തടവറക്കവിതകൾ
1. ഒരു ഭ്രാന്തൻ സ്വപ്നം വെറളിപിടിച്ച് വൈറസ് എന്നെ പിടിച്ചുലച്ചപ്പോൾ ഞാനൊരു സ്വപ്നം കണ്ടു രണ്ടാം വർഷം പ്രീഡിഗ്രി ഗണിതത്തിനു തോറ്റിരിക്കുന്നു ഇനി എം.എയും പി.ജി.ഡി.റ്റിയും പിഎച്ച്.ഡിയും ബി.എപോലും, ഉണ്ടായിട്ടെന്ത് കാര്യം? അതിനൊക്കെ ഇപ്പോഴും വിലയുണ്ടോ അതെല്ലാം താനെ റദ്ദായോ? തൊണ്ടയിലെ വൈറസിന്റെ തീവ്ര ആക്രമണത്തിൽ ഞാൻ ഞെരിഞ്ഞു. ഞങ്ങൾ അപ്പോഴും ഞങ്ങളുടെ നാട്ടിലാണ് നിന്റെ കത്ത്...
Your Subscription Supports Independent Journalism
View Plans1. ഒരു ഭ്രാന്തൻ സ്വപ്നം
വെറളിപിടിച്ച് വൈറസ് എന്നെ പിടിച്ചുലച്ചപ്പോൾ
ഞാനൊരു സ്വപ്നം കണ്ടു
രണ്ടാം വർഷം പ്രീഡിഗ്രി ഗണിതത്തിനു തോറ്റിരിക്കുന്നു
ഇനി എം.എയും പി.ജി.ഡി.റ്റിയും
പിഎച്ച്.ഡിയും ബി.എപോലും,
ഉണ്ടായിട്ടെന്ത് കാര്യം?
അതിനൊക്കെ ഇപ്പോഴും വിലയുണ്ടോ
അതെല്ലാം താനെ റദ്ദായോ?
തൊണ്ടയിലെ വൈറസിന്റെ തീവ്ര ആക്രമണത്തിൽ
ഞാൻ ഞെരിഞ്ഞു.
ഞങ്ങൾ അപ്പോഴും ഞങ്ങളുടെ നാട്ടിലാണ്
നിന്റെ കത്ത് കൊച്ചനുജൻ കൈയിലേക്ക് വെച്ചുതന്നു:
''എന്നെ മറന്നേക്കൂ
ഈ ബന്ധം നമ്മൾ തുടരേണ്ട.''
വിയർത്തൊലിച്ച് നനഞ്ഞു
തടവറകുപ്പായമെല്ലാം.
പിറ്റേന്ന്,
വിഭ്രാന്തിയുടെ
അടുത്ത നിമിഷം,
മൂർത്തിയുടെ സൈക്കിളിൽ ഡബിൾസ് പോകുന്ന
നിന്നെ കോളജ് ഗേറ്റിൽ തടഞ്ഞുനിർത്തി ഞാൻ;
മുഖംതിരിച്ച് നീ പറഞ്ഞു,
''എനിക്ക് നിന്നോട് സംസാരിക്കണ്ട.''
എന്റെ ഓരോ അംഗത്തിനുംമേലുള്ള
രോഗാണുവിന്റെ ആക്രമണത്തിൽ
ഞെട്ടിത്തരിച്ച് ഞാൻ.
നമ്മുടെ പ്രണയനഗരത്തിൽ
പതിനായിരങ്ങളാണ് വന്നുകൂടിയത്
ജീവിക്കാനുള്ള അവകാശത്തിനായ്.
ഒരു കെട്ട് കടലാസുകളുമായി പോലീസെത്തി.
''റാലിക്കും പൊതുയോഗത്തിനും
അനുമതിയില്ല.'' ഇതാണ് കൽപന.
ഇനിയെന്തുചെയ്യും
ഇളകിമറിയുന്ന ഈ ജനസാഗരത്തെ?
ഇനിയും വിലപ്പോകുമോ ആ കൽപന?
പനിപിടിച്ച എന്റെ ശരീരം
വേദനിച്ച് വ്യാകുലപ്പെട്ട് വിറച്ചുതുള്ളി.
