കണ്ണാടിയിലെ ദൈവം
നദിക്കണ്ണാടിയിൽ മുഖം തെരയവേ തനിച്ചല്ലെന്നെന്റെ പ്രതിബിംബം സാക്ഷി ഇരട്ടഛായയിൽ ഉടൽമുങ്ങിച്ചാവു- മപരനായൊരാൾ കടുത്ത നാർസിസ്റ്റോ? തലയ്ക്കു ചുറ്റിലും ഇടംവലം കാക്ക- പ്രവചനങ്ങളിൽ ഭയന്നോടും നിഴൽ വരിതെറ്റാതേതോ കഥയിൽ വായിച്ച മനുഷ്യർക്കൊക്കെയും പരുക്കൻഛായകൾ വഴികൾ തേടിപ്പോ- യലഞ്ഞിടങ്ങളിൽ പലമുഖങ്ങളും പനിച്ചുവേവുന്നു ഗഹനതകളിൽ വിജനതകളിൽ മരണഭിക്ഷതൻ പലായനങ്ങളിൽ ജലവിരലുകൾ...
Your Subscription Supports Independent Journalism
View Plansനദിക്കണ്ണാടിയിൽ
മുഖം തെരയവേ
തനിച്ചല്ലെന്നെന്റെ
പ്രതിബിംബം സാക്ഷി
ഇരട്ടഛായയിൽ
ഉടൽമുങ്ങിച്ചാവു-
മപരനായൊരാൾ
കടുത്ത നാർസിസ്റ്റോ?
തലയ്ക്കു ചുറ്റിലും
ഇടംവലം കാക്ക-
പ്രവചനങ്ങളിൽ
ഭയന്നോടും നിഴൽ
വരിതെറ്റാതേതോ
കഥയിൽ വായിച്ച
മനുഷ്യർക്കൊക്കെയും
പരുക്കൻഛായകൾ
വഴികൾ തേടിപ്പോ-
യലഞ്ഞിടങ്ങളിൽ
പലമുഖങ്ങളും
പനിച്ചുവേവുന്നു
ഗഹനതകളിൽ
വിജനതകളിൽ
മരണഭിക്ഷതൻ
പലായനങ്ങളിൽ
ജലവിരലുകൾ
തഴുകിപ്പോകുന്ന
മിഴികൾക്കുള്ളിലെ
വളർത്തുമത്സ്യങ്ങൾ
തിരകൾ കാണാതെ
ചെകിളപ്പൂക്കളിൽ
ഒളിഞ്ഞിരിക്കുന്ന
മുഖം...മനം...ഏതോ?
ചുമരി;ലാണിയിൽ
കുളിമുറികളിൽ
അകത്തേക്കണ്ണാടി
ഉടഞ്ഞകാലത്തു
പുറത്തെഛായയിൽ
പതിഞ്ഞതൊക്കെയും
പരമനഗ്നത
തെളിഞ്ഞദേശങ്ങൾ!
ഉദയദർപ്പണം
തുടച്ചുവച്ചിട്ടും
ചെളിമറഞ്ഞില്ല
മതിവരുന്നില്ല
സുഖദുഃഖഭ്രമ
പ്രതിച്ഛായക്കുള്ളിൽ
ഒടുക്കമിങ്ങനെ
പ്രതിവചിക്കുന്നു:
എനിക്ക് ഞാൻ ദൈവം!
നിനക്ക് നീ ദൈവം!