മൂന്നായ് പിരിയുന്ന വീട്
രാവിലെകളിൽ വീട്
മൂന്നു വഴിക്കായി പിരിഞ്ഞു നടക്കാനിറങ്ങാറുണ്ട്.
മുഖം മറച്ച്,
നിയമങ്ങൾ ലംഘിക്കാതെ,
തിരിച്ചറിയാനിടകൊടുക്കാതെ,
അതീവ ജാഗ്രതയോടെ.
കിഴക്കോട്ട് നടക്കുന്ന വീട്
തലയുയർത്തിയും
ഉറച്ച കാൽവെപ്പുകളോടെയും
കൈ ആയത്തിൽ വീശിയും
ഉയരുന്ന ഇന്ധന വിലയെയോർത്തും
താഴ്ന്ന ഷെയർ മൂല്യത്തിൽ ദുഃഖിച്ചും
ചെലവിന്റെ കണക്കിൽ പകച്ചും
അസുഖത്തെക്കുറിച്ചു ഭയന്നും
പിന്നെ കിതച്ചും വിയർത്തും...
പടിഞ്ഞാട്ടു പോകുന്ന വീട്
വഴിയേ കാണുന്നവയെ കൂടെ നടത്തിയും
അവിടത്തെ, ഇവിടത്തെ പൂക്കളെ,
ചെടികളെ താരതമ്യം ചെയ്തും
ചിലതിനോട് മിണ്ടിയും പറഞ്ഞും
ചിലതു കണ്ടും കേട്ടും
ചില പരിഭവം കാറ്റിൽ പറത്തിയും
ചില സുഗന്ധം മൂക്കിലേറ്റിയും
ചിലപ്പോൾ നൃത്തം ചെയ്തും
ചില വരികൾ മൂളിയും മൂളാതെയും
കാരണമോർത്തു പതിയെ ചിരിച്ചും
പാറിവീണ ഒരു കുഞ്ഞു മഴത്തുള്ളി
നാവാൽ നുണഞ്ഞും
പോക്കറ്റിലെ പ്രണയമവിടെയില്ലേയെന്നു
ഇടയ്ക്കിടെ തപ്പിനോക്കിയും
ആരും കണ്ടില്ലെന്നുറപ്പു വരുത്തിയും
ഏതോ നഷ്ടസ്മൃതികളിൽ നൊന്തും...
തെക്കോ വടക്കോയെന്ന്
നിശ്ചയം വരായ്കയാൽ
അങ്ങുമിങ്ങും അലസം നീങ്ങുന്ന വീടാകട്ടെ
വേരുകളില്ലാത്ത മണ്ണിൽ പതറുന്ന
കാലുകൾ വെക്കുന്നു.
അതിന്റെ അടഞ്ഞ കാതിൽ തട്ടി കിളിയൊച്ച
തിരിയെപ്പോവുന്നു.
കുഴിഞ്ഞ കണ്ണിൽ പുറംകാഴ്ചകൾ പതിയാതാവുന്നു.
എടുക്കാൻ മറന്നുപോയ കൊച്ചു പെട്ടിക്കുള്ളിലെ
അത്ഭുതലോകത്തിൽനിന്ന്
താൽക്കാലികമായി പുറംതള്ളപ്പെട്ടതിന്റെ
ഭാരം താങ്ങാനാവാതെ
ബോറടി, ബോറടി എന്ന് മന്ത്രിച്ച്
നിന്നിടത്തത് വട്ടം ചുറ്റുന്നു
മൂന്നായ് പിരിഞ്ഞ വീട്
അൽപ്പം കഴിഞ്ഞ്
പുറപ്പെട്ടിടത്ത് തിരിച്ചെത്തുന്നു.
മുഖംമൂടികളൂരുന്നു
നിയമങ്ങൾ ലംഘിക്കുന്നു
പരസ്പരം പഴിചാരുന്നതിൽ
ജാഗരൂകരാകുന്നു.