വട്ടം
എനിക്കറിവുെവച്ച കാലംതൊട്ട്
അമ്മ വട്ടം വരക്കുകയാണ്.
പുലർച്ചെ,
ചെമ്മൺ ചരലിൽ മുട്ടയൊളി-
പ്പിച്ചു െവക്കുന്ന
ഇറ്റിറ്റാം കിളികളുടെ കരച്ചിൽ കേട്ട്
അവർ എണീക്കുന്നു.
എത്ര കൃത്യമാണവരുടെ ക്ലോക്ക്.
ഉണർച്ചയിൽ
എണീറ്റിരുന്ന്
ഉലഞ്ഞ മുടി വട്ടത്തിൽ കെട്ടിവെക്കുന്നു.
ഉണർന്നു വരുന്ന സൂര്യനൊപ്പം
അമ്മ മുറ്റം തൂക്കുന്നു.
കയ്യിൽ ചൂലുമായ് കുനിഞ്ഞ് നീരുമ്പോൾ
മുറ്റം നിറയെ പകുതി വട്ടങ്ങൾ.
റ റ റ
റ റ
റ
അതിലൂടെ ഒരു ജനത
വേച്ച് വേച്ച് നടന്നു നീങ്ങിയതിൻ
കാലടികൾ.
കിണറ്റിൻകരയിലേക്കമ്മ
നടക്കുമ്പോൾ
കിണറുണർന്നു കാണുകയില്ല.
വെള്ളത്തിൽ തൊട്ടിയുലച്ചുലച്ച്
കിണറിനെയുണർത്തുന്നത്
അമ്മയാണ്.
പിന്നെ,
പാരമ്പര്യമായി പകർന്നു കിട്ടിയ
താളത്തിൽ,
ഇടംകയ്യിൽനിന്ന് വലതിലേക്ക്
കയറെറിഞ്ഞ്
വല്ലത്തിൽ വട്ടത്തിൽ വീഴ്ത്തുന്നു.
അപ്പോഴുള്ള ഓരോ ആയലിനും
വട്ടം
വട്ടം
വട്ടമെന്ന് താളം.
എനിക്കറിവുവെച്ച കാലം മുതലേ
അമ്മ വട്ടം വരക്കുകയാണ്.
വട്ടത്തിൽ പൊട്ടു കുത്തുന്നു,
വട്ടത്തിൽ ദോശ ചുടുന്നു.
വട്ടത്തിൽ ചപ്പാത്തിയുണ്ടാക്കുന്നു.
എന്റെ അറിവിനും മുന്നേയുള്ള
അമ്മമാർ, അമ്മമ്മമാർ
ഇതുതന്നെ പലമട്ടിൽ
തുടർന്നിരിക്കണം.
വട്ടം, വട്ടം, വട്ടമെന്ന് പ്രാഞ്ചി
അവർ വീടിനു ചുറ്റും
വട്ടത്തിലോടിയിരിക്കണം.
ആരും കാണാതെ കരഞ്ഞിരിക്കണം.
കണ്ടാലും, കണ്ടില്ലെങ്കിലും
നമുക്കത് തിരിഞ്ഞിരിക്കാൻ വഴിയില്ല.
എനിക്കോർമവെച്ച കാലം മുതലേ
അമ്മ വട്ടം വരക്കുകയാണ്.
എനിക്ക് പുറകെ വരുന്ന അമ്മമാരും
ഇതുതന്നെ തുടരുമായിരിക്കും.
ഒരുപക്ഷേ,
പേരുകൾ മാത്രം മാറി മാറി വരാം.
ഇങ്ങനെയിങ്ങനെ വട്ടം വരക്കാൻ
ആരായിരിക്കുമവരെ
ഒരു കുറ്റിയിൽ കെട്ടിയിട്ടത്.