ഖബറിടങ്ങൾ
കുട്ടോത്തെ പള്ളിയിലെ ഖബറിടത്തിലൂടെയായിരുന്നു പഴയ, ഞങ്ങളുടെ സ്കൂൾ വഴി... കളി പറഞ്ഞും പൊട്ടിച്ചിരിച്ചും ചൂളമടിച്ചും ഇടവഴിയിൽ നിന്നും മരണശാന്തതയിലേക്ക്, ഓർക്കാപ്പുറത്താവും എന്നും ഞങ്ങളെടുത്തെറിയപ്പെടുക... മരിച്ചവരേക്കാൾ മരവിപ്പാകും അപ്പോൾ ഞങ്ങളുടെ കാലുകൾക്ക്... ഹൃദയംമാത്രം പിടയ്ക്കും... കാലടികൾ ആ മിടിപ്പുമാത്രം കേൾക്കും... വഴിയുടെ ഇരുഭാഗത്തും മരിച്ചവർ ഉറങ്ങുകയാവും. പേടിയാൽ, പാതി ചവച്ച നിലക്കടല ഉമിനീരിൽ കുതിർന്നിരിക്കും.. അതിെൻറ...
Your Subscription Supports Independent Journalism
View Plansകുട്ടോത്തെ പള്ളിയിലെ
ഖബറിടത്തിലൂടെയായിരുന്നു
പഴയ, ഞങ്ങളുടെ സ്കൂൾ വഴി...
കളി പറഞ്ഞും
പൊട്ടിച്ചിരിച്ചും
ചൂളമടിച്ചും
ഇടവഴിയിൽ നിന്നും
മരണശാന്തതയിലേക്ക്,
ഓർക്കാപ്പുറത്താവും എന്നും
ഞങ്ങളെടുത്തെറിയപ്പെടുക...
മരിച്ചവരേക്കാൾ
മരവിപ്പാകും അപ്പോൾ
ഞങ്ങളുടെ
കാലുകൾക്ക്...
ഹൃദയംമാത്രം പിടയ്ക്കും...
കാലടികൾ
ആ മിടിപ്പുമാത്രം കേൾക്കും...
വഴിയുടെ ഇരുഭാഗത്തും
മരിച്ചവർ ഉറങ്ങുകയാവും.
പേടിയാൽ,
പാതി ചവച്ച നിലക്കടല
ഉമിനീരിൽ കുതിർന്നിരിക്കും..
അതിെൻറ രസം ഇറക്കാനും
തുപ്പാനും വയ്യാതെ
വായിൽ ഒതുക്കി കാത്തുവെക്കും..
കോലൈസിെൻറ തണുപ്പ്
മരിച്ചവരുടെ സ്വപ്നംപോലെ
ഇറ്റിവീഴാതെ കോലിൽ തണുത്തുറയും.
മുട്ടായിയിലെ നാരങ്ങമണം
കുട്ടികളുടെ ഖബറിടത്തിനരികിൽ
അലിഞ്ഞലിയും...
പുസ്തകസഞ്ചിയിലെ
മഞ്ചാടിക്കുരുവും
ചില്ലുവളപ്പൊട്ടുകളും മാത്രം
അപ്പോൾ ഒന്ന് കിലുങ്ങും...
പള്ളിക്കാടിെൻറ
നരച്ച ഇരുട്ടിൽ നിറയെ
ഞങ്ങളെ തുറിച്ചുനോക്കുന്ന
കണ്ണുകളെ ഭയത്തോടെ പരതും...
ഒരു കണ്ണിലും പെടാതിരിക്കാൻ
പാടുപെട്ട് ശ്വാസം പിടിക്കും..
മരിച്ചവർ തമ്മിലുള്ള
സന്ദേശങ്ങളുമായി
അപ്പൂപ്പൻ താടികളും
കരിയിലകളും ഖബറിടങ്ങളിൽ
അങ്ങുമിങ്ങും പാറി നടക്കും...
തലമുറകൾക്കപ്പുറമുള്ള
ഉപ്പൂപ്പമാർമാത്രം വേരുകളിലൂടെ -
മണ്ണടരുകളിലൂടെ,
കൊച്ചുമക്കളെ തൊടും...
ഉമ്മൂമ്മമാർ അവരെ
പേരുചൊല്ലി വിളിക്കുമ്പോഴാണത്രേ
പള്ളിപ്പറമ്പിൽ ഇലപൊഴിച്ചിലുണ്ടാകുന്നത്...
പൊടുന്നനെ വീശുന്ന ഇളം കാറ്റും
ചിന്നിച്ചാറുന്ന മഴയും
ആത്മാക്കളുടെ വികാരങ്ങളാകുന്നതിന്
പലകുറി സാക്ഷിയായിട്ടുണ്ട്...
പള്ളിപ്പറമ്പിലെ മരങ്ങളിലും
ഇലകളിലും മാത്രം അവ
ചെന്നലയ്ക്കും...
മരിച്ചിട്ടും തീരാത്ത സംഘർഷങ്ങളിൽ
ചിലരുടെ ഖബറിടങ്ങളിൽ
തീ ഉയരുന്നതു കണ്ട്
ഞങ്ങൾ നിലവിളിച്ചിട്ടുണ്ട്...
പച്ചക്ക് കത്തുന്ന മരങ്ങളെ
സ്വപ്നം കണ്ട് ആ രാത്രികളിൽ
ഞെട്ടിയിട്ടുമുണ്ട്...
മീസാൻ കല്ലുകളുടെ അത്രയും
കൂട്ടിരിക്കുന്ന,
കാവലിരിക്കുന്ന
മറ്റെന്ത് ഏകാന്തതയുണ്ട്
ഭൂമിയിൽ...
മണ്ണിനും സ്വർഗത്തിനുമിടയിൽ
മനുഷ്യെൻറ നിസ്സഹായതകളെ
ഇറക്കിവെക്കാനുള്ള
ഒതുക്കുകല്ലുകളായി അവയെ
പലതവണ തോന്നിയിട്ടുണ്ട്.
ഏറെ മുതിർന്നിട്ടും
പള്ളിപ്പറമ്പിലൂടെ
തനിച്ച് നടക്കാൻ
ഇന്നും ഭയമാണ്...
ഇടക്ക് വഴിതെറ്റിച്ചെല്ലുമ്പോൾ
ചെവിക്കു പിടിക്കും
ഓർമകളിൽനിന്നും
എന്നേ മാഞ്ഞുപോയ
പ്രിയപ്പെട്ടവർ