ഒരു തടവുപുള്ളിയുടെ ജയിൽ
1. കത്തുകൾ ഭ്രാന്താ, നമ്മുടെ കത്തുകൾ മറ്റുള്ളവർ വായിക്കുന്നത് പുതിയ കാര്യമാണോ? മറ്റുള്ളവർക്ക് വായിക്കാനായി നാം കത്തുകൾ അച്ചടിപ്പിക്കുന്നില്ലേ? എന്നിട്ടും അപരിചിതർ അനുമതിയില്ലാതെ നമ്മുടെ കത്തുകൾ വായിക്കുമ്പോൾ നാമത് തടയാൻ ശ്രമിക്കുന്നത് നമുക്ക് രഹസ്യാത്മകത അത്രമേൽ അവശ്യമായതിനാലല്ല- നമ്മുടെ സ്വകാര്യത നാം ആഗ്രഹിക്കുന്നു: അത്രമാത്രം. 2....
Your Subscription Supports Independent Journalism
View Plans1. കത്തുകൾ
ഭ്രാന്താ,
നമ്മുടെ കത്തുകൾ
മറ്റുള്ളവർ വായിക്കുന്നത്
പുതിയ കാര്യമാണോ?
മറ്റുള്ളവർക്ക് വായിക്കാനായി
നാം കത്തുകൾ
അച്ചടിപ്പിക്കുന്നില്ലേ?
എന്നിട്ടും
അപരിചിതർ
അനുമതിയില്ലാതെ
നമ്മുടെ കത്തുകൾ
വായിക്കുമ്പോൾ
നാമത് തടയാൻ ശ്രമിക്കുന്നത്
നമുക്ക് രഹസ്യാത്മകത
അത്രമേൽ അവശ്യമായതിനാലല്ല-
നമ്മുടെ സ്വകാര്യത
നാം ആഗ്രഹിക്കുന്നു:
അത്രമാത്രം.
2. നെൽസൺ മണ്ടേല
ഒരു രാഷ്ട്രീയ തടവുകാരന്റെ
ചേതനയെ നിർവചിക്കുന്നു നീ
സ്വാതന്ത്ര്യത്തിന്റെ
പ്രതീകം നീ.
തടവിനെ വെല്ലുവിളിച്ചുകൊണ്ട്
നീ പറയുന്നു:
സ്വാതന്ത്ര്യംതന്നെ വിപ്ലവം.
ഒരു രാവുമൊരു പകലുമല്ലെങ്കിൽ,
എന്താണു ജീവിതം?
ഒരു വീടും ഒരു തൊഴിലുമല്ലെങ്കിൽ
എന്താണൊരു ജോലി?
നിശ്ചിതമായ മരണത്തിനപ്പുറം
ഒരാളുടെ ലക്ഷ്യം
സ്വാതന്ത്ര്യമെങ്കിൽ
അയാൾ ജനങ്ങൾക്ക്
ഉദിച്ചുയരുന്ന സൂര്യൻ
പലായനത്തിൽപോലും
വായുവിൽ നിറയും സുഗന്ധം.
ഇരുമ്പ് തീയേറ്റ് പതിയെ
ചുട്ടുപഴുക്കുംപോലെ
അയാൾ തടവറയിൽ
കാത്തിരിക്കുന്നു.
3. പ്രതിഫലനം
ഞാൻ വെടിക്കോപ്പുകൾ വിതരണം ചെയ്തില്ല
അതിനായുള്ള ആശയങ്ങളും
ഇരുമ്പുലാടങ്ങളാൽ ചവിട്ടിമെതിച്ചത് നിങ്ങൾ
ഉറുമ്പുപുറ്റുകളിന്മേലും
ചവിട്ടിമെതിക്കപ്പെട്ട ഭൂമിയിൽനിന്നും
പ്രതികാരത്തിന്റെ ആശയങ്ങൾ ഉറവയെടുത്തു
നിങ്ങളാണ് നിങ്ങളുടെ ലാത്തിയാൽ
തേനീച്ചക്കൂട്ടിലെറിഞ്ഞത്
ചിതറുന്ന ഈച്ചകളുടെ ഇരമ്പം
ഭീതിയാൽ ചുവപ്പു പരന്ന
നിങ്ങളുടെ വിറയ്ക്കുന്ന മുഖത്ത്
പൊട്ടിച്ചിതറി
ജനങ്ങളുടെ ഹൃദയത്തിൽ
വിജയപ്പെരുമ്പറ മുഴങ്ങാൻ തുടങ്ങിയപ്പോൾ
നിങ്ങളത് ഒരു വ്യക്തിയുടേതെന്നു
തെറ്റിദ്ധരിക്കയും
നിങ്ങളുടെ തോക്കുകളെ പരിശീലിപ്പിക്കുകയും ചെയ്തു
വിപ്ലവം എല്ലാ ചക്രവാളങ്ങളിൽനിന്നും പ്രതിധ്വനിച്ചു.
മൊഴിമാറ്റം: പി.എസ്. മനോജ്കുമാർ