ഗുഹയിൽ ഒരു ടെക്കി
അയാൾ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ
അയാളുടെ ഓർമ
ബാങ്കിൽനിന്നുള്ള
ഫോൺകോളെടുക്കാതെ
സോഫയിൽ അസ്വസ്ഥനായിരിക്കുന്നു.
അയാൾ അതിവേഗ റെയിലിൽ
യാത്ര ചെയ്യുന്നു.
അയാളുടെ ഓർമ,
വേർപിരിഞ്ഞു പോയ തന്റെ ഭാര്യയുടെ
ഓഫീസ് തേടി നടക്കുന്നു.
അയാൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ
അയാളുടെ ഓർമ
ടാർഗറ്റ് എത്താത്തതിൽ വിഷമിച്ച്
കൂട്ടുകാരുടെ അവഗണനക്ക്
പാത്രീഭവിച്ച്
മാറിനിന്ന് സിഗരറ്റ് വലിക്കുന്നു.
അയാൾ ബസിൽ സഞ്ചരിക്കുന്നു.
അയാളുടെ ഓർമ
പിന്നിലേക്ക്.
ടൈയും കോട്ടുമഴിച്ച്
ഐഡി കാർഡ് ദൂരേക്കു വലിച്ചെറിയുന്നു.
അയാൾ കാറിൽ സഞ്ചരിക്കുമ്പോൾ
അയാളുടെ ഓർമ
അയൽപക്കത്തെ പെണ്ണിന്റെ
സുന്ദരമായ മുലയിൽ
കണ്ണുടക്കുന്നു.
അയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുന്നു.
അയാളുടെ ഓർമ.
കൂടെ പഠിച്ചിരുന്ന
ഗൗരിയോടൊപ്പം നടക്കുന്നു.
പൂക്കൈത മറവിൽ അവൾക്കൊരു ഉമ്മ
കൊടുക്കുന്നു.
അയാൾ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ.
അയാളുടെ ഓർമ
അച്ഛന്റെ കൈയിൽനിന്ന്
അടികൊണ്ട്
ദൂരെ മാറി നിൽക്കുന്നു.
അങ്ങനെയങ്ങനെ
ഭൂതകാല യാത്രയിലൂടെ
അയാളിപ്പോൾ ഗുഹയിൽ
കല്ലുരസി തീപിടിപ്പിച്ച്
ഒരു കാട്ടുമൃഗത്തെ ചുട്ടെടുക്കുന്നു.