കാക്ക നിറം
കറുത്തിരുണ്ടൊരുത്തൻ എന്നോടൊരിക്കൽ പ്രേമം പറഞ്ഞു. അവന്റമ്മ, അച്ഛൻ എല്ലുന്തിയ പെങ്ങൾ, പെങ്ങളുടെ പിള്ളാരും കറുത്തത്. അവന്റച്ഛാച്ചനും അച്ഛമ്മക്കും ഇപ്പോഴുള്ള അതേ കാക്കനിറം ജീവിച്ചിരുന്നപ്പോഴും! പ്രേമത്തിലായിക്കഴിഞ്ഞൊരുച്ചയ്ക്ക് വായിലൊരുരുള നീട്ടിെവച്ച് ഞാനിതിത്തിരി കറുപ്പ് കൂട്ടിക്കുഴച്ചതാണെന്ന് അവൻ കോളേജുവിട്ടൊരു വൈന്നേരം ചുറ്റിപ്പിടിച്ച്...
Your Subscription Supports Independent Journalism
View Plansകറുത്തിരുണ്ടൊരുത്തൻ
എന്നോടൊരിക്കൽ
പ്രേമം പറഞ്ഞു.
അവന്റമ്മ, അച്ഛൻ
എല്ലുന്തിയ പെങ്ങൾ,
പെങ്ങളുടെ പിള്ളാരും കറുത്തത്.
അവന്റച്ഛാച്ചനും അച്ഛമ്മക്കും
ഇപ്പോഴുള്ള അതേ കാക്കനിറം
ജീവിച്ചിരുന്നപ്പോഴും!
പ്രേമത്തിലായിക്കഴിഞ്ഞൊരുച്ചയ്ക്ക്
വായിലൊരുരുള നീട്ടിെവച്ച്
ഞാനിതിത്തിരി
കറുപ്പ് കൂട്ടിക്കുഴച്ചതാണെന്ന്
അവൻ
കോളേജുവിട്ടൊരു വൈന്നേരം
ചുറ്റിപ്പിടിച്ച് ശ്വാസം പങ്കിട്ടപ്പോൾ
എന്നിലെ പാതി കറുപ്പിപ്പോൾ
നിനക്കെന്നവന്റെ
നോട്ടം തിളങ്ങി.
പോസ്റ്റ് ചെയ്തിട്ടില്ലാത്തൊരു കത്തിൽ,
ജനിച്ചിട്ടില്ലാത്ത
നമ്മുടെ ഇരുണ്ട കുട്ടികൾ
കുമ്പളച്ചോട്ടിൽ
കഞ്ഞീം കറീം വെക്കുന്നതിനെക്കുറിച്ചെഴുതി:
ചിരിച്ച്, ഞാൻ.
ഒരേ നാട്ടിലേക്കുള്ള ബസിൽ
എന്റടുത്തിരിക്കാൻ
കാത്ത് കാത്ത് കഴച്ച
കാലിലവൻ.
ഇന്നുച്ചയ്ക്ക്
ഇറയത്തിരുന്ന്
എന്റെ വെളുത്ത കുട്ടിക്ക് ചോറുരുട്ടുമ്പോൾ,
'വിരുന്നുകാരേ വരേണ്ടെന്ന'വനെ ചിരിപ്പിക്കാൻ
മുറ്റത്തെ കൊമ്പിൽ
ഞാൻ, കല്ലെറിഞ്ഞാട്ടിയ
കാക്കകളിലൊന്നിന്
പണ്ട് ഞാനറിയുന്നൊരുത്തന്റെ അതേ നോട്ടം.
പലപ്പോഴായവൻ പകുത്തുതന്നതിൽ
ബാക്കി അതിന്റെ
നിറം!