ആണി -കവിത
ചുമരില്ലാതെആണിയടിക്കാനാവില്ലെന്ന്! ചുറ്റിക ഇല്ലാതെയും ആണിയടിക്കാനാവില്ലല്ലോ. ആണി ഇല്ലാതെയും കഴിയില്ല. ആശാരി ഇല്ലാതെയും സാധിക്കില്ല. തൂക്കിയിടാൻ ഒന്നുമില്ലെങ്കിൽ- ഒരു ദൈവത്തിന്റെ കലണ്ടറോ പിശാചിനോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയോ പരസ്യവണ്ടിയുടെ താക്കോലോ രഹസ്യങ്ങളുടെ നിഴൽക്കുപ്പായമോ ഒന്നും പ്രതിഫലിപ്പിക്കാത്ത ദർപ്പണമോ- ഒന്നും, വിശ്രമാർഥംപോലും അഴിച്ചുതൂക്കാനില്ലെങ്കിൽപ്പിന്നെ ഇക്കണ്ട ആണിയൊക്കെ അടിച്ച് കയറ്റുന്നതെന്തിന്? ഈ...
Your Subscription Supports Independent Journalism
View Plansചുമരില്ലാതെ
ആണിയടിക്കാനാവില്ലെന്ന്!
ചുറ്റിക ഇല്ലാതെയും
ആണിയടിക്കാനാവില്ലല്ലോ.
ആണി ഇല്ലാതെയും
കഴിയില്ല.
ആശാരി ഇല്ലാതെയും സാധിക്കില്ല.
തൂക്കിയിടാൻ ഒന്നുമില്ലെങ്കിൽ-
ഒരു ദൈവത്തിന്റെ കലണ്ടറോ
പിശാചിനോടൊപ്പമുള്ള
ഗ്രൂപ്പ് ഫോട്ടോയോ
പരസ്യവണ്ടിയുടെ താക്കോലോ
രഹസ്യങ്ങളുടെ നിഴൽക്കുപ്പായമോ
ഒന്നും പ്രതിഫലിപ്പിക്കാത്ത ദർപ്പണമോ- ഒന്നും,
വിശ്രമാർഥംപോലും
അഴിച്ചുതൂക്കാനില്ലെങ്കിൽപ്പിന്നെ
ഇക്കണ്ട ആണിയൊക്കെ
അടിച്ച് കയറ്റുന്നതെന്തിന്?
ഈ മുഷിഞ്ഞ മുഖംമൂടികൾക്ക്
തോരണപ്പെടാനുള്ള
രക്തച്ചരട് വലിച്ചുകെട്ടാനോ?
ഉന്മാദിയുടെ ജാഗ്രദ്ബാധയെ
ഉടുതുണിയില്ലാതെ തളച്ചിടാനോ!
ഈശോ കളിക്കാൻവേണ്ടി കുട്ടികൾ കണ്ടെടുത്ത
കുരിശുരൂപങ്ങളെ
പിന്നെയും ക്രൂശിക്കാനോ?
ഓരോ ചുമരും
അസംഖ്യം കുരിശുകളുടെ ലോക്കസ്സാണെന്ന്
ആദ്യം തിരിച്ചറിയുന്നത് ആണികളാണ്;
ആണിയുടെ പുറകിൽ വരി പാലിക്കുന്ന
ചുറ്റികമുട്ടിയും തച്ചനുമാണ്.
പാളുന്ന ചുറ്റികക്കും
ആളുന്ന വിരലിനുമിടയിൽ
സ്വയം തിരിച്ചറിയാനാവാത്തൊരു
കുലവഞ്ചനയുടെ കുമ്പസാരമുണ്ട്.