''ഈ നിമിഷം''; സച്ചിദാനന്ദന്റെ കവിത
ഈ നിമിഷം ഒരാള്‍ പുല്ലാങ്കുഴല്‍ കേട്ടു മേഘങ്ങളിലേയ്ക്കുയരുന്നു ഒരുവള്‍ ഭൂമിയോളം കുനിഞ്ഞു നിന്ന് പുല്ലരിയുന്നു ഒരു മരം പൊഴിയുന്ന തന്റെ ഇലയെ കരുണയോടെ നോക്കിനില്ക്കുന്നു ഒരു പശു തന്റെ ഇപ്പോള്‍ പെറ്റ കുഞ്ഞിനെ നക്കിത്തുടയ്ക്കുന്നു ഒരെട്ടുകാലി എങ്ങോട്ടു പോകണം എന്നറിയാതെ പരുങ്ങുന്നു. ഞാന്‍ ഒഴിഞ്ഞ പേജില്‍ തുറിച്ചുനോക്കിയിരിക്കുന്നു. ഒരു ബന്ധവുമില്ലെന്നു...
Your Subscription Supports Independent Journalism
View Plansഈ നിമിഷം ഒരാള്‍ പുല്ലാങ്കുഴല്‍ കേട്ടു
മേഘങ്ങളിലേയ്ക്കുയരുന്നു
ഒരുവള്‍ ഭൂമിയോളം കുനിഞ്ഞു നിന്ന് പുല്ലരിയുന്നു
ഒരു മരം പൊഴിയുന്ന തന്റെ ഇലയെ
കരുണയോടെ നോക്കിനില്ക്കുന്നു
ഒരു പശു തന്റെ ഇപ്പോള്‍ പെറ്റ
കുഞ്ഞിനെ നക്കിത്തുടയ്ക്കുന്നു
ഒരെട്ടുകാലി എങ്ങോട്ടു പോകണം
എന്നറിയാതെ പരുങ്ങുന്നു.
ഞാന്‍ ഒഴിഞ്ഞ പേജില്‍ തുറിച്ചുനോക്കിയിരിക്കുന്നു.
ഒരു ബന്ധവുമില്ലെന്നു തോന്നുന്ന കാര്യങ്ങള്‍
കൊണ്ടാണ് ലോകം നിർമിക്കപ്പെടുന്നത്
പ്രേമവും യുദ്ധവും ചോരയുംകൊണ്ട്
ചരിത്രം നിർമിക്കപ്പെടും പോലെ.
എങ്കിലും എവിടെയോ എല്ലാറ്റിന്റെയും വേരുകള്‍
കെട്ടുപിണയുന്നുണ്ട്.
ചോരയുടെയും ഭാഷകളുടെയും
മലകളുടെയും കുളമ്പുകളുടെയും
പുഴകളുടെയും പക്ഷികളുടെയും
നക്ഷത്രങ്ങളുടെയും ശരീരങ്ങളുടെയും.
ഹോട്ടലിലെ വെയ്റ്റര്‍
പ്ലെയ്റ്റും സ്പൂണും ഫോര്‍ക്കും
ഒന്നിച്ചു പൊക്കുംപോലെ ആരോ
ആകാശത്തേയും ഭൂമിയേയും ഒന്നിച്ച്
പൊക്കിപ്പിടിക്കുന്നുണ്ട്
ഒന്നും താഴെ വീഴാതെ അവയുമായി നടക്കുന്നുണ്ട്:
മരണത്തിന്റെ വലിയ തീന്മേശയിലേക്ക്.
എന്റെ കൊഴിഞ്ഞ മുടികള്‍
വ്യാഴത്തിലേയ്ക്ക് പറക്കുന്നു.