Begin typing your search above and press return to search.
proflie-avatar
Login

അപാരമായ ജീവിതം നയിച്ചുതീർത്ത രണ്ടുപേർ

അപാരമായ ജീവിതം നയിച്ചുതീർത്ത രണ്ടുപേർ
cancel

അവര്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടി. അവരുടെ മുന്നിലൊരു അശോകം പൂത്തുനിന്നിരുന്നു. അവരതിന്റെ ചാഞ്ഞ ഇലകളിലെ സൂര്യവെളിച്ചം നോക്കിനിന്നു. അവരിലൊരാളുടെ വിയര്‍ത്ത കൈപ്പുറത്ത് ഒരു കുരുവിയെ പച്ചകുത്തിയിരുന്നു. അവരോട് കാട്, തൊട്ടുരുമ്മി അതിന്റെ സാന്ദ്രത പകര്‍ന്നുകൊണ്ടിരുന്നു. അവരിലൊരാളിലൂടെ കയറി, മറ്റേയാളിലേക്ക് ഒരു കുനിയനുറുമ്പ് ഇഴഞ്ഞിറങ്ങി ചങ്ങാത്തത്തിലായിക്കൊണ്ടിരുന്നു. അവര്‍, ക്രമമില്ലാത്ത ആകസ്മികതയെന്ന് മഴയെ ഓമനിച്ചുവിളിച്ചുകൊണ്ടിരുന്നു, അവരുടെയടുത്ത് വീണുകിടക്കുന്ന, ഒരു മരത്തിന്റെ വേരുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് മണ്ണിനോട് സ്നേഹം പറഞ്ഞുകൊണ്ടിരുന്നു. അവര്‍... അപാരമായ...

Your Subscription Supports Independent Journalism

View Plans

അവര്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടി.

അവരുടെ മുന്നിലൊരു അശോകം

പൂത്തുനിന്നിരുന്നു.

അവരതിന്റെ ചാഞ്ഞ ഇലകളിലെ സൂര്യവെളിച്ചം നോക്കിനിന്നു.

അവരിലൊരാളുടെ വിയര്‍ത്ത കൈപ്പുറത്ത്

ഒരു കുരുവിയെ പച്ചകുത്തിയിരുന്നു.

അവരോട് കാട്, തൊട്ടുരുമ്മി അതിന്റെ

സാന്ദ്രത പകര്‍ന്നുകൊണ്ടിരുന്നു.

അവരിലൊരാളിലൂടെ കയറി,

മറ്റേയാളിലേക്ക് ഒരു കുനിയനുറുമ്പ്

ഇഴഞ്ഞിറങ്ങി ചങ്ങാത്തത്തിലായിക്കൊണ്ടിരുന്നു.

അവര്‍, ക്രമമില്ലാത്ത ആകസ്മികതയെന്ന് മഴയെ ഓമനിച്ചുവിളിച്ചുകൊണ്ടിരുന്നു,

അവരുടെയടുത്ത് വീണുകിടക്കുന്ന,

ഒരു മരത്തിന്റെ വേരുകള്‍

പരസ്പരം കെട്ടുപിണഞ്ഞ്

മണ്ണിനോട് സ്നേഹം പറഞ്ഞുകൊണ്ടിരുന്നു.

അവര്‍... അപാരമായ ജീവിതം നയിച്ചുതീര്‍ത്ത രണ്ടുപേര്‍!

കൈതപ്പൊത്തിലിരുന്നൊരു മൈന പറഞ്ഞു:

ഓ, അവരോ...

അവര്‍ നമ്മ=ളെപ്പോലെയൊന്നുമല്ല

അവര്‍ ഇരുകാലുകളില്‍ നിവര്‍ന്നുനടക്കുന്നവര്‍!

അവരുടെ നെറ്റിക്കുതാഴെ

തിളങ്ങുന്ന രണ്ട് ചെറുഗോളങ്ങളുണ്ട്;

നമ്മുടെ കണ്ണുകള്‍പോലെ.

നമ്മുടെ ചിറകുകള്‍പോലെ അവര്‍ക്കുമുണ്ട്,

ആ നീണ്ട ചിറകുകള്‍ നീട്ടി അവര്‍ ഇലകളെ തഴുകുന്നു,

കിളികള്‍ക്ക് ആഹാരം കൊടുക്കുന്നു,

ചെടികള്‍ക്ക് തടമിടുന്നു.

ആ നിവര്‍ന്ന കാലുകള്‍കൊണ്ട്

അവര്‍ ഭൂമിയെ തൊടുന്നു,

മണ്ണില്‍ ഓളക്കമിടുന്നു, ചാലുകീറുന്നു.

അവരുടെ കൊക്കുകളില്‍നിന്ന്

നമ്മുടെ ഗായകപ്പക്ഷികളെപ്പോലും പുറകിലാക്കുന്ന

വിചിത്രമനോഹരങ്ങളായ ശബ്ദങ്ങള്‍

ഒഴുകിവരുന്നു,

അവരിങ്ങനെ നമ്മോടുകൂടുമ്പോള്‍

എന്ത് രസമാണെന്ന്

കാടും പുഴയും പൂത്താങ്കീരിയും അണ്ണാനും

ഉറക്കെപ്പറയുന്നു.

അപാരമായ ജീവിതം നയിച്ചുതീര്‍ക്കുന്നത്

ഇങ്ങനെയാണ്... മൈന പറഞ്ഞത് ശരിയാണ്

അവര്‍ ചിരിച്ചുകൊണ്ട് പരസ്പരം കണ്ടുമുട്ടി.

അവര്‍ കൂട്ടാളികളെ കൂട്ടി. ഇരുവര്‍, മൂവര്‍,നാല്‍വര്‍, ഐവര്‍...

അവര്‍ കിളികള്‍ക്ക് ആഹാരം കൊടുത്തു

ചെടിക്ക് തടമിട്ടു, മണ്ണില്‍ ഓളക്കമിട്ടു...

നനഞ്ഞ തീരങ്ങളില്‍ പാര്‍ത്ത്

ഉർവരമായ ലോകങ്ങളുണ്ടാക്കി.

മൈന പറഞ്ഞത് ശരിയാണ്.

അപാരമായ ജീവിതത്തില്‍നിന്ന്,

അപാരങ്ങളായ ലോകങ്ങള്‍

ഉണ്ടായിവരും.

News Summary - madhyamam weekly malayalam poem