കറുത്തോൾ, കരുത്തുറ്റോൾ
പാതാളം തുരന്ന് തുരന്ന് അവൾ കൽക്കരിയേക്കാൾ കറുത്തിരുണ്ടു മാറിൽ ഒട്ടിക്കിടന്ന കുഞ്ഞിന് കരിമ്പൂച്ചയേക്കാൾ കറുപ്പ് കൽക്കരിത്തുണ്ട് ഒട്ടിച്ചുെവച്ച മുല അതിൽനിന്നൂറിയ പാലാഴി കാരുണ്യത്തിന്റെ ഉറവ മഹാപ്രവാഹം ഒരു തുണ്ടു കൽക്കരി തന്റെ ജന്മരഹസ്യമോതി നീ പിച്ചവെച്ചു തുടങ്ങിയ നാൾ മുതൽ നീ എന്തായിരുന്നോ അതായിരുന്നു ഞാനും ഉണ്മയുടെ...
Your Subscription Supports Independent Journalism
View Plansപാതാളം തുരന്ന് തുരന്ന്
അവൾ കൽക്കരിയേക്കാൾ കറുത്തിരുണ്ടു
മാറിൽ ഒട്ടിക്കിടന്ന കുഞ്ഞിന്
കരിമ്പൂച്ചയേക്കാൾ
കറുപ്പ്
കൽക്കരിത്തുണ്ട്
ഒട്ടിച്ചുെവച്ച മുല
അതിൽനിന്നൂറിയ പാലാഴി
കാരുണ്യത്തിന്റെ
ഉറവ
മഹാപ്രവാഹം
ഒരു തുണ്ടു കൽക്കരി തന്റെ
ജന്മരഹസ്യമോതി
നീ പിച്ചവെച്ചു തുടങ്ങിയ
നാൾ മുതൽ
നീ എന്തായിരുന്നോ
അതായിരുന്നു ഞാനും
ഉണ്മയുടെ വേദാന്തങ്ങൾക്കപ്പുറം
ഞാനൊരു ജൈവകോശം
കുഞ്ഞുന്നാളിൽ
ഞാൻ എനിക്ക് ചുറ്റും
കുഞ്ഞിളം ശിഖരങ്ങൾ നീട്ടി
എനിക്ക് മേൽ
മഴയും വെയിലും മഞ്ഞും നിലാവും ഇരുളും പെയ്തു.
ശരത്തിൽ
ഞാനെന്റെ മേലാപ്പഴിച്ചു
മഞ്ഞിൻകണങ്ങൾ
ഉടലിന്റെ ചൂടിൽ ഒട്ടിപ്പിടിച്ചു
ഇരുളിൽ രാവ് കുടിച്ച്
കറുത്തിരുണ്ടു.
നിലാവിൻ നീരുറവയിൽ
കാക്കക്കറുപ്പിൻ നിഴലായി
മഞ്ഞും വെയിലും
ഇണചേർന്ന ഡിസംബറിൽ ഉടലാകെ
പൂത്തുലഞ്ഞു
പരാഗങ്ങളിലൊളിപ്പിച്ച
ജീവൽസ്പന്ദനങ്ങളുടെ
വരവറിയിച്ച് തേനീച്ചകൾ എന്നെ പൊതിഞ്ഞു
ഓരോ പൂവിലും സംഗീതം നിറച്ചു.
ഉടലാകെ കായ്കൾ നിറഞ്ഞു
സന്തതി പരമ്പരകളുടെ ജന്മരഹസ്യമായ്
ഞാൻ എന്നിൽ കറുത്ത ജൈവകോശത്തിൻ
വിത്തൊളിപ്പിച്ചു.
ശിഖരങ്ങളിലൊക്കെയും
പക്ഷികൾ ചേക്കേറി
ഉടലിന്റെ കനിവ് കനികളായ് വിളഞ്ഞു പഴുത്തു
ശലഭങ്ങൾ, പറവകൾ
മരംചാടികൾ
എന്നെ
തുരന്ന് നുണഞ്ഞു
ഹർഷോന്മാദത്തിൽ
ഞാനൊരു
വനമായ് പടർന്നു
എന്നിൽ
സംസ്കൃതികൾ
വിളഞ്ഞു
പായ്ക്കപ്പലുകൾ
ഏഴ് കടലുകൾ താണ്ടി
തുഴയെറിഞ്ഞവർ
ചങ്ങലയിൽ കറുത്തിരുണ്ടു.
ഗന്ധകപുകയിൽ വൻകരകൾ അപ്രത്യക്ഷമായ്...
