അഭിനേതാവ്
ഈ കെട്ടിടത്തില്ഏതോ ഫ്ലോറില്‍, ഫ്ലാറ്റ് എനിക്ക് അറിയില്ല, ഒരു അഭിനേതാവ് പാര്‍ക്കുന്നുണ്ട്- ഒരു ദിവസം ഷേര്‍ളി എന്നോട് പറഞ്ഞു. അഭിനേതാവിനെ ഓര്‍ത്ത് ഒരു നിമിഷം അവള് മറന്നുനിന്നു. പക്ഷേ, അയാള്‍ ആരാണെന്ന്, അവള് കണ്ടുപിടിച്ചിരുന്നില്ല. അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് ഏത് ഫ്ലോറിലാണെന്നും, അവള് കണ്ടുപിടിച്ചിരുന്നില്ല. കണ്ടുപിടിച്ചിരുന്നെങ്കില്‍ ഞാന്‍ അയാളുടെ വാതിലില്‍ പോയി മുട്ടുമായിരുന്നു, ഷേര്‍ളി എന്നെ നോക്കി ചിരിച്ചു: അയാളോട് ഒരു ഹായ് പറഞ്ഞ്...
Your Subscription Supports Independent Journalism
View Plansഈ കെട്ടിടത്തില്‍
ഏതോ ഫ്ലോറില്‍,
ഫ്ലാറ്റ് എനിക്ക് അറിയില്ല,
ഒരു അഭിനേതാവ് പാര്‍ക്കുന്നുണ്ട്-
ഒരു ദിവസം ഷേര്‍ളി എന്നോട് പറഞ്ഞു.
അഭിനേതാവിനെ ഓര്‍ത്ത് ഒരു നിമിഷം
അവള് മറന്നുനിന്നു.
പക്ഷേ, അയാള്‍ ആരാണെന്ന്, അവള്
കണ്ടുപിടിച്ചിരുന്നില്ല.
അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ്
ഏത് ഫ്ലോറിലാണെന്നും, അവള്
കണ്ടുപിടിച്ചിരുന്നില്ല.
കണ്ടുപിടിച്ചിരുന്നെങ്കില്‍ ഞാന്‍
അയാളുടെ വാതിലില്‍ പോയി മുട്ടുമായിരുന്നു,
ഷേര്‍ളി എന്നെ നോക്കി ചിരിച്ചു: അയാളോട്
ഒരു ഹായ് പറഞ്ഞ് ഞാന്‍ പടികളിറങ്ങി
ഓടിപ്പോരുമായിരുന്നു.
ലിഫ്റ്റില്‍ എട്ടാം നിലയിലേക്കുള്ള യാത്രയില്‍
ചിലപ്പോള്‍ കൂടെയുണ്ടാവാറുള്ള ആളുകളെ
ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
ചിലരുടെ മുഖച്ഛായയില്‍, ഷേര്‍ളി ഹായ് പറയാന്‍
തീർച്ചയാക്കിയ അഭിനേതാവ്, വില്ലനോ നായകനോ,
പാര്‍ക്കുന്നു എന്ന് ഞാന്‍ വിചാരിക്കുന്നുണ്ടായിരുന്നു.
ചിലരെ നോക്കി പരിചയമുള്ളപോലെ
പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
മറ്റൊരു ദിവസം, ഒരു വൈകുന്നേരം,
കാര്പാര്ക്കില്, സുന്ദരിയായ പെണ്‍കുട്ടിക്കൊപ്പം
അവളുടെ അതേ ഛായയുള്ള ഒരു ചെറുപ്പക്കാരനെ
കണ്ടപ്പോഴും
ഞാന്‍ അഭിനേതാവിനെ തിരഞ്ഞു.
പെണ്‍കുട്ടി അയാള്‍ക്ക് നേരെ പന്ത് എറിഞ്ഞു
കളിക്കുന്നു.