ഇക്കഴിഞ്ഞ ദിവസം ജയിൽഫോണിൽ കേട്ട
നിന്റെ വാക്കുകൾ
തലക്കകത്ത് വീണ്ടും വീണ്ടും മുഴങ്ങി:
''കുടിയേറ്റ തൊഴിലാളികൾ കൂട്ടപലായനത്തിലാണ്
കാൽനടയായി നൂറുകണക്കിന് മൈലുകളകലെയുള്ള
ഗ്രാമങ്ങളിലേക്ക്.'' അത്ഭുതംതന്നെ,
മനസ്സിൽ മുഴങ്ങുന്ന നിന്റെ ശബ്ദത്തിൽ
മറഞ്ഞേപോയ്
ആ ഉഗ്രരോഗാണുവിന്റെ ആക്രമണം.
* പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആ ദിനങ്ങൾ എന്നും പുഞ്ചിരി തൂകുന്ന നിന്റെ മുഖത്ത് അധികം വൈകാതെ മടങ്ങിവരട്ടെ എന്ന് ആശംസിച്ചുകൊണ്ട്. ജൂലൈ 25, 2021 (വസന്തക്കുള്ള എഴുത്ത്)
2. പറയൂ, മഹാമുനേ
പറയൂ, മഹാമുനേ,
ലൗകിക വസ്തുക്കൾ എങ്ങനെയാണ് നിങ്ങൾ
ഉപേക്ഷിച്ചത്?
വസ്ത്രം ഊരിമാറ്റി
പട്ടിന്റെ കാവിയുടുത്തു.
ആർത്തിക്കെതിരെ ധർമോപദേശം തുടങ്ങിയപ്പോൾ
വിസ്തൃത പാടശേഖരങ്ങൾ കൈയടക്കി,
കണക്കറ്റ സമ്പത്തും കുന്നുകൂട്ടി.
എല്ലാ വികാരങ്ങളും അകറ്റണമെന്ന
ആ പ്രസിദ്ധ പ്രഖ്യാപനത്തോടൊപ്പം,
ജനസമുദായങ്ങൾക്കിടയിൽ വെറുപ്പ്
ആളിപ്പടർത്താൻ തുടങ്ങി.
ഒടുവിൽ, പരമപ്രഭുവിന്റെ പേരിൽ,
അധികാരം കവർന്നെടുത്തു നിങ്ങൾ.
ജനസേവകൻ കബീർ, പറയുന്നു,
കസേരമോഹം എന്നെങ്കിലും കൈയൊഴിയുമോ
ഈ ഭീകരസന്താനം?
സംശയം ഇനിയുമുള്ള
വഴിപോക്കരെ, ഇത് കാണൂ,
അവൻ കടിച്ചുതൂങ്ങുന്ന ആ കസേര ചെയ്തുകൂട്ടിയ
ഘോരകൃത്യങ്ങൾ.
l
ഫെബ്രുവരി 15, 2020
3. നിന്റെ
പ്രണയനഗര പാട്ട്
നിന്റെ പാട്ട് എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്,
''പ്രേമിക്കുന്ന നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്
ഈ നഗരം.''
പ്രിയേ, നിന്റെ ഇമ്പമുള്ള വാക്കുകളിൽ ഞാൻ മയങ്ങി,
''വരൂ, നമുക്കീ തെരുവുകളിലൂടെ നടക്കാം,
നമ്മുടെ ചോരക്കൊടികളുടെ ഒഴുക്ക്
തിരമാലകൾപോലെ നഗരത്തിന്റെ ഉച്ചിയെ തഴുകട്ടെ.
ഈ നഗരം പ്രേമിക്കുന്ന
നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്.''
നിന്റെ ഈണം എന്റെ തപ്തധമനികളിൽ നിറഞ്ഞു,
സകലരുടെയും ചോരയിലലിഞ്ഞ അഭിലാഷങ്ങൾ
നഗരത്തിലെ ചത്വരങ്ങളെയെല്ലാം പ്രകാശമയമാക്കി.
