ഒന്നു പോടോ
ആരോടെന്നില്ലാതെ അയാൾ പാടിക്കൊണ്ടിരുന്നു. പരംപൊരുളേ, ഉണരുണരൂ ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച പൂനിലാവിൽ... അയാളുടെ നോട്ടം എന്റെയുള്ളിലേക്ക് പാഞ്ഞു കയറി, ഞാൻ വിറയ്ക്കുമെന്നായി. മതിയാക്കൂ എന്ന് പറയാതെ ഞാൻ ചുറ്റും നോക്കി. സർവംസഹയെപ്പോലെ ബാർ മലർന്നുകിടന്നു. ഒരു നട്ടുച്ച വെറുതെ മയങ്ങിക്കിടന്നു പാട്ടിന്റെ ഊഴം കഴിഞ്ഞു. ഇപ്പോൾ അയാൾ അംഗവിക്ഷേപങ്ങളുടെ നൃത്തനൃത്യങ്ങളാരംഭിച്ചു. ആപ് ഹിന്ദിക്കാരനാണോ? അല്ലെന്നു ഞാൻ പറഞ്ഞു. മേശ...
Your Subscription Supports Independent Journalism
View Plansആരോടെന്നില്ലാതെ അയാൾ
പാടിക്കൊണ്ടിരുന്നു.
പരംപൊരുളേ, ഉണരുണരൂ
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച പൂനിലാവിൽ...
അയാളുടെ നോട്ടം എന്റെയുള്ളിലേക്ക്
പാഞ്ഞു കയറി,
ഞാൻ വിറയ്ക്കുമെന്നായി.
മതിയാക്കൂ എന്ന് പറയാതെ
ഞാൻ ചുറ്റും നോക്കി.
സർവംസഹയെപ്പോലെ ബാർ മലർന്നുകിടന്നു.
ഒരു നട്ടുച്ച വെറുതെ മയങ്ങിക്കിടന്നു
പാട്ടിന്റെ ഊഴം കഴിഞ്ഞു.
ഇപ്പോൾ അയാൾ അംഗവിക്ഷേപങ്ങളുടെ
നൃത്തനൃത്യങ്ങളാരംഭിച്ചു.
ആപ് ഹിന്ദിക്കാരനാണോ?
അല്ലെന്നു ഞാൻ പറഞ്ഞു.
മേശ ഒന്നു കുലുക്കി
ഈ മരമൊന്നുലുത്തുവാൻ മോഹം.
മറ്റൊരു മേശയിൽനിന്നു മറ്റൊരു യേശുദാസ് പാടി
നെഹ്റു, ഇന്ദിര, ഗരീബീ ഹഠാവോ
കഴിഞ്ഞോ?
പ്രസംഗപീഠങ്ങൾ ഇളകിച്ചിരിച്ചു മറിഞ്ഞു വീഴുന്നു.
മോഡി, പിന്നെ പുടിൻ എന്തായെടാ പുല്ലേ
ഒന്നു പോടോ, എന്ന് കൈകൾ മലർത്തി.
വിപ്ലവത്തെ കുറിച്ച് ഇ.എം.എസ് എന്താ പറഞ്ഞത്?
കാലയവനിക വലിച്ചുപൊക്കിയാൽ
വല്ലതും കാണാനുണ്ടോ?
അതാ അവിടെയൊരാൾ
ആസകലം നരയുടെ വെളുപ്പിലൊരു
ചിരി ചിരിച്ചു.
വേറൊരുത്തൻ മുണ്ടുമടക്കി
ഈ മൈതാനത്തു ഞാനൊരു ഗോളടിക്കും
വയ്ക്കെടാ വെടി
അടിക്കെടാ ഗോൾ
ദേ അയാൾ അച്ചാറിൽ വിരൽ തോണ്ടിയിട്ട് പറഞ്ഞു
കേരളമുണ്ടല്ലോ
ദേ, ഇതുപോലെ.
എപ്പോ എന്ന് ചോദിച്ചാൽ മതി
പച്ചയാം വിരിപ്പിട്ടു സഹ്യനിൽ തലവച്ചു
ആ തലയങ്ങു പോയെന്നേ,
അറബിക്കടലെടുത്തും പോയി
പോയി എല്ലാം പോയെന്നേ
നരയുണ്ട്, ജരയില്ല
പൂലോകമണ്ടന്മാരെപ്പോലെ എന്റെ യൗവനം
ഞാനാർക്കും കൊടുത്തില്ല.
ഉണ്ടോടാ, ഇല്ലെടാ
ഞാനതു പറയുടെ മറയിൽ
വിളക്കുപോലെ സൂക്ഷിച്ചെടാ, ഒന്നു പോയെ...
കന്യകമാരുടെ വിളക്ക്, എണ്ണ... കണ്മഷി...
വാക്കുകൾ കലങ്ങിമറിഞ്ഞു.
ഗോപുരം ചെരിഞ്ഞോന്ന്.
ഒന്നു ചെരിഞ്ഞാമതിയായിരുന്നു
ആനപോലൊരീ ജീവിതം...
ബാറിൽ തിരക്കു തത്തിക്കളിച്ചു.
ഉള്ളങ്കയ്യിൽ വിരലുകൾ
കൂട്ടി തിരുമ്മി,
ഒന്നുമില്ല
വിളമ്പുകാർ ആ പറുദീസയിൽ ചാഞ്ഞും
ചരിഞ്ഞും നടന്നു.