ആദ്യം ഒരു പന്തെന്നും, പിന്നെ പന്ത്, മാരകമായ
സ്ഫോടകവസ്തുപോലെയും കൈകളില്‍ വാങ്ങി
ചെറുപ്പക്കാരന് പന്ത്
നിലത്ത് വീഴാതിരിക്കാന്‍
ശ്രദ്ധിക്കുന്നു.
അയാളെ നോക്കി
ഓരോ തവണയും പെണ്‍കുട്ടി
പൊട്ടിച്ചിരിക്കുന്നു.
മറ്റൊരു ദിവസം, ഷേർട്ടിന്റെ കോളറിനു പുറത്ത്
ഏതോ സ്ഥാപനത്തിന്റെ ഐഡി ഞാത്തിയിട്ട
നീല റിബണ്‍ തിരുമ്മിക്കൊണ്ട് അതേ ചെറുപ്പക്കാരന്
ലിഫ്റ്റില്‍ നില്ക്കുന്നുണ്ടായിരുന്നു.
മറ്റാരുടെയോ ഓർമയില്‍ തെളിയുന്നത് കാണാന്‍
ക്ഷമയോടെ കാത്തുനില്‍ക്കുന്നതുപോലെ.
അഭിനേതാവ് ചെറുപ്പക്കാരനല്ല.
പിന്നൊരു ദിവസം ഷേര്‍ളി പറഞ്ഞു:
അയാള്‍ക്ക് വയസ്സുണ്ട്. അയാള്‍ നായകനല്ല.
ചില ദിവസം അയാള്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍നിന്നും
പുറത്തേക്ക് ഇറങ്ങുന്നേ ഇല്ല.
എനിക്ക് തോന്നി, ഷേര്‍ളി
എന്നെപ്പറ്റിയാണ് പറയുന്നത്...
എന്റെ വാതില്ക്കല് അവളെത്തുമ്പോള്‍
ചില ദിവസം അവളുടെ കാലുകള്‍ക്കിടയില്‍
വീട്ടുമൃഗത്തെപ്പോലെ മുരളുമ്പോള്‍, അവള്‍ക്ക്
അങ്ങനെ തോന്നിയതാകണം.
അതെന്തുമാകട്ടെ, ഇതിനകം
എന്റെ യുവത്വം കഴിഞ്ഞിരുന്നു.
അല്ലെങ്കില്‍, അദൃശ്യമാകുന്ന ഒരു ഗ്രഹംപോലെ
ഞാനെന്റെ നിഴലില്‍ എന്നെത്തന്നെ
നോക്കിനില്ക്കുകയായിരുന്നു.
പക്ഷേ ഒരഭിനേതാവായി അറിയപ്പെടാന്‍, ഇപ്പോള്‍
എനിക്ക് അതിയായ ആഗ്രഹമായിരിക്കുന്നു.
കാര്പാര്ക്കില് നിലംതൊടാതെ
പാറി കളിക്കുന്ന പന്ത് കാണാന്‍
ടാര്മണമുള്ള തറയില്‍ ചില നേരത്ത്
ഞാന്‍ മലര്‍ന്നുകിടക്കുമ്പോള്‍
പന്തിനൊപ്പമുയരുന്ന
പെണ്‍കുട്ടിയുടെ പൊട്ടിച്ചിരിക്ക്
പരിചയമുള്ളപോലെ
ഞാന്‍ ചെവിയോര്‍ക്കുമ്പോള്‍
അതേപോലെ, അനങ്ങാതെ
മരിച്ചു കിടക്കുന്നതായി
ഞാന്‍ അഭിനയിക്കുമ്പോള്‍
ഇപ്പോള്‍, ലിഫ്റ്റില്‍, ഇങ്ങനെ
മണം പൊഴിക്കുന്ന യുവത്വവുമായി ഞാന്‍
നില്‍ക്കുന്നതുപോലും അതുകൊണ്ടാണ്.