പ്രണിതാക്കളുടെ ഓരോ ചുവടും
നിന്റെ രാഗത്തിന് ശ്രുതിമീട്ടി,
തെരുവുകളെല്ലാം നിന്റെ പാട്ടിന്റെ
ഘോഷയാത്രകളിൽ തിളങ്ങി,
പൂങ്കാവനങ്ങളിൽ ജ്വാലകളെപ്പോലെ
പൂക്കൾ പൂത്തുലഞ്ഞു.
''ഇനിയില്ല, പ്രണിതാക്കളെ, വിദൂരദേശങ്ങളിലെ
വെറും പ്രതിമയായ സ്വാതന്ത്ര്യം,
ഹൃദയത്തിൽ കുഴിച്ചുമൂടാനല്ല ഇനി നിങ്ങളുടെ ആശകൾ.
വിലക്കപ്പെട്ട കനിയല്ല പ്രണയം ഇനിമേൽ,
ഈ നഗരം പ്രേമിക്കുന്ന നമ്മുടെ
ഹൃദയങ്ങൾക്കുള്ളതാണ്.''
നിന്റെ പാട്ടിന്റെ ഉയരുന്ന മാറ്റൊലി
നീലാകാശസാഗരത്തിലെ
സന്തോഷത്തിന്റെ വെള്ളിമേഘക്കൂട്ടങ്ങളെ തഴുകി.
കാലമാകുന്ന തറിയിൽ കവികൾ ഊടും പാവും നെയ്തു
പീഡിതഹൃത്തിന്റെ ആശകളും അഭിലാഷങ്ങളും.
ചിത്രംവരക്കാർ പ്രണയനിറങ്ങൾ ചാർത്തി
പാട്ടുകാർ നിന്റെ രാഗങ്ങൾ മീട്ടി മെനഞ്ഞെടുത്തു
ജീവിതതന്തുക്കൾ.
എന്നാണ് പേക്ഷ പ്രണയത്തെ യുദ്ധമായി പ്രഖ്യാപിച്ചത്?
സ്മാർട്സിറ്റിയുടെ പിശാചുക്കൾ എന്നുമുതൽക്കാണ്
പ്രേമിക്കുന്ന ഹൃദയങ്ങളെ ചവിട്ടിയരക്കാൻ തുടങ്ങിയത്?
ദിനങ്ങളിൽ എന്തേ പെട്ടെന്ന് ഈ ഇരുളു പരക്കുന്നു?
നിഷ്ഠുരവാഴ്ചയുടെ നിഴലുകൾ
സ്മാർട്ട് മണിമാളികകളുടെ തിളങ്ങുന്ന
ചുവരുകളിൽ നൃത്തംവെച്ചുതുടങ്ങി.
വിശ്വാസവഞ്ചകരായി പ്രേമിക്കുന്ന എല്ലാ ഹൃദയങ്ങളും
രാജ്യദ്രോഹമായി പ്രണയഗീതങ്ങളെല്ലാം.
കണ്ണീർക്കടലിൽ മുങ്ങിയ നഗരം,
പൊടിപടലങ്ങൾ മൂടിയ ചന്ദ്രബിംബം,
കവികളുടെ പാട്ടും യുവതയുടെ സ്വപ്നങ്ങളും
വെറുപ്പിന്റെ നിഷ്ഠുരത നിശ്ശബ്ദമാക്കി, തകർത്തു.
നാം പ്രണയശപഥം ചെയ്തു
പാട്ടിന്റെയും നൃത്തത്തിന്റെയും വേദികളെ
ഇടിച്ചുനിരത്തി
വെറുപ്പിന്റെ ഉപാസകർ.
കീറി പ്രത്യാശയുടെ പോസ്റ്ററുകളെ തുണ്ടുതുണ്ടായി,
ഒഴുകി നടന്ന സ്വപ്നങ്ങളുടെ ലഘുലേഖകൾ കത്തിച്ചു,
പിടിച്ചെടുത്തു പ്രണയബാനറുകൾ,
വിലങ്ങുവെച്ച് പൂട്ടി നഗരത്തിലെ പ്രണിതാക്കളെ.
ഇന്നും എന്റെ ഓർമകളിലെ
നനവാർന്ന സാന്നിധ്യമാണ്
പ്രേമിച്ചവർ ഒഴുക്കിയ രക്തം.
