്ടുകൊടുത്തു.
ഭജന തുടങ്ങി
ആശാന്റെ
അതിഗംഭീരനൊച്ചയുടെ
എരിച്ചാനേശി
പെണ്ണാളെമ്പാടും
എതിരേ വന്നു നിരന്നുനിന്നു.
ഗുരുവിൽതന്നെ
ബ്രഹ്മത്തിന്റെ ചവർപ്പു തുടങ്ങി
ശിവനിലെത്തുമ്പോഴേക്കുമത്
കുത്തും, കെട്ടും, പൂട്ടും ചേർന്ന്
കളം അലമ്പി.
കരിപ്പുഴക്കാരവർ
കല്ലേ വെച്ചരച്ചാലും
കെളരുന്നോർ.
വെളക്കിനേക്കാൾ പൊക്കത്തിലിരുന്ന അവരുടെ
ഭജന ബുക്കുകൾ
വിഷയങ്ങൾക്കനുസരിച്ച്
പടുക്കയുടെ
താഴ്ചയിലേക്കിറങ്ങി നടന്നു.
അതിലെ
ഓരോ താളിലും
പെരണ്ടുപോയ തുപ്പൽ
അവരിലെ
പാട്ടിന്റെ തൊണ്ട വരട്ടി.
കരിപ്പുഴക്കാരവർ
കല്ലേവെച്ചരച്ചാലും
കുനിയാത്തവർ.
കൂട്ടത്തിലൊരു കുരുത്തംകെട്ടവൻ
പെെട്ടന്ന്
പാട്ടുപോലാഞ്ഞുവന്ന്
ആശാനെ
ഒന്നു തോണ്ടിയെന്നു വരുത്തി.
ആശാൻ മിണ്ടിയില്ല
കണ്ണടച്ചു തുറക്കും മുന്നേ
രണ്ടു കൈയുടെ
ബലംകൊണ്ട്
സുരേന്ദ്രൻ കൊച്ചാട്ടൻ
അവനു നേരെ
സുറുതിപ്പെട്ടി വീശി
അവന്റെ അലർച്ച
പിടിച്ചിട്ടും കിട്ടാതെ
ശ്രുതിയും കടന്ന് മുകളിലേക്കു പോയി.
ഉടനേ
അന്തരീക്ഷത്തിൽനിന്നുമനേകം
കൈകൾ
അവരുടെയെല്ലാം തൊണ്ടേടെ
അളവെടുത്തു തുടങ്ങി.
അപ്പോൾ
മുന്നിലെ ഫ്രെയിമിനുള്ളിലിരുന്ന്
ദൈവങ്ങളവരേ എന്നത്തേംപോലെ
ദയനീയമായി നോക്കി.
പറന്നുയർന്ന മുണ്ടി
പെട്ടന്നുതിർന്ന് വീണപോൽ
പടുക്ക
നാലുപാടും ചിതറി.
കുട്ടികളവരുടെ
തെളിഞ്ഞ കണ്ണുകളേ
തെറിച്ചുവീണ കൽക്കണ്ടത്തിൽ
ഒളിപ്പിച്ചു നിർത്തി.
പെണ്ണാളുകൾ
പെരുച്ചാഴിയെപ്പോലെ
തലങ്ങും വിലങ്ങുമോടി.
കരിപ്പുഴക്കാർ
കല്ലേവെച്ചരച്ചാൽ
കാഞ്ഞിരംപോലെ കയ്ക്കുന്നവർ.
അവരടി തുടങ്ങി
പന്തലുകെട്ടിയ
പച്ചവാരിപതിപ്പിച്ച പുറവുമായി
ആശാനെക്കാൾ മുന്നേ
ശിഷ്യൻമാർ
തോടിന്നിക്കരെ നീന്തിക്കേറി.
കെഴക്കോട്ടു നടക്കുന്നിടയിൽ
വിറക്കുന്ന കണ്ണുകളാലവർ
ആരാണാദ്യമോടിയതെന്ന്
അങ്ങോട്ടുമിങ്ങോട്ടും
ചൂണ്ടി.
പെെട്ടന്ന്
തിരിഞ്ഞു നിന്ന
അച്ചനിൽനിന്നും
അന്തംവിട്ടൊരു ചോദ്യമുയർന്നു
ആശാനേ...
നമ്മുടെ ഭജനബുക്കും ഗഞ്ചറേം...
അതുവരെ കൈയിലിട്ടു ഞെരിച്ച
ആത്മസംയമനം
നാലുകൂട്ടം തെറിക്കൊപ്പം ചവച്ചരച്ച്
അച്ചന്റെ മുഖത്തേക്കു തുപ്പീട്ട്
ആശാൻ പറഞ്ഞു:
''പൊടാ...
കൊണം വരാത്ത കൊച്ചനേ...
പൂക്ക് പൂക്കെന്ന്
അടിവരുമ്പളാ/
അവന്റമ്മേടെയൊരു
ഭജനബുക്കും ഗഞ്ചറേം...''