ജനിമൃതികൾക്കിടയിൽ
ശൈത്യം മരവിപ്പായ് പടർന്നു കയറിയനാൾ
പ്രളയത്തിൽ
സ്ഥലകാലങ്ങൾ അപ്രത്യക്ഷമായ്
ഭൂമിയുടെ ഗർഭപാത്രത്തിനുള്ളിൽ
അടരുകൾക്കിടയിൽ
അടിഞ്ഞുകൂടിയ ജീവകോശം
തിളക്കുന്ന ലാവയിൽ ഉരുകി തിളച്ച്
സഹസ്രാബ്ദങ്ങളുടെ
കാലപ്പഴമയിൽ
വൃക്ഷത്തിൽനിന്ന്
കൽക്കരിയിലേക്ക് ഞാൻ കൂടുമാറി
എന്നെക്കാൾ കറുത്ത നിന്റെ മുലഞെട്ടിലെ
നറുംപാലായ്
സംസ്കൃതിയുടെ
വാർപ്പുകൾക്കായ് വിയർപ്പുമുത്തുകളിറ്റിച്ച്
നീ എന്റെ ദാഹം തീർത്തു
നിന്റെ പിക്കാസിൻ തുമ്പിൽ
എന്നെ കൊത്തിയെടുക്കുന്തോറും നീ
എന്നേക്കാൾ കറുത്തിരുണ്ടു.
ആലയിൽ
തീവണ്ടിയിൽ
ഉരുക്കുശാലയുടെ
ബോയിലറിൽ
എന്നെ കോരിയിടുമ്പോൾ
അഗ്നി എന്നിൽ നിറയുമ്പോൾ
നിന്റെ സന്തതി പരമ്പരകൾക്ക് ഞാനെന്റെ
കരിനിറം പകരം നൽകി.
എന്നിൽനിന്നുരുകിയൊലിച്ച ലാവയുടെ
സഞ്ചാരപഥങ്ങളിൽ
കറുത്ത പരുത്തിമണ്ണിൻ ജന്മസ്ഥലികൾ
കറുപ്പിൽ വിരിഞ്ഞ വെളുത്ത പഞ്ഞിനാരുകൾ
കറുത്ത വിരലുകളുടെ
ധൃതതാളത്തിൽ
തറിയിൽ പിറന്ന വെണ്മ
പട്ടിൻ മാരിവില്ലഴക്
തഞ്ചാവൂരിലെ കലാഗ്രാമത്തിൽ
പാതാളശിലയിൽ
കറുത്ത തച്ചന്റെ
ഉളിയിൽനിന്നിറങ്ങി
നടന്ന കൃഷ്ണശില ഗോക്കളെ മേച്ച മയിൽപ്പീലി
പൈക്കളെ കറന്ന കറുത്ത ഗോപികമാർ
പ്രണയത്തിൻ പാലാഴി കടഞ്ഞ കാർവർണൻ
തർക്കശാസ്ത്രത്തിൻ തേരോട്ടങ്ങൾ
മനുസ്മൃതിയിൽ
ചുട്ടെടുത്ത ശങ്കരഭാഷ്യം
ദിഗ് വിജയങ്ങൾ
അറുപത്തിനാലടി ഉയരമുള്ള ശൂലത്തിൽ
കുത്തിനിറുത്തിയ
കറുത്ത ഉടൽ
നെയ്യിൽ പുളഞ്ഞ പൂണൂൽ
പച്ചമാംസത്തിൽ ഉരുകിയിറങ്ങുന്ന തിളച്ച ഈയം
ഹോമാഗ്നിയിൽ കറുത്ത പെണ്ണിൻ നിലവിളി
ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
കാപ്പിരി കൂട്ടങ്ങൾ മണ്ണരിച്ച് പൊന്നു തേടി
വെളുത്തോന്റെ ഗന്ധകപ്പുകയിൽ
കറുത്ത ശിലയായ് അവർ എന്നോടൊപ്പം ചേർന്നു.
വെളുപ്പും കറുപ്പും രാപ്പകലുകളായി
വെളുപ്പിനെ വെളുപ്പിച്ചത് ഞാൻ
കറുപ്പിനെ കറുപ്പിച്ചതും ഞാൻ...
കറുത്തോൾ
കാട്ടുചോലയിൽ നീരാടി
കാറ്റിലുലഞ്ഞാടും മുളന്തണ്ടിൻ മർമരംപോൽ
കരയിളക്കി കാടിളക്കി
കറുത്തവാവിൻ കച്ചകെട്ടി
കരിമഷിപോൽ പൂത്തുനിൽപ്പൂ
കാട്ടുപെണ്ണാൾ
കറുത്തോൾ
കരുത്തുറ്റോൾ.
l