ഭ്രാന്തൻ
വെളിച്ചത്തിന്റെ കിലുക്കമകലെ ക്കേട്ടതേയുള്ളൂ ദാ കാക്കച്ചിറകടി പതിവുപോലെ പറന്നുവന്നു ജനൽപ്പടിമേലിരിപ്പായി ഭ്രാന്തന്റെ വളർത്തുകാക്കയാണ് കൊക്കിലിരുന്ന തളിർപ്പച്ച യകത്തേക്കെറിഞ്ഞു രായിരനല്ലൂര്‍ നിന്നാണ് വരവ് ദേശാന്തരങ്ങളുടെ കലക്കം കരിം ചിറകുകളിൽ ക്കാളിനിൽക്കുന്നു പൊട്ടിത്തരിച്ച വെട്ടം മുറ്റത്തു മൗനിച്ചു നിൽപായ് കാക്ക...
Your Subscription Supports Independent Journalism
View Plansവെളിച്ചത്തിന്റെ കിലുക്കമകലെ
ക്കേട്ടതേയുള്ളൂ ദാ
കാക്കച്ചിറകടി
പതിവുപോലെ പറന്നുവന്നു
ജനൽപ്പടിമേലിരിപ്പായി
ഭ്രാന്തന്റെ വളർത്തുകാക്കയാണ്
കൊക്കിലിരുന്ന തളിർപ്പച്ച
യകത്തേക്കെറിഞ്ഞു
രായിരനല്ലൂര്‍ നിന്നാണ് വരവ്
ദേശാന്തരങ്ങളുടെ കലക്കം കരിം
ചിറകുകളിൽ
ക്കാളിനിൽക്കുന്നു
പൊട്ടിത്തരിച്ച വെട്ടം മുറ്റത്തു
മൗനിച്ചു നിൽപായ്
കാക്ക ചോദിച്ചു
രണ്ടു കൊത്തിനഴിച്ചുവിടട്ടേ
ഒറ്റക്കൊത്തിനഴിച്ചുവിടട്ടേ
വേണ്ട
പിന്നെയോ
ഉച്ചിയിൽത്തീയാളി വെട്ടം
വേരുമോർമയും പൊട്ടിച്ച്
ചിതറിനടക്കുന്നു
മാടക്കാക്കേ
മാടക്കാക്കേ
ഇടംകാലിലെയിച്ചെങ്ങല
വലംകാലിലാക്കിത്തരൂ
ഇടംകാലിലെയിച്ചെങ്ങല
വലംകാലിലാക്കിത്തരൂ
ഇടംകാൽച്ചെങ്ങല വലംകാലിൽ ഹായ്
കാക്കവരവുകളിൽ
ഇടംകാലിൽനിന്നു വലംകാലിലേക്ക്
വലംകാലിൽ നിന്നിടംകാലിലേക്ക്
വലംകാലിലേ
ക്കിടംകാലിലേക്കു
മാറിമാറിമാറി
യനാദിഭൂതത്തിലേക്കു നീണ്ടുപോകും ചെങ്ങലയുടെയേതോ
തുരുമ്പൻകണ്ണിക്കുള്ളിലിരുന്നു
മുറ്റി
മുറ്റി
മുറ്റി
മുറ്റി
മുറ്റി
മുറ്റി
മുറ്റി
മുറ്റി
മുറ്റി
യൊരു
പൊട്ടിച്ചിരി
ചുറ്റും
ചിതറിക്കിടക്കുന്നൂ
ചെറു
ചെറു
കല്ലുകൾ.