ഗഫൂരി പറയുകയാണ്
മരണത്തെക്കുറിച്ച് ഗഫൂരിയ്ക്ക്* പറയാനേറെയാണ്. കാറ്റായി വായിലൂടെ പുറത്തേയ്ക്ക് ഒറ്റപ്പാച്ചിലാണ്. ചിലപ്പോൾ കണ്ണിലൂടെ കാൽനഖത്തിലൂടെ വിരൽത്തുമ്പിലൂടെ മരണം പോണപോക്കിൽ അടുക്കളവാതിൽ വലിച്ചടയ്ക്കും മുൻവശത്തെ പന്തലിച്ച തെങ്ങിന്റെ കന്നിമടൽ ഒടിച്ചിടും മഴവെള്ളം നിറഞ്ഞ മൺകുടം എറിഞ്ഞുടയ്ക്കും ഇടിമിന്നലായി തെക്കേമാവിലിരുന്നു കത്തിപ്പടരും മരശാഖയൊടിച്ചിടും. ഗൗളിയായി വാലരിഞ്ഞ് നിലത്തുവീഴും. മൂവന്തി ചോപ്പിൽ കാക്കയായി പറക്കും ചിലപ്പോൾ...
Your Subscription Supports Independent Journalism
View Plansമരണത്തെക്കുറിച്ച് ഗഫൂരിയ്ക്ക്*
പറയാനേറെയാണ്.
കാറ്റായി വായിലൂടെ പുറത്തേയ്ക്ക്
ഒറ്റപ്പാച്ചിലാണ്.
ചിലപ്പോൾ കണ്ണിലൂടെ
കാൽനഖത്തിലൂടെ
വിരൽത്തുമ്പിലൂടെ
മരണം പോണപോക്കിൽ
അടുക്കളവാതിൽ വലിച്ചടയ്ക്കും
മുൻവശത്തെ പന്തലിച്ച
തെങ്ങിന്റെ കന്നിമടൽ ഒടിച്ചിടും
മഴവെള്ളം നിറഞ്ഞ
മൺകുടം എറിഞ്ഞുടയ്ക്കും
ഇടിമിന്നലായി തെക്കേമാവിലിരുന്നു
കത്തിപ്പടരും മരശാഖയൊടിച്ചിടും.
ഗൗളിയായി വാലരിഞ്ഞ് നിലത്തുവീഴും.
മൂവന്തി ചോപ്പിൽ കാക്കയായി പറക്കും
ചിലപ്പോൾ നേരംകെട്ട നേരത്ത്
മുന്നും പിന്നും നോക്കാതെ ഒറ്റപ്പോക്കാണ്.
മിഴികൾ ഉഴുതുമറിയ്ക്കും
കുറുകിയ കൈവിരലുകൾ നീട്ടി വലിക്കും
പ്രാണൻ പിടച്ചത് ആദ്യമറിയുന്നത്
ചോണനുറുമ്പുകളാണ്.
ഗഫൂരി മരിച്ചപ്പോൾ..!
മരണം തെരുവുവിളക്കിനരികിൽ
പതുങ്ങിക്കിടന്നിരുന്നു.
കാറ്റായും മിന്നലായും വന്നില്ല
ഉറുമ്പായും ഈച്ചയായും ചുണ്ടിലൊട്ടിയില്ല.
ഇഴഞ്ഞുവന്നാണ് പിടികൂടിയത്
കൊടും മഴച്ചുമരുകൾക്കുള്ളിൽ
തണുതണുക്കേ ഇറങ്ങിപ്പോവുമ്പോൾ
നീലക്കാലുകൾ നീട്ടിവലിച്ച്
ഗഫൂരി പറയുന്നു,
മരണം മഴയത്തിഴഞ്ഞും വരുമെന്ന്.
l