സെൽഫിത്തം
'ഫിലോസഫിയുടെ മണമുള്ളസെൽഫിമരണങ്ങൾ' എന്ന ശീർഷകത്തിനുതാഴെ സെൽഫിൽ കുടുങ്ങി ഞാൻ കിടക്കുന്നു. ആർത്തലച്ചെത്തുന്ന ദുഃഖങ്ങൾ കാണുന്നു. ഓരോ മരണത്തിലും ഓരോ സെൽഫിത്തരം രുചിക്കുന്നു ജീവിതം തുളുമ്പുന്ന സെൽഫിയിൽനിന്നു സെൽഫിനെ എങ്ങനെ വേർപിരിക്കുമെന്നതിനെ സെൽഫിപ്പടങ്ങളിൽ കാണുന്ന ചിരിയിൽ 'ഞാൻ' എന്നൊരാളായി പിറന്നതിൻ പാടുകൾ ശേഷിക്കുന്നതിനെ അതിൽനിന്ന് അതൃപ്തമാം സെൽഫിനെ തൂക്കിയെറിഞ്ഞ് ആ ക്ലാവുപിടിച്ച...
Your Subscription Supports Independent Journalism
View Plans'ഫിലോസഫിയുടെ മണമുള്ള
സെൽഫിമരണങ്ങൾ' എന്ന
ശീർഷകത്തിനുതാഴെ
സെൽഫിൽ കുടുങ്ങി
ഞാൻ കിടക്കുന്നു.
ആർത്തലച്ചെത്തുന്ന
ദുഃഖങ്ങൾ കാണുന്നു.
ഓരോ മരണത്തിലും ഓരോ
സെൽഫിത്തരം രുചിക്കുന്നു
ജീവിതം തുളുമ്പുന്ന സെൽഫിയിൽനിന്നു
സെൽഫിനെ എങ്ങനെ വേർപിരിക്കുമെന്നതിനെ
സെൽഫിപ്പടങ്ങളിൽ കാണുന്ന ചിരിയിൽ
'ഞാൻ' എന്നൊരാളായി പിറന്നതിൻ
പാടുകൾ ശേഷിക്കുന്നതിനെ
അതിൽനിന്ന്
അതൃപ്തമാം സെൽഫിനെ
തൂക്കിയെറിഞ്ഞ്
ആ ക്ലാവുപിടിച്ച കാലത്തെ
മായ്ക്കുന്നതിനെ
പ്രണയത്തള്ളിച്ചയിൽ
സെൽഫിക്കുള്ളേൽ കടന്നുനിന്നുള്ള
ഒറ്റക്ലിക്കിലെ ഒരു മിന്നായത്തിൽ
മരണം അടങ്ങിയിരിക്കുന്നതിനെ
സെൽഫിന്റെ കൊടുമുടിയിൽനിന്ന്
ഓരോ നിമിഷവും വഴുക്കുന്നതിനെ
കാലത്തിന്റെ സെൽഫിയാകുമോ മരണം
എന്ന ചോദ്യത്തിനെ
നോക്കി നോക്കി നോക്കി
ഒടുവിൽ ഞാൻ
ഫ്ലാറ്റിന്റെ ഉച്ചിയിൽ
നിൽക്കുന്നതായി കാണപ്പെട്ടു.
വിഷാദം വിലയിച്ച
അസ്തമയത്തിലേക്കാഞ്ഞു നിന്ന്
ഒരു സെൽഫിയിൽ സൂര്യനെ
കുടുക്കിയെടുത്തു കഴിഞ്ഞു
'ഞാൻ' എന്ന ജീവചരിത്രത്തിൽ
കുരുങ്ങിപ്പിടയും ഇത്തിരി മനുഷ്യന്റെ
നൊസ്സല്ലീ ലോകം- എന്നെഴുതി
നാളെ രാവിലെ സ്റ്റാറ്റസായ് തൂക്കണം.