വെഞ്ചരിപ്പ്

കുടിച്ചുകൂത്താടി പടമായ അപ്പാപ്പനെ തെമ്മാടിക്കുഴിയിലടക്കി. സെമിത്തേരി ചുമരിലെ പുണ്യാളന്റെ പുഞ്ചിരിയിൽ കാരണവര്‍ നാണം കുണുങ്ങി ഭൂമിയിലും നിനക്കു നരകമെന്ന് ഓരോരുത്തരും ഒപ്പീസു ചൊല്ലി. വല്യമ്മച്ചിയുടെ വയറ്റിലപ്പോൾ ചുരുങ്ങിക്കിടപ്പായിരുന്നപ്പൻ. ഇടക്കിടെ പൊക്കിൾകൊടിയിലും ഷാപ്പു മണമെത്തി ചുരുട്ടുവാട പുതച്ചു അപ്പൻ...
Your Subscription Supports Independent Journalism
View Plansകുടിച്ചുകൂത്താടി
പടമായ അപ്പാപ്പനെ
തെമ്മാടിക്കുഴിയിലടക്കി.
സെമിത്തേരി ചുമരിലെ
പുണ്യാളന്റെ പുഞ്ചിരിയിൽ
കാരണവര്‍ നാണം കുണുങ്ങി
ഭൂമിയിലും
നിനക്കു നരകമെന്ന്
ഓരോരുത്തരും ഒപ്പീസു ചൊല്ലി.
വല്യമ്മച്ചിയുടെ വയറ്റിലപ്പോൾ
ചുരുങ്ങിക്കിടപ്പായിരുന്നപ്പൻ.
ഇടക്കിടെ
പൊക്കിൾകൊടിയിലും
ഷാപ്പു മണമെത്തി
ചുരുട്ടുവാട പുതച്ചു
അപ്പൻ ചുമച്ചു.
വല്യമ്മച്ചിയും
കുടിയൻ ചാക്കോയുടെ മകനെയും
നാട്ടാര്,
കുരുത്തം കെട്ടോനെന്ന് വിളിച്ചു.
പേര് പതിച്ചു.
ദണ്ണം മാറാൻ
അപ്പൻ രണ്ടണ്ണമടിച്ചു
പിന്നെയും ഗ്ലാസ് നിറച്ചു
കാശു മുടിച്ചു.
കണ്ണീക്കണ്ടവരെല്ലാം
തന്തക്ക് വിളിച്ചു
തള്ളയെ തെറിയിലിട്ടു
അപ്പനൊത്തോനെന്ന്
പള്ളി വിധിച്ചു.
പട്ടക്കാരും
പുകച്ചുരുള്‍ കൂടുമ്പം
കുപ്പികൾ കുമിയുമ്പം
ഞാൻ അമ്മച്ചിയുടെ
ഗർഭത്തിൽ തൊട്ടു.
ആദ്യമൊന്നലസി
അമ്മ ചോരമുള്ളി
പിന്നെയും കിടന്ന് വിലസി
അന്ന് അമ്മക്ക് ചോപ്പ് തെറ്റി.
അപ്പനെ പോലെയാകാനാണേൽ
പുറത്ത് വരണ്ടന്ന്
വിലക്കു ചൊല്ലി.
പള്ളയമർത്തിപ്പിടിച്ച്
പ്രാർഥനയോതി.
കൂമ്പ് കരിഞ്ഞ്
കരള്‍ വാടി
അപ്പൻ പോകുമ്പം
എനിക്കും ദണ്ണം പൊട്ടി
പ്രായപൂർത്തിയിലുരുണ്ടു.
കറുകാരക്കരയിലെ
പുഴയോരത്ത് ഞാൻ,
അപ്പനെ ചിതയിൽ പൊത്തി
തീവെച്ചു.
കാറ്റിൽ പരന്ന മുശടു വാട
കുടിയന്റേതാണെന്ന്
കിളികൾ പറഞ്ഞു.
ഞാൻ മൂക്കുപൊത്തി
ലോകം മുഴുക്കെ നാറി.
പഴങ്കഥയുള്ള നാടും വിട്ട്,
ഞാനമ്മച്ചിയെ കൂട്ടി ഭൂപടം മാറി.
അന്നേരം
തെമ്മാടിക്കുഴിയിലും
പുഴയോരത്തും
രണ്ടാത്മാക്കൾ
പ്രതിജ്ഞ ചൊല്ലി
കുമ്പസാരിച്ച്
സർവരെയും വെഞ്ചരിച്ചു.
●