സ്മൃതികുടീരം
ശരത്ചന്ദ്രനാണെന്റെ ഹൃദയത്തിലെ കവി. അറിയുവാനിടയില്ല നിങ്ങളവനെ; അവൻ പണ്ടേയെഴുത്തു നിർത്തിപ്പോയ യൗവനം ഹൃദയത്തിലെക്കവിത വേരറ്റുപോയവൻ മറവിയുടെയിടവഴിയിൽ മുരടിച്ചുനിന്നവൻ അവനിപ്പൊഴും കാണുമിവിടെ,യെവിടെങ്കിലും അവനുപോലും തിരി;ച്ചറിയാത്തൊരുത്തനായ്! കാടുകയറിപ്പോയ കൗമാരസന്ധ്യകൾ, നാടുചുറ്റിത്തേഞ്ഞ...
Your Subscription Supports Independent Journalism
View Plansശരത്ചന്ദ്രനാണെന്റെ ഹൃദയത്തിലെ കവി.
അറിയുവാനിടയില്ല നിങ്ങളവനെ; അവൻ
പണ്ടേയെഴുത്തു നിർത്തിപ്പോയ യൗവനം
ഹൃദയത്തിലെക്കവിത വേരറ്റുപോയവൻ
മറവിയുടെയിടവഴിയിൽ മുരടിച്ചുനിന്നവൻ
അവനിപ്പൊഴും കാണുമിവിടെ,യെവിടെങ്കിലും
അവനുപോലും തിരി;ച്ചറിയാത്തൊരുത്തനായ്!
കാടുകയറിപ്പോയ കൗമാരസന്ധ്യകൾ,
നാടുചുറ്റിത്തേഞ്ഞ മധ്യാഹ്നമൂർച്ഛകൾ
വേനൽത്തിളപ്പുകൾ, ഓർമത്തുരുത്തുകൾ,
സ്വയംഹത്യ ചെയ്യാതകംവെന്ത ചിന്തകൾ
സ്വപ്നങ്ങൾതോറും പ്രതീക്ഷതൻ ചില്ലകൾ
അവനുറങ്ങാതിരുന്നെഴുതുന്ന കവിതയിൽ
മിഴിതുറക്കാറുണ്ട് പാതിരാപ്പൂവുകൾ
ചിറകടിക്കാറുണ്ട് പാതിരാപ്പക്ഷികൾ
പത്മരാഗം പൂത്ത പ്രണയശിഖരങ്ങളിൽ
കൊക്കുരുമ്മാറുണ്ട് ഹേമന്തസന്ധ്യകൾ,
ഹിമകണംപോലും ജലച്ചായവിസ്മയം
വെറുംവാക്കിലർഥപ്രകാശസംശ്ലേഷണം!
വരികളിൽ കരകവിയുമഗ്നിപ്രവാഹങ്ങൾ
കരകളിൽ പച്ചയ്ക്ക് തീ തിന്നു ചത്തവർ
മനുഷ്യൻ മനുഷ്യനെ കൊല്ലാതെ കൊല്ലും
സ്ഥിരം പാതകത്തിൻ നിണംവീണ കാഴ്ചകൾ
നരകിച്ചു തീരുവാൻ നരനെന്ന മാരണം
നരകമാക്കിത്തീർത്ത സ്വർഗീയഭൂമുഖം!
''എത്ര വലുതാകിലും, എത്ര ചെറുതാകിലും
അവരവർക്കധികാരമുള്ളോരിടങ്ങളിൽ
നരവേട്ട ഹരമുള്ളൊരാഘോഷമാക്കി
ഭരിക്കും ശവങ്ങളെ കുഴിവെട്ടി മൂടുക
സഹിക്കും മനുഷ്യർക്ക് പൂച്ചെണ്ടു നീട്ടുക.''
ഇടിമുഴങ്ങാറുണ്ടവന്റെ മേഘങ്ങളിൽ!
മുറിവേറ്റ പ്രണയികൾ ഉടലുകളൊളിപ്പിച്ച
സൂര്യകാന്തിപ്പാടഛായാ പടങ്ങൾ
കബനിയുടെ കൈവഴി ചുവപ്പിച്ച സന്ധ്യകൾ
കരിയിലകളൊറ്റിക്കൊടുത്ത കാൽപാടുകൾ
ഗതിമാറിയൊഴുകിയ യുവനീരുറവകൾ
തെരുവിലെ നാടകച്ചാവേറു ചെണ്ടകൾ
അസ്തമിക്കാറുണ്ടുദിക്കാത്ത പകലുകൾ!
വരിമുറിച്ചെഴുതും വരണ്ട വാഗ് ലീലകൾ
സൂത്രവാക്യങ്ങൾ കൊരുക്കുന്നതിൻ മുമ്പ്,
കാവ്യകല വാദ്യകലയാകുന്നതിൻ മുമ്പ്
മറവിയിൽ നിർമുക്തനായ് നീ കടന്നുപോയ്
അറിയില്ല കാലം ശരത്ചന്ദ്രനെ, പക്ഷേ
അവനെയറിയും നിങ്ങൾ;
അവനുണ്ട് നിങ്ങളിൽ! ജീവിതം
എത്ര വിഷം പകർന്നിട്ടും മരിക്കാതെ!