എന്റെ ഏകാന്തതയുടെ വന്യതയിലെപ്പോഴും
മുഴങ്ങുന്നത് നിന്റെ പാട്ട്:
''ഇവിടെയാണ് ജീവിതം, ഇവിടെ പ്രണയവുമുണ്ട്,
മനസ്സിലെ ദുഃഖം പോയി,
പ്രണയനഗരം പിറന്നു.
പ്രിയനെ, നമുക്കാ കുന്നിലേക്ക് മാർച്ചുചെയ്യാം.''
എന്നും രാവിലെ,
എന്റെ ഏകാന്തതടവറയിൽ,
നിന്റെ പാട്ട് എന്നെയുണർത്തുന്നു.
കരിംചുവപ്പാർന്ന പ്രണയത്തിന്റെ രക്തത്തിൽ
നമ്മുടെ ഹൃദയബന്ധം കുറിച്ചുവെച്ച
കൂട്ടാളികൾക്കുവേണ്ടി
ചുറ്റും ഞാൻ നോക്കും.
പ്രിയേ, എന്റെ ഹൃദയം നോവുന്നു,
മനസ്സ് അസ്വസ്ഥമാണ്,
നിന്റെ പാട്ട് പക്ഷേ
മരവിച്ച എന്റെ മനസ്സിൽ
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
''പ്രണയപ്രവാഹങ്ങൾ ഇനിയും ഒഴുകും,
ജീവന്റെ പച്ചത്തുടുപ്പുകൾ തളിരിടും,
അഴകിന്റെയും അന്തസ്സിന്റെയും
കൊടുമുടികൾ നമുക്കുള്ളതാണ്,
പ്രേമിക്കുന്ന നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്
ഈ നഗരം.''
3. നിന്റെ പ്രണയനഗര പാട്ട്
നിന്റെ പാട്ട് എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്,
''പ്രേമിക്കുന്ന നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്
ഈ നഗരം.''
പ്രിയേ, നിന്റെ ഇമ്പമുള്ള വാക്കുകളിൽ ഞാൻ മയങ്ങി,
''വരൂ, നമുക്കീ തെരുവുകളിലൂടെ നടക്കാം,
നമ്മുടെ ചോരക്കൊടികളുടെ ഒഴുക്ക്
തിരമാലകൾപോലെ നഗരത്തിന്റെ ഉച്ചിയെ തഴുകട്ടെ.
ഈ നഗരം പ്രേമിക്കുന്ന
നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്.''
നിന്റെ ഈണം എന്റെ തപ്തധമനികളിൽ നിറഞ്ഞു,
സകലരുടെയും ചോരയിലലിഞ്ഞ അഭിലാഷങ്ങൾ
നഗരത്തിലെ ചത്വരങ്ങളെയെല്ലാം പ്രകാശമയമാക്കി.
പ്രണിതാക്കളുടെ ഓരോ ചുവടും
നിന്റെ രാഗത്തിന് ശ്രുതിമീട്ടി,
തെരുവുകളെല്ലാം നിന്റെ പാട്ടിന്റെ
ഘോഷയാത്രകളിൽ തിളങ്ങി,
പൂങ്കാവനങ്ങളിൽ ജ്വാലകളെപ്പോലെ
പൂക്കൾ പൂത്തുലഞ്ഞു.
''ഇനിയില്ല, പ്രണിതാക്കളെ, വിദൂരദേശങ്ങളിലെ
വെറും പ്രതിമയായ സ്വാതന്ത്ര്യം,
ഹൃദയത്തിൽ കുഴിച്ചുമൂടാനല്ല ഇനി നിങ്ങളുടെ ആശകൾ.
വിലക്കപ്പെട്ട കനിയല്ല പ്രണയം ഇനിമേൽ,
ഈ നഗരം പ്രേമിക്കുന്ന നമ്മുടെ
ഹൃദയങ്ങൾക്കുള്ളതാണ്.''
നിന്റെ പാട്ടിന്റെ ഉയരുന്ന മാറ്റൊലി
നീലാകാശസാഗരത്തിലെ
സന്തോഷത്തിന്റെ വെള്ളിമേഘക്കൂട്ടങ്ങളെ തഴുകി.
