അവൾ പുരുഷാർഥങ്ങളെ വ്യാഖ്യാനിക്കുന്നു
ധർമം: അവൾ ധർമമെന്ന വാക്കിന്റെ ആത്മപ്രകാശനത്തിന് കരിഞ്ഞുണങ്ങിയ ജീവിതത്താളിൽ കവിത രചിക്കുന്നവൾ. നിങ്ങൾക്കവളെ അമ്മയെന്നോ പെങ്ങളെന്നോ ഭാര്യയെന്നോ മകളെന്നോ വിളിക്കാം. അർഥം: വേദങ്ങളിൽ പുരാണങ്ങളിൽ അവളാണ് അർഥം. പഴംചൊല്ലുകളിൽ അവളാണ് രത്നം. അവൾ ജീവിതത്തിന്റെ പച്ച. സ്വാസ്ഥ്യത്തിന്റെ നിഴൽ. കയർകുരുക്കിൽ, ഗ്യാസ് സ്റ്റവ്വിലെ തീയിൽ അവൾക്കിന്ന് തർപ്പണം.കാമം: ബുദ്ധാ, ആഗ്രഹങ്ങളില്ല. നിറഞ്ഞ വയലുകളിൽ കതിരു...
Your Subscription Supports Independent Journalism
View Plansധർമം:
അവൾ ധർമമെന്ന വാക്കിന്റെ ആത്മപ്രകാശനത്തിന്
കരിഞ്ഞുണങ്ങിയ ജീവിതത്താളിൽ
കവിത രചിക്കുന്നവൾ.
നിങ്ങൾക്കവളെ
അമ്മയെന്നോ
പെങ്ങളെന്നോ
ഭാര്യയെന്നോ
മകളെന്നോ
വിളിക്കാം.
അർഥം:
വേദങ്ങളിൽ പുരാണങ്ങളിൽ
അവളാണ് അർഥം.
പഴംചൊല്ലുകളിൽ അവളാണ് രത്നം.
അവൾ ജീവിതത്തിന്റെ പച്ച.
സ്വാസ്ഥ്യത്തിന്റെ നിഴൽ.
കയർകുരുക്കിൽ,
ഗ്യാസ് സ്റ്റവ്വിലെ തീയിൽ
അവൾക്കിന്ന് തർപ്പണം.
കാമം:
ബുദ്ധാ, ആഗ്രഹങ്ങളില്ല.
നിറഞ്ഞ വയലുകളിൽ
കതിരു കൊയ്യാനെത്തുന്നവർക്ക്
വയൽച്ചിതയുടെ
കനലുകളിലാണ് സ്നാനം.
സ്വപ്നങ്ങൾ
നെഞ്ചിലെ അടക്കിപ്പിടിച്ച
കണ്ണീർച്ചൂടിലാണ് ഉണങ്ങുന്നത്.
പ്രണയത്തിന്റെ വിഷതാംബൂലത്തിൽ
അവൾക്ക് മരണത്തിന്റെ നൂറ്.
ബുദ്ധാ, ഇനി ഓർമകളില്ല.
സ്വപ്നവും...
മോക്ഷം:
ഏഴ് കുതിരകളെ പൂട്ടിയ തേരിൽ
സൂര്യനെ അനുസ്മരിപ്പിച്ച്
മോഹമുക്തന്റെ യാത്ര.
കീഴെ അകമ്പടിനാദമായി
ചിതയിൽ പൊട്ടുന്നത്
അവളുടെ പൂത്തുലഞ്ഞ അസ്ഥികൾ.
വേവുന്നത്
നീ പ്രണയപാരവശ്യത്തിൽ നൽകിയ
തീച്ചൂടുള്ള ഉമ്മകൾ.
ഉരുക്കിത്തിളയ്ക്കുന്നത്
അവൾ നിന്നിൽ പകർന്ന സ്നേഹം.
പട്ടടയുടെ പൊള്ളൽകൊണ്ട്
അവൾ ജീവിതം തള്ളിത്തുറക്കുന്നു.
l