രണ്ടു കവിതകൾ
വീണ്ടും സ്കൂളിൽ കോവിഡ് കാലത്ത്തേഞ്ഞുമാഞ്ഞുപോയ അക്ഷരങ്ങൾക്കായി അടുത്തിരിക്കുന്ന കൂട്ടുകാരിയുടെ നോട്ടുപുസ്തകത്തിലേക്ക് മുഖം ചെരിച്ചു കണ്ണോടിച്ചുകൊണ്ടിരിക്കുന്നു പതിനൊന്നാം ക്ലാസുകാരിപ്പെൺകുട്ടി. അവ പൊയ് പ്പോയ സങ്കടം, തിരിച്ചുകിട്ടാനുള്ള മോഹം, അവളുടെ നോട്ടത്തിൽ. അങ്ങേ വയലിലെ താറാപ്പറ്റംപോലെ കൂട്ടുകാരിയുടെ നോട്ടുപുസ്തകത്തിൽ നീന്തിനടക്കുന്നു...
Your Subscription Supports Independent Journalism
View Plansവീണ്ടും സ്കൂളിൽ
കോവിഡ് കാലത്ത്
തേഞ്ഞുമാഞ്ഞുപോയ അക്ഷരങ്ങൾക്കായി
അടുത്തിരിക്കുന്ന കൂട്ടുകാരിയുടെ
നോട്ടുപുസ്തകത്തിലേക്ക്
മുഖം ചെരിച്ചു
കണ്ണോടിച്ചുകൊണ്ടിരിക്കുന്നു
പതിനൊന്നാം ക്ലാസുകാരിപ്പെൺകുട്ടി.
അവ പൊയ് പ്പോയ സങ്കടം,
തിരിച്ചുകിട്ടാനുള്ള മോഹം,
അവളുടെ നോട്ടത്തിൽ.
അങ്ങേ വയലിലെ
താറാപ്പറ്റംപോലെ
കൂട്ടുകാരിയുടെ നോട്ടുപുസ്തകത്തിൽ
നീന്തിനടക്കുന്നു അക്ഷരങ്ങൾ.
അതിലൊരു താറാക്കുഞ്ഞിനെ
വാരിയെടുത്തോടി വരുന്നു
അവളുടെ നോട്ടം.
ഇപ്പോൾ കുറച്ചുകൂടിത്തെളിഞ്ഞ്
അയൽപക്കത്തെ പറമ്പിൽ
കുലകുലയായിക്കായ്ച്ച മാങ്ങകളെപ്പോലെ
അക്ഷരങ്ങൾ.
അതിൽനിന്നൊരെണ്ണം
പേനകൊണ്ടവൾ പറിച്ചെടുക്കുന്നു.
ആൾക്കൂട്ടത്തിൽ വീണ്ടും
രണ്ടു പ്രളയങ്ങൾക്കും
കോവിഡിനും ശേഷം
ആദ്യമായ് തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിലൂടെ
ആഘോഷമോടെ നടക്കുന്നു
രണ്ടു പെണ്ണുങ്ങൾ.
ആൾക്കൂട്ടത്തിന്റെ ശാന്തത
ബാൻഡുമേളമായ് കേട്ടു രസിച്ച്.
പഴയപോലെത്തന്നെ ആൺകൂട്ടമാക്കി
റോട്ടുവക്കത്തെ മട്ടുപ്പാവുകളിൽ
നിരന്നുനിന്ന് കാഴ്ച കാണുന്ന
പെണ്ണുങ്ങളെ നോക്കി,
ഇറങ്ങിവരൂ, ഇതു വേറെയാൾക്കൂട്ടമെ-
ന്നുറക്കെപ്പാടുന്നൂ കൈകൾ വീശി.
മട്ടുപ്പാവിന് ബോധ്യപ്പെടുമോ
ഇതു വേറെയാൾക്കൂട്ടമെന്ന്?
സ്വയം വിലയിച്ചു നിൽക്കുന്ന
ആൾക്കൂട്ടശ്ശാന്തതയെ
കൈപ്പന്തുപോലെയമ്മാനമാടി
നിറഞ്ഞ തെരുവിലവർ
ചുവടുവെക്കുന്നു മെല്ലെ.