കാലമാകുന്ന തറിയിൽ കവികൾ ഊടും പാവും നെയ്തു
പീഡിതഹൃത്തിന്റെ ആശകളും അഭിലാഷങ്ങളും.
ചിത്രംവരക്കാർ പ്രണയനിറങ്ങൾ ചാർത്തി
പാട്ടുകാർ നിന്റെ രാഗങ്ങൾ മീട്ടി മെനഞ്ഞെടുത്തു
ജീവിതതന്തുക്കൾ.
എന്നാണ് പേക്ഷ പ്രണയത്തെ യുദ്ധമായി പ്രഖ്യാപിച്ചത്?
സ്മാർട്സിറ്റിയുടെ പിശാചുക്കൾ എന്നുമുതൽക്കാണ്
പ്രേമിക്കുന്ന ഹൃദയങ്ങളെ ചവിട്ടിയരക്കാൻ തുടങ്ങിയത്?
ദിനങ്ങളിൽ എന്തേ പെട്ടെന്ന് ഈ ഇരുളു പരക്കുന്നു?
നിഷ്ഠുരവാഴ്ചയുടെ നിഴലുകൾ
സ്മാർട്ട് മണിമാളികകളുടെ തിളങ്ങുന്ന
ചുവരുകളിൽ നൃത്തംവെച്ചുതുടങ്ങി.
വിശ്വാസവഞ്ചകരായി പ്രേമിക്കുന്ന എല്ലാ ഹൃദയങ്ങളും
രാജ്യദ്രോഹമായി പ്രണയഗീതങ്ങളെല്ലാം.
കണ്ണീർക്കടലിൽ മുങ്ങിയ നഗരം,
പൊടിപടലങ്ങൾ മൂടിയ ചന്ദ്രബിംബം,
കവികളുടെ പാട്ടും യുവതയുടെ സ്വപ്നങ്ങളും
വെറുപ്പിന്റെ നിഷ്ഠുരത നിശ്ശബ്ദമാക്കി, തകർത്തു.
നാം പ്രണയശപഥം ചെയ്തു
പാട്ടിന്റെയും നൃത്തത്തിന്റെയും വേദികളെ
ഇടിച്ചുനിരത്തി
വെറുപ്പിന്റെ ഉപാസകർ.
കീറി പ്രത്യാശയുടെ പോസ്റ്ററുകളെ തുണ്ടുതുണ്ടായി,
ഒഴുകി നടന്ന സ്വപ്നങ്ങളുടെ ലഘുലേഖകൾ കത്തിച്ചു,
പിടിച്ചെടുത്തു പ്രണയബാനറുകൾ,
വിലങ്ങുവെച്ച് പൂട്ടി നഗരത്തിലെ പ്രണിതാക്കളെ.
ഇന്നും എന്റെ ഓർമകളിലെ
നനവാർന്ന സാന്നിധ്യമാണ്
പ്രേമിച്ചവർ ഒഴുക്കിയ രക്തം.
എന്റെ ഏകാന്തതയുടെ വന്യതയിലെപ്പോഴും
മുഴങ്ങുന്നത് നിന്റെ പാട്ട്:
''ഇവിടെയാണ് ജീവിതം, ഇവിടെ പ്രണയവുമുണ്ട്,
മനസ്സിലെ ദുഃഖം പോയി,
പ്രണയനഗരം പിറന്നു.
പ്രിയനെ, നമുക്കാ കുന്നിലേക്ക് മാർച്ചുചെയ്യാം.''
എന്നും രാവിലെ,
എന്റെ ഏകാന്തതടവറയിൽ,
നിന്റെ പാട്ട് എന്നെയുണർത്തുന്നു.
കരിംചുവപ്പാർന്ന പ്രണയത്തിന്റെ രക്തത്തിൽ
നമ്മുടെ ഹൃദയബന്ധം കുറിച്ചുവെച്ച
കൂട്ടാളികൾക്കുവേണ്ടി
ചുറ്റും ഞാൻ നോക്കും.
