പ്ലാവിലക്കഞ്ഞി
രമയുടെ വീട്ടുചുമരിൽ നിറയെ ദൈവങ്ങളുടെ പടം വില്ലു കുലയ്ക്കുന്ന രാമൻ തേരു തെളിക്കുന്ന കൃഷ്ണൻ മരതക മലയേന്തുന്ന ഹനുമാൻ താമരപ്പൂവിലെ സരസ്വതി നാണയങ്ങൾ ചൊരിയുന്ന ലക്ഷ്മി പാമ്പിൻ പുറത്തേറി വിഷ്ണു ഇവക്കിടയിൽ നരച്ച മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും എത്ര കണ്ടാലും മതിയാവാത്ത ദൈവങ്ങളെ കണ്ണുവെച്ച് ഒരു ദൈവചിത്രംപോലുമില്ലാത്ത എന്റെ വീടിനെ ഞാൻ...
Your Subscription Supports Independent Journalism
View Plansരമയുടെ വീട്ടുചുമരിൽ
നിറയെ ദൈവങ്ങളുടെ പടം
വില്ലു കുലയ്ക്കുന്ന രാമൻ
തേരു തെളിക്കുന്ന കൃഷ്ണൻ
മരതക മലയേന്തുന്ന ഹനുമാൻ
താമരപ്പൂവിലെ സരസ്വതി
നാണയങ്ങൾ ചൊരിയുന്ന ലക്ഷ്മി
പാമ്പിൻ പുറത്തേറി വിഷ്ണു
ഇവക്കിടയിൽ നരച്ച
മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും
എത്ര കണ്ടാലും മതിയാവാത്ത
ദൈവങ്ങളെ കണ്ണുവെച്ച്
ഒരു ദൈവചിത്രംപോലുമില്ലാത്ത
എന്റെ വീടിനെ ഞാൻ വെറുത്തു
ചുമരിൽ കരിക്കട്ടകൊണ്ട്
വില്ലു കുലയ്ക്കുന്ന രാമനെ വരച്ചു
രമയും അമ്പിളിയും സുപ്പനും
ഇത്താത്തയും മമ്മദും ജോസൂട്ടനും
കുഞ്ഞമ്മ കാണാതെ
മെടഞ്ഞോല മോഷ്ടിച്ച്
കുഞ്ഞിപ്പെര കെട്ടി
രമേന്റമ്മ കടം തന്ന കലത്തിൽ
കഞ്ഞിവെച്ചു
ജോസൂട്ടന്റെ അമ്മ തന്ന
പൊള്ളിച്ച മത്തി കൂട്ടി
കുഞ്ഞി പ്ലാവില കുത്തി
കഞ്ഞി കുടിച്ച്
കിറി തുടച്ച്
തോളിൽ തോൾ പിടിച്ച്
ഞങ്ങൾ അമീന ബസ്സായി
ആലുവയിലേക്ക് 'ബ്രൂം' എന്ന്
വണ്ടി സ്റ്റാർട്ട് ചെയ്തു.
പച്ചവെള്ളം കുടിച്ച്
സുപ്പനോടിച്ച വണ്ടി
മുടങ്ങാതങ്ങനെ
ഞങ്ങൾക്കായി
സർവീസ് നടത്തി.
ടി.വിയിലെ രാമായണം കണ്ട്
ഞങ്ങൾ രാമനും രാവണനുമായി
കുടക്കമ്പികളെല്ലാം
അമ്പുകളായി
വില്ലുകുലച്ച് യുദ്ധം ചെയ്ത്
സീതയെ രക്ഷിക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു
അയോധ്യ എവിടെയെന്നറിയാതെ
രാമനു വേണ്ടി യുദ്ധം ചെയ്ത്
തളർന്ന ഒരു ദിവസമാണ്
ഉമ്മാമ്മ എന്നോട് പറഞ്ഞത്
വീട്ടിലിരിക്കെടീന്ന്...
അയോധ്യയിലൊരു
രാമനുണ്ടത്രേ
അതാണ് യഥാർഥ രാമൻന്ന്
രാമനുവേണ്ടി രഥയാത്രക്ക്
അച്ഛനോടൊപ്പം പോയതിൽ പിന്നെ
സുപ്പൻ ഞങ്ങളോട് മിണ്ടാതായി
ഞങ്ങൾ കുഞ്ഞിപ്പെരകെട്ടാതായി
പ്ലാവിലക്കഞ്ഞി കുടിക്കാതായി
ഉമ്മാമ്മ വഴക്കുപറയുന്നതു
കേൾക്കാതിരിക്കാൻ
ഉമ്മറത്തെ രാമന്റെ പടവും
ഞാൻ മായ്ച്ചുകളഞ്ഞു...