ദൈവത്തിന്റെ മക്കളല്ലൊ
ഈ നിരന്നിരിക്കുന്നോർ
വല തോളിൽ തൂക്കി നനഞ്ഞ ഉടലോടെ
ഒരു മുക്കുവൻ ബാറിൽ പ്രവേശിച്ചു.
അവന്റ കൂട്ടുകാരൻ പത്രോസ് എണീറ്റു.
എടുക്കാമായിരുന്നു
വള്ളംകൂടി എടുക്കാമായിരുന്നു
എന്ന് മൊഴിഞ്ഞു
പത്രോസേ നീ പാറയാവുന്നു,
വള്ളവും വലയുമെടുത്തു വാടാ
എന്റെ പിന്നാലെ വാടാ...
നിന്റെ പാറമേൽ എന്റെ പള്ളി പണിയും
പള്ളികൾ ധാരാളം, പത്രോസ് പറഞ്ഞു
പിന്നെ അവർ തമ്മിൽ
ഒരു രഹസ്യം പറച്ചിലുമുണ്ടായി.
പുറകെ കുലുങ്ങിച്ചിരിയും.
അതാ ഒരു ഗൂഢാലോചന,
കൈ കഴുകി വന്ന ഒരു നല്ലവൻ
വിരൽ ചൂണ്ടി.
കോഴികൂവിയോ, മൂന്നുവട്ടം?
ഇനി നമ്മടെ വയറ്റിക്കെടന്നു കൂവട്ടെടോ
കൂവുമായിരിക്കും,
ബീഡിയൊന്നു ചുണ്ടിൽ വച്ചുകൊണ്ട് മറ്റവൻ
അഭിനയിച്ചു കാണിച്ചു.
മനുഷ്യനു തണുക്കുന്നു
''ഇന്നാരെയാ കുരിശേൽ കേറ്റുന്നത്,''
''വാ കാണിച്ചുതരാം''
അയാളെ
ഒരു ചെറിയ മുറിയിലേക്ക് കൊണ്ടുപോയി
ഒറ്റയ്ക്കൊരാൾ ഒരു വല്ലം നിറയെ ഉള്ളി
മുറിച്ചുകൊണ്ടിരുന്നു.
ബംഗാളിയാണ്.
കണ്ണുനിറയുന്നില്ല
മന്ദബുദ്ധിയാണ്.
ഹിന്ദിപ്പാട്ടുമുണ്ട്
നിലത്തു വീണുകിടക്കുന്ന ഒരു നീണ്ട മനുഷ്യനെ
എടുത്തിട്ട് ചവിട്ടുന്നുണ്ടായിരുന്നു.
അയാളുടെ തല ഇടംവലം
തെറിക്കുന്നുണ്ടായിരുന്നു
അവർ രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു
കണ്ടില്ലേ, മതിയായോ
ബാറിന്റെ പാപങ്ങൾക്കു മോചനം കിട്ടുമോ
എന്നാരോ ചോദിച്ചു.
ഇവനെ യേശു എന്നു വിളിക്കണോ?
വേണ്ട പിന്നെ അതാവും നേരമ്പോക്ക്
സർവംസഹ അങ്ങനെതന്നെ കിടന്നു.
ആളുകൾ വരുകയും പോവുകയും ചെയ്യുന്നുണ്ട്.
കുടിച്ചുകുടിച്ചു മറ്റൊന്നിനും വയ്യാതായ ഒരു പടുവൃദ്ധൻ
ഈ മഹാപുലരിയിൽ എന്ന മട്ടിൽ മൂരിനിവർന്നു
പിടിച്ചുനിൽക്കാം.
ഭാര്യ പോയി, മക്കൾ ഇല്ല
ഞാനെന്താ പറഞ്ഞത്
ഭാര്യ പോയി, മക്കൾ ഇല്ലാന്ന്...
വല്ലോരും കേട്ടോ
ആര് ആരോട് പറയാൻ
എനിക്കിനി ഈ മനുഷ്യവംശം മാത്രം
അതെങ്കിലും ഉണ്ടല്ലോ.
വേറൊരുത്തൻ ഇടയിൽ ഒന്നു കൊളുത്തി
എനിക്കതുമില്ല
കുടിച്ചു കൂത്താടിയ ആ സഹോദരൻ
മൂത്രമൊഴിക്കാൻ ഓടി
അത് കഴിഞ്ഞ വാറേ ഒരു പാട്ടുപാടാൻ കൊതിയായി
അനശ്വരഗാനം പോലെ...
ഞാൻ എന്റെ പാട്ടു പാടും
സ്വന്തം പാട്ട്
എന്ന് പറഞ്ഞു സൈക്കിൾ എടുത്തു പുറപ്പെട്ടു.
''ഞാൻ എന്റെ സൈക്കിളുമായി വന്നു
സൈക്കിളുമായി പോവുകയും ചെയ്തു''
എന്ന് പറഞ്ഞ് ആ മനുഷ്യപുത്രൻ
ഒന്നു തുമ്പിതുള്ളി.
ആരും ഒന്നും കണ്ടില്ല.
ഓമലാളെ കണ്ടൂ ഞാൻ എന്നൊരു പാട്ടു
സർക്കാർ വക ഓടയിൽ ഓടിക്കളിച്ചു.