പ്രിയേ, എന്റെ ഹൃദയം നോവുന്നു,
മനസ്സ് അസ്വസ്ഥമാണ്,
നിന്റെ പാട്ട് പക്ഷേ
മരവിച്ച എന്റെ മനസ്സിൽ
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
''പ്രണയപ്രവാഹങ്ങൾ ഇനിയും ഒഴുകും,
ജീവന്റെ പച്ചത്തുടുപ്പുകൾ തളിരിടും,
അഴകിന്റെയും അന്തസ്സിന്റെയും
കൊടുമുടികൾ നമുക്കുള്ളതാണ്,
പ്രേമിക്കുന്ന നമ്മുടെ ഹൃദയങ്ങൾക്കുള്ളതാണ്
ഈ നഗരം.''
4. സാഗരമാണ് അവന്റെ ശബ്ദം
ചുണയുള്ള കവി നടക്കുകയാണ്
തലങ്ങും വിലങ്ങും
കഴുമരയാർഡിന്റെ നീളം അളന്ന്
അഞ്ചുദശകങ്ങൾക്കുമുമ്പ് ഫേയ്സിനെപോലെ.
നിശ്ശബ്ദതയുടെ ലോകത്തെ
തവിടുപൊടിയാക്കി
ഭീമ-കൊറേഗാവ് ചരിത്രത്തിന് തീകൊളുത്തുന്നു.
ചിത്ത്പവനുകളുടെ തലസ്ഥാനമായിരുന്നു പുണെ.
വീണ്ടുമിതാ,
വിഷദന്തങ്ങൾ കാട്ടി
അവരുടെ അവസാനത്തെ കോട്ട.
ചാട്ടവാർ വീശുന്നു പേഷ്വാക്കളുടെ ഭൂതങ്ങൾ.
കൽപിക്കുന്ന നാന,
ചുട്ടുപഴുക്കുന്ന ഇരുമ്പുണ്ടകൾ തൂക്കി
മനുഷ്യത്വത്തെ ചങ്ങലക്കിടുന്ന
കോട്ട്്വാൾ ഘാസിറാം.
മണ്ണിന്റെ മനുഷ്യരുടെ കഴുത്തിൽ
കോളാമ്പി.
ഇവിടെയൊരിക്കൽ മഹാത്മാവ്
ഒരു മാവ് നട്ടു,
സമാധാനത്തിന്റെ യുദ്ധത്തിൽ വഴങ്ങാൻ
അംബേദ്കറെ പ്രേരിപ്പിച്ചു.
നിശ്ശബ്ദ പ്രണാമങ്ങളുമായി
വിനോദസഞ്ചാരികൾ
വന്നുപോയിക്കൊണ്ടിരിക്കേ
എന്നും ഒരു വിളക്കു കത്തുന്നുണ്ട്
ആ വൃക്ഷച്ചുവടിൽ.
മരണയാർഡിന്റെ ചുമരുകളിലാടുന്ന
ചില്ലകളുടെ നിഴലുകളെ
നോക്കിയിരിക്കുന്നു
വയോവൃദ്ധനായ കവി.
കൂറ്റന് കരിങ്കൽ ഭിത്തികൾക്കപ്പുറം
നിർദയമായ ഭീകരതാണ്ഡവം.
യേർവാദാ വീണ്ടും ഉയരുന്നു.
പുണെയുടെ നിഷ്ഠുര നിഴൽപ്പാട്
രാഷ്ട്രത്തിന്റെ കൽഭിത്തികളിൽ.
ചരിത്രവഴികളിൽ
ഇരമ്പുന്ന സ്മരണകൾ.
സോക്രട്ടീസിന് ഒരു ഗ്ലാസ് വിഷം.
ഭൂമിയെ ചുറ്റുന്ന സൂര്യനെ വെല്ലുവിളിച്ച്
ആകാശഭൂപടം വരച്ച ഗലീലിയോവിനെ
കഴുമരത്തിലേക്ക് നടത്തിച്ചു.
ഹിക്മത്തിനെ തുറുങ്കിലടച്ചു.
തലയിണക്ക് കീഴിൽ ഒളിപ്പിച്ച
അയാളുടെ കവിതകൾ
വായിക്കുന്നുണ്ടായിരുന്നത്രെ
പട്ടാള ബാരക്കിൽ തുർക്കി സൈനികർ.
ഫേയ്സ് വധശിക്ഷയുടെ വക്കോളമെത്തി
പണിയെടുക്കുന്ന കൈകളെ സ്തുതിച്ച് പാടിയതിന്.
കണ്ട് പഴകിയത്... പഴകിയത്
തടവിലായ നീതിന്യായ കോടതിയുടെ പടികടന്ന്
കവി കൈയിൽ വിലങ്ങുമായി നടന്നുപോകുന്നു
കണ്ണീർതൂകുന്നു
തരിച്ചുനിന്ന പ്രസിദ്ധ എഴുത്തുകാരൻ.
ദശകങ്ങൾ കടന്നുപോയി.
ഇന്നിതാ ചരിത്രം
വീണ്ടും ആവർത്തിക്കുന്നു,
പ്രഹസനം വേണ്ടുവോളമുണ്ട്.
മണ്ണ് മണക്കാം അവന്റെ കവിതകളിൽ.
ഇളകിമറിയുന്ന സാഗരങ്ങളുണ്ടതിൽ;
കിഴക്കൻ ചക്രവാതക്കാറ്റ്
ആർത്തലയ്ക്കും;
ഇടിമുഴക്കുന്ന പടിഞ്ഞാറൻ കാലവർഷമേഘങ്ങൾ
പേമാരിയുമായെത്തും.
ചടുലമായ വാക്കുകളിലൂടെ
സംസാരിക്കുന്നുണ്ട്
കൂട്ടായ്മയുടെ ശബ്ദം.
താരാട്ടുകൾ കുട്ടികളെ
ഭാവിദൃശ്യങ്ങളുടെ സ്വപ്നങ്ങളിലേക്ക്
ആനയിക്കുന്നു.
മുഴങ്ങുന്നുണ്ട് ആ വാക്കുകൾ,
ഗിരിശിഖരങ്ങളിൽ,
തിങ്ങിനിറഞ്ഞ വനങ്ങളിൽ,
മണ്ണിന്റെ മല്ലൻപാറകളിൽ,
ഭൂമിയുടെ ചെറുത്തുനിൽപുകളിൽ,
ഡെക്കാൻ പീഠഭൂമിയിലെ കൂർത്ത പാറകളിലെ
വിടവുകളിലൂടെ അരുവികളായ് ഒഴുകിയെത്തി
ഒത്തുചേരുന്നു മഹാനദികളായി.
അത് കവിതയാണ്, വിഡ്ഢി.
ഗംഭീരകവിത.
ചരിത്രത്തിലെ ഇരുമ്പുബൂട്ടുകൾ
തവിടുപൊടിയാക്കാൻ
ആയുധമൊന്നും വേണ്ട അതിന്.
ചിറകുള്ള വിത്തുകളുണ്ട് ആ കവിതക്ക്
സ്നേഹത്തിന്റെ മന്ദമാരുതനിലേറി
അത് എത്തും എല്ലാ തീരങ്ങളിലും
ഭൂമിയുടെ നനവാർന്ന മണ്ണിനെ പുണരും.
സാഗരമാണ് അവന്റെ ശബ്ദം.
മാവോവാദിയെന്നാരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല അധ്യാപകനായ ജി.എൻ. സായിബാബ ജയിലിൽനിന്ന് എഴുതിയ കുറിപ്പുകളുടെയും കവിതകളുടെയും സമാഹാരമായ 'Why Do You Fear My Way So Much?' എന്ന കൃതിയിൽനിന്നുള്ളതാണ് ഇൗ കവിതകൾ. മാവോവാദിയെന്ന പേരിൽ നാല് വർഷത്തിലേറെ പുണെയിൽ തടവറയിൽ കഴിഞ്ഞ രാഷ്ട്രീയ പ്രവർത്തകനാണ് കെ. മുരളി. ജി.എൻ. സായിബാബയുടെ കൃതിയുടെ മൊഴിമാറ്റം വൈകാതെ മാധ്യമം ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കും.
മൊഴിമാറ്റം: കെ